Friday, 14 December 2012

സൌമ്യം .....ദീപ്തം.


ശ്രീനാരായണ ഗുരുദേവനും കുമാരനാശാനും തമ്മിലുള്ള ബന്ധത്തിന് ആത്മീയ ശോഭയുടെ അനിര്‍വ്വചനീയമായ ഒരു തലം ഉണ്ടായിരുന്നു. ഗുരു ഒരിക്കല്‍ കടയ്ക്കാവൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ആശാന്‍റെ പിതാവ് നാരായണന്‍ ഗുരുവിനെ  തന്‍റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.  കുമാരു സുഖമില്ലാതെ കിടപ്പിലായിരുന്നുവെങ്കിലും ഗുരുവിനെ കണ്ട മാത്രയില്‍  ദൈന്യമായ ആ കണ്ണുകള്‍ തിളങ്ങി ...സജലങ്ങളായി .ആ ജ്ഞാന സൂര്യന്‍റെ തേജോ പ്രഭയില്‍ കുമാരുവിന്‍റെ മനസ്സ് ദീപ്തമായി. " കുമാരു നമ്മോടൊത്ത് പോരുന്നോ "  ആര്‍ദ്രമായി ഗുരു ചോദിച്ചു. "വരാം ". മറുപടി പെട്ടന്നായിരുന്നു . "എന്നാല്‍ കുമാരു നമുക്കിരിക്കട്ടെ " അത്രയും പറഞ്ഞു ഗുരുദേവന്‍ അവിടെ നിന്നും യാത്രയായി. അധികം വൈകാതെ കുമാരുവിനെ ഗുരുദേവന്‍ അരുവിപ്പുറത്തിനു കൂട്ടികൊണ്ട് പോയി.  ഗുരുവിന്‍റെ കല്പന പ്രകാരം തന്നെ ഉന്നത വിദ്യാഭ്യാസത്തിനു പോവുകയും ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുസവിധത്തില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു.   ഗുരുദേവന്‍റെ സന്തത സഹചാരി ആയി മാറിയ കുമാരു അങ്ങനെ ചിന്ന സ്വാമി എന്നറിയപ്പെടുവാന്‍ തുടങ്ങി. പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറി ആയി അവരോധിക്കപ്പെട്ടു...ഗുരുവിന്‍റെ അനുഗ്രഹാശിസ്സുകളോടെ തന്നെ. അങ്ങനെ യോഗത്തിന്‍റെ  പ്രതിനിധി എന്ന നിലയില്‍ പ്രജാസഭാ അംഗത്വം ലഭിക്കുകയും അവശ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്തു.

ഗുരുദേവനും കുമാരനാശാനും തമ്മിലുണ്ടായിരുന്ന അവാച്യ സുന്ദരമായ ആ മാനസിക പൊരുത്തത്തിന്റെ മാസ്മരിക ഭാവം എന്നെ വല്ലാതെ ആകര്‍ഷിച്ചപ്പോള്‍ അവര്‍ തമ്മിലുണ്ടായ ഒരു നേരംപോക്ക് പങ്കു വയ്ക്കാനാണ് ഞാന്‍ ആമുഖമായി ഇത്രയും പറഞ്ഞത്.  ആശാന്‍റെ കൃതികളും ..മഹാകാവ്യം എഴുതാതെ മഹാകവിപട്ടം നേടിയതും 1922 ല്‍ വെയില്‍സ് രാജകുമാരനില്‍ നിന്നും പട്ടും വളയും വാങ്ങിയതും ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് അത്തരം വിഷയങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഏതായാലും കവിതാ രചന കേവലം ബുദ്ധിപരമായ ഒരു വ്യായാമം എന്ന നിലയില്‍ കാണാതെ കവിതയെ ഉദാത്തമായ ദാര്‍ശനിക ഭാവത്തിലേക്കും ആത്മീയാനുഭൂതിയിലേക്കും ഉയര്‍ത്തിയ ഋഷി തുല്യനായ കവി ശ്രേഷ്ടന്‍ ആണ് ആശാന്‍ . സംശയമില്ല. ഇനി എന്നില്‍ കൌതുകം ഉണര്‍ത്തിയ ആ ഗുരു ശിഷ്യ ബന്ധത്തിന്‍റെ ചെറിയ ഒരു നേരംപോക്ക് നിങ്ങളോടൊത്ത് പങ്കു വച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.  കുമാരുവിലെ കവിത്വവും ഭാവനാവിലാസവും തിരിച്ചറിഞ്ഞ ഗുരുദേവന്‍ ഒരിക്കല്‍ ഒരു സമസ്യ ചൊല്ലിയിട്ട്‌ അത് പൂരിപ്പിക്കുവാന്‍ ശിഷ്യനോട് പറഞ്ഞു :

"കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറ ചൂടിയ വാരിധിയെ " ......(ഗുരു )
തെല്ലും ആലോചിക്കാന്‍ നില്‍ക്കാതെ കുമാരു അത് പൂര്‍ത്തിയാക്കി ..
"കാലന്‍ കനിവ  റ്റു കുറിച്ചു വിടു-
ന്നോലപ്പടിയെന്നെയയയ്ക്കരുതെ "

http://gurupresaadam.blogspot.in


0 comments:

Post a Comment