Tuesday, 4 December 2012

സംസാരദുഃഖം മാറാന്‍ നാം എന്തുചെയ്യണം?

മനമലര്‍കൊയ്‌തു മഹേശപൂജചെയ്യും മനുജനുമറ്റൊരുവേല ചെയ്‌തിടേണ്ട വനമലര്‍കൊയ്‌തുമല്ലയായ്‌കില്‍ മായാ- മനുവുരുവിട്ടുമിരിക്കില്‍ മായ മാറും. (ആത്മോപദേശ. 29) (മനസ്സാകുന്ന പുഷ്‌പം അറുത്തെടുത്ത്‌ ഈശ്വരനെ പൂജിക്കുന്ന സത്യാന്വേഷിക്ക്‌ ഈശ്വരപരമായ മറ്റൊരു സാധനയും അനുഷ്‌ഠിച്ചേ തീരൂ എന്നില്ല. അതിനു കഴിവില്ലെന്നുവന്നാല്‍ കാട്ടുപൂക്കള്‍ പറിച്ച്‌ അര്‍ച്ചിച്ചും മായാകാര്യം പിന്‍തുടരവേതന്നെ നിരന്തര നാമജപം അഭ്യസിച്ചും കഴിഞ്ഞുകൂടിയാല്‍ കാലാന്തരത്തില്‍ ചിത്തശുദ്ധിവഴി ജ്ഞാനോദയമുണ്ടായി സംസാരദുഃഖം മാറുന്നതാണ്‌) ഒരിക്കല്‍ നാരദര്‍ക്ക്‌ ഒരു സംശയം. ആരാണ്‌ ഏറ്റവും വലിയ നാരായണഭക്തന്‍. താന്‍ തന്നെയായിരിക്കുമല്ലോ. എല്ലായിപ്പോഴും നാരായണ...നാരായണ... എന്ന്‌ വിളിച്ച്‌ ലോകംമുഴുവനും നാരായണനാം മുഴക്കുന്ന താന്‍തന്നെ വലിയ നാരായണഭക്തന്‍. അദ്ദേഹത്തിന്റെ ഈ അഹംഭാവം മനസ്സിലാക്കി ഒരിക്കല്‍ ഭഗവാന്‍ നാരായണന്‍ അദ്ദേഹത്തോടൊപ്പം സംശയനിവാരണാര്‍ത്ഥം ഭൂമിയിലേക്ക്‌ പോയി. അവിടെയുള്ള ഒരു കര്‍ഷക കുടുംബത്തിലാണ്‌ അദ്യം ചെന്നത്‌. അതിഥികളായി എത്തിയ അവരെ സത്‌കരിക്കാന്‍ ആ വിട്ടുകാര്‍ നന്നേ ബുദ്ധിമുട്ടി. പണികഴിഞ്ഞ്‌ നന്നേ വിശന്ന്‌ ക്ഷിണിച്ചുവന്ന അദ്ദേഹം തനിക്കുള്ള അന്നം അതിഥികള്‍ക്കായി പങ്കുവച്ചു. അല്‌പം വറ്റ്‌ കിട്ടി. അതുകൊണ്ട്‌ തൃപ്‌തനായി. എന്നാല്‍ അദ്ദേഹം ഭക്ഷണം കഴിക്കുന്നതിനു മുമ്പ്‌ നാരായണ.......നാരായണ.. എന്ന്‌ നാമം ഉരുവിടുന്നുണ്ടായിരുന്നു. പിന്നീട്‌ അവര്‍ ഉറങ്ങാന്‍ കിടന്നു. അപ്പോഴും അതിഥികള്‍ക്ക്‌ ആവശ്യമുള്ള സഹായം ചെയ്‌തിരുന്നു. ഉറങ്ങാന്‍ കിടന്നപ്പോഴും കര്‍ഷകന്‍ നാരായണ നാരായണ എന്ന്‌ നാം ഉരുവിട്ടു. കാലത്ത്‌ എഴുന്നേറ്റപ്പോഴും അതുപോലെ നാമം ജപിച്ചു. പിറ്റേന്ന്‌ അതിഥികള്‍ യാത്രയായി. അവരെ നാരായണന്‍തന്നെ എന്ന്‌ കരുതി സന്തോഷത്തോടെ യാത്രയാക്കി. ഭഗവാന്‍ നാരദനോടു ചോദിച്ചു. ഇയാളുടെ ഭക്തിയില്‍ എന്തുതോന്നുന്നു. നാരദരന്‍ പറഞ്ഞു. പ്രത്യേകിച്ച്‌ ഒന്നും തോന്നുന്നില്ല. ഞാനും ഒരുദിവസം എത്രപ്രാവശ്യം ഭഗവാനേ വിളിക്കുന്നു. ഭഗവാന്‍ ഒരു കിണ്ണം തുളുമ്പേ എണ്ണ എടുത്തു. എന്നിട്ട്‌ ആ കിണ്ണം നാരദരുടെ തലയില്‍വച്ചിട്ട്‌ നമ്മെ പത്തുപ്രാവശ്യം പ്രദക്ഷിണം വയ്‌ക്കാന്‍ പറഞ്ഞു. എണ്ണ തുളുമ്പി പോകുകയുമരുത്‌. നാരദന്‍ എണ്ണയില്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഭഗവാനെ പത്തുപ്രാവശ്യവും പ്രദക്ഷിണം ചെയ്‌തു. എണ്ണ തുളുമ്പിയുമില്ല. നാരദന്‍ സന്തോഷവാനായി. ഭഗവാന്‍ ചോദിച്ചു. ഇങ്ങന നമ്മേ പ്രദക്ഷിണം ചെയ്‌തപ്പോള്‍ എത്രപ്രാവശ്യം നമ്മേ ഓര്‍ത്തു. നമ്മുടെ നാം ജപിച്ചു. നാരദര്‍ക്ക്‌ ഒന്നും പറയാനില്ലായിരുന്നു. ഭഗവാന്‍ തുടര്‍ന്നു. ആ സാധുകര്‍ഷകന്‍ തന്റെ ജോലി തുടങ്ങുമ്പോഴും ഇടക്ക്‌ സമയം കിട്ടുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴും നമ്മേ സ്‌മരിച്ച്‌ നാം ഉരുവിടുന്നു. അതാണ്‌ യഥാര്‍ത്ഥ ഭക്തി. ആ ഭക്തിയിലൂടെയാണ്‌ സംസാരദുഃഖം ഇല്ലാതാകുന്നത്‌ [ കടപ്പാട് : സുരേഷ്‌ബാബു മാധവന്‍ ]

0 comments:

Post a Comment