Saturday, 29 December 2012

തൈക്കാട്‌ അയ്യാവ്‌ സ്വാമികള്‍


(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌ തയ്യാറാക്കിയത്‌)

 കശ്യപഗോത്രജനായ മഹര്‍ഷി ഹൃഷികേശരുടെ പൗത്രനും മഹായോഗിവര്യനുമായിരുന്ന മുത്തുക്കുമരന്റെ പുത്രനായിരുന്നു അയ്യാവ്‌ഗുരു എന്ന സുബ്ബരായന്‍. ടിപ്പുവിന്റെ പടയോട്ടകാലത്ത്‌ പലസ്ഥലങ്ങളിലേക്ക്‌ പാലായനം ചെയ്യവേ നകുലാപുരം എന്ന സ്ഥലത്ത്‌ വച്ച്‌ ഹൃഷികേശന്‍ സമാധിയായി. തുടര്‍ന്ന്‌ മുത്തുക്കുമരന്‍ കുടുംബഭാരം ഏറ്റെടുത്ത്‌ അമ്മാവന്റെ കൂടെ താമസമാക്കി. വിവിധ ഭാഷാ പണ്ഡിതനായ മുത്തുക്കുമരന്‌ ശ്രീലങ്കയില്‍ ദ്വിഭാഷിയായി ജോലി ലഭിച്ചെങ്കിലും അധികം താമസിക്കാതെ മദിരാശിലിലേക്ക്‌ മടങ്ങി. എന്നാല്‍ അദ്ദേഹം സഞ്ചരിച്ച്‌ പായ്‌ക്കപ്പല്‍ ദിശമാറി കൊല്ലത്തെത്തി. അവിടെ കപ്പലിറങ്ങിയ മുത്തുക്കുമരന്‍ കുറേക്കാലം കൊല്ലത്ത്‌ താമസിച്ചു. ഇതിനിടെ വെള്ളാള സമുദായത്തില്‍പെട്ട രുഗ്മിണിയെ വിവാഹം കഴിക്കുകയും അവരുമൊന്നിച്ച്‌ മദിരാശിക്ക്‌ പോവുകയും ചെയ്‌തു. മദിരാശിയില്‍വച്ച്‌ അവര്‍ക്ക്‌ അശ്വതി നക്ഷത്രത്തില്‍ ജനിച്ച പുത്രനാണ്‌ സുബ്ബരായന്‍ എന്ന അയ്യാഗുരു.

ആദ്ധ്യാത്മികാന്തരീക്ഷമായിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ വരാറുണ്ടായിരുന്ന ശ്രീസച്ചിദാനന്ദര്‍, ശ്രീചട്ടിപരദേശി എന്നിവര്‍ സുബ്ബരായര്‍ക്ക്‌ ദിവ്യമന്ത്രങ്ങള്‍ ഉപദേശിക്കുകയും പിന്നീട്‌ ശിഷ്യനായി സ്വീകരിച്ച്‌ കൂട്ടിക്കൊണ്ടു പോവുകയും 3 വര്‍ഷക്കാലം യോഗമുറകള്‍ അഭ്യസിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ തിരിച്ചെത്തിയ സുബ്ബരായര്‍ തമിഴ്‌, ഇംഗ്ലീഷ്‌ എന്നിവയില്‍ പാണ്ഡിത്യം നേടി. തന്റെ ആരാധനാമൂര്‍ത്തിയായ ദേവിയുടെ ദര്‍ശനം ലഭിക്കണമെങ്കില്‍ അനന്തപുരത്ത്‌ ചെല്ലേമണെന്ന്‌ അദ്ദേഹത്തിന്‌ സൂചന ലഭിച്ചതനുസരിച്ച്‌ അനന്തപുരിയിലെത്തി. അദ്ദേഹത്തിന്റെ യോഗമാഹാത്മ്യങ്ങള്‍ കേട്ടറിഞ്ഞ സ്വാതിതിരുനാള്‍ മഹാരാജാവ്‌ അദ്ദേഹത്തെ തന്റെ ആത്മീയഗുരുവായി സ്വീകരിച്ചു. ഇതിനിടയില്‍ അയ്യാവിന്‌ ജഗദംബയുടെ പ്രത്യക്ഷദര്‍ശനം ലഭിച്ചു. പഴനിയില്‍ ദര്‍ശനത്തിന്‌ എത്തിയ അയ്യാവ്‌ അവിടെവച്ച്‌ ഗുരുവായി സച്ചിദാനന്ദരെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുകയും ചെയ്‌തു. പൊന്നേരി ഗ്രാമത്തിലെ കമലമ്മാള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പത്‌നി.

ഉപജീവനാര്‍ത്ഥം കോഴിക്കോട്‌ മിലിട്ടറി സപ്ലൈസില്‍ സുബ്ബരായര്‍ അസിസ്റ്റന്റ്‌ സെക്രട്ടറിയായും തുടര്‍ന്ന്‌ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ തിരുവിതാംകൂര്‍ റിസിഡന്‍സി മാനേജരായും സേവനമനുഷ്‌ഠിച്ചു. തിരുവനന്തപുരത്ത്‌ ഉദ്യോഗം ലഭിച്ചതുമുതല്‍ അദ്ദേഹം തൈക്കാട്ടുള്ള ഔദ്യോഗിക വസതിയിലായിരുന്നു താമസം. അവിടെ ധാരാളം ആളുകള്‍ എത്തുകയും ജനങ്ങള്‍ക്കിടയില്‍ തൈക്കാട്‌ അയ്യാസ്വാമികള്‍ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്‌ 5 മക്കള്‍ ഉണ്ടായിരുന്നു. ലോകനാഥ പണിക്കര്‍, പഴനിവേലയ്യ, മാണിക്യം, തടാതകപട്ടമ്മാള്‍, കാര്‍ത്ത്യായനി. കാര്‍ത്ത്യായനിയും മാണിക്യവും ചെറുപ്പത്തിലേ മരിച്ചുപോയി.

അദ്ദേഹം നിത്യവും സുബ്രഹ്മണ്യപൂജ ചെയ്യുമായിരുന്നു. അദ്ദേഹം നല്ല വേദാന്തിയും സിദ്ധനും മഹാജ്ഞാനിയുമായിരുന്നു എന്ന്‌ ഗുരുസ്വാമിതന്നെ പറഞ്ഞിട്ടുണ്ട്‌. കാവിയുടുക്കാതെ, കമണ്ഡുലുവും യോഗദണ്ഡം എടുക്കാതെ, കാട്ടില്‍ കഴിയാതെ നാട്ടില്‍ സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച ഉജ്ജ്വലമൂര്‍ത്തിയായിരുന്നു അയ്യാവ്‌ഗുരു. ജാതിമത ചിന്തകള്‍ക്കതീതമായി കുടില്‍തൊട്ട്‌ കൊട്ടാരംവരെയുള്ള ശിഷ്യ സമ്പത്ത്‌ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്നും ജ്ഞാനദീപം ഏറ്റുവാങ്ങിയ ശിഷ്യരില്‍ പ്രമുഖരായിരുന്നു ശ്രീ. അയ്യാ വൈകുണ്‌ഠനാഥര്‍, ശ്രീകൊല്ലത്തമ്മ, ശ്രീചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, തക്കല പീര്‍മുഹമ്മദ്‌, മക്കടി ലബ്ബ, ഫാദര്‍. പേട്ടയില്‍ ഫെര്‍ണാണ്ടസ്‌ തുടങ്ങിയവര്‍.
കൊല്ലവര്‍ഷം 1048 മുതല്‍ 1084 വരെ 96 വയസ്സുവര ബ്രിട്ടീഷ്‌ റസിഡന്‍സി മാനേജരായി അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. 1084 കര്‍ക്കിടകം 6ന്‌ രാത്രി 8 മണിക്ക്‌ മകം നക്ഷത്രത്തില്‍ സ്വഭവനത്തില്‍വച്ച്‌ അദ്ദേഹം മഹാസമാധി പ്രാപിച്ചു. തന്റെ മഹാസമാധി നേരത്തെ അദ്ദേഹം പ്രവചിച്ചിരുന്നു.

തൈക്കാട്‌ ശ്‌മശാനത്തിന്റെ വടക്കുഭാഗത്തുള്ള തൈക്കാട്‌ അയ്യാഗുരുദേവ മഹാസമാധി സ്ഥാനത്ത്‌ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്‌ 1943-ല്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ ശിവപ്രതിഷ്‌ഠ നടത്തി. ശ്രീ അയ്യാമിഷന്‍ എന്ന സംഘടനയുടെ മേല്‍നോട്ടത്തില്‍ അവിടെ ശ്രീ അയ്യാഗുരുകുലവും ആശ്രമവും പ്രവര്‍ത്തിക്കുന്നുണ്ട്‌.

(ശ്രീനാരായണ ജ്ഞാനസമീക്ഷ)

0 comments:

Post a Comment