Thursday 31 October 2013

തിരസ്‌കാരങ്ങളെ ഹാരമായണിഞ്ഞ സ്വാമി അനന്ദതീര്‍ത്ഥ


സാമൂഹ്യ പരിഷ്‌കരണ രംഗത്ത് ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്‍.സമൂഹത്തില്‍ കാണപ്പെടുന്ന അനീതികളോട് സ്വാമി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്.

നാരായണഗുരുവിന്റെ ശിഷ്യനായിത്തീര്‍ന്ന സ്വാമിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാനുള്ള വിശാല മനസ്‌കത പലര്‍ക്കം ഇല്ലാതെ പോയി.പേരിലുള്ള ജാതി സൂചനപോലും ദയവില്ലാതെ എതിര്‍ത്ത സ്വാമി ആനന്ദ തീര്‍ത്ഥ ജന്മംകൊണ്ട് സവര്‍ണ കുടുംബത്തിലായിരുന്നു.ഒരു പൂര്‍വാശ്രമത്തിലെ സവര്‍ണ പശ്ചാത്തലമാണ് പലയിടങ്ങളിലും സ്വാമിയെ അനഭിമതനാക്കിയത്.1928ല്‍ അക്കാലത്തെ ഉന്നത വിദ്യാഭ്യാസം നേടി ഗുരുവിനെ ശരണീകരിച്ച അനന്ദ ഷേണായിയെ സ്വാമി ആനന്ദ തീര്‍ത്ഥനാക്കി മാറ്റിയത് നാരായണ ഗുരുവായിരുന്നു.

അയിത്ത ജനങ്ങളോടൊപ്പമുള്ള സഹവാസവും അവരോടൊപ്പമുള്ള മിശ്രഭോജനവും മുന്നേറ്റങ്ങളും കണ്ട് സവര്‍ണ സമൂഹം സ്വാമിക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയുണ്ടായി.സവര്‍ണ മേലാളരുടെ അവഗണനയെ ഒരു അംഗീകാരമായാണ് അന്ന് സ്വാമി സ്വീകരിച്ചത്.

പാലക്കാട് ശബരി ആശ്രമത്തില്‍ നിന്നും പട്ടിക ജാതിക്കാരുരേയും കൂട്ടി കല്ലേക്കുളങ്ങളര ക്ഷേത്രത്തിലേക്കു പോയ സ്വാമിയെ സവര്‍ണര്‍ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.ആ മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോഴും ക്ഷതം സംഭവിച്ചത് ശരീരത്തിനു മാത്രമായിരുന്നു.സ്വാമിയെ സംബന്ധിച്ചിടത്തോളം ആ മര്‍ദ്ദനം മനസ്സിന് കനത്ത പ്രചോദനമായി തീരുകയാണ് ചെയ്തത്.

മഹാത്മജിയെ കാണുന്നതിനായി സബര്‍മതിയിലേക്ക് കാല്‍ നടയായി സഞ്ചരിച്ച സ്വാമി പട്ടിക ജാതി ജനങ്ങളുടെ ചേരി പ്രദേശങ്ങളിലായിരുന്നു പലപ്പോഴും അന്തിയുറങ്ങിയിരുന്നത്.പൊതുവേ ദരിദ്രരായിരുന്ന അവര്‍ സവര്‍ണരെ ഭയന്ന് സ്വാമിജിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല.കടുത്ത വിശപ്പും ദാഹവും പട്ടിണിയും ശരീരത്തെ തളര്‍ത്തുമ്പോഴും സാമൂഹ്യ അവഗണനക്കെതിരെ ആഞ്ഞടിക്കുവാനുള്ള ഊര്‍ജം സംഭരിക്കുകയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

സവര്‍ണ ഹിന്ദു സമുദായത്തെ ഹൃദയം കൊണ്ട് വര്‍ജിച്ച അദ്ദേഹം പിന്നോക്ക -ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് അധികകാലം ജീവിച്ചിരുന്നത്.ഗുരുദേവന്റെ സന്ദേശങ്ങളില്‍ നിന്നും വലിയ 
സാമൂഹ്യ വെളിച്ചം ഉള്‍ക്കൊണ്ട് സ്വാമി ഗാന്ധിജിയില്‍ നിന്നും ഗുരു സന്നിധിയിലേക്ക് നടന്നടുക്കുകയായിരുന്നു.

സ്വാമിയുടെ നിശ്ചയദാര്‍ഢ്യത്തിലും ആത്മാര്‍ത്ഥതയിലും നാരായണ ഗുരുവിന് മതിപ്പുണ്ടായിരുന്നു.ഗുരു ധര്‍മ്മം പ്രചരിപ്പിരിപ്പിക്കുവാന്‍ സര്‍വഥാ യോഗ്യനായി തോന്നിയതു കൊണ്ടാണ് ഗുരു അനന്ത ഷേണായിക്ക് സന്യാസ ദീക്ഷ നല്‍കി ധര്‍മ്മ സംഘത്തില്‍ ചേര്‍ത്തത്.ഇതില്‍ സഹോദര സന്യാസിമാര്‍ക്ക് പലര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.ഗുരുധര്‍മ്മത്തിന്റെ വഴിയില്‍ നിന്നും അണുവിടെ വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്റേത്.സ്വാമിയുടെ ഗുരുധര്‍മ്മ പ്രേമം കപടമാണെന്നും അഭിനയമാണെന്നും അഭിപ്രായപ്പെട്ടവരോട് പോലും സ്വാമി സൗമ്യമായാണ് പെരുമാറിയിരുന്നത്.

ധര്‍മ്മ സംഘത്തിന്റെ മഠാധിപതിയായി സ്വാമി ആനന്ദ തീര്‍ത്ഥനെ നിശ്ചയിച്ചിരുന്നു.ഈ നിശ്ചയത്തിലും അത് നടപ്പാക്കുന്നതിലും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവരുടെ കൂട്ടത്തില്‍പ്രമുഖ ഗൃഹസ്ഥ ശിഷ്യരും ഉണ്ടായിരുന്നു.അവരുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മഠാധിപതി ആയിരിക്കാന്‍ സ്വാമി ഇഷ്ടപ്പെട്ടിരുന്നില്ല.ആ എതിര്‍പ്പിനെ സ്വാമി തിരസ്‌കാരമായിട്ടല്ല കണ്ടിരുന്നത്.മറിച്ച് അതൊരു അംഗീകാരമയി മനസ്സില്‍ സൂക്ഷിക്കുവാനായിരുന്നു സ്വാമിക്ക് ഇഷ്ടം.

1958ല്‍ ശ്രീനാരായണ ഗുരു ധര്‍മ്മ സംഘം ഒരു കേസിനെ തുടര്‍ന്ന് പബ്ലിക് ട്രസ്റ്റായി രൂപാന്തരപ്പെടുകയുണ്ടായി.ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.ഗുരു തുറന്നിട്ട വഴികളിലൂടെയായിരുന്നു സ്വാമിയുടെ സഞ്ചാരം.ഗുരു ധര്‍മ്മ പ്രചരണമാണ് ധര്‍മ്മ സംഘത്തിന്റെ മുഖ്യലക്ഷ്യമെന്ന് സ്വാമി കണ്ടിരുന്നു.ഗുരുധര്‍മ്മത്തിന്റെ ഉള്‍വെളിച്ചം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ് സ്വാമി ധര്‍മ്മ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.ശിവഗിരിയില്‍ നിന്ന് ഉയരുന്ന ജാതിവിരുദ്ധ സന്ദേശം മനുഷ്യകുലത്തിന്റെ നെഞ്ചില്‍ പ്രാണവായു ആക്കി മാറ്റാനായിരുന്നു സ്വാമിയുടെ ശ്രമം.ഇതേ സമയം സ്വാമിക്ക് ശക്തമായ എതിര്‍പ്പും കൂടി വന്നുകൊണ്ടിരുന്നു.സ്വാമി എക്കാലവും ഗുരുവിനോട് ഏറ്റവും അടുത്ത് നില്‍ക്കുവാനാണ് യത്‌നിച്ചിട്ടുള്ളത്.അതിനാല്‍ എതിര്‍പ്പുകളിലൊന്നും സ്വാമി വ്യാകുലനായിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു ശിവഗിരിമഠം സന്ദര്‍ശിക്കുന്നത് സ്വാമി ആനന്ദ തീര്‍ത്ഥ ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്താണ്. 

സ്വാമിയെ ഒറ്റപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ പല ഭാഗത്ത് നടക്കുമ്പോഴും അചഞ്ചല ചിത്തനായി ഗുരുസന്ദേശത്തിന്റെ വെളിച്ചം പകരുകയായിരുന്നു.ഗുരുവിന്റെ ഗൃഹസ്ഥശിഷ്യന്മാര്‍ കാണിക്ക അര്‍പ്പിച്ച വസ്തുക്കളില്‍ അവകാശമുന്നയിച്ചുകൊണ്ട് പിടിമുറുക്കിയവരുടെ മുന്നില്‍ സ്വാമി ഒറ്റയാള്‍ പട്ടാളമായി ചെറുത്തു നിന്നു.ഗുരു സമ്പാദിച്ചു നല്‍കിയ പുണ്യ ഭൂമികളൊന്നും നഷ്ടപ്പെടുത്തരുത് എന്ന് ഉറച്ച തീരുമാനമെടുത്തിരുന്ന സ്വാമിയെ ശ്രീനാരായണ ധര്‍മ്മത്തിന്റെ പ്രചാരകരായി നില്‍ക്കുന്നവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുയുണ്ടായി.ഗുരുധര്‍മ്മം ശിരസ്സേറ്റി നില്‍ക്കുമ്പോഴും അതിനുവേണ്ടി സന്ധിയില്ലാതെ പോരാടുമ്പോഴും ഏല്‍ക്കുന്ന ഏത് മര്‍ദ്ദനവും,ഏത് തിരസ്‌കാരവും സ്വാമി ആനന്ദതീര്‍ത്ഥന് സുഗന്ധഹാരമായിരുന്നു.

ശരീരം മുഴുവന്‍ മര്‍ദ്ദനത്തിന്റെയും വേദനയുടെയും പാടുകള്‍ നിഴലിച്ച് കിടക്കുമ്പോഴും സ്വാമിക്ക് ആരോടും പകയോ വിദ്വേഷമോ തോന്നിയിരുന്നില്ല.ഏറ്റുമുട്ടലുകളെ സത്സംഗമമായും അപമാനങ്ങളെ അപദാനങ്ങളായും ഒറ്റപ്പെടുത്തലിനെ അനുഗ്രഹമായും തിരസ്‌കാരങ്ങളെ അംഗീകാരങ്ങളുമായും സ്വീകരിച്ചിരുന്ന അപൂര്വ വ്യക്തിയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം കാലാവധി തീരും മുമ്പ് ഉപേക്ഷിച്ച സ്വാമി പയ്യന്നൂരിലേക്ക് യാത്രയായി.അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത അനുഭവങ്ങളെ ആഭരണങ്ങളായി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്,ഗുരുധര്‍മ്മത്തിന്റെ പാതയിലൂടെ സ്വാമി ഏകാകിയായി യാത്ര ചെയ്തു.തിക്താനുഭവങ്ങലെയെല്ലാം മധുരസ്മരണകളായി കാണാനാണ് സ്വാമി ഇഷ്ടപ്പെട്ടിരുന്നത്.ആരോടും പരിഭവമില്ലാതെ തിരസ്‌കാരങ്ങളെ സ്തുതി ഗീതങ്ങളാക്കിക്കൊണ്ടു സ്വാമി ആന്ദ തീര്‍ത്ഥ കാല്‍പ്പാടുകള്‍ മാത്രം ബാക്കിയാക്കി കടന്നു പോവുകയായിരുന്നു.

നവംബര്‍ 21ആം തിയതി സ്വാമിയുടെ സമാധി ദിനം.
1905 ജനുവരി 2നു സ്വാമിയുടെ ജനനം.
(പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രസിദ്ധീകരണമായിരുന്ന പടവുകളുടെ 2005 ഫെബ്രുവരി ലക്കത്തിലാണ് ഈ ലേഖനം കൊടുത്തിട്ടുള്ളത്)

By : മുത്താന താഹ.

0 comments:

Post a Comment