Monday, 3 December 2012

ഗുരുസാഗരം

By :   മുരളി പാറപ്പുറം

“നാനൃഷി കവി രിത്യുക്ത,
ഋഷിശ്ച കില ദര്‍ശനാത്‌,
ദര്‍ശനാദ്‌ വര്‍ണനാദ്‌ വാപി,
രൂഢാ ലോകേ കവി ശ്രുതി”.

‘നാനൃഷി കവി’ എന്ന ‘മഹാവാക്യ’ത്തിനര്‍ത്ഥം ‘ഋഷിയല്ലാത്തവന്‍ കവിയല്ല’ എന്നാണ്‌. ഋഷിയെപ്പോലെ ത്രികാലജ്ഞാനിയാവണം കവി എന്ന നിഷ്കര്‍ഷ ഈ വരികളിലുണ്ട്‌. ഋഷിയുടേതല്ല, കവിയുടെ മഹത്വത്തെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ഋഷിയെ കവിയാവൂ. കവിയാകണമെങ്കില്‍ ഋഷിയാവണം.
ഋഷിയാണ്‌ കവിയെങ്കില്‍ മലയാളത്തില്‍ ഒരേയൊരു മഹാകവിയേയുള്ളൂ. അത്‌ ശ്രീനാരായണ ഗുരുദേവനാണ്‌. ഋഷിത്വംപോലെ കവിത്വവും ഇത്രമേല്‍ ഒത്തിണങ്ങിയ മറ്റൊരാളില്ല. ശ്രീനാരായണന്റെ മഹത്വം പൂര്‍ണമായി അനുഭവിച്ചറിയാന്‍ നഖശിഖാന്തം കവിയായൊരാള്‍ക്കേ കഴിയൂ. കവിത്രയങ്ങളില്‍ പ്രഥമഗണനീയനായൊരാള്‍ അരുമശിഷ്യനായിരുന്നിട്ടും ഇതാദ്യമായി ഒരു കവി ശ്രീനാരായണന്റെ ഋഷിത്വവും മഹത്വവും തൃക്കണ്ണിനാല്‍ അറിഞ്ഞിരിക്കുന്നു. ‘ഗുരു പൗര്‍ണമി’ എന്ന കാവ്യത്തിലൂടെ എസ്‌.രമേശന്‍ നായര്‍ എന്ന കവി ഗുരുസാഗരത്തെ ഹൃദയമാകുന്ന ശംഖിലെടുത്ത്‌ ആചമിച്ചിരിക്കുന്നു.

“കഴിഞ്ഞ നാല്‍പ്പതിലധികം കൊല്ലങ്ങളായി ഞാന്‍ ഒരു മഹാചൈതന്യത്തിന്റെ സ്വാധീന വലയത്തിലായിരുന്നു. അതിനെ ഏത്‌ നിമിഷവും അനുധാവനം ചെയ്തും ഉപാസിക്കാന്‍ ശ്രമിച്ചും ഉള്‍ക്കൊള്ളാന്‍ കൊതിച്ചും ഞാന്‍ സ്വയം നിറഞ്ഞു. പിന്നീട്‌ മനസ്സിലായി, അത്‌ അളന്നു തീര്‍ക്കാന്‍ കഴിയാത്ത ആകാശമാണെന്ന്‌; അവിടെ നിരത്തേണ്ടത്‌ അക്ഷരങ്ങളല്ല നക്ഷത്രങ്ങളാണ്‌ എന്ന്‌. ഇതും ഒരു നിയോഗം. അത്രേ ഞാന്‍ പറയൂ.” എന്നാണ്‌ കവി വാക്യം.

അക്ഷരങ്ങളല്ല, നക്ഷത്രങ്ങള്‍ തന്നെ കവി നിരത്തിയിരിക്കുന്നു. ഒരു കവി ഋഷിയെ അറിഞ്ഞതിന്റെ ചൈതന്യ ധന്യമായ അക്ഷരസാക്ഷ്യമാണ്‌ ‘ഗുരുപൗര്‍ണമി’. സാമൂഹ്യ പരിഷ്ക്കര്‍ത്താവായ ശ്രീനാരായണഗുരുവിനെ പിന്തുടര്‍ന്നിട്ടുള്ള ജീവചരിത്രകാരന്മാര്‍ നിരവധിയാണ്‌. എന്നാല്‍ ഗുരുവിന്റെ ആത്മചൈതന്യം വാക്കുകളിലാവിഷ്ക്കരിക്കാന്‍ അപൂര്‍വം ചിലര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെയാണ്‌ എസ്‌.രമേശന്‍നായര്‍ എന്ന കവിയും ‘ഗുരുപൗര്‍ണമി’ എന്ന കാവ്യവും ഇനിയും നീങ്ങാത്ത ഇരുള്‍മറകളിലേയ്ക്ക്‌ അക്ഷരത്തിന്റെ വെളിച്ചം പകരുന്നത്‌.

ഗുരുദേവന്റെ ജനനം, ദര്‍ശനം, കര്‍മചൈതന്യം എന്നിവ മനുഷ്യമനസ്സുകളില്‍നിന്ന്‌ കാലത്തിന്റെ മാലിന്യങ്ങളെ നീക്കം ചെയ്തത്‌ എങ്ങനെയെന്ന്‌ വിവരിക്കുകയല്ല, അന്തരാത്മാവിന്റെ അനുഭൂതിയാക്കി കാഴ്ചവയ്ക്കുകയാണ്‌ ‘ഗുരുപൗര്‍ണമി’യില്‍ കവി. ഗുരുദേവന്റെ മഹത്വത്തെ വാങ്മയചിത്രങ്ങളിലൂടെ ഇരുപത്തിയഞ്ച്‌ അധ്യായങ്ങളിലായി തെല്ലും തൂവിപ്പോവാതെ നിറച്ചുവെച്ചിരിക്കുന്നു. ആസ്വാദകര്‍ക്കും സാധകര്‍ക്കും അമൃതപാനം ചെയ്യാവുന്ന അക്ഷര/അക്ഷയപാത്രങ്ങളാണ്‌ ഓരോ അദ്ധ്യായവും. “വെണ്‍മയുടെ സുതാര്യമായ നേര്‍ത്ത പാട പോലെ വ്യാപിച്ചുകിടക്കുന്ന മൂടല്‍മഞ്ഞിലേക്ക്‌ നിറചന്ദ്രിക പ്രതിഫലിക്കുന്നതുപോലെ കര്‍മസമഗ്രതയിലേയ്ക്ക്‌ ഭാവനാലാവണ്യത്തിന്റെ വേലിയേറ്റം കവിഞ്ഞൊഴുകി സര്‍വവാച്യതകളേയും സ്വപ്നാത്മക സുഷമയില്‍ അഭിഷേകം ചെയ്തിരിക്കുന്നു” എന്ന്‌ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ ചൂണ്ടിക്കാട്ടുന്നത്‌ ഇതിന്‌ അടിവരയിടുന്നു.

“എഴുന്നേറ്റ്‌ നടക്കുന്നു
ചെമ്പഴന്തിയില്‍ നിന്നൊരാള്‍
ചിങ്ങത്തില്‍ ചതയത്തിന്‍ നാള്‍
ചിരിചൂടിയ പുണ്യമായ്‌” എന്നും
“തീണ്ടീക്കൂടായ്മയെച്ചെന്ന്‌
തീണ്ടുന്നു നീണ്ട കൈകളാല്‍;
അതിനാല്‍പ്പിന്നെയും നീളും

അഹല്യാമോക്ഷ ശൃംഖല!” എന്നുമുള്ള വരികളില്‍ ഗുരുദേവന്റെ ജനനവും കര്‍മലക്ഷ്യവും കവി സമഗ്രമായി വരച്ചിടുന്നു.
ഗുരുദേവനെ ‘ധാര്‍മികരോഷം’ കൊളളിച്ച സാമൂഹ്യതിന്മകള്‍ക്കെതിരെ ‘തിരനോട്ടം’ എന്ന രണ്ടാംഖണ്ഡത്തില്‍ കവി ഉയര്‍ത്തുന്ന വിമര്‍ശനവും പരിഹാസവും രൂക്ഷമാണ്‌.

“അവരെ ഭൂസ്വാമിമാരി
ന്നവരേയധികാരികള്‍,
അവരെന്തു ചെയ്താലു-
മതിന്മേല്‍ച്ചോദ്യമില്ലപോല്‍
“ജാതീയമസമത്വങ്ങള്‍
വിലങ്ങിട്ട കരങ്ങളെ
ഏതിരുട്ടിന്‍ തുറുങ്കില്‍ത്താന്‍
കിടപ്പൂനിങ്ങളെത്ര നാള്‍
“ചെളിയല്ലാതെ മേറ്റ്ന്താ-
കുന്നു നിങ്ങടെ ജീവിതം?
നരകം! കേട്ടിടത്തോളം
ഇതിലും മെച്ചമല്ലയോ.”

ഈ വരികളില്‍ കെട്ടകാലത്തോടുളള രോഷാഗ്നി കെടാതെ കത്തുന്നുണ്ട്‌.
” ഒരു നൂറ്റാണ്ടിനെപ്പെറ്റൊ-
രമ്മയെ, ഗ്രാമനന്മയെ
കുമ്പിടുന്നൂവരുംകാലം
ചെമ്പഴന്തിയെ, ധന്യയെ” എന്ന്‌ കവി എഴുതുമ്പോള്‍ ഗുരു വരുത്തിയ പില്‍ക്കാല സാമൂഹ്യ വിപ്ലവത്തിന്റെ ഗരിമ അതിലുണ്ട്‌. ജാതിവിവേചനത്തിനെതിരായ ഗുരുവിന്റെ വിചാരങ്ങളാണ്‌ ‘ജന്മപത്രിക’ എന്ന മൂന്നാം ഖണ്ഡത്തിലുള്ളത്‌.

“രോഗത്തിന്‍ ജാതിയെന്താവാ-
മൗഷധത്തിന്റെ ജാതിയും?
പേറ്റുനോവിനുമുണ്ടാമോ
ജാതി കുഞ്ഞിന്‍ കരച്ചിലില്‍” ജാതിഭേദത്തിന്റെ നിരര്‍ത്ഥകതയെ ഗുരുദേവന്‍ തിരിച്ചറിഞ്ഞത്‌ കവി മനസ്സും ഉള്‍ക്കൊണ്ടിരിക്കുന്നു.

ആത്മാന്വേഷണത്തിന്റെ മാര്‍ഗത്തിലൂടെയുള്ള ഗുരുദേവന്റെ യാത്രയാണ്‌ ‘ധ്യാനയാത്ര’ എന്ന നാലാം ഖണ്ഡം. വിവിധയിടങ്ങളില്‍ ഗുരു വിദ്യയഭ്യസിക്കുന്നതാണ്‌ ‘ഉന്മീലനം.’
“ഭട്ടാരകപദസ്ഥന്‍ ശ്രീ
ചട്ടമ്പിസ്വാമിയാണൊരാള്‍;
അപരന്‍ നാരായണാഖ്യന്‍
അദ്വൈതാംബയ്ക്കിരട്ടകള്‍
പുഷ്പവും ഗന്ധവുംപോലെ
പരസ്പ്പരമിണങ്ങിയോര്‍,
ഇതിലാര്‍, ഗുരുവാര്‍ ശിഷ്യന്‍?
ഇവരീശ്വര ശിഷ്യരാം!
ധ്യാനയോഗ മഹാസിദ്ധ-
ജ്ഞാനിയാമൊരു യോഗിയെ
തൈക്കാട്ടയ്യാവിനെ കാണ്‍കെ
തളിര്‍ത്താരവര്‍ മൂവരും!”

എന്ന്‌ ആറാം ഖണ്ഡമായ ‘ത്രിവേണിസംഗമ’ത്തില്‍ ചട്ടമ്പിസ്വാമികള്‍, നാരായണഗുരു, തൈക്കാട്ട്‌ അയ്യാവ്‌ എന്നിവരുടെ ആത്മീയ സംഗമത്തെ അവതരിപ്പിക്കുന്നു.

മരുത്വാമലയില്‍ ഗുരുവനുഷ്ഠിച്ച ഏകാന്ത തപസ്സിനെ ധ്യാനനിമഗ്നമായ വാക്കുകളിലാണ്‌ കവി ആവിഷ്ക്കരിക്കുന്നത്‌.
“ജന്മമാത്മാവിനി, ലില്ലാ
മൃത്യുവെന്നറിയുന്നവന്‍,
വിശപ്പില്ലാ ദാഹമില്ലാ
ത്തപസ്സില്‍ച്ചിത്തമടങ്ങുവാന്‍;” എന്ന്‌ ഗുരുവിന്റെ തപസ്സിനെ കവി വര്‍ണിക്കുന്നു.

ധ്യാന നീല സമുദ്രത്തി-
ലുദിപ്പൂ ജ്ഞാന പൗര്‍ണമി;
തെളിയുന്നൂ വെളിച്ചം, നേ-
രറിയും കണ്‍മിഴിക്കുക! എന്ന്‌ ആത്മസാക്ഷാത്ക്കാരത്തെയും വിവരിക്കുന്നു.

ഗുരുദേവന്റെ അവധൂതജീവിതവും അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയുമാണ്‌ അന്നപ്രസാദം, ഈഴശിവന്‍ എന്നീ ഭാഗങ്ങളിലുള്ളത്‌. ഗുരുദേവനെ ‘കവിഗുരു’വായി കാണുന്നു പത്താം ഖണ്ഡത്തില്‍. ഗുരുവിന്റെ ചിന്തകളും കര്‍മപദ്ധതികളും ഐക്യോപനിഷത്ത്‌, കാവ്യപീഠിക, ആഹ്വാന പര്‍വം എന്നീ ഖണ്ഡത്തില്‍ പറയുന്നു. ഗുരുദേവന്റെ ശിവഗിരി വാസത്തെക്കുറിച്ചാണ്‌ ‘ശിവഗിരി’. 1924 ല്‍ ആലുവായില്‍ വെച്ച്‌ നടന്ന സര്‍വമത സമ്മേളനത്തെക്കുറിച്ച്‌ ‘അദ്വൈതഭൂമി’. ഗുരുദേവന്‍ കൊണ്ടുവന്ന ചരിത്രപരമായ മാറ്റങ്ങളെക്കുറിച്ച്‌ കേരളീയം, വിഷഹാരി എന്നീ ഭാഗങ്ങളിലും രമണ മഹര്‍ഷിയെ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ ‘ശ്രീരമണം’ എന്ന ഖണ്ഡത്തിലും പറയുന്നു. രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി എന്നിവര്‍ ഗുരുദേവനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച്‌ യഥാക്രമം ദിവ്യദര്‍ശനം, മാഹാത്മ്യഗാഥ എന്നിവയില്‍ വിവരിക്കുന്നു. ശ്രീലങ്കന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ളതാണ്‌ ‘ബുദ്ധപര്‍വം.’ ഭാരതത്തിന്റെ മഹിമയെ ഗുരുദേവന്റെ സാമൂഹ്യപരിവര്‍ത്തനാശയങ്ങളോട്‌ ബദ്ധിപ്പിക്കുന്നതാണ്‌ ‘ആത്മോപദേശം!’ ആഴമളക്കാനാവാത്ത ഗുരുവിന്റെ ആത്മീയതയെ കവി ഉള്‍ക്കൊള്ളുന്നതാണ്‌ ‘അപരന്നു സുഖത്തിനായ്‌’ എന്ന ഖണ്ഡത്തിലെ പ്രതിപാദ്യം. ശിവഗിരിയിലെ തീര്‍ത്ഥാടനവിശുദ്ധിയെ എടുത്തുകാട്ടുകയാണ്‌ ‘തീര്‍ത്ഥാടനം’ എന്ന ഖണ്ഡത്തില്‍.
ഗുരുവിന്റെ മഹാസമാധിയെ വര്‍ണിച്ചശേഷം കവി പാടുന്നത്‌ ഇങ്ങനെയാണ്‌:

“അര്‍ത്ഥം കെട്ട നരത്വമിന്നു പരമാര്‍-
ത്ഥംകണ്ടു തൃക്കണ്‍കളാല്‍
തത്വങ്ങള്‍ക്കെളിത്തമാര്‍ന്ന മഹിത-
ത്വം തീര്‍ത്തു തൃക്കൈകളാല്‍;
ഉള്‍ത്തങ്ങും കൃപയാം സമുദ്രമലത-
ല്ലും ധ്യാനചിത്തത്തിലാ-
രുള്‍ക്കൊണ്ടു നിറമാനവത്വ,മവിടു-
ത്തേയ്ക്കെന്റെ കാവ്യാഞ്ജലി!

മഹാകവി അക്കിത്തത്തിന്റെ ‘കാല്‍നഖേന്ദുമരീചികള്‍’ ആണ്‌ പിന്തുടരുന്നതെന്ന്‌ കവി എസ്‌.രമേശന്‍ നായര്‍ തന്നോട്‌ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുള്ള കാര്യം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ ആമുഖക്കുറിപ്പില്‍ അനുസ്മരിക്കുന്നുണ്ട്‌. “ഗുരു പൗര്‍ണമിയിലൂടെ കടന്നുപോയപ്പോള്‍ അബോധപൂര്‍വമായെങ്കിലും എന്റെ മനസ്സില്‍ തികട്ടിവന്നത്‌ മഹാകവി അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ആയിരുന്നു. ഈ രണ്ടു കൃതികളും തമ്മില്‍ പ്രഥമ ദൃഷ്ടിയില്‍പ്പെടാത്ത ഒരു വലിയ ആത്മബന്ധമുണ്ട്‌ എന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.” എന്നാണ്‌ അദ്ദേഹമെഴുതുന്നത്‌.

ഗുരു ‘പൗര്‍ണമി’യുടെ സ്വതന്ത്രമായ അസ്തിത്വത്തെ എടുത്തുക്കാട്ടിക്കൊണ്ട്‌ അക്കിത്തം സഹജമായ രീതിയില്‍ വിനയാന്വിതനാവുന്നത്‌ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ അരനൂറ്റാണ്ടിനപ്പുറം എഴുതപ്പെട്ടിരുന്നില്ല എങ്കില്‍പ്പോലും ഗുരുപൗര്‍ണമി സംഭവിക്കുമായിരുന്നു എന്നാണ്‌. “ശ്രീനാരായണഗുരു എന്ന യുഗപുരുഷന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ മാത്രമേ ഇങ്ങനെയൊരു കാവ്യം എഴുതപ്പെടാതെ നഷ്ടപ്പെടുമായിരുന്നുളളൂ എന്നതാണ്‌ സത്യം!” അക്കിത്തത്തിന്റെത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആയിരുന്നെങ്കില്‍ ‘ഗുരുപൗര്‍ണമി’ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ്‌ എന്നേ ഇതിന്‌ സമാധാനം പറയാനുള്ളൂ.

മഹാഭാരത രചന നിര്‍വഹിച്ചശേഷവും വ്യാസമനസ്സ്‌ അശാന്തമായിരുന്നുവത്രെ. അങ്ങനെയാണ്‌ ശ്രീമദ്‌ ഭാഗവതം എഴുതിയത്‌. കവി, നാടകകൃത്ത്‌, വിവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ സര്‍ഗപ്രതിഭ സമഗ്രശോഭയാര്‍ച്ച്‌ വിരാജിക്കുന്ന എസ്‌.രമേശന്‍ നായരുടെ ‘ഗുരുപൗര്‍ണമി’യും ദിവ്യമായൊരാശാന്തിയുടെ നവ്യ പ്രസാദമാണ്‌.



0 comments:

Post a Comment