Saturday, 19 October 2013

പണ്ഡിതർ അന്നും ഇന്നും `തപ തപ' തന്നെ

by : സജീവ് കൃഷ്ണൻ


ഗുരുസ്വാമിയുടെ ദേഹത്ത് ഒരു പരു. പരിചരിച്ച് നിന്ന ശിഷ്യരിൽ ഒരാളാണ് അത് ആദ്യം കണ്ടത്. അയാൾ വ്യസനഹൃദയനായി. ദിവസം ചെല്ലുംതോറും അതിന്റെ വലിപ്പം കൂടിവന്നു. ഒപ്പം നീരും വേദനയുമായി. ഡോക്ടർ വന്നു;

"ഓപ്പറേറ്റ് ചെയ്ത് കളയണം. അത് താനേ പൊട്ടുമെന്ന് തോന്നുന്നില്ല.'

സ്വാമി അപ്പോഴും ഒന്നും മിണ്ടുന്നില്ല. സ്വാമിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് ശിഷ്യർ തീരുമാനിച്ചു. അവർ ഓപ്പറേഷന്റെ തീയതിയും നിശ്ചയിച്ചു. അന്നേദിവസം ഗുരുവിനെ അനുനയിപ്പിച്ച് ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യവുമായി അവർ തൃപ്പാദസമക്ഷമെത്തി. സ്വാമി അവരിൽ ഒരാളെയും വിളിച്ച് തൊടിയിലേക്കിറങ്ങി. ഒരു സസ്യത്തിന്റെ തളിരിലകൾ പറിച്ചെടുത്തു. അതു കശക്കി പിഴിഞ്ഞ് തന്റെ പരുവിലേക്ക് നീരുവീഴ്ത്താൻ ആവശ്യപ്പെട്ടു. ശിഷ്യൻ അനുസരിച്ചു. ഒരു മണിക്കൂർ കഴിഞ്ഞതും പരുപൊട്ടി ദുഷിപ്പുകൾ പുറത്തേക്ക് ഒലിച്ചു. ശിഷ്യർക്ക് അതുകണ്ട് തൊഴുതുനില്ക്കാനേ കഴിഞ്ഞുള്ളൂ. പരുവിന്റെ പ്രശ്നവുമായി മുന്നിലെത്തിയ മറ്റൊരു രോഗിയിൽ ശിഷ്യൻ ഗോവിന്ദാനന്ദ സ്വാമി ഈ പച്ചിലമരുന്ന് പരീക്ഷിച്ചു, ഫലിച്ചില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഗുരുസ്വാമി ഇങ്ങനെ അരുൾ ചെയ്തു;

"ദേശഭേദം, സ്ഥലം, ഋതുഭേദം, ഇതൊക്കെ ഔഷധികൾക്ക് വ്യത്യാസംവരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈ ആയിട്ട് നില്ക്കുമ്പോഴും കായ്ച്ച് നിൽക്കുമ്പോഴും ഒരേ ഫലമല്ല. മനുഷ്യശരീരത്തിനു നമുക്കറിയാൻ കഴിയാത്ത പല വ്യത്യാസങ്ങൾ ഇല്ലേ? ചേര് (ഭല്ലാതകം) തൊട്ടാൽ പക (പൊള്ളൽ) ഉള്ളവരും ഉണ്ടല്ലോ. രോഗിയുടെ ശരീരസ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും. ഇതൊക്കെ സൂക്ഷ്മമായി ചിന്തിക്കണം. ഒരു രോഗം ഒരു ഔഷധംകൊണ്ടുതന്നെ എപ്പോഴും മാറണമെന്നില്ല. അങ്ങനെയാണെങ്കിൽ ഒരു രോഗത്തിനുതന്നെ പല മരുന്നുകൾ വിധിക്കേണ്ടിയിരുന്നില്ലല്ലോ?'

ചികിത്സാശാസ്ത്രത്തിൽ ഗുരുവിനുണ്ടായിരുന്ന സൂക്ഷ്മജ്ഞാനത്തെക്കുറിച്ച് വിവരിക്കാനായി പണ്ഡിതർ ഈ കഥ ഉദ്ധരിച്ചുകാണാറുണ്ട്. ജഗത്തിന്റെ സൂക്ഷ്മതത്വത്തെ അന്വേഷിച്ച് ഗ്രഹിച്ച തൃപ്പാദങ്ങൾക്ക് എല്ലാറ്റിലും ഇതുപോലെ സൂക്ഷ്മത പുലർത്താൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം. പഠിതാവായ ഒരാൾ തൃപ്പാദസമക്ഷം എത്തിയാൽ അയാൾ പഠിക്കുന്ന വിഷയത്തെക്കുറിച്ചാവും ഗുരു ചോദിക്കുക. സംശയങ്ങൾ ചോദിച്ച് വിദ്യാർത്ഥിയെ പഠനകാര്യത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെക്കുറിച്ച് ബോദ്ധ്യം വരുത്തിയിട്ട് അനുഗ്രഹിക്കും. മതപ്രചാരകർ എത്തിയാൽ അവരോടും സംശയരൂപേണ ചോദ്യങ്ങൾ ചോദിച്ച് അവരുടെ മതത്തിന്റെ പൊരുൾ എന്താണെന്ന് വെളിപ്പെടുത്താൻ ശ്രമിക്കും. ശരിയായ വിശ്വാസിയാണെങ്കിൽ അതുൾക്കൊണ്ട് സ്വന്തം മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കും.
ശാസ്ത്രമോ ചികിത്സാപഠനമോ ചരിത്രമോ ഭാഷയോ പഠിക്കാനിറങ്ങിയാലും സൂക്ഷ്മശ്രദ്ധ പുലർത്തണം. പൂർണസത്യത്തെയാണ് അന്വേഷിക്കേണ്ടത്.
ദർശനമാലയെന്ന കൃതിയിൽ ഗുരു ഇക്കാര്യത്തെ കുറച്ചുകൂടി ഗൗരവതരമായി പ്രതിപാദിക്കുന്നുണ്ട്.

പ്രപഞ്ചദൃശ്യങ്ങളെ ആദ്യം അത്ഭുതമായിക്കണ്ട മനുഷ്യൻ അതിന്റെ സത്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നിടത്താണ് സത്യാന്വേഷണത്തിന്റെ തുടക്കം. ദ്രവ്യത്തിന്റെ രൂപപരിണാമങ്ങളെക്കുറിച്ച് അന്വേഷിച്ചുപോയ ശാസ്ത്രജ്ഞർ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. പ്രപഞ്ചം മായാഭാവത്താൽ അവരെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സത്യാന്വേഷികളിൽ ചിലർ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ എത്തിയിട്ട് മുന്നോട്ടുപോകാൻ കൂട്ടാക്കാതെ അവിടത്തെ കാഴ്ചയെ സത്യമായിക്കണ്ട് ഭ്രമിച്ചു. ഇന്ന് ലോകത്ത് വിവിധ മതങ്ങളും വിവിധ തത്വശാസ്ത്രങ്ങളും ഉണ്ടായത് ഇങ്ങനെ അന്വേഷിച്ചുപോയവർ പാതിവഴിയിൽ എത്തിയിട്ട് നൽകിയ വിവരണങ്ങളിലൂടെയാണ്. അവരുടെ ചുറ്റിനും കൂടിയ വിശ്വാസികൾ അതിനപ്പുറം മറ്റൊന്നില്ല എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് കലഹംകൂട്ടുന്നു. അതാണ് മതകലഹങ്ങൾക്കും രാഷ്ട്രീയ കലഹങ്ങൾക്കും കാരണമാകുന്നത്. ദേശഭേദം, സ്ഥലം, ഋതുഭേദം ഇതൊക്കെ ഔഷധപ്രയോഗത്തെ സ്വാധീനിക്കുമെന്ന് ഗുരു പറയുന്നത് ലോകജനതയുടെ വിവിധതരം ജീവൽപ്രശ്നങ്ങളെ ചികിത്സിക്കാൻ ശ്രമിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

ജഗത് മിഥ്യയാണ് എന്ന വാദക്കാരോട് `സകലതുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവവുമേകമായ് ഗ്രഹിക്കും' എന്ന് ആത്മോപദേശ ശതകത്തിൽ ഗുരു പറയുന്നു. അതാണ് ഗുരു പുലർത്തുന്ന സൂക്ഷ്മബോധം. അതിന്റെ നിലപാടുതറയിൽനിന്നുകൊണ്ടാണ് ഗുരു സംസാരലോകത്തിന്റെ പ്രശ്നങ്ങളെ കാണുന്നത്. അവിടെനിന്നുകൊണ്ടാണ് പലമതസാരവും ഏകമെന്നു പറയാൻ കഴിയുന്നത്. മനുഷ്യർക്കിടയിൽ ജാതി എന്നത് ഇല്ല എന്നു പറയാൻ കഴിയുന്നത്.
ക്രിസ്തുമതം സ്നേഹത്തെ പ്രചരിപ്പിക്കാനും ഇസ്ളാംമതം സാഹോദര്യത്തെ പ്രചരിപ്പിക്കാനും ഉണ്ടാക്കിയതാണെന്ന് വെളിപ്പെടുത്തുന്നത്. സാഹോദര്യം സ്നേഹത്തിൽനിന്നുണ്ടായതാണെന്നും സ്നേഹമില്ലാതെ സാഹോദര്യമില്ലെന്നും തിരിച്ചറിയാൻ കഴിയാത്ത മനുഷ്യർക്ക് ഈ രണ്ട് മതങ്ങളാകുന്ന ജീവൗഷധങ്ങൾ എങ്ങനെ ഫലിക്കും?

ഹെറോദോസ് രാജാവിനെ ഭയന്ന് ഉണ്ണിയേശുവുമായി ബദ്‌ലഹേം വിട്ട് ജോസഫും മറിയവും ഈജിപ്തിലേക്ക് ചെയ്ത പലായനവും കംസനെപ്പേടിച്ച് രാത്രി ഉണ്ണിക്കണ്ണനുമായി മഥുരയിൽനിന്ന് അമ്പാടിയിലേക്കുപോയ വസുദേവരുടെ പലായനവും ഒരേ മനസോടെ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ മതപഠനത്തിൽ സൂക്ഷ്മതവേണം. മതം പഠിക്കാനും പ്രചരിപ്പിക്കാനും ഇറങ്ങിയവർ ഏതുസ്ഥലത്തുനിന്നാണോ വന്നത് അവിടത്തെ വസ്ത്രധാരണരീതിയും ഭക്ഷണരീതിയും ആചാരങ്ങളും എല്ലായിടത്തും നടപ്പാക്കാൻ ശ്രമിച്ചു. അത് മതവിശ്വാസികൾ തമ്മിൽ ബാഹ്യമായ വ്യത്യാസങ്ങളെ സൃഷ്ടിച്ചു. സാമാന്യജനം മതത്തിന്റെ പേരിൽ അകന്നു. ഔഷധപ്രയോഗത്തിൽ എന്നതുപോലെ ഓരോ ദേശത്തിന്റെയും ജനതയുടെയും പ്രകൃതത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു മതപ്രചാരണമെങ്കിൽ ഇത്രയും പരമതവിരോധം ജനങ്ങളിൽ ഉണ്ടാകുമായിരുന്നില്ല. സാമ്യതകൾ പങ്കുവച്ച് ഒന്നിക്കാനല്ല, ബാഹ്യമായ അന്തരങ്ങളുടെ ഇല്ലാമഹത്വം പറഞ്ഞ് അടിയുണ്ടാക്കാനാണ് ഇന്ന് മതവിശ്വാസികൾ ശ്രമിക്കുന്നത്.

പണ്ട് ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത പാഠശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പുന്നശേരി നമ്പി നീലകണ്ഠ ശർമ്മ ഇങ്ങനെ പറഞ്ഞു; "ലോകത്തിലെ ആദ്യഭാഷ സംസ്കൃതമാണ്. ബ്രഹ്മാവ് ആദ്യം പറഞ്ഞത് `തപ' എന്നായിരുന്നു. "തപ' എന്ന വാക്ക് സംസ്കൃതമാണല്ലോ.' ഇത് കേട്ടിരുന്ന സഹോദരൻ അയ്യപ്പൻ ഗുരുവിനോടു ചോദിച്ചു, `അതൊരു ശരിയായ യുക്തിയാണോ'യെന്ന്. അപ്പോൾ ഗുരു മൊഴിഞ്ഞു: "അത്തരം കാര്യങ്ങളിൽ അവരൊക്കെ തപ തപ തന്നെ. വേദത്തിൽ പ്രമാണംകിട്ടിയാൽ അവരാരും അതിനപ്പുറം പോകില്ല. മഹായുക്തിവാദിയായിരുന്ന ശങ്കരാചാര്യർപോലും.'

ഇന്നും പണ്ഡിതർ ഇതേ `തപ തപ' പരുവത്തിലാണ്. സ്നേഹൗഷധത്തിന്റെ തളിരിലകൾ കൂട്ടിപ്പിഴിയാനറിയാത്ത ഇവർമൂലം ലോകർ പരസ്പരവിദ്വേഷമാകുന്ന പരു പഴുത്തുകൂമ്പി വേദന അനുഭവിക്കുകയാണ്.

Source : http://news.keralakaumudi.com/news.php?nid=506679beab43d664f5bb3fe2fcca2228

0 comments:

Post a Comment