അമൃതാനന്ദമയി അമ്മ
‘ഗുരു’ എന്ന മനോഹരമായ സങ്കല്‍പ്പം ആര്‍ഷഭാരതം ലോകത്തിനു നല്കിയതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളെ അനുകരിക്കുന്നതിനിടയില്‍ പലമക്കള്‍ക്കും ഗുരുസങ്കല്പ്പത്തെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാവും ഗുരുവിനെ ആശ്രയിക്കുന്നത് ദുര്‍ബലമനസ്സ് ഉള്ളവരല്ലേയെന്ന് ഒരു മോന്‍ ഈയിടെ അമ്മയോട് ചോദിച്ചു.
മക്കളേ,എപ്പോള്‍ വിവിധ തരം കുടകള്‍ ലഭ്യമാണല്ലോ. ബട്ടണമര്‍ത്തിയാല്‍ നിവരുന്ന കുട കണ്ടിട്ടില്ലേ? അതുപോലെ ഗുരുവിന്റെമുന്നില്‍ തലകുനിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വിശ്വമനസാക്കിമാറ്റാന്‍ കഴിയുന്നു. ആ അനുസരണയും വിനയവും ദൗര്‍ബല്ല്യമല്ല. ജലത്തെ ശുദ്ധീകരിക്കുന്ന’ഫില്‍റ്റര്‍’പോലെ ഗുരു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഓരോ സാഹചര്യം വരുമ്പോഴും നാം അഹങ്കാരത്തിന് അടിമപ്പെട്ടു പോവുകയാണ്. വിവേചിച്ചു നീങ്ങുന്നില്ല. ഭൗതികമായ ഓരോ നേട്ടവും കൂടുതല്‍ അഹങ്കരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. വിജയങ്ങളില്‍ നമുക്കുണ്ടാവേണ്ടത് വിനയമാണ് അഹങ്കാരമല്ല. പക്ഷേ അഹങ്കാരത്തിന് അടിപ്പെടുമ്പോള്‍ വിവേചിച്ച് നീങ്ങുവാന്‍ നമുക്കു സാധിക്കുന്നില്ല.
ഒരിക്കല്‍ ഒരു കള്ളന്‍ ഒരു വീട്ടില്‍ മോഷ്ടിക്കുവാന്‍ കയറി. പക്ഷേ, വീട്ടുകാര്‍ ഉറക്കമായിരുന്നില്ല. അതുകൊണ്ട് കള്ളന്‍ വീട്ടില്‍ കയറിയത് അവര്‍ അറിഞ്ഞു. അവര്‍ ബഹളംവെച്ചപ്പോള്‍ കള്ളന്‍ ഓടി. കള്ളന്‍ വരുന്നേ, പിടിച്ചോ എന്നുപറഞ്ഞുകൊണ്ട് നാട്ടുകാര്‍ കള്ളന്റെ പിറകെ ഓടി. ആളുകള്‍ കൂടിയപ്പോള്‍ സൂത്രശാലിയായ കള്ളന്‍ അവരുടെ കൂട്ടത്തില്‍ക്കൂടി ഓടാന്‍ തുടങ്ങി. ‘കള്ളന്‍ വരുന്നേ, പിടിച്ചോ’എന്ന് പറഞ്ഞുകൊണ്ടാണ് കള്ളന്‍ മുന്‍പെ ഓടിയത്. ഇതുപോലെ ഓരോ സാഹചര്യങ്ങളിലും അഹങ്കാരം നമ്മോടൊപ്പം ചേരുകയാണ്. അഹങ്കാരം കളയാനുള്ള സാഹചര്യങ്ങള്‍ ഈശ്വരന്‍ തരുമ്പോഴും നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുന്നു. അഹങ്കാരത്തെ കൂടെ ചേര്‍ക്കുന്നു. വിനയത്തിലൂടെ അഹങ്കാരത്തെ കളയാന്‍ നമ്മള്‍ ശ്രമിക്കാറില്ല, ശ്രദ്ധിക്കാറില്ല.
ഇന്ന് നമ്മുടെ മനസ്സ് ചെടിച്ചട്ടിയില്‍ വളരുന്ന ചെടിപോലെയാണ്. വെള്ളം ഒഴിച്ചില്ലെങ്കില്‍ അടുത്ത ദിവസം ചെടി വാടിപ്പോകും. അതുപോലെ നിയമങ്ങളും ചിട്ടകളും കൂടാതെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. മനസ്സ് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത സ്ഥിതിയില്‍ യമനിയമങ്ങള്‍ പാലിക്കണം. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ജീവിക്കണം. മനസ്സ് നമ്മുടെ നിയന്ത്രണത്തിലെത്തിക്കഴിഞ്ഞാല്‍പിന്നെ പേടിക്കേണ്ട, നമ്മില്‍ വിവേകം ഉദിച്ചു കഴിഞ്ഞു. അത് നമ്മളെ നയിക്കും.
ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ തേടി പുറപ്പെട്ടു. അയാള്‍ക്ക് വേണ്ടത് തന്റെ ഇഷ്ടമനുസരിച്ചു തന്നെ നയിക്കുന്ന ഒരു ഗുരുവിനേയാണ്. എന്നാലാരുമതിന് തയ്യാറാകുന്നില്ല. അവര്‍ പറയുന്ന ചിട്ടകളൊന്നും അയാള്‍ക്ക് സ്വീകാര്യവുമല്ല. അവസാനം ക്ഷീണിച്ച് ഒരുവനത്തില്‍ വന്നുകിടന്നു. ‘എന്റെ ഇഷ്ടത്തിനു നയിക്കാന്‍ കഴിവുള്ള ഒരു ഗുരുവുമില്ല. ആരുടേയും അടിമയാകാന്‍ എനിക്ക് വയ്യ. ഞാനെന്തുചെയ്താലും അത് ഈശ്വരന്‍ ചെയ്യിക്കുന്നതല്ല?’ ഇങ്ങനെ ചിന്തിച്ചുകൊണ്ട് ഒരു വശത്തേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു ഒട്ടകം നിന്ന് തലയാട്ടുന്നു.
‘ങാ! ഇവനെയെന്റെ ഗുരുവാക്കാന്‍ കൊള്ളാം.’ ഒട്ടകമേ നീ എന്റെ ഗുരുവാകുമോ?’ഒട്ടകം തലയാട്ടി.
അയാള്‍ ഒട്ടകത്തെ ഗുരുവായി സ്വീകരിച്ചു.’ഗുരോ അങ്ങയെ ഞാന്‍ വീട്ടില്‍ കൊണ്ടു പോകട്ടെ?’ ഒട്ടകം വീണ്ടും തലയാട്ടി.
അയാളതിനെ വീട്ടില്‍ കൊണ്ടുവന്നു കെട്ടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു.’ഗുരോ ഞാന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു. കല്ല്യാണം കഴിച്ചോട്ടെ?’ ഒട്ടകം തലയാട്ടി.
‘ഗുരോ, എനിക്ക് കുട്ടികളൊന്നുമില്ലല്ലോ?’ ഒട്ടകം തലയാട്ടി. പിന്നെ കുട്ടികള്‍ ജനിച്ചു. ‘ഗുരോ,ഞാന്‍ കൂട്ടുകാരോടൊത്തു അല്പം കഴിച്ചോട്ടെ?’ ഒട്ടകം തലയാട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ ആള് നല്ലൊരു മദ്യപാനിയായി. ഭാര്യയുമായി വഴക്കായി.’ഗുരോ,ഭാര്യ എന്നെ ശല്യം ചെയ്യുന്നു. ഞാനവളെ കുത്തിക്കൊല്ലട്ടെ?’ഒട്ടകത്തിനോട് ചോദിച്ചു.
ഒട്ടകം തലകുലകുലുക്കിയപ്പോള്‍ അയാള്‍ പിച്ചാത്തിയെടുത്ത് ഭാര്യയെക്കുത്തി. പോലീസ് അയാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അവന്‍ എന്നന്നേക്കും കാരാഗൃഹത്തിലായി.
മക്കളേ, നമ്മുടെ ഇഷ്ടമനുസരിച്ച് നയിക്കുന്ന ഒരു ഗുരുവിനെ കിട്ടിയാലും തന്നിഷ്ടം പോലെ നീങ്ങിയാലും ഇതുപോലെ ബന്ധനങ്ങളില്‍ ചെന്നെത്തും.
നമുക്ക് ഈശ്വരന്‍ തന്ന വിവേകബുദ്ധിയുണ്ട്. അതുപയോഗിച്ച് കര്‍മം ചെയ്യണം. ഗുരുവിന്റെ വാക്കുകള്‍ അനുസരിച്ച് ജീവിക്കണം. ശിഷ്യന്മാര്‍ക്കു വേണ്ടിയാണ് ഗുരു ജീവിക്കുന്നത്. ‘അദ്വൈതം മാത്രമാണ് സത്യം’ എന്ന് വാക്കുകൊണ്ട് പറഞ്ഞാല്‍ പോര. അത് ജീവിതമാണ്, അനുഭവമാണ്. അതു സ്വാഭാവികമായി വരേണ്ടതാണ്. പുഷ്പം വിടരുമ്പോള്‍ പരിമളം താനേ വന്നുകൊള്ളും എന്ന് മക്കള്‍ ഓര്‍മിക്കണം.
കടപ്പാട്: മാതൃഭുമി
0 comments:
Post a Comment