Monday, 17 December 2012

ചിജ്ജഡചിന്തനം


By Suresh Babu Madhavan (ശ്രീനാരായണ ജ്ഞാനസമീക്ഷ )

ഗുരുദേവന്റെ ബ്രഹ്മാനുഭൂതിയുടെ  പരമകാഷ്‌ഠയാണ്‌ ഈ കൃതി. ഈശ്വരാന്വേഷണത്തിന്റെ പ്രാരംഭദശയില്‍ നിലനില്‍പ്പ്‌ ചിത്ത്‌  ജഡം ഇങ്ങനെ രണ്ടായി പിരിഞ്ഞ്‌ കാണപ്പെടുന്നു. ഒന്നൊന്നായി എണ്ണിയെണ്ണി  പൊരുളൊടുങ്ങിയാല്‍ ജഡദര്‍ശനം പാടെ മാറി നിലനില്‍പ്പ്‌ മുഴുവന്‍ ചിത്ത്‌ മാത്രമായി  തെളിയും. സത്യാന്വേഷണത്തിന്റെ സമഗ്രാവിഷ്‌കരണം അനുഭവത്തിന്റെ നിര്‍വൃതിയില്‍  ലയിച്ച്‌ സുലളിതമാക്കി വിളമ്പുകയാണ്‌ ഈ കൃതിയില്‍.

പത്ത്‌  ശ്ലോകങ്ങളിലൂടെയാണ്‌ ഗുരു തന്റെ ബ്രഹ്മാനുഭൂതി രഹസ്യം  വെളിപ്പെടുത്തിയിരിക്കുന്നത്‌. ബ്രഹ്മത്തെ പൂര്‍ണ്ണമായി അറിയാന്‍ സാധിക്കുമോ? അത്‌  അറിഞ്ഞവര്‍ അതായിത്തീരുകയല്ലേ ചെയ്യുന്നത്‌? എന്നാല്‍ അനുഭൂതിയുണ്ടാവാം.  അനുഭൂതിയെന്നത്‌ ലയനമല്ലല്ലോ...ആണോ? അനുഭൂതി അനുഭവമാണല്ലോ....അനുഭവിച്ചു. പക്ഷേ  അതായിത്തീര്‍ന്നത്‌ മഹാസമാധിയിലായിരുന്നല്ലോ... നടന്‍ കഥാപാത്രമായിമാറി അത്‌  അനുഭവിച്ചു..പക്ഷേ പൂര്‍ണ്ണമായി ആ കഥാപാത്രമായില്ല. ആയാല്‍ അയാള്‍ അഭിനയിക്കുകയല്ല.  അത്‌ ആയിത്തീരലാണ്‌. അത്‌ നടനമല്ലല്ലോ...

ചിത്തിനെയും ജഡത്തിനെയും  കുറിച്ചുള്ള ചിന്തനമാണ്‌ ചിജ്ജഡ ചിന്തനം. മലയാള ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള  പ്രൗഢവേദാന്ത കൃതിയാണിത്‌. സത്യാന്വേഷിക്ക്‌ മാര്‍ഗ്ഗദര്‍ശിയാണ്‌ ഈ കൃതി.  ചിത്തിന്റെ പര്യായങ്ങളായി ഗണിക്കപ്പെടുന്ന മറ്റ്‌ ചില ചിന്താപദ്ധതികളാണ്‌  ദൃക്ക്‌-ദൃശ്യം, ക്ഷേത്രം- ക്ഷേത്രജ്ഞന്‍, പ്രകൃതി-പുരുഷന്‍, ക്ഷരം - അക്ഷരം  തുടങ്ങിയവ.

എല്ലാ തലത്തിലും നിലനില്‍പ്പിനെ അനുഭവിക്കുന്നത്‌ ചിത്താണ്‌.  ഉണ്ടായി നശിക്കാത്ത, സ്വയം അറിഞ്ഞ്‌ മറ്റുള്ളതിനേയും അറിയുന്ന ശാശ്വതസത്തയാണ്‌  ചിത്ത്‌. സ്വയം അനുഭവമില്ലാതെ ചിത്തിനെ ആശ്രയിച്ച്‌ അനുഭവത്തിന്‌ പാത്രമാകുന്ന  ഘടകമാണ്‌ ജഡം. ഉണ്ടായി നശിക്കുന്നതായി കാണപ്പെടുന്നതെല്ലാം ജഡമാണ്‌. ജനനം,  വളര്‍ച്ച, ക്ഷയം, നാശം ഇവയെല്ലാം ജഡസ്വഭാവങ്ങളാണ്‌.

നിലനില്‍പ്പിന്റെ രഹസ്യം  കണ്ടെത്താന്‍ യോഗികള്‍ ആണ്‌ സത്യത്തില്‍ ആദ്യത്തെ കണികാ പരീക്ഷണം നടത്തിയത്‌.  ഇന്ന്‌ ബാഹ്യമായാണ്‌ കണികാപരീക്ഷണം നടത്തിയതെങ്കില്‍ അന്ന്‌ ഋഷികള്‍ ആന്തരികമായാണ്‌  നടത്തിയതെന്നു മാത്രം. ശ്രീനാരായണ ഗുരുദേവനേപ്പോലുള്ളവര്‍ ആ പരീക്ഷണത്തില്‍ ബഹുദൂരം  മുന്നേറി നിലനില്‍പ്പിന്റെ മൂലബിന്ദുവായ കരുവിനെ കണ്ടെത്തുകതന്നെ  ചെയ്‌തു.

1500 കോടി വര്‍ഷംമുമ്പുനടന്ന മഹാസ്‌ഫോടനത്തിന്റെ  വൈചിത്യത്തില്‍നിന്നും പ്രപഞ്ചം രൂപംകൊണ്ടു. വൈചിത്യം എന്നതുകൊണ്ട്‌  അനന്തവക്രതയുള്ള ശൂന്യതയിലെ ബിന്ദുവാണ്‌. പ്രപഞ്ചം അതിന്റെ ആദ്യ സെക്കന്റിന്റെ ആദ്യ  അംശത്തില്‍ (10�-35 സെക്കന്റഡ്‌) വിവരണാതീതമായി ഒരു ദ്രുതവികാസത്തിന്‌ വിധേയമായി. ഈ  ഘട്ടത്തിലാണ്‌ ദ്രവ്യത്തിന്റേയും പ്രതിദ്രവ്യത്തിന്റെയും മിശ്രിതം  ഉണ്ടാവുന്നത്‌.0.0001 സെക്കന്റില്‍ (10-4) ക്വാര്‍ക്കുകള്‍ രൂപം കൊണ്ടു. ഇതിനെ  Fundamental Particles എന്നു പറയുന്നു. ഏതാണ്ട്‌ 6 തരം ക്വാര്‍ക്കുകള്‍  ഉണ്ടെന്നാണ്‌ പറയുന്നത്‌. Up Quark, Down Quark, Chaming Quark, Beauty Quark,  Colour തുടങ്ങിയവയാണ്‌ അത്‌. 10 സെക്കന്റിനും 20 സെക്കന്റിനും ഇടയില്‍ ദ്രവ്യം  ക്വാര്‍ക്ക്‌ ഗ്ലൂവോണ്‍ പ്ലാസ്‌മ എന്ന്‌ അവസ്ഥയെ പ്രാപിച്ചു. മൂന്നു  ക്വാര്‍ക്കുകള്‍ ചേര്‍ന്ന്‌ പ്രോട്ടോണുകളും ന്യൂട്രോണുകളും ഉണ്ടായി. അതിനു  മുമ്പ്‌ ഹിഗ്‌സ്‌ ഫീല്‍ഡ്‌ വന്നിരുന്നു. അതിന്റെ കണമാണ്‌ ഹിഗ്‌സ്‌ ബോസോണ്‍.  ഉല്‌പത്തിക്കുശേഷം 300,000 വര്‍ഷം കഴിഞ്ഞാണ്‌ അണു രൂപം പ്രാപിക്കുന്നത്‌. പിന്നീട്‌  ഗ്യാലക്‌സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളും ഉണ്ടായി.

സൃഷ്‌ടി  ബ്രഹ്മസത്തിയില്‍ ശക്തിരൂപത്തില്‍ ലയിച്ചുകിടക്കുന്ന നാമരൂപങ്ങളുടെ ആവര്‍ത്തനമാണ്‌.  ശക്തി സ്‌പന്ദിച്ചുയരുമ്പോള്‍ നാമരൂപങ്ങള്‍ പ്രത്യക്ഷപ്പെടും. ശക്തി  പിന്തിരിയുമ്പോള്‍ തിരികെ ബ്രഹ്മത്തില്‍ ലയിച്ചുചേരും. ഇത്‌ കടലിലെഴും തിരപോലെ....  കടലില്‍ അജസ്രവുമുള്ള കര്‍മ്മാണ്‌ എന്ന്‌ ഗുരു പറഞ്ഞിരിക്കുന്നു. വിത്തില്‍നിന്നും  വൃക്ഷം ഉണ്ടാകുന്നതുപോലെ.

ചിത്രകാരന്മാര്‍ക്കും ശാസ്‌ത്രകാരന്മാര്‍ക്കും  സമുദ്രത്തെയും അതിലെ ജീവജാലങ്ങളെയും മാപ്പിലൂടെ വരച്ച്‌ കാട്ടാന്‍ സാധിക്കും.  എന്നാല്‍ സമുദ്രത്തിലെ ഓരോ ജലകണങ്ങളിലും അടങ്ങിയിരിക്കുന്ന ഉപ്പുരസത്തെ  വരച്ചുകാട്ടാന്‍ സാധിക്കുമോ? അനുഭവിച്ചറിയേണ്ടതായ രസങ്ങള്‍ക്കൊന്നും  ദൃശ്യരൂപമുണ്ടായിരിക്കുകയില്ലല്ലോ. അതുപോലെ നമ്മുടെ ഉള്ളിലിരിക്കുന്ന ചിത്തിന്‌,  ആത്മചൈതന്യത്തിന്‌ ദൃശ്യരൂപമില്ല. അതുകൊണ്ട്‌ അറിയേണ്ടതായ അതിനെ അറിയുന്നതേയില്ല.  കാരണം അതിനെ മറച്ചുകൊണ്ട്‌ വിഷയവാസനകള്‍ ഓരോദിനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.  പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയെ ഊതിക്കെടുത്തിയിട്ട്‌ വസ്‌തുക്കളെ  കാണുന്നില്ല, ഇരുട്ടാണ്‌ എന്ന്‌ പറയുന്നതുപോലെയാണ്‌ ഇത്‌. ഈ ലോകജീവിതത്തില്‍ നാം  അറിഞ്ഞും അറിയാതെയും നമ്മില്‍ വന്നുപെട്ടിരിക്കുന്ന ഈ ഇരുളിനെ ഒഴിവാക്കാതെ  കര്‍മ്മബന്ധമായ ജീവിതത്തില്‍നിന്നും മുക്തിയുണ്ടാകുന്നതല്ല.

പ്രപഞ്ചം എത്ര  വൈവിധ്യം നിറഞ്ഞതായായും അതിലെ അനുഭവമണ്ഡലം വ്യക്തിയുടെ അന്തഃകരണം മാത്രമാണ്‌.  അതുകൊണ്ട്‌ ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള ആത്മാന്വേഷകര്‍, സത്യാന്വേഷികള്‍,  അന്തര്‍മുഖമായി അന്തഃകരണത്തെ പരിശോധിച്ചു. പ്രാണസ്‌പന്ദനത്തെ ആശ്രയിച്ച്‌ ഉണ്ടായി  മറയുന്ന വികാരവിചാരങ്ങളുടെ പ്രവാഹമാണല്ലോ മനസ്സ്‌. മനസ്സിനെ  നിയന്ത്രിക്കുന്നതോടുകൂടി വികാരവിചാരങ്ങളെയും നിയന്ത്രിതമാക്കാന്‍ സാധിക്കുന്നു.  അതോടെ ചിത്തിന്റെയും ജഡത്തിന്റെയും സൂഷ്‌മം സാധകന്‌ ഗ്രഹിക്കാന്‍ സാധിക്കുന്നു. ആ  അനുഭവരഹസ്യമാണ്‌ ഈ പത്തുശ്ലോകങ്ങളിലൂടെ ഗുരു നല്‍കുന്നത്‌.

1. ഒരുകോടി  ദിവാകരരൊത്തുയരും
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നുവരുന്നൊരു  നിന്‍
വടിവെന്നുമിന്നുമിരുന്നു വിളങ്ങിടണം.

ജ്ഞാനസൂര്യന്‍ അതിന്റെ എല്ലാ  പ്രഭാവത്തോടുകൂടിയും ജ്വലിച്ച്‌ ഉദിച്ചുയര്‍ന്ന്‌ ഭൂമി, ജലം, അഗ്നി തുടങ്ങിയ  മുഴുവന്‍ ജഡദൃശ്യങ്ങളെല്ലാം മറച്ച്‌ പരമസത്യമായ ഭഗവത്‌ ദ്രൂപം, മഹാജ്ഞാനം, സാധകന്‌  വെളിവാകും. അത്‌ എല്ലായ്‌പ്പോഴും വിട്ടുപോകാതെ അനുഭവസ്വരൂപമായി  വര്‍ത്തിക്കുമാറാകണം.

ചിത്തിനെ ആശ്രയിച്ചാണല്ലോ ജഡം നിലനില്‍ക്കുന്നത്‌.  ചിത്ത്‌ കൈവിട്ടാല്‍ ജഡം ഇല്ലാതെയാകും. അതാണല്ലോ മരണം. ചിത്താകട്ടെ  അന്തഃകരണത്തിലൂടെയാണ്‌ ബാഹ്യമായ ജഡദൃശ്യങ്ങളെ അനുഭവിക്കുന്നത്‌. അന്തഃകരണത്തെ  നിര്‍മ്മിക്കുന്നത്‌ പ്രാണസ്‌പന്ദനമാണ്‌. ജഡപ്രതിഭാസത്തിന്റെ മൂലമാണ്‌  പ്രാണസ്‌പന്ദനവും അന്തഃകരണവും. ചിത്തിനെ അറിയാന്‍ ജഡത്തെയുളവാക്കുന്ന ഈ മൂലകാരണത്തെ  മാറ്റിനിറുത്തണം. ഗീതയിലെ സംസാരവൃക്ഷത്തെ അസംഗശസ്‌ത്രംകൊണ്ട്‌ മുറിച്ചുമാറ്റുന്ന  പ്രക്രിയ ഇതാണ്‌. ധ്യാനമനനാദികളിലൂടെ നേടിയെടുക്കുന്ന അമനസ്‌കത ചിത്തത്തിലെ  ജഡാവരണത്തെ മാറ്റുവാന്‍ ഉപയുക്തമാണ്‌. പാരൊടു നീരനലാദികളും കെടുമാറ്‌ എന്ന്‌  പറഞ്ഞിരിക്കുന്നത്‌ ഇതാണ്‌ വ്യക്തമാക്കുന്നത്‌. അതോടെ ചിത്തിന്റെ സ്വാഭാവികമായ  ജ്ഞാനപ്രകാശം വെളിവാകുന്നു. ആത്മോപദാശശതകത്തിലെ ത്രിപുടി മുടിഞ്ഞു തെളിയുന്ന ദീപവും  ഇതുതന്നെയാണ്‌. സമാധ്യാവസ്ഥ പരിപക്വമാകാതെയിരിക്കുകയും സംസാരസമുദ്രത്തില്‍  ആണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഈ ദീപത്തിന്റെ കാഴ്‌ചയും അല്ലെങ്കില്‍  ജ്ഞാനപ്രകാശത്തിന്റെ അനുഭവവും ചിലപ്പോഴെല്ലാം വിസ്‌മരിക്കപ്പെടാന്‍ സാധ്യതയുണ്ട്‌.  അങ്ങനെ സംഭവിക്കാതെ അനുഭവിച്ചറിഞ്ഞ സത്യം സാധാരണവേളയിലും സദാ സ്‌മരിക്കാന്‍ കഴിയണേ  എന്നാണ്‌ എന്നുമിരുന്ന്‌ വിളങ്ങിടേണം എന്ന ഭാഗം കൊണ്ട്‌  സൂചിപ്പിക്കുന്നത്‌.

ചുരുക്കത്തില്‍ ധ്യാനമനനാദികളിലൂടെ നേടുന്ന മനസ്സിന്റെ  സങ്കല്‌പനിരോധനത്തിലൂടെ ....ഒരു പതിനായിരം ആദിതേയരൊന്നായ്‌ വരുവതുപോലെ വരും  വിവേകവൃത്തി....എന്ന്‌ ആത്മോപദേശശതകത്തില്‍ മൊഴിഞ്ഞപോലെ ചിത്ത്‌ സത്യമാണെന്നും ജഡം  അസത്യമാണെന്നും വ്യക്തമായി അറിഞ്ഞ്‌ സാക്ഷാത്‌കരിക്കാന്‍ സാധിക്കുമെന്നും ആ  സാക്ഷാത്‌കാരാനുഭവത്തിലൂടെ സംസാരസാഗരം താണ്ടുവാന്‍ സാധിക്കുമെന്നുമാണ്‌ സ്വാനുഭവ  ദാര്‍ഢ്യത്തോടെ ഗുരു ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്‌.

0 comments:

Post a Comment