Friday, 14 December 2012

എന്‍റെ ഗുരു എന്‍റെ ദൈവം.

ഞാന്‍ എന്‍റെ ഗുരുവിനെ സ്നേഹിച്ചു തുടങ്ങിയത് യാതൊരു തിരിച്ചറിവും ഇല്ലാതിരുന്ന കുട്ടിക്കാലം മുതലാണ്‌. ഗുരുദേവന്‍റെ ജീവിതമോ ദര്‍ശനമോ ഒന്നും എന്‍റെ ചിന്താമണ്ഡലത്തിന്റെ പരിധിയില്‍ പെടുന്ന കാര്യങ്ങള്‍ അല്ലായിരുന്നു. "ഇത് നമ്മുടെ സ്വന്തം ദൈവം " എന്നു മനസ്സില്‍ കയറിക്കൂടിയ ഒരു ഒറ്റ വികാരം മാത്രമായിരുന്നു എന്നെ അവിടേക്ക് അടുപ്പിച്ചത്. "നാരായണ ഗുരു സ്വാമിന്‍ ..ഭഗവാന്‍ അഹ നാശനന്‍ .. കാരുണ്യ നിലയന്‍ ദേവന്‍ .. കാത്തു കൊള്‍ക സര്‍വ്വഥ . "അതായിരുന്നു എന്നില്‍ പതിഞ്ഞ ആദ്യത്തെ പ്രാര്‍ത്ഥന .അര്‍ത്ഥമോ പൊരുളോ ഒന്നും അറിയില്ല .ഇളം പ്രായത്തില്‍ സ്വാധീനിക്കപ്പെട്ട ജാതി ചിന്ത. .. അതുമാത്രമായിരുന്നു എന്നെ ഗുരുവിലേക്ക് അടുപ്പിച്ചത് എന്നതാണ് സത്യം. അത്തരത്തില്‍ ഗുരുവിനെ സമീപിക്കുന്നത് ജുഗുപ്സാപരമായ ഗുരുനിന്ദ ആണ് എന്ന ബോധം ഇപ്പോള്‍ എനിക്കുണ്ട്. എന്‍റെ ചിന്താമണ്ഡലത്തിന്റെ സൈദ്ധ്യാന്തിക പടലം വളരെ നേര്‍ത്തതും ബാലിശവും ആയിരുന്നതിനാല്‍ അന്ന് അത്തരത്തില്‍ ഒരു ബാന്ധവത്തിനു എനിക്ക് തെല്ലും ജാള്യത തോന്നിയിരുന്നില്ല. എന്നാല്‍ ഇക്കാലത്തും എനിക്ക് ചുറ്റും കാണുന്ന പൊതുസമൂഹത്തിലെ നല്ല ഒരു വിഭാഗം , ഒരു പ്രത്യേക ജാതിയുടെ ചട്ടക്കൂട്ടില്‍ മാത്രമായി ശ്രീനാരായണഗുരുദേവനെ കാണുവാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ മനസ്സ് വേദനിക്കുന്നു. മാറ്റൊരു വിഭാഗത്തിന് ഗുരു വെറും സാമൂഹിക പരിഷ്ക്കര്‍ത്താവ് മാത്രം. അത്തരക്കാര്‍ ആണ് ഇപ്പോള്‍ അരിവാള്‍ ചുറ്റികയുടെ അകമ്പടിയുമായി ഗുരുവിനെ എതിരേല്‍ക്കുന്നതായി ഭാവിക്കുന്നത്.(ആ ഒരു ചിത്രമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പിന് ആധാരം ). കേരളത്തിലെ എന്‍റെ വിദ്യാഭ്യാസ കാലത്തുണ്ടായ പഴയ ഒരു അനുഭവം ഓര്‍ത്തുപോവുകയാണ്‌. "ശ്രീനാരായണ ഗുരുവും കുമാരനാശാനും ബ്രിട്ടീഷ്‌ കാരുടെ പാദസേവകരായിരുന്നു"എന്നൊരു വെളിപാട് ഒരു നമ്പൂതിരിപ്പാടിനുണ്ടായി. വെറും നമ്പൂതിരി അല്ല സാക്ഷാല്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്.പഴയ പരിപ്പുവടയുടെയും കട്ടന്‍ ചായയുടെയും പ്രത്യയ ശാസ്ത്ര ചൂടില്‍ നുരഞ്ഞു പൊന്തിയിരുന്നഎന്‍റെ വിപ്ലവ വീര്യത്തെ പോലും ചോര്‍ത്തികളയുവാന്‍ ഇടയാക്കിയ സംഭവം ആയിരുന്നു അത്. നഷ്ടപെടുവാന്‍ ഉള്ളത് കൈവിലങ്ങുകള്‍ അല്ല ...ആത്മാഭിമാനം ആണന്നു ഞാന്‍ തിരിച്ചറിഞ്ഞു. കൂലി എഴുത്തുകാരും കുബുദ്ധികളായ ചരിത്രകാരന്‍ മാരും ചരിത്രത്തെ തങ്ങളുടെ ഇംഗിതത്തിനൊപ്പം വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഇക്കാലത്ത് അത്തരം വിവരക്കേടിനെ ഫലപ്രദമായി പ്രതി രോധിച്ചില്ല എങ്കില്‍ പിന്നീടു നാം കനത്ത വില നല്‍കേണ്ടതായി വരും. നിര്‍ഭാഗ്യമെന്നു പറയട്ടെ ഗുരുവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നു എന്നവകാശപെടുന്നവര്‍ ആരും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല എന്നാ മട്ടില്‍ പഠനം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഭൂഗുരുത്വ ആകര്‍ഷണ ത്തെ കുറിച്ച് പഠിക്കുന്നവന് ഐസക്‌ ന്യൂ ട്ടന്റെ ജീവിതത്തെ ക്കുറിച്ചോ ചിന്തകളെ കുറിച്ചോ ഗൌ നിക്കേണ്ട കാര്യമില്ല .എന്നാല്‍ അതെ നിസംഗത യോടെ ഗുരുദര്‍ശനം പഠികുകയുംപ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ശ്രീനാരായണ ഗുരുദേവനെ സമീപിക്കുവാന്‍ കഴിയുമോ? ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനത്തെയുംവേറിട്ട്‌ കാണുവാന്‍ ആര്‍ക്കു സാധിക്കും? അകവും പുറവും തിങ്ങിവിങ്ങുന്ന കാരുണ്യത്തിന്റെ മൂര്‍ത്തീ ഭാവമായ ഗുരുദേവനില്‍ അന്തര്‍ലീനമായിരിക്കുന്ന ഈശ്വരീയത കാണാതെ , .. . തങ്ങളുടെ ധൈഷണിക വ്യാപാരത്തിന്റെ കേവലം ഒരു അസംസ്കൃത വസ്തു മാത്രമായി ഗുരുവിനെ ചുരുക്കി കാണുന്നവര്‍ എത്ര അധര വ്യായാമം നടത്തിയാലും .."നഹി രക്ഷ ദൃകുഞ്ഞകരണി". നിഷ്ക്രിയതയും നിസംഗതയുമല്ല സന്യാസത്തിന്റെ മുഖം എന്ന് ഗുരു സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തന്നു. രാജയോഗത്തിന്റെ ഉത്തുംഗതയില്‍ നിന്നുമാണ് ഗുരു കര്‍മയോഗത്തിന്റെ താഴ്വരയിലേക്ക് പദം ഊന്നിയത്. സഹജീവികളുടെ രോദനവും വേദനയും ഗൌനിക്കാതെ 'ഉത്തമ സന്യാസിയായി' കാലക്ഷേപം നടത്തുവാന്‍ ഗുരുവിനു കഴിയുമായിരുന്നില്ല. അതാണ്‌ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന്‍ ... എന്‍റെ ദൈവം .

http://gurupresaadam.blogspot.in

0 comments:

Post a Comment