Thursday 7 November 2013

നവോത്ഥാനാന്തര കാലത്തെ മതം മാറ്റം - By : അഭിലക്ഷ് വി ചന്ദ്രന്‍

19 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും 20 ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള കേരളത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത് .ജീര്‍ണ്ണിച്ച ഒരു സാമൂഹ്യ അവസ്ഥയെ കാറ്റും വായുവും കൊള്ളുന്ന ഉറപ്പുള്ള ഒരു അന്തരീക്ഷമാക്കി മാറ്റിയെടുത്തത് ഈ മണ്ണില്‍ നടന്ന എണ്ണമറ്റ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആണ് .ജാതിയില്‍ താണുപോയതിന്റെ പേരില്‍ നല്ല വസ്ത്രം ധരിക്കാനൊ , വഴിയില്‍ കൂടി സഞ്ചരിക്കാനൊ , സ്വന്തം ദൈവങ്ങളോട് ആവലാതി പറയാനോ കഴിയാതിരുന്ന ഒരു ജനതയെ ഇതെല്ലം സാധ്യമാക്കി തീര്ക്കുന്ന തരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ സര്ഗാത്മക പ്രവര്ത്തനം ആയിരുന്നു അത് .അതോടൊപ്പം ഇന്ത്യയുടെ ദേശീയ പ്രസ്ഥാനവും മതെതരത്തത്തെയും ജനാധിപത്യത്തെയും മുറുകെപ്പിടിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്തിരുന്നു . അതിന്റെ പ്രതിഫലനമായിരുന്നു മതേതരത്ത -ജനായത്ത റിപ്പബ്ലിക്ക് ആയി നമ്മുടെ രാജ്യം മാറിയത് .

കേരളത്തിലെ നവോത്ഥാന സമരങ്ങളില്‍ പ്രധാന്യ മെറിയതാണ് 1859 ലെ മേല്‍മുണ്ട്‌ സമരം .മാറ് മറയ്ക്കാന്‍ അധികാരം ഇല്ലാതിരുന്ന ചാന്നാര്‍ സ്ത്രീകള് മാറ് മറച്ചുകൊണ്ട് സവര്‍ണ്ണ മേല്ക്കോയ്മക്കെതിരെ നടത്തിയ ആ പോരാട്ടം ആണ് പുരോഗമന സമരത്തിന്റെ നാള്‍ വഴികളില്‍ സുപ്രധാനമായി മാറിയത് .”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന മഹത്തായ സന്ദേശം ഇത്തരം സമരങ്ങളുടെ ഭാഗമായാണ് മലയാള ഭൂമികയില്‍ ഉയര്‍ന്നു വരുന്നത് .അരുവിപ്പുറത്തു ശ്രീനാരായണ ഗുരു നടത്തിയ കണ്ണാടി പ്രതിഷ്ഠ പ്രതീകാത്മകവും സമരത്മാകവും ആയിരുന്നു . സവര്‍ണ്ണര്‍ക്ക് മാത്രമല്ല പ്രതിഷ്ഠ നടത്താന്‍ അധികാരം എന്നുള്ള ഒരു ചിന്തയോടൊപ്പം തന്നെ താന്‍ തന്നെയാണ് ദൈവം എന്ന വിശാലമായ മാനവിക കാഴ്ച്ചയും രൂപപ്പെടുത്താന്‍ നവോഥാന നായകരില്‍ ശ്രദ്ധേയനായ ഗുരുവിനു സാധിച്ചു .

ഈ ലേഖനം എഴുതുന്നതിനു ആധാരാമായ വസ്തുതയിലേക്ക് ഇനിയും എത്തിയിട്ടില്ല .ഇരിഞ്ഞലക്കുടയില്‍ന്നിന്നു മൂന്നുപീടികയിലെക്ക് പോകുമ്പോള്‍ കാണുന്ന ചെറിയ ഒരു പ്രദേശമാണ് എടക്കുളം .എടക്കുളം സെന്റെരിനു തെക്കുഭാഗം ആണ് മൂഴിക്കുളം അമ്പലം സ്ഥിതി ചെയ്യുന്നത് .(നാലംബല ദര്‍ശനം വര്ധിച്ചതോടെ മൂഴിക്കുളം അമ്പലത്തിനു നല്ലകാലം വന്നിരിക്കുന്നു) .എടക്കുളം സെന്റെര് മുതല്‍ തെക്കൊട്ട് സഞ്ചരിക്കുന്നവരുടെ ദ്രിഷ്ട്ടിയില്‍ ഒരു ബാനര് ശ്രദ്ധ നേടും .കുനാക്കംപുള്ളി ചന്ദ്രന്‍ എന്നയാള്‍ മതം മാറി എന്നറിഞ്ഞതിനാല്‍ അയാളെ തറവാട്ടില്‍ നിന്നും പുറത്താക്കിയിരിക്കുന്നു എന്നതാണ് ബാനറില്‍ എഴുതിയിരിക്കുന്നത് .

നാട്ടുകാര്‍ ഈ വിഷയത്തെ പറ്റി പറയുന്നത് ഇപ്രകാരം , കുനാക്കംപുള്ളി അമ്പലത്തിലെ പ്രധാനപ്പെട്ട ഒരാള്‍ ആയിരുന്നു ചന്ദ്രന്‍ .ചെറുപ്പം മുതലേ വലിയ ഭക്തന്‍ ആയിരുന്നു അദ്ദേഹം .അദ്ധേഹത്തിന്റെ സൌദിയില്‍ ഉള്ള മകന്റെ അടുത്ത് പോയ സമയത്ത് ചില ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നേരിടുകയും അവിടത്തെ ഒരു ക്രിസ്ത്യന്‍ പ്രാര്ത്ഥന ഗ്രൂപ്പിന്റെ ശ്രമഫലമായി അദ്ധേഹത്തിന്റെ അസുഖം മാറുകയും ചെയ്തത്രേ .തുടര്‍ന്ന് ചന്ദ്രനും കുടുംബവും ആ പ്രാര്ത്ഥന ഗ്രൂപ്പിന്റെ ഭാഗമായി മാറുകയും കൃഷ്ണനെ പൂജിച്ചിരുന്ന ചന്ദ്രന്‍ യേശു ക്രിസ്തുവിനെ പൂജിക്കാന്‍ തുടങ്ങുകയും ചെയ്തു .

നാട്ടിലേക്ക് വന്ന ചന്ദ്രനേയും കുടുംബത്തെയും എതിരേറ്റതു അദ്ധേഹത്തിന്റെ വീടിന്റെ ഉമ്മറത്തടക്കം കെട്ടിയിട്ട ഇത്തരം ബാനറുകള്‍ ആയിരുന്നു .കൂടാതെ മകന്റെ കുട്ടിയുടെ മാമോദീസ ചടങ്ങ് നടത്തിയാല്‍ പ്രശ്നമുണ്ടാക്കും എന്ന ഭീഷണിയും ,ആളില്ലാത്ത അവസരങ്ങളില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടക്കലും അരങ്ങേറുകയുണ്ടായി

ജാതിയും മതവുമല്ല മനുഷ്യന്‍ ആണ് പ്രധാനം എന്ന് പഠിപ്പിച്ച നവോത്ഥാനത്തിനു ശേഷമുള്ള ഒരു നാട്ടില്‍ ആണ് മതം മാറിയതിന്റെ പേരില്‍ ഒരു മനുഷ്യന്‍ ഇങ്ങനെ ക്രൂശിക്കപ്പെട്ടത്‌ .
തറവാട്ടില്‍ നിന്ന് പുറത്താക്കി എന്നതിന് അര്‍ഥം ബന്ധങ്ങള്‍ എല്ലാം അവസാനിപ്പിച്ചു എന്നാണു .അപ്പോള്‍ മതവും ജാതിയും ആണോ ഇന്ന് നമ്മുടെ ബന്ധങ്ങളെ വിളക്കി ചേര്‍ക്കുന്ന കണ്ണി .മതവും ജാതിയും ഇല്ലാതായാല്‍ ബന്ധങ്ങള്‍ ശിഥിലം ആകുമോ ?
ആകും എന്നാണ് ഈ സംഭവം നമ്മളോട് പറയുന്നത് .ജാതിയും മതവും അല്ല മനുഷ്യന്‍ ആണ് പ്രധാനം എന്ന് പഠിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉയര്ന്നു വരികയും ചെയ്ത ഒരു സമൂഹത്തില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ലജ്ജാവഹം എന്ന് മാത്രമേ പറയാനുള്ളൂ .

Source : http://www.nelkkathir.com/?p=328

0 comments:

Post a Comment