Saturday 19 October 2013

ആത്മോപദേശ ശതകം - വ്യാഖ്യാനം ( പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി) പദ്യം - 1

പദ്യം 1 അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത- ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരു വീണുവണങ്ങിയോതിടേണം. ഇവിടെ അറിവ് എന്ന പദം കൊണ്ട് ലൌകികമായ വൃത്തിരൂപമായ ജ്ഞാനമാണ് വിവക്ഷിതം . വേദാന്തികളുടെ സിദ്ധാന്തം അനുസരിച്ച് മനസ്സ് ഇന്ദ്രിയങ്ങള്‍ വഴിയായി വിഷയങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് ചെല്ലുന്നുവെന്നും തുടര്‍ന്ന് ആ മനസ്സ് വിഷയത്തിന്‍റെ രൂപത്തില്‍ ആയി തീരുന്നുവെന്നും ആ വിഷയ രൂപത്തിലുണ്ടാകുന്ന മനസ്സിന്‍റെ മാറ്റമാണ് വൃത്തിയെന്നും ആണ് സങ്കേതം. ആ വൃത്തിയില്‍ പരമാത്മ ചൈതന്യം പ്രതിബിംബിക്കുന്നു .അങ്ങിനെ വൃത്തിയില്‍ പ്രതിഫലിച്ച ചൈതന്യമാണ് ലൌകിക ജ്ഞാനം. മറ്റൊരു വസ്തു വിഷയമാകുമ്പോള്‍ ആദ്യത്തെ മാറ്റം ഇല്ലാതാകുന്നു, അതിലെ പ്രതിബിംബം നശിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആ ജ്ഞാനം നശിക്കുന്നു. മനസ്സ് പുതിയ വസ്തുവിന്‍റെ രൂപത്തിലാകുന്നു. അതില്‍ പരമാത്മ ചൈതന്യം പ്രതിഫലിക്കുന്നു. അങ്ങിനെ പുതിയ ജ്ഞാനം ഉണ്ടാകുന്നു. അപ്രകാരം ആ ജ്ഞാനത്തിലും ആ ജ്ഞാനത്തോടുകൂടിയ വ്യക്തിയിലും ഒരു പോലെ വ്യാപിച്ച് ആ ജ്ഞാതാവിന്റെ ശരീരത്തിലും പുറത്തും പറ്റിനിന്നു ഉജ്ജ്വലിക്കുന്നതാണ് പരമാത്മാവ്. അതാണ്‌ ഉജ്ജ്വലിക്കും 'കരു '. ആ കരു ( വസ്തു) അകത്തും പുറത്തും ഒരുപോലെ സ്ഥിതിചെയ്യുന്നു . ആചാര്യന്‍ ആ ആത്മ ചൈതന്യത്തിന് മുമ്പില്‍ വീണു വണങ്ങുന്നു.


കണ്ണ് മുതലായ അഞ്ചു ഇന്ദ്രിയങ്ങളെയും പുറമെയുള്ള വസ്തുക്കളില്‍നിന്നും പിന്തിരിപ്പിച്ച് അന്തര്‍മുഖങ്ങളാക്കി പരമാത്മാവില്‍തന്നെ ഉറപ്പിക്കണം. അങ്ങിനെ ഇന്ദ്രിയങ്ങളെ അടക്കി ഏകാഗ്രമായി പരമാത്മാവിനെ കുമ്പിട്ട് നമസ്കരിച്ച് തെരുതെരെ വീണ്ടും വീണ്ടും ഓതിടെണം - ശിഷ്യനെ ഉപദേശിക്കണം. ആത്മതത്ത്വം ശിഷ്യന് ഗ്രഹിക്കുവാന്‍ കഴിയുന്നിടത്തോളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആത്മോപദേശം നല്‍കണം. ആത്മജ്ഞാനിയായ ആചാര്യന്‍ അറിവിലും അറിയുന്നവനിലും വ്യാപിച്ച് ആ ജ്ഞാതാവിന്‍റെ ശരീരത്തിലും രൂപത്തിലുമെല്ലാം ഉള്ളിലും അതോടൊപ്പം ചേര്‍ന്ന് പുറമെയും നിരന്തരം പ്രകാശിച്ചുകൊണ്ടിരിക്കുന്നു. സത്ത മാത്രമായ പരമാത്മാവിനെ ഇന്ദ്രിയങ്ങളെയെല്ലാം അടക്കി അവയെ ആ ചൈതന്യത്തില്‍ത്തന്നെ ഉറപ്പിച്ചുനിര്‍ത്തി ഏകാഗ്രമായി വീണ്ടും വീണ്ടും തൊഴുതു കുമ്പിട്ട് ആത്മതത്ത്വം അറിയാന്‍ ഉദ്ദേശിക്കുന്ന ശിഷ്യന് ആ തത്ത്വം ഉപദേശിക്കണം എന്ന് സാരം. ആചാര്യന്‍ ജീവന്മുക്തനാണ്. എങ്കിലും ലോക വ്യവഹാരത്തില്‍ പറ്റി നില്‍ക്കുന്നതിനാല്‍ ലേശം അവിദ്യ അനുവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് ആ ആത്മാവിനെ ഉപാസ്യനായും തന്നെ ഉപാസകനായും ഭേതബുദ്ധിയോടെ കാണുന്നു. ആ ഭേതബുദ്ധി ഭ്രമമാണെന്ന് എന്ന് ആചാര്യന്‍ അറിയുന്നുണ്ട്. എങ്കിലും ലോക വ്യവഹാരത്തിന് കീഴ്പ്പെട്ട്‌ ഉപാസ്യനായ ആത്മാവിനെ തെരുതെരെ വീണു വണങ്ങുന്നു എന്നര്‍ത്ഥം. ശര്‍ക്കര മധുരമാണ് എന്ന് അറിയുന്നവന്‍ പിത്തരോഗം നിമിത്തം ശര്‍ക്കര തിന്നുമ്പോള്‍ കയ്പ്പ് അനുഭവപ്പെടുന്നു. അത് സത്യമാണ് എന്നറിയാമെങ്കിലും ആ പിത്തരോഗി അത് തുപ്പുന്നു. അവിടെ കയ്പ്പ് ഭ്രമമായി അറിയുന്നുവെങ്കിലും ഭ്രമത്തില്‍ നിന്നുണ്ടായ കാര്യം (തുപ്പല്‍) സംഭവിക്കുന്നു. അതുപോലെ ഇവിടെയും ഉപാസകനായ ജീവാത്മാവും (ആചാര്യന്‍) ഉപാസകനായ പരമാത്മാവും ഒന്നാണെങ്കിലും അവിദ്യ ലേശം തുടരുന്നത് നിമിത്തം രണ്ടായി കാണുകയും ഉപാസിക്കുകയും ചെയ്യുന്നു എന്നര്‍ത്ഥം. ആചാര്യനും, ശിഷ്യനും, ഉപദേശവും ശാസ്ത്രവുമെല്ലാം വ്യവഹാരദശയിലെയുള്ളൂ. പരമാര്‍ത്ഥദശയില്‍ ഇവയൊന്നുമില്ല എന്ന വസ്തുത അറിയേണ്ടതാണ്.

'അറിഞ്ഞിടുന്നവന്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും' . അറിയുന്നവന്‍റെ ശരീരത്തിനുള്ളിലും അതുപോലെ പുറത്തും കത്തിജ്ജ്വലിക്കുന്നതാണ്‌ പരമാത്മാവാകുന്ന ചൈതന്യം. 'സ ബാഹ്യാഭ്യന്താരോ ഹൃജ:' എന്ന ഉപനിഷദ് വാക്യം ഇക്കാര്യം വ്യക്തമാക്കുന്നു. ആ പരമാത്മാവ്‌ പുറമെയും ഉള്ളിലും എല്ലായിടത്തും വ്യാപിച്ചു അജയനായി- ജനനരഹിതനായി നിത്യനായി നിലകൊള്ളുന്നു എന്നാണ് ഉപനിഷദ് വാക്യാര്‍ത്ഥം. ആത്മസാക്ഷാത്ക്കാരം നേടി ബ്രഹ്മമായിത്തീരുന്നുവെന്ന് 'ബ്രഹ്മവേദ ബ്രഹ്മൈവ ഭവതി' ( ബ്രഹ്മമത്തെ അറിയുന്നവന്‍ ബ്രഹ്മമായി ഭവിക്കുന്നു ) എന്ന് ശ്രുതി വ്യക്തമാക്കുന്നു. എന്നാല്‍ പ്രാരാബ്ധ കര്‍മ്മം അനുഭവിച്ചു തീര്‍ന്നാലേ ബ്രഹ്മ സമ്പത്തി സംഭവിക്കുകയുള്ളൂ. എപ്പോള്‍ വരെ പ്രാരാബ്ധകര്‍മ്മഫലമായ ശരീരത്തില്‍ മോചനം നേടുന്നില്ലയോ അപ്പോള്‍ വരെ അവന്‍ ബ്രഹ്മമമായി തീരുന്നില്ല. പ്രാരാബ്ധ കര്‍മ്മം അനുഭവിച്ചു തീരുന്ന ശരീരം നശിച്ചു അവിദ്യലേശം കൂടി നിവൃത്തമാകുമ്പോള്‍ അവന്‍ ബ്രഹ്മമമായി സമ്പന്നനാകും. അങ്ങനെ ശരീരം ധരിച്ചിരിക്കുന്ന ജീവന്മുക്തന്‍ ആചാര്യനാണ്.

By Shibu Vasavan
http://www.facebook.com/groups/sreenarayanaguru2/doc/312573618810128/

0 comments:

Post a Comment