Saturday, 29 December 2012

ഭൈരവന്‍ ശാന്തി


(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്‌ തയ്യാറാക്കിയത്‌)

 1818 ല്‍ വക്കത്തായിരുന്നു ജനനം. നെയ്‌ത്തുകാരനായി ജീവിതം ആരംഭിച്ചു. ഭൗതികസുഖങ്ങളില്‍ വിരക്തനായി. ആത്മാവിന്റെ സുഖംതേടി യാത്രയായി. അങ്ങനെ അരുവിപ്പുറത്ത്‌ ഗുരുസമക്ഷം എത്തിച്ചേര്‍ന്നു. പിന്നെ എങ്ങോടുമില്ല. സദാസമയവും ഗുരുവിനെ പരിചരിച്ചു. അരുവിപ്പുറത്ത്‌ ഗുരുവിന്റേയും ശിഷ്യഗണത്തിന്റെയും മാതൃസ്ഥാനമായിരുന്നു ഭൈരവന്‍ ശാന്തിക്ക്‌. ഏവര്‍ക്കും രുചികരമായ ഭക്ഷണം വെച്ചുവിളമ്പും.

ഒരിക്കല്‍ കുന്നിനുമുകളില്‍ ഗുരുവും ഭൈരന്‍ശാന്തിയും ചേര്‍ന്ന്‌ ഒരു മഹാഗണി നട്ടു. ഇതുകായ്‌ക്കുമ്പോളന്‍ നാം ഉണ്ടാകില്ല എന്ന്‌ ഗുരു പറഞ്ഞു. അത്‌ ഭൈരവന്‍ ശാന്തിയില്‍ അശാന്തിയുണ്ടാക്കി. വര്‍ഷങ്ങള്‍ കടന്നുപോയി. മഹാഗണി പൂത്തു. ഭൈരവന്‍ശാന്തിക്ക്‌ ഉള്‍ക്കിടിലം. ശിവഗിരിയിലേക്ക്‌ ഓടി. ഗുരു അവിടെ സുസ്‌മേരവദനനായിരിക്കുന്നു..... അത്‌ കൊഴിഞ്ഞു പൊയ്‌ക്കൊളും... എന്ന്‌ പറഞ്ഞു. വീണ്ടും ഒരിക്കല്‍ മഹാഗണി പൂത്തു. ഗുരുചിത്രംവച്ച്‌ അദ്ദേഹം പൂജചെയ്‌തു. കന്നി 5ന്‌ 3.30. നമ്മുടെ ഗുരു പോയി എന്ന്‌ വിലപിച്ച്‌ അദ്ദേഹം ദുഃഖിതനായി. ഭൈരവന്‍ശാന്തി ശിവഗിരിയിലെത്തി. നിറയെ പൂക്കള്‍കൊണ്ട്‌ അലംകൃതമായ ചേതനയറ്റ ഗുരുവിന്റെ ശരീരം. പിന്നീടുള്ള രാത്രികള്‍ അദ്ദേഹത്തിന്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഗുരുവിന്റെ ദര്‍ശനം ഉണ്ടായി. ....നാം എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും..... എന്ന്‌ മൊഴിഞ്ഞുവത്രേ.


ഒരിക്കല്‍ ആശ്രമത്തില്‍ ഉറങ്ങാന്‍ കിടന്ന ഗുരുവിനെ കണ്ടാണ്‌ ഭൈരവന്‍ തലചായ്‌ച്ചത്‌. ഇടക്ക്‌ ഉണര്‍ന്ന്‌ കട്ടിലില്‍ നോക്കിയപ്പോള്‍ ഗുരുവില്ല. പുറത്തിറങ്ങി നോക്കി. അരുവിപ്പുറം ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത്‌ അതാ ചൈതന്യസ്വരൂപനായ ഗുരു നില്‍ക്കുന്നു. അവിടെ മറ്റ്‌ ആരോക്കെയോഉണ്ട്‌. അത്തരം ആളുകളെ താന്‍ ഇതുവരെ കണ്ടിട്ടേയില്ല. അദ്ദേഹം ഭയപ്പെട്ട്‌ ഒരു മരത്തിന്റെ മറവില്‍ പോയിരുന്നു. കുറേകഴിഞ്ഞ്‌ തിരികെവന്ന ഗുരു ഭൈരന്‍ ഇനി ഇങ്ങനെ വരരുത്‌. അത്‌ അവര്‍ക്ക്‌ ചിലപ്പോള്‍ ഇഷ്‌ടമായെന്നു വരില്ല. എന്ന്‌ മൊഴിഞ്ഞു. പിന്നെ ഭൈരവന്‍ ഗുരുവിനെ അന്വേഷിച്ച്‌ ഇതുപോലെ പോവാറില്ല.

കോടിതൂക്കിമലയില്‍ ഗുരു ധ്യാനത്തിലിരിക്കുമ്പോള്‍ ഗുരുവിനുള്ള പാലും പഴങ്ങളുമായി ഭൈരവന്‍ പോവാറുണ്ടായിരുന്നു. ഒരിക്കല്‍ അങ്ങനെ ചെല്ലുമ്പോള്‍ അവിടെ ഗുഹാകവാടം അടഞ്ഞ്‌ നിന്ന്‌ ആരോ ഗുരുവുമായി സംസാരിക്കുന്നു. ഇപ്പോള്‍ അങ്ങോടുപോയാല്‍ ഗുരുവിന്‌ അഹിതമാവുമോ എന്ന്‌ വിചാരിച്ച്‌ അദ്ദേഹം അവിടെ മാറിയിരുന്നു. അല്‌പം കഴിഞ്ഞ്‌ നോക്കുമ്പോള്‍ ആരെയും കണ്ടില്ല. ഗുരുസമക്ഷം ചെന്ന്‌ അത്‌ ആരായിരുന്നു എന്ന്‌ ചോദിച്ചു. ഗുരു തിരികെ ചോദിച്ചു... കണ്ടോ... ഭൈരവന്‍ .. കണ്ടു.... ദീര്‍ഘായുസ്സായിരിക്കും എന്ന്‌ ഗുരു പ്രതിവചിച്ചു.... ഭൈരവന്‍ 114 വയസ്സുവരെ ജീവിച്ചു...1938ലായിരുന്നു മഹാസമാധി. അരുവിപ്പുറത്ത്‌ ഇന്നും ഭൈരന്‍ശാന്തിയുടെ മഹാസമാധിസ്ഥാനം ഉണ്ട്‌.

(ശ്രീനാരായണ ജ്ഞാനസമീക്ഷ)

0 comments:

Post a Comment