Friday 22 November 2013

DC BOOKS പ്രസിദ്ധീകരിച്ച സി.കേശവന്റെ ആത്മകഥ 'ജീവിതസമര'ത്തിലെ അറുപതാം അധ്യായമാണ് ഈ കൊടുത്തിട്ടുള്ളത് . തികച്ചും ആനുകാലികപ്രസക്തമായതു കൊണ്ട് എല്ലാവരും ഇത് വായിച്ചിരിയ്ക്കണം .

ചെത്തുകാരനായ ഒരീഴവൻ ഭാര്യയുമായി കലഹിച്ചു , ഇനി സന്യസിച്ചുകളയാം എന്ന് കരുതി ശിവഗിരിയിൽ നാരായണ ഗുരുവിന്റെ സന്നിധിയിൽ ചെന്ന ഒരു കഥയുണ്ട് . കുടുംബക്ളേശങ്ങളെല്ലാം വിസ്തരിച്ച ശേഷം സന്യാസം തരണം എന്നപേക്ഷിച്ച ആ ഭക്തനോട്‌ ചെത്തിന്റെ അയോധ്യാ കാണ്ഡം സന്യാസമാണോ ? എന്ന് നാരായണഗുരു ചോദിച്ചുവത്രേ . അങ്ങനെയിരിയ്ക്കെ ഞാനും എന്റെ ചെത്തിന്റെ അയോധ്യാകാണ്ഡവുമായി ശിവഗിരിയിൽ പോയി , സ്വാമിയെ കാണാൻ . സന്യാസം വാങ്ങാനല്ല , സ്വാമിയെ കാണാൻ , സ്വാമിയെ പരിചയപ്പെടാൻ , സ്വാമിയെ പഠിയ്ക്കാൻ . ഇതിനു എനിയ്ക്കുണ്ടായ പ്രചോദനം എന്തെന്ന് നിശ്ചയമില്ല .

ഭക്തിയും വിഭക്തിയുമൊന്നുമല്ല എന്നെ ശിവഗിരിയിലെയ്ക്കാകർഷിച്ചത് .സ്വാമിയെ വളരെ മുന്പിനാലെ എനിയ്ക്ക് വലിയ ബഹുമാനമായിരുന്നു . ഞാനറിയാതെ തന്നെ എന്റെയുള്ളിൽ മൊട്ടിട്ടുവിടർന്ന ഒരു അസാധാരണമായ സ്നേഹാദരം ഒരു മഹാപുരുഷനാണ് സ്വാമി എന്ന് എനിയ്ക്ക് ബോധ്യം വന്നിരുന്നു . അതിനു ഹേതു സ്വാമിയെ കുറിച്ച് പ്രചരിപ്പിച്ചിരുന്ന യക്ഷിക്കഥകളോ ഭീമൻ കഥകളോ ആയിരുന്നില്ല . സ്വാമിയുടെ 'അത്ഭുതസിദ്ധി'കൾക്ക് ഒരു വിലയും ഞാൻ കൽപ്പിച്ചിരുന്നില്ല . സന്മാർഗനിഷ്ഠയോളം വലിയ അത്ഭുതസിദ്ധിയില്ലെന്ന് ബുദ്ധമുനി ഒരിയ്ക്കൽ പറഞ്ഞു. സ്വാമിയുടെ അത്ഭുതസിധി സ്വാമിയുടെ ജീവിതശുദ്ധി തന്നെയായിരുന്നു . എന്തെങ്കിലും ഒരു കളങ്കം ആ സ്വഭാവധവളിമയിൽ ആർക്കും ഒരിയ്ക്കലും കണ്ടുപിടിയ്ക്കാൻ സാധ്യമായില്ല . ദർശന കോണിന്റെയും , ദ്രഷ്ടാവിന്റെ ഭാവനയുടെയും ഭേദം കൊണ്ട്, ആ മഹാപുരുഷന്റെ ജീവിതചരിതത്തെ 'പലവിധ യുക്തി പറഞ്ഞു' പലരും വ്യാഖ്യാനിയ്ക്കുന്നുണ്ട് . ദാമോദരൻ എഴുതിയിട്ടുള്ള സ്വാമിയുടെ ജീവചരിത്രത്തിൽ പറയുന്ന പോലെ , 'ശ്രീനാരായണഗുരുസ്വാമിയെ പൌരാണിക വിശ്വാസമുള്ള ഭക്തന്മാർ ഒരു അവതാര പുരുഷനായി ആരാധിച്ചു . ബുദ്ധിമാൻമാരായ തത്വജ്ഞാനികൾ അദ്ദേഹത്തെ അഗാധബുധിമാനായ ഒരു വേദാന്തവേദിയായി ബഹുമാനിച്ചു . സ്വവംശജാതരായ ഈഴവർ ആ മഹർഷി വര്യനെ തങ്ങളുടെ കുലഗുരുവായി അംഗീകരിച്ചു . അന്യസമുദായക്കാർ ഈ അസാധാരണ മഹാപുരുഷനെ ഈഴവസമുദായത്തിന്റെ സർവസമ്മതനായ നേതാവായി ബഹുമാനിച്ചു . എല്ലാവരും അദ്ദേഹത്തെ പരിപൂർണമായ പരിശുധജീവിതത്തിന്റെ പരമോദാഹരണം എന്ന് മുക്തകണ്ഠം ശ്ലാഘിച്ചു .' ഇങ്ങനെ പരിപൂർണമായ ഒരു പരിശുധജീവിതം എന്റെ വീരാരധനയ്ക്ക് പാത്രമായിരുന്ന ചരിത്രപുരുഷന്മാരിൽ ശ്രീബുദ്ധനൊഴിച്ചു മറ്റാരും നയിച്ചതായി ഞാൻ കണ്ടില്ല . പലവിധത്തിലുള്ള അസ്വാതന്ത്ര്യങ്ങൾക്കിടയിൽ കിടന്നു ഞെരുങ്ങിയ പാവപ്പെട്ട സമുദായങ്ങളെ ഉദ്ധരിക്കാൻ , അഹർന്നിശം പ്രയത്നം ചെയ്യുന്ന ഒരു കൃപാലു , ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ് സ്വാമി ആദ്യം മുതൽക്കേ എന്നെ ആകർഷിച്ചത് . ഈശ്വരത്വമോ ഈശ്വരസംഭവത്വമോ ഒന്നും തന്നെ സ്വാമിയിൽ ആരോപിയ്ക്കാൻ ഞാൻ ഒരിയ്ക്കലും മുതിർന്നില്ല . വാളെടുക്കാതെയും വെളിച്ചപ്പാട് തുള്ളാതെയും ഒരു വലിയ ധർമസമരം , ഒരു സ്വാതന്ത്ര്യസമരം നടത്തി വിജയം വരിച്ച ഒരു മഹാനേതാവിനെയാണ് ഞാൻ സ്വാമിയിൽ ദർശിച്ചത് . ആ വിജയരഹസ്യം ഇന്നും എനിയ്ക്കജ്ഞാതമാണ് .

ജീവിതസന്ധാരണകാലത്ത് തന്നെ ഇത്ര വലിയ ഒരു അനുയായിസംഘം ഉണ്ടായ ഒരു ലോകഗുരുവിനെയും നാം കാണുന്നില്ല . ക്രിസ്തുവിനും മുഹമ്മദിനും തന്നെ അവരുടെ ചരമക്കാലത്ത് വളരെ വളരെ കുറച്ചു അനുചരരെ ഉണ്ടായിരുന്നുള്ളൂ . ക്രിസ്തു കുരിശിൽ തൂങ്ങേണ്ടി വന്നു . മുഹമ്മദ്‌ വാളെടുക്കേണ്ടി വന്നു .ഈ മഹാത്മാക്കളുടെയും ബുദ്ധന്റെയും ധർമ്മോപദേശങ്ങൾക്കു പ്രചരണം സിദ്ധിയ്ക്കാൻ രാഷ്ട്രശക്തികളുടെ പിന്തുണ വേണ്ടി വന്നു . അതിന്റെയൊന്നും ആവശ്യം സ്വാമിയ്ക്ക് വേണ്ടി വന്നില്ല . ഒരു വിഭാഗത്തിന്റെയോ , ഒരൊറ്റ വ്യക്തിയുടെയോ , വെറുപ്പോ , വിദ്വേഷമോ സമ്പാദിയ്ക്കാതെയാണ് സ്വാമി അതിമഹത്തായ പരിവർത്തനങ്ങളിൽ പലതും കേരളത്തിന്റെ സമുദായജീവിതതിൽ വരുത്തി , സ്വാതന്ത്ര്യസ്വർഗത്തിന്റെ കവാടം കേരളീയർക്ക് തുറന്നു കാട്ടിയത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നിപ്പോകുന്നു . ഗാന്ധിജിയ്ക്കും ക്രിസ്തുവിനും മുഹമ്മദിനും ഈ വിദ്വേഷത്തിലും വെറുപ്പിലും നിന്ന് ഒഴിഞ്ഞു നില്ക്കാൻ സാധ്യമായില്ല . 'അന്യദുർലഭമലോകസംഭവം' എന്ന് പറയേണ്ട ഒരു അത്ഭുതസംഭവം തന്നെയായിരുന്നു ഇത് . സ്വാമിയുടെ ദർശനശക്തിയുടെ ഫലമല്ലാതെ മറ്റെന്താണ് ഈ കേരളത്തിലെ ഇന്നത്തെ പല സമുദായ പരിഷ്കാരങ്ങളും സ്വതന്ത്രചിന്തകളും? സൂക്ഷ്മമായ അപഗ്രഥനത്തിൽ , ഇന്ത്യയുടെ ശാപമായ മതഭ്രാന്തിന്റെയും ജാതിഭ്രാന്തിന്റെയും മുരടിൽ കത്തി വെച്ച് ഗാന്ധിജിയുടെ ഹസ്തങ്ങൾക്ക് തന്നെയും വലുതായ ശക്തി സംഗ്രഹിച്ചു കൊടുത്തത് നാരായണഗുരുവല്ലേ ? ശിവഗിരിയിൽ വന്ന ഗാന്ധിജിയാണോ ശിവഗിരിയിൽ നിന്ന് മടങ്ങിപ്പോയ ഗാന്ധിജി ? ക്ഷേത്രങ്ങളിലും പ്രതിഷ്ടകളിലും ഒന്നും ഒരു വിശ്വാസവും ഇല്ലാത്ത എനിയ്ക്ക് സ്വാമിയുടെ ക്ഷേത്രപ്രതിഷ്ഠകളുടെ പൊരുൾ നല്ല പോലെ ബോധ്യമാണ് . ശ്രീരാമന്റെ കാലമായിരുന്നെങ്കിൽ , ഒരു ഈഴവൻ അരുവിപ്പുറത്തു തപസ്സു തുടങ്ങുമ്പോൾ, ഒരു 'ഈഴശ്ശിവ'ന്റെ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുമ്പോൾ തന്നെ ശ്രീരാമന്റെ 'ഘോരഖഡ്ഗം ' ആ ഈഴവമുനിയുടെ ഗളനാളം മുറിച്ചു കളയുമായിരുന്നു എന്നുള്ളത് നിസ്സംശയമാണ് . സ്വാമിയുടെ ആ ധീരതയെ നാം നമസ്കരിയ്ക്കുക . അന്നുമുതൽ , മതത്തിന്റെയും ജാതിയുടെയും പേരില് സഹസ്രാബ്ദങ്ങളായി വളർന്നു നിന്നിരുന്ന എന്തെല്ലാം കൊടുങ്കാടുകളാണ് സ്വാമി വെട്ടിത്തെളിയ്ക്കാൻ യത്നിച്ചത് . മതമേതായാലും ജാതിവ്യത്യാസം പാടില്ല : മതമേതായാലും മനുഷ്യൻ നന്നാവണം ;ലോകം മായ, ചോറ് സത്യം ; മനുഷ്യരുടെ മതം , വേഷം , ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല ; പല മതസാരവുമേകം ; ഒരു ജാതി , ഒരു മതം , ഒരു ദൈവം എന്നീ നിലകളിയ്ക്കേല്ലാം സ്വാമി വളർന്നു . ഇങ്ങനെയൊരു യുക്തിവാദിയെയും, ഇങ്ങനെയൊരു സ്വതന്ത്രചിന്തകനെയും ഈ അടുത്ത നൂറ്റാണ്ടുകളിലെങ്ങും ഈ ലോകം കണ്ടിട്ടില്ല .

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന " ഒരു മാതൃകാസ്ഥാനമാക്കി ഈ രാജ്യം ഉയരണമെന്ന ഉത്കടമായ അഭിവാജ്ഞയായിരുന്നു സ്വാമിയ്ക്കെന്നും ഉണ്ടായിരുന്നത് .

എന്നാൽ കഷ്ടം ! ഈ വസുധയെ ഒരു കുടുംബമായും മനുഷ്യനെ ഒരു ജാതിയായും മാത്രം കാണാൻ കഴിഞ്ഞ ആ വിശാലശയനെ എങ്ങനെയെല്ലാമാണ് ദുർവ്യാഖ്യാനം ചെയ്ത് , ഒരു ഹിന്ദുവോ , ഈഴവനോ , അല്ലെങ്കിൽ ഹിന്ദുക്കളുടെ ഉപദേവന്മാരിൽ ഒരുവനോ ആക്കാൻ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ചിലർ ഇപ്പോൾ കെണിയുന്നതെന്നാലോചിക്കുംപോൾ സങ്കടം തോന്നുന്നു . ബർണാഡ് ഷാ ' ആൻഡ്രോക്ളിസ്സും സിംഹവും ' എന്ന നാടകത്തിന്റെ ഓർമയാണ് എനിയ്ക്ക് വരുന്നത് . ക്രിസ്തുശിഷ്യന്മാരിൽ മൂന്നുനാലുപേർക്ക് , ക്രിസ്തുവിന്റെ പേരിൽ റോമാചക്രവർത്തിയുടെ സിംഹങ്ങൾക്കിരയായും മറ്റും രക്തസാക്ഷികളാകണം .മതഭക്തിയും ക്രിസ്തുഭക്തിയും അത്ര കലശലാണ് അവർക്ക് . ഒടുവിൽ അവർക്ക് തന്നെ ബോധ്യമാകുന്നുണ്ട് , അവരാരും ക്രിസ്ത്യാനികൾ അല്ലെന്നു ; അഥവാ ഷാ നമ്മെ ബോധ്യപ്പെടുത്തുന്നു . അതുപോലെ സ്വാമിയെ ഏതു നരകത്തിൽ തള്ളിയും , സ്വാമിയുടെ പേരിൽ രക്തസാക്ഷികളാവാൻ ഒരുംപെടുന്നവരായി , സഹോദരൻ അയ്യപ്പൻറെ ഭാഷയിൽ "പഠിച്ച മണ്ടന്മാർ " കുറേപ്പേർ ഇറങ്ങിയിട്ടുണ്ട് . സഹോദരൻ തന്നെ പറയും പോലെ സ്വാമി തുറന്ന വഴികൾ അദ്ദേഹത്തെ വെച്ച് തന്നെ അടച്ചു കളയാനാണ് അവർ ശ്രമിയ്ക്കുന്നത് . " ഗുരോ ! അവരോടു ക്ഷമിയ്ക്കണേ ! " എന്ന് മാത്രമേ പ്രാർഥിക്കാനുള്ളു .; വിശേഷിച്ച് ഒരു 'നാരായണസ്മൃതി ' പ്രസാധനം ചെയ്യുന്ന ആ സ്മൃതികാരനോട്! ശങ്കരഭാഷ്യത്തെപ്പറ്റിയും മറ്റും ഗുരു പറയാറുണ്ടായിരുന്നു , ഗ്രന്ഥങ്ങളുടെ പുഴുക്കുത്തു കൂടി ആ വ്യാഖ്യാതാക്കൾ വ്യാഖ്യാനിയ്ക്കുമായിരുന്നു എന്ന് . നമ്മുടെ നിർഭാഗ്യം കൊണ്ട് , സ്വാമിയുടെ നിർഭാഗ്യം കൊണ്ട് ഇത്തരം പുഴുക്കുത്തു വ്യാഖ്യാനങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത് . ഡോക്ടർ നടരാജൻ തന്നെ പുഴുക്കുത്തുകൾ വ്യാഖ്യാനിച്ചിട്ടില്ലേ ? അത് പോകട്ടെ .

Posted on Facebook Group by: Amjith Thazhayappadath












Note : അറുപത്തൊന്നാം അദ്ധ്യായവും പ്രസക്തമാണ് . അനുയായികളിലെയും സന്യാസിസംഘതിലെയും കള്ളനാണയങ്ങളെ ഗുരുവിനു അറിയാമായിരുന്നു എന്നതിന്റെ ദൃക്സാക്ഷി വിവരണമാണ് അത് . പക്ഷെ , അതും പറഞ്ഞു പുസ്തകം മുഴുവൻ ഞാൻ ഇവിടെ കൊടുത്താൽ അത് ഗുരുതരമായ പകര്പ്പവകാശ ലംഘനം ആയേക്കും . ജീവിത സമരം എല്ലാവരും വായിച്ചിരിയ്ക്കെണ്ടാതാണ് .


0 comments:

Post a Comment