കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
ബുദ്ധി, മനസ്സ്, ചിത്തം, അഹങ്കാരം എന്നു അന്ത:കരണം നാലുവിധത്തിലുണ്ട് . ചക്ഷുസ്സ്, ശ്രോതം, ഘ്രാണം, രസനം, ത്വക്ക് എന്നീ ജ്ഞാനെന്ദ്രീയങ്ങള്‍, ശരീരം, എന്നിങ്ങനെ ഓരോന്നായി തൊട്ടറിയുന്ന ഈ പ്രപഞ്ചത്തിലെ അനേകം പദാര്‍ഥങ്ങളും, ജഗത്തും എല്ലാം ശരിയായ രീതിയില്‍ ചിന്തിച്ചു നോക്കിയാല്‍, പരമമായ ആകാശത്തില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ജ്യോതിസ്സായ സൂര്യന്‍റെ ദിവ്യരൂപമാണ് എന്ന വസ്തുത അന്വേഷിച്ച് നീ മനസ്സിലാക്കണം എന്ന് ഗുരു ശിഷ്യനെ ഉപദേശിക്കുന്നു.
ചരാചരാത്മകവും നാമരൂപങ്ങള്‍ വ്യക്തപ്പെട്ടതുമായ പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ ബ്രഹ്മസ്വരൂപം തന്നെയാണ് . ബ്രഹ്മത്തില്‍ നിന്ന് ജനിച്ചു ബ്രഹ്മത്തെ അവലംബിച്ച് ജീവധാരണം നടത്തി ബ്രഹ്മത്തില്‍ തന്നെ ലയിക്കുന്ന പ്രപഞ്ചം ബ്രഹ്മം തന്നെയെന്ന് വ്യക്തമാകുന്നു . മണ്ണില്‍ നിന്നുണ്ടായി മണ്ണിനെ അവലംബിച്ച് സ്ഥിതിചെയ്യുതു മണ്ണില്‍ തന്നെ ലയിക്കുന്ന ഘടാദികള്‍ മണ്ണുതന്നെയാണല്ലോ . അപ്രകാരം തന്നെ ജലത്തില്‍നിന്നു ഉടലെടുത്തു ജലത്തില്‍ സ്ഥിതിചെയ്തു ജലത്തില്‍ത്തന്നെ വിലയം പ്രാപിക്കുന്ന തിരക്കൂട്ടം ജലം തന്നെയെന്നത് സര്‍വ്വസമ്മതമാണ്.
അവിദ്യയാണ് നാനാത്വ ബുദ്ധിക്ക് കാരണം. അജ്ഞാനം അഥവാ അവിദ്യ നിവൃത്തമാകുന്നതോടെ എല്ലാം ബ്രഹ്മം മാത്രം എന്ന് അനുഭവപ്പെടുന്നതാണ്. തിരഞ്ഞു തേറിടേണം എന്ന ഗുരുപദേശത്തിന്‍റെ പൊരുളതാണ്. മേഘം സൂര്യനെ മറയ്ക്കുന്നു എന്ന് പറയാറുണ്ട്. ആ ബൃഹത്തായ തേജോ ഗോളത്തെ മേഘ ഖണ്ഡത്തിനു മറയ്ക്കാന്‍ സാധിക്കുന്നതല്ല. യഥാര്‍ഥത്തില്‍ അത് മറയ്ക്കുന്നത് നമ്മുടെ കണ്ണിനെ യാണ്. അതുപോലെ അവിദ്യയുടെ ആവരണശക്തി നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെ മറയ്ക്കുക വഴി ബ്രഹ്മസ്വരൂപത്തെ മറയ്ക്കുകയാണ്. തുടര്‍ന്ന് നാം ബ്രഹ്മത്തെ പലതായും വിപരീതമായും ധരിക്കുന്നു. അതുകൊണ്ട് വിദ്യകൊണ്ട് അവിദ്യയെ മറികടക്കുന്നതോടെ ബ്രഹ്മ്സ്വരൂപം ഏകവും അഖണ്ഡവും സച്ചിദാനന്ദവുമായി അനുഭവപ്പെടും. ആ വസ്തു സാക്ഷാത്കരിക്കുവാന്‍ അന്വേഷണം അത്യന്താപേക്ഷിതമാണ് .
ഉത്പത്തിക്കുമുമ്പ് നാമരൂപവ്യാകൃതമായ പ്രപഞ്ചം ഏകവും അദ്വിതീയവും ആയ സത്തു മാത്രമായിരുന്നു , ഉത്പത്തിക്കുമുമ്പ് ഈ ജഗത്ത് ഏകമായ ആത്മാവ് മാത്രമായിരുന്നു എന്ന് ഉപനിഷത്തുകള്‍ വ്യക്തമാക്കുന്നു . ഗുരുദേവനും ആ ആട്മൈകത്വം പ്രദിപാദിക്കുന്ന ശ്രുതിവാക്യങ്ങളെ വിശദമാക്കുവാന്‍ തുടങ്ങുകയാണ് സമനന്തര ശ്ലോകങ്ങള്‍ കൊണ്ട് എന്നാണ് ഗ്രഹിക്കേണ്ടത്.
Source : http://www.gurudevan.net/
0 comments:
Post a Comment