Sunday, 24 November 2013

ഗുരുദര്‍ശനം ഒരു വീക്ഷണം

എല്ലാമതങ്ങളും ഒരേ ഒരു ലക്ഷ്യത്തിലേയ്‌ക്കാണ്‌ നീങ്ങുന്നത്‌. ആത്മസുഖമാണ്‌ എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്നത്‌. ആ അര്‍ത്ഥത്തില്‍ ലോകത്തിന്‌ ഒരു മതം മാത്രമേയുള്ളൂ. (ഇതാണ്‌ ഗുരുവിന്റെ ഒരു മതസിദ്ധാന്തം, അല്ലാതെ ഹിന്ദുമതമോ, ശ്രീനാരായണ മതമോ അല്ല)

പലതായി തോന്നുന്ന മതങ്ങളുടെ എല്ലാം സാരാംശം ആലോചിച്ചുനോക്കുകയാണെങ്കില്‍ ഏകമാണ്‌ എന്ന്‌ അറിയാന്‍ സാധിക്കും. അതിനാല്‍ മതവൈരാഗ്യമോ കലഹമോ മതപരിവര്‍ത്തനമോ ആവശ്യമില്ല.

മതപരിവര്‍ത്തനത്തെ കുറിച്ച്‌ ചോദിച്ചവരോട്‌ മോക്ഷം അന്വേഷിച്ചാണ്‌ മതപരിവര്‍ത്തനം എങ്കില്‍ എല്ലാ മതത്തിലും മോക്ഷമാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌. ഹിന്ദുമതത്തിലും അതുണ്ട്‌. പിന്നെ എന്തിനാണ്‌ മതപരിവര്‍ത്തനം എന്ന്‌ ഗുരു ചോദിക്കുന്നു.

ക്രിസ്‌തുമതത്തേയും ഇസ്ലാം മതത്തേയും ഗുരു നിന്ദിച്ചിട്ടില്ല. അവയിലെല്ലാം മോക്ഷമാര്‍ഗ്ഗമുണ്ട്‌. ശിവഗിരിയില്‍ തന്റെ ഒരു സുഹൃത്തായ മുസ്ലീമിന്‌ പള്ളി പണിയിച്ചുനല്‍കാം എന്ന്‌ ഗുരു പറയുകയുണ്ടായി.

മതങ്ങളുടെ ലക്ഷ്യം ഒന്നാണെന്ന്‌്‌ വിചാരം ചെയ്‌തറിയാതെ പലതരം വാദങ്ങളുന്നയിക്കുന്ന മന്ദബുദ്ധികളേപ്പോലെ ആവാതിരിക്കുക.

ഒരുമതത്തില്‍ വിവരിക്കുന്ന സത്യാന്വേഷണ മാര്‍ഗ്ഗം അന്യമതസ്ഥന്‌ അപൂര്‍ണ്ണമ്‌ായിതോന്നും. അദൈ്വത സത്യം അറിയാത്തതുകൊണ്ടുള്ള ഭ്രമമാണ്‌ ഇതെന്ന്‌ നാം തിരിച്ചറിയേണ്ടതാണ്‌.

മതങ്ങള്‍ തമ്മില്‍ പൊരുതി ശാശ്വതമായ വിജയം നേടാമെന്ന്‌ ആരും വിചാരിക്കരുത്‌. ഒരു മതത്തേയും യുദ്ധം ചെയ്‌ത്‌ നശിപ്പിക്കാമെന്ന്‌ ധരിക്കരുത്‌.

ചിലര്‍ തന്റെ മതത്തില്‍ എല്ലാവരും ചേര്‍ന്ന്‌ ഒരുമതമായി സമത്വം അംഗീകരിക്കാമെന്ന്‌ വിചാരിച്ച്‌ ചിലതരത്തിലുള്ള വാദങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ബ്രഹ്മനിഷ്‌ഠന്മാര്‍ ഇതിലെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞ്‌ വാദകോലാഹലങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്നു.

ക്രിസ്‌തുവും കൃഷ്‌ണനും ശിവനും രാമനുമെല്ലാം അതാതുകാലത്തെ ജനസമുദായത്തിന്റെ നേതാക്കളായിരുന്നു.

ഇതെല്ലാമായിരുന്നു ഗുരു പലപ്പോഴായി പറഞ്ഞതും ആത്മോപദേശ ശതകം പോലുള്ള ദാര്‍ശനിക കൃതികളില്‍ വിവരിച്ചിട്ടുള്ളതുമായ ഗുരുവിന്റെ മതസങ്കല്‌പം.

ക്ഷേത്രങ്ങള്‍ ആവശ്യമാണ്‌. അത്‌ അവിടെ നിന്നുകൊള്ളട്ടെ. ആളുകള്‍ അവിടെ കുളിച്ച്‌ ശുദ്ധമായി വന്നിരിക്കും. അവിടെ ഈശ്വരനെക്കുറിച്ചും മറ്റും നല്ല പ്രസംഗം ചെയ്യിക്കണം. വായനശാലയും വേണം. ക്ഷേത്രത്തില്‍ വരുമ്പോള്‍ ബിംബത്തെയല്ല ആരും ഓര്‍ക്കുന്നത്‌. നിങ്ങള്‍ പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കാതിരുന്നാല്‍മതി. ക്ഷേത്രങ്ങളോട്‌ ചേര്‍ന്ന്‌ വിദ്യാലയങ്ങള്‍ ഉണ്ടാകണം.

ഇങ്ങനെ പലവേളകളില്‍ ഗുരു തന്റെ കാഴ്‌ചപ്പാടുകള്‍ വെളിവാക്കിയിട്ടുണ്ട്‌. ഇത്‌ വേണ്ടവിധം തിരിച്ചറിയാത്തവരാണ്‌ ഇന്ന്‌ ഗുരുദര്‍ശനങ്ങളെ വളച്ചൊടിക്കുന്നത്‌. നാം അവരുടെ വാക്കുകളെ ബാങ്കുകാര്‍ നാണയങ്ങളെയെന്നവണ്ണം സൂക്ഷിച്ചുമാത്രമേ എടുക്കാവൂ.

ശിവഗിരിയിലെ പ്രാര്‍ത്ഥനാ മന്ദിരത്തില്‍ ഇന്നും എല്ലാ മതങ്ങളുടെയും ഗ്രന്ഥ പാരായണം നടക്കുന്നുണ്ട്‌.

[  ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌ ]
Posted on Facebook Group by : Suresh Babu Madhavan

0 comments:

Post a Comment