ഗുരുവിൽനിന്നും നേരെ എതിർദിശയിലേക്ക് എല്ലാംകൊണ്ടും സമൂഹം ഒഴുകിക്കൊണ്ടിരിക്കുന്ന കാലയളവിലാണ് നാം ജീവിക്കുന്നത്. ഈ ഒഴുക്കിനെതിരെ നീന്തിക്കയറുന്നത് ഏറെ പ്രയാസം തന്നെ. ജാതിഭേദമോ മതദ്വേഷമോ ഇല്ലാത്ത, മദ്യം മണക്കാത്ത, അനീതിയും അധർമ്മവും നിഴൽ പടർത്താത്ത, സാഹോദര്യത്തിന്റെയും സ്നേഹകാരുണ്യങ്ങളുടേയും പച്ചത്തുരുത്ത് - ഗുരുവിന്റെ സ്വപ്നഭൂമി - ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. പക്ഷേ അത് സാക്ഷാത്കരിക്കാനുള്ള വഴികൾ തേടുകയാണ് നമ്മളിൽ പലരും.അതിന്ഇടപ്പള്ളി ഗുരുസ്മരണ സമിതി പ്രസിഡന്റ് ടി.എസ്. സിദ്ധാർത്ഥൻ കണ്ടെത്തിയ വഴിയാണ് ‘ഗുരുദേവ പാരായണ മാസാചരണം’. ഏഴ് വർഷം മുന്പാണ് അതിന് നാന്ദികുറിച്ചത്. ഗുരുവിന്റെ നിയോഗത്താൽ ഒരു വ്യക്തിയിൽ മുളപൊട്ടിയ ഈ ആശയം മഹത്തായ പ്രസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലും സമീപ പ്രദേശങ്ങളിലുമൊക്കെ ഇത് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്നത്തെ മൃഗതുല്യമായ ജീവിതത്തിൽ നിന്നും മനുഷ്യത്വമുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കാൻ ഈ പ്രസ്ഥാനം അതിരുകളില്ലാതെ വ്യാപകമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയായി തീർന്നിരിക്കുകയാണ്.ജാതിമത രാഷ്ട്രീയ ഭേദങ്ങളും, അധികാരത്തിനും സന്പത്തിനും താത്കാലികമായ ശാരീരിക സുഖങ്ങൾക്കും വേണ്ടിയുള്ള അമിതമായ ആർത്തിയും സമകാലിക ജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. മദ്യപാനത്തിലും കുറ്റകൃത്യങ്ങളിലും കേരളം ഒന്നാംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. മാലിന്യ കൂന്പാരങ്ങളെക്കൊണ്ട് ദൈവത്തിന്റെ ഈ സ്വന്തം നാട് ദുർഗന്ധം നിറഞ്ഞതായി. സാക്ഷര കേരളത്തിന് എന്ത് പറ്റി എന്ന ചിന്ത ഹൃദയാലുവായ ഓരോരുത്തരുടെയും മനസിനെ കലുഷമാക്കുന്നുണ്ട്. അത്തരം കാലുഷ്യങ്ങളിൽ നിന്ന് രക്ഷ തേടാനുള്ള പോംവഴികൂടിയാണ് ‘ഗുരുദേവ പാരായണ മാസാചരണം’
ഏതാനുംവർഷങ്ങളായി കർക്കടക മാസത്തിൽ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുക എന്ന ആചാരം മലയാളിയുടെ ജീവിത്തിന്റെ ഭാഗമായിട്ട്. രാമായണം വായനയിലൂടെ ധർമ്മത്തിന്റെ പക്ഷത്ത് നിൽക്കാനും, ഭക്തിയിലൂടെ മുക്തി നേടാനും ഉള്ള ഉൾപ്രേരണ ഉണ്ടാക്കാൻ ഈ പാരായണം ഒട്ടൊക്കെ സഹായിക്കുന്നുമുണ്ട്. ക്ഷേത്രങ്ങളിലൊക്കെ ഇതോടനുബന്ധിച്ച് കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും മറ്റും നടത്തിപ്പോരുന്നുണ്ട്. വളരുന്ന തലമുറയിലെങ്കിലും ആദ്ധ്യാത്മിക സംസ്കാരത്തിന്റെ വിത്ത് പാകാൻ ഇതുകൊണ്ടൊക്കെ കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.രാമായണമാസം തീരുന്പോൾ ചിങ്ങ മാസം വരവായി. ആടി മാസത്തിന്റെ സങ്കടങ്ങൾ പെയ്തൊഴിയുന്പോൾ പ്രകൃതിക്കും മനുഷ്യനും പുതുജീവിതത്തിന്റെ നാന്പുകളും പ്രതീക്ഷകളുമായാണ് ചിങ്ങം എത്തുന്നത്. ചിങ്ങമാസത്തിലെ ചതയദിനത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ അവതാരം. ധർമ്മം ക്ഷയിക്കുന്പോഴൊക്കെ അധർമ്മത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ അവതാരങ്ങൾ സംഭവിക്കുമെന്നാണല്ലോ നമ്മുടെയൊക്കെ വിശ്വാസം. ‘മാനുഷരെയെല്ളാം ഒന്നായി കണ്ടു’ മാവേലി എന്ന രാജാവ്. മനുഷ്യരെ മാത്രമല്ല സർവ ചരാചരങ്ങളെയും ഒന്നായിക്കണ്ട മഹാഋഷിയുടെ ജനനം മാവേലിക്കാലത്തു തന്നെ ആയത് വിധി നിയോഗം. 1928 ലെ കന്നിമാസം അഞ്ചിനാണ് ഗുരു സമാധിയാകുന്നത്. ചിങ്ങം ഒന്നാം തീയതി മുതൽ കന്നി അഞ്ച് വരെയുള്ള മുപ്പത്തിയഞ്ച് ദിവസങ്ങളാണ് ‘ഗുരുദേവ പാരായണ മാസമായി’ ആചരിക്കേണ്ടത്.എല്ലാമതവിഭാഗങ്ങളിൽപ്പെട്ടവർക്കും അവരവരുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നൊയ്ന്പുകളും വ്രതങ്ങളും ഉണ്ട്. ജീവിതത്തെ ശുദ്ധീകരിക്കാനും നവീകരിക്കാനുമുള്ള ഇടവേളയാണ് ഓരോ നൊയ്ന്പ് കാലവും. ഇതൊരു വ്രതശുദ്ധിയുടെ കാലയളവായി ഗുരുദേവഭക്തർക്ക് കണക്കാക്കാം. ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിൽ നിശ്ചയിച്ചിട്ടുള്ള പഞ്ചധർമ്മം, പഞ്ചശുദ്ധി, പഞ്ച മഹായജ്ഞം എന്നിവ നിഷ്ഠയോടെ ആചരിക്കാൻ ഈ മാസത്തെ നമുക്ക് ഉപയോഗപ്പെടുത്താം.സത്യം,അഹിംസ, അസ്തേയം, അവ്യഭിചാരം, മദ്യവർജ്ജനം എന്നിവയാണ് പഞ്ചധർമ്മങ്ങൾ. ദേഹശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിവയാണ് പഞ്ചശുദ്ധികൾ. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, മാനുഷ യജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങൾ. ഒരു മാസം നിഷ്ഠയോടെ ഇവ ആചരിക്കുന്പോൾ പിന്നീടു വരുന്ന ദിവസങ്ങളിലും അപ്രകാരം തന്നെ ജീവിക്കാൻ നമുക്ക് പ്രേരണയുണ്ടാകും. ഗുരു പാരായണർ എന്നാൽ ഗുരുവിൽ താത്പര്യം - ഭക്തി ഉള്ളവർ എന്നുകൂടി അർത്ഥമുണ്ട്. ഗുരുവിനെ ഗുരുവിന്റെ വചനങ്ങളിലൂടെ അറിഞ്ഞ് അനുഭവിച്ച് ആചരിച്ചാലേ ഗുരു പാരായണരായി തീരാൻ സാധിക്കൂ. അതിനാണ് ഗുരുദേവകൃതികൾ നിർബന്ധമായും പാരായണം ചെയ്യാൻ ഇപ്രകാരമൊരു കാലയളവിനെ ചിട്ടപ്പെടുത്തിയത്.
അദീതി,ബോധം, ആചരണം, പ്രചാരണം എന്നിങ്ങനെ നാല് തലങ്ങളാണ് ഓരോ ദർശനത്തിന്റെയും സ്വീകരണത്തിനുള്ളത്. ആദ്യം അറിയണം, പിന്നെ മനനത്തിലൂടെ ബോധാംശമാക്കണം പിന്നെ സ്വന്തം ജീവിത്തിൽ അത് ആചരിക്കണം. അതിന് ശേഷം മാത്രമേ പ്രചരിപ്പിക്കാൻ നാം അധികാരി ആകുന്നുള്ളൂ. ആദ്യത്തെ മൂന്നും ഇല്ലാതെ പ്രചരിപ്പിക്കാൻ ഇറങ്ങുന്നതുകൊണ്ടാണ് നമ്മുടെ ലക്ഷ്യത്തിലെത്താൻ സാധിക്കാതെ പോകുന്നത്.
അറുപത്തിയഞ്ചോളംകൃതികളാണ് ഗുരുവിന്റേതായി കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ശാരീരികമായി ഗുരു നമ്മുടെ ബാഹ്യദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായാലും, അകക്കണ്ണിലെ പ്രത്യക്ഷഗുരു സാന്നിധ്യമാണ് ഗുരുവിന്റെ രചനകൾ. അത് ദിവസവും ഒരു നിഷ്ഠപോലെ വായിച്ചാൽ തന്നെ ശ്രവണമായി. മനനവും നിസിദ്ധ്യാസനവും പുറകെ സ്വാഭാവികമായി വന്നുകൊള്ളും.
ഗുരുദേവവചനമനുസരിച്ചുള്ള വ്രതം അനുഷ്ഠിക്കുന്നതോടൊപ്പം കൃതികളുടെ പാരായണവും നടത്തുക എന്നതാണ് ഗുരുദേവ പാരായണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരുവിലെത്താനുള്ള ആദ്യത്തെ പടവാണ് ‘ഗുരുദേവ പാരായണം’ സ്തോത്രകൃതികൾ, അനുശാസനകൃതികൾ, ദാർശനിക കൃതികൾ ഇവയെല്ലാം തന്നെ നിത്യപാരായണത്തിന് എടുക്കാം. അതോടൊപ്പം തന്നെ വരികൾ ഹൃദിസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യാം. കുടുംബയോഗങ്ങളുടേയോ, സമിതികളുടേയോ, ആഭിമുഖ്യത്തിൽ ഗുരുമന്ദിരങ്ങളിൽ വച്ചോ, ശാഖായോഗങ്ങളിൽ വച്ചോ ആഴ്ചയിൽ ഒരിക്കൽ ഒന്നിച്ചു കൂടി സംഘമായി പാരായണം ചെയ്യാം.അഞ്ച്ഒഴിവ് ദിവസങ്ങൾ ഈ മുപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ കിട്ടും. അന്ന് അറിവുള്ളവരെക്കൊണ്ട് കൃതികൾ വ്യാഖ്യാനിപ്പിക്കാം. അവിലോ, പഴമോ, കഞ്ഞിയോ പ്രസാദമായിട്ട് പങ്കിട്ട് പരിയാം. ഈയൊരു കൂട്ടായ്മ നൽകുന്ന ശുദ്ധിയും ശക്തിയും അനുഭവിച്ചറിയാം. ബാക്കി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പാരായണം ചെയ്യണം. രാവിലെ സാധിച്ചില്ലെങ്കിലും വൈകിട്ട് നിർബന്ധമായും അപ്രകാരം ചെയ്യാം. മാത്രമല്ല ജോലികളിൽ ഏർപ്പെടുന്പോഴും മനസുകൊണ്ട് ‘ഓം ശ്രീനാരായണ പരമഗുരവേ നമഃ’ എന്ന് ജപിക്കാം. അപ്രകാരം നിരന്തരം ഗുരുപാരായണരാകാൻ ഈ കാലയളവിൽ ശ്രമിക്കണം. കുട്ടികളെയും നിർബന്ധമായും ഇതിൽ പങ്കെടുപ്പിക്കണം. ഗുരുവിനെക്കുറിച്ച് തെറ്റായ ധാരണകൾ പാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കപ്പെടുന്പോൾ അവർക്കു തന്നെ അത് തിരുത്താൻ സാധിക്കണം.
മറ്റെല്ലാമതവിശ്വാസികളും അവരവരുടെ മതവിശ്വാസത്തിന്റെ ഗ്രന്ഥം വിശുദ്ധഗ്രന്ഥമായി കരുതുകയും ദിവസവും അതിൽ നിന്ന് പാരായണം ചെയ്യുകയും ശീലമാക്കിയിട്ടുള്ളവരാണ്. ഹിന്ദുവിന് മാത്രമാണ് അത്തരം മതശീലനം ഇല്ലാത്തത്. ഗുരുദേവഭക്തർ ഗുരുദേവകൃതികളെ അത്തരം വിശുദ്ധഗ്രന്ഥമായി കണക്കാക്കണം. പ്രവാചകനിൽ നിന്ന് വരുന്ന വചനങ്ങൾ പോലെ തന്നെ വിശുദ്ധമാണ് ഗുരുവിന്റേയും വചനങ്ങൾ.ഗുരുപ്രതിഷ്ഠിച്ചതും, ഗുരുവിന്റെ പേരിലുള്ള വിവിധ പ്രസ്ഥാനങ്ങൾക്കു കീഴെ പ്രവർത്തിക്കുന്നതുമായ ധാരാളം ക്ഷേത്രങ്ങളും, ഗുരുദേവ മന്ദിരങ്ങളും, മഠങ്ങളും ഒരുപാടുണ്ട്. മറ്റേതെങ്കിലും ഗുരുവിന്റെ പേരിൽ ഇത്രയേറെ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഉണ്ടോ എന്ന കാര്യം സംശയമാണ്. പക്ഷേ ചതയ, സമാധി ദിനങ്ങൾക്കല്ലാതെ നാം അവിടെ ഒത്തുചേരാറില്ല. ഗുരുപാരായണ മാസമായ ഈ മുപ്പത്തിയഞ്ച് ദിവസങ്ങളിൽ അവിടെ ഒത്തുചേർന്ന് ഗുരുദേവകൃതികൾ ഒരുമിച്ചിരുന്ന് വായിക്കാൻ തുടങ്ങണം. രാമായണ പാരായണവും, ഭാഗവത സപ്താഹവുമൊക്കെ ഗുരുദേവനുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. പക്ഷേ ഗുരുവിന്റെ കൃതികൾ വായിക്കുക എന്ന ശീലം പലയിടത്തും കാണാറില്ല. കലിയുഗ സങ്കടങ്ങളെ തീർത്ത് ഭക്തിയും മുക്തിയും പ്രദാനം ചെയ്യാൻ ഗുരുദേവ കൃതികൾക്ക് സാധിക്കും. അവ പാരായണം ചെയ്ത്, മനനം ചെയ്ത് ‘മനുഷ്യ’രായി തീരാൻ നമുക്ക് സാധിക്കും. അതിനായി ‘ഗുരുദേവ പാരായണ മാസാചരണം’ എല്ലായിടത്തുമെത്തട്ടെയെന്ന് ആശംസിക്കാം.
0 comments:
Post a Comment