വികാരപരമായ ചര്‍ച്ചകള്‍ക്ക് ചെറിയ ഒരു ഇടവേള നല്‍കികൊണ്ട് ഇന്ന് വ്യത്യസ്തമായ ഒരു ചിന്തയാണ് ഞാന്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കുന്നത്. ഈശ്വര സാക്ഷാല്‍കാരം എന്നത് തികച്ചും അനിര്‍വചനീയമായ ഒരു അനുഭൂതി ആയിരിക്കുമല്ലോ ? അത് എളുപ്പത്തില്‍ സാധിതപ്രായമായാല്‍ ആനന്ദലബ്ധിക്കു ഇനി എന്ത് വേണം എന്ന അവസ്ഥയിലായിരിക്കും .ദൈവത്തിലേക്ക് ഉള്ള ദൂരം വെറും ഒരു ടോക്കനിലേക്ക് ചുരുങ്ങിപ്പോയ ഈ കാലത്ത് ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ രസതന്ത്രതിലേക്ക് ഇറങ്ങിചെല്ലുവാന്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെയും വിവേകാനന്ദ സ്വാമികളുടെയും കാലത്തുണ്ടായ ചെറിയ ഒരു സംഭവം രസകരമായിതോന്നി.ഒരിക്കല്‍ നരേന്ദ്രന്‍ തന്‍റെ ഗുരുവായ ശ്രീരാമകൃഷ്ണ നോട് തന്‍റെ ഇംഗിതം അറിയിച്ചു.ഗുരോ .. അങ്ങ് ഈശ്വരനെ നേരിട്ട് കണ്ടിട്ടുണ്ട് എന്നു പലരും പറയുന്നല്ലോ .. എനിക്കും കൂടി ഒന്ന് കാട്ടിതരുമോ ?ഗുരു നിസ്സാര ഭാവത്തില്‍ പ്രതികരിച്ചു.. ഓ .. അതിനെന്താ നിനക്കും കാട്ടിതരാമല്ലോ .നരേന്ദ്രന്‍റെ മനം കുളിര്‍ത്തു. പക്ഷെ ,ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഗുരുവിന്‍റെ ഭാഗത്തുനിന്നും ഒരു നീക്കവും കാണുന്നില്ല. അവന്‍ അക്ഷമനായിതുടങ്ങി. ഗുരുവിനെ ശല്യപെടുതാനും പറ്റില്ലല്ലോ . ഒരിക്കല്‍ തന്‍റെ വത്സല ശിഷ്യനെയും കൊണ്ട് സ്നാനത്തിനായി നദിയിലേക്ക് പോയി. ഭയ ഭക്തി ബഹുമാനത്തോടെ അവന്‍ മെല്ലെ ഗുരുവിനെ ഓര്‍മിപ്പിച്ചു...ഗുരോ ഈശ്വരന്‍..... പറഞ്ഞു തീരും മുന്‍പ് ആ പാവത്തിനെ വെള്ളത്തില്‍ പിടിച്ചു താഴ്ത്തി. കുതറി മാറാതിരിക്കുവാന്‍ ഗുരു അവന്‍റെ തലയില്‍ അമര്‍ത്തി പിടിക്കുകയും ചെയ്തു. അല്‍പ സമയത്തിന് ശേഷം പിടി പതിയെ അയച്ചു കൊടുത്തു. മരണ വെപ്രാളത്തോടെ ചാടി എണീറ്റ അവന്‍ മുഷ്ടി ചുരുട്ടി ഗുരുവിനു നേരെ തിരിഞ്ഞു.... ഈശ്വരനെ കാണിച്ചു തരാമെന്നു പറഞ്ഞു പറ്റിച്ചിട്ട് വെള്ളത്തില്‍ മുക്കി കൊല്ലാന്‍ നോക്കുന്നോ ? അവന്‍ ആക്രോശിച്ചു. ചെറു പുഞ്ചിരിയോടെ ഗുരു പറഞ്ഞുകൊടുത്ത കാര്യം നരേന്ദ്രനില്‍ നിന്നും വിവേകാനന്ദനിലെക്കുള്ള പരിണാമത്തിന്റെ തുടക്കമായി. നീ ജലത്തിന്‍റെ അഗാധതയില്‍ പ്രാണനുവേണ്ടി പിടഞ്ഞപ്പോള്‍ ... ഒരിറ്റു ശ്വാസത്തിനായി നിന്നില്‍ ഉളവായ അദമ്യമായ ആ ഒരു അഭിവാഞ്ഞ്ജ ഉണ്ടല്ലോ .... അത്തരം തീഷ്ണമായ ഒരു ഉള്‍പ്രേരണ ഈശ്വര സാക്ഷാല്‍ക്കാരതിനായി നിന്നില്‍ ഉണ്ടാവുന്ന നിമിഷം നിനക്കും ദൈവത്തിനെ കാണുവാന്‍ കഴിയും. ഇന്ന് നമുക്ക് ചുറ്റും ദൈവത്തിനെ തേടി നേട്ടോട്ടമോടുന്നവരുടെ നീണ്ട നിര കാണുമ്പോള്‍ ഈ സംഭവം ആണ് ഞാന്‍ ഓര്‍ക്കുന്നത്. കൂരിരുട്ടിലെ മായികമായ ഒരു കൌതുക കാഴ്ചക്കപ്പുറം മിന്നമിനുങ്ങുകള്‍ക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടോ ? " അന്ധത്വം ഒഴിച്ച് ആദി മഹസ്സിന്‍ നേരാം വഴി കാട്ടുന്ന " ഗുരു സൂര്യന്‍റെ പ്രകാശതെജസ്സ് കാണാതെ , നുറുങ്ങു വെട്ടം തേടി അലയുന്നത് അര്‍ത്ഥ ശൂന്യമല്ലേ ?
Label : http://gurupresaadam.blogspot.in
0 comments:
Post a Comment