ദൈ്വത ബോധത്തില്‍ നില്‍ക്കുന്നിടത്തോളം സത്യസ്വരൂപം യുക്തിക്ക് പിടികിട്ടുകയില്ല. അദൈ്വത സത്യം എന്തെന്നോ ഭേദവ്യവഹാരത്തില്‍പ്പെട്ട ജീവനും ജഗത്തും എന്തെന്നോ ബന്ധമേക്ഷങ്ങളുടെ രഹസ്യമെന്തെന്നോ ഒന്നും തെളിയുന്നതുമല്ല. ഇതിന് ഒരു പോംവഴിമാത്രമേയുള്ളൂ. ചിത്തശുദ്ധിവരുത്തി അഖണ്ഡബോധാകാരവൃത്തി അഭ്യസിച്ച് ചിത്തം നിശ്ചലമാകണം. അഖണ്ഡബോധമാണ് സര്‍വ്വവും എന്ന് ഭാവനചെയ്യുന്നതാണ് അഖണ്ഡബോധാകാരവൃത്തി. ഈ ഭാവനയാല്‍ ചിത്തം ക്രമേണ നിശ്ചലമാകും. നിശ്ചല ചിത്തം സ്വാഭാവികമായി ബ്രഹ്മസ്വരൂപം കൈക്കൊള്ളും. ചലിക്കുന്ന ചിത്തം പ്രപഞ്ചം. നിശ്ചലചിത്തം ബ്രഹ്മം. ബ്രഹ്മസ്വരൂപം കൈക്കൊണ്ട് നിശ്ചലമാവുന്ന ചിത്തത്തിന് ജീവേശ്വര ജഗത് ഭേദ രൂപത്തിലുള്ള ദൈ്വതം മുഴുവന്‍ അസ്‌തമിച്ച് അദൈ്വതം സിദ്ധമാകുന്നു.
പ്രാപഞ്ചിക മനസ്സുകളെ അഖണ്ഡബോധാകാരവൃത്തി അഭ്യസിപ്പിക്കുവാന്‍ ശ്രീനാരായണഗുരു കണ്ടെത്തിയ മാര്‍ഗ്ഗം വിവിധ മതവിശ്വാസികള്‍ പിന്തുടര്‍ന്നുവന്ന ആരാധനാലയ സമ്പ്രദായംതന്നെ ആയിരുന്നു. ഭാരതജനത ക്ഷേത്രസമ്പ്രദായത്തില്‍ പരിശീലിച്ചവരും എന്നാല്‍ യഥാര്‍ത്ഥ ക്ഷേത്രസങ്കല്‌പം വിസ്‌മരിച്ചവരുമായിരുന്നു. ക്ഷേത്രങ്ങളെ അന്ധവിശ്വാസങ്ങളുടെയും സ്വാത്ഥതാല്‌പര്യങ്ങളുടെയും ആലയമാക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. ഇത്തരം വിശ്വാസങ്ങളില്‍ ആണ്ടുപോയ പ്രാപഞ്ചികമനസ്സുകളെ അതില്‍നിന്നും മോചിപ്പിക്കുക ക്ഷിപ്രസാധ്യമല്ല. ആധുനിക മനശാസ്‌ത്രകാരന്‍മാര്‍ക്കുപോലും മാര്‍ഗ്ഗദര്‍ശനമാകാവുന്ന ഒരു നവീന ശാസ്‌ത്രീയമാര്‍ഗ്ഗം ശ്രീഗുരു അവലംബിച്ചു. സാധാരണജനങ്ങള്‍ അതുവരെ കണ്ടും കേട്ടും പിന്തുടര്‍ന്നും പോന്ന ക്ഷേത്രസമ്പ്രദായങ്ങളെ തള്ളിക്കളയാതെ അതേ വിശ്വാസത്തിലൂടെ അവരറിയാതെ അവരെ യഥാര്‍ത്ഥ സത്യത്തിലേക്കുള്ള സുഗമമായ പാതയിലുടെ നയിച്ചു. യേശുദേവന്‍ തന്റെ കാലഘട്ടത്തിലെ അനീതികളേയും മതപരമായ അന്ധവിശ്വാസങ്ങളെയും തച്ചുടച്ചത് പുതിയ ആചാരാനുഷ്‌ഠാനങ്ങളിലൂടെ അല്ലായിരുന്നു. ഇന്നും ക്രിസ്‌തുമതത്തിലെ അനുഷ്‌ഠാനങ്ങള്‍ പലതും ജൂതമതത്തിന്റെതിനു സമാനമായിത്തന്നെ നിലകൊള്ളൂന്നു. എന്നാല്‍ ദൈവമാര്‍ഗ്ഗത്തിലേക്ക് ക്രിസ്‌തു തുറന്ന മാര്‍ഗ്ഗം ജൂതമത നിയമങ്ങളില്‍നിന്നും വ്യത്യസ്‌തവുമായിരുന്നു.
സാധാരണ ജനങ്ങള്‍ അതുവരെ കണ്ടും കേട്ടും പിന്തുടര്‍ന്നുവന്നതും അവര്‍ക്ക് അപ്രാപ്യവുമായ ക്ഷേത്രാചാര സമ്പ്രദായങ്ങള്‍ക്കും ഈശ്വരസങ്കല്‌പത്തിനും ഗുരു നവീനവും മനശാസ്‌ത്രപരമായതുമായ ഒരു പദ്ധതി ആവിഷ്‌കരിച്ചു. ശീതത്തില്‍നിന്നും പെട്ടെന്ന് ഉഷ്‌ണത്തിലേക്കുള്ള മാറ്റം എപ്രകാരം അസ്വസ്‌തതയുണ്ടാക്കുമോ അതായിരിക്കും നാളിതുവരെ പിന്തുടര്‍ന്നുവരുന്ന അനുഷ്‌ഠാനങ്ങളില്‍നിന്നും, അത് ശരിയായാലും തെറ്റായായും, പെട്ടെന്ന് നവീനമായ ഒന്നിലേക്കുള്ള മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. യോഗബുദ്ധ്യ ഇത് കണ്ടറിഞ്ഞ ഗുരു അതിന് ക്രമാനുഗതവും ശാശ്വതവുമായ പരിവര്‍ത്തനത്തിന് തുടക്കമിട്ട ദിനമായിരുന്നു 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്‌ഠ.
അരുവിപ്പുറത്തു സ്ഥാപിച്ച ശിവലിംഗം ഒരു സാധാരണ ശിലയല്ലായിരുന്നു. അഗസ്‌ത്യമുനി ആരാധിച്ചിരുന്നതും അദ്ദേഹത്തിന്റെ മഹാസമാധിക്കുമുമ്പ് നെയ്യാറില്‍ നിമംജ്ജനം ചെയ്‌തിരുന്നതുമായ ശിവലിംഗമായിരുന്നു എന്ന് കരുതപ്പെടുന്നു. ലിംഗം എന്ന പദത്തിന് അടയാളം എന്നും അര്‍ത്ഥമുണ്ട്. ശിവന്‍ എന്നതിന് മംഗളമൂര്‍ത്തി എന്നും അര്‍ത്ഥം കല്‌പിച്ചിട്ടുണ്ട്. ഇപ്രകാരം നോക്കുമ്പോള്‍ ശിവലിംഗം മംഗളസ്വരൂപമായ ജഗതീശ്വരനെ സാക്ഷാത്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗത്തിലേക്കുള്ള അടയാളമാണ്. അരുവിപ്പുറം പ്രതിഷ്‌ഠ പരമസത്യമായ അഖണ്ഡബോധത്തിലേക്ക്, ജഗതീശ്വരനിലേക്ക്, നിരിന്ധന ജ്യോതിസ്സിലേക്കുള്ള ഇടതടവില്ലാതെയുള്ള പ്രയാണത്തിലേക്കുള്ള മാര്‍ഗ്ഗദീപമാണ്. ഒരു സകാര രൂപത്തിലൂടെ ജഗതീശ്വരനിലേക്കുള്ള പ്രയാണത്തിനു തുടക്കമാണ് അരുവിപ്പുറം പ്രതിഷ്‌ഠ.
വിവിധ ചിന്താതരംഗങ്ങള്‍കൊണ്ട് ആവൃതമാണ് മനുഷ്യമനസ്സുകള്‍. ആയതിനാല്‍ അവരുടെ സങ്കല്‌പങ്ങളും വിവിധങ്ങളാണ്. പരമസത്യത്തിലേക്ക് ജനസഞ്ചയത്തെ നയിക്കുന്നതിനുള്ള ഗുരുവിന്റെ മനശാസ്‌ത്രപദ്ധതി അവര്‍ തുടര്‍ന്നുവന്ന സങ്കല്‌പങ്ങളെ ക്ഷിപ്രം പ്രതിരോധിക്കുന്ന വിധത്തിലുള്ളതല്ലായിരുന്നു. ലക്ഷ്യബോധമുള്ള ഗുരു ലക്ഷ്യബോധം നഷ്‌ടപ്പെട്ടവര്‍ക്കൊപ്പം സഞ്ചരിച്ച് നയപരമായി, ആരേയും ക്ലേശിപ്പിക്കാതെ ലക്ഷ്യത്തിലേക്ക് നയിച്ചു. ഒന്നൊന്നായ് എണ്ണിയെണ്ണി ഇതുവരെ അറിഞ്ഞതിന്റെ നിരര്‍ത്ഥകതയെ പരിപൂര്‍ണ്ണമായി ത്യജിച്ച് സത്യത്തിന്റെ പാതതിരിച്ചറിഞ്ഞ് അതിലേക്ക് അനവതരം മുന്നേറിക്കൊണ്ടിരിക്കുന്നു. അതിന്റെ അവസാനം സ്വനവും അടങ്ങുമിടമായ സ്വയം പ്രകാശം.
അരുവിപ്പുറത്തിനുശേഷം വക്കം വേലായുധന്‍നട സുബ്രഹ്മണ്യപ്രതിഷ്‌ഠ. പിന്നീട് ദേവേശ്വരപ്രതിഷ്‌ഠ (1889). മണ്ണന്തല ആനന്ദവല്ലീശ്വരപ്രതിഷ്‌ഠ, ആയിരംതെങ്ങ് പാട്ടത്തില്‍ ശിവക്ഷേത്രം, പൂത്തോട്ട ശ്രീവല്ലഭക്ഷേത്രം അങ്ങനെ സകാരമൂര്‍ത്തികളെ അതാതു പ്രദേശത്തെ ജനസഞ്ചയത്തിന്റെ ആഗ്രഹനിവൃത്തിക്കായി പ്രതിഷ്‌ഠിച്ചുകൊണ്ടിരുന്നു. ശാസ്‌ത്രീയ ക്ഷേത്രാരാധനയിലൂടെ യഥാര്‍ത്ഥ ദൈവസങ്കല്‌പത്തിലേക്ക് ജനതയെ തിരിച്ചുവിടുന്നതിനുള്ള ഗുരുവിന്റെ പ്രഥമ ക്ഷേത്രപ്രതിഷ്‌ഠയായിരുന്നു 1920 ല്‍ കാരമുക്കില്‍ ചിദംബരനാഥ ക്ഷേത്രത്തില്‍ നടത്തിയ 3 കവരയുള്ള ദീപപ്രതിഷ്‌ഠ. പ്രതിഷ്‌ഠക്കുശേഷം 3 പ്രാവശ്യം വെളിച്ചമുണ്ടാവട്ടെ എന്ന് മന്ത്രരൂപേണ മൊഴിയുകയും ചെയ്‌തു. പ്രകാശം ജ്ഞാനമാണല്ലോ. ആത്മതത്ത്വത്തിലൂടെ മഹാജ്ഞാനമായ ജഗതീശ്വരസ്വരൂപത്തെ അറിയുക എന്ന ലക്ഷ്യമായിരിക്കാം ഗുരുവിന്റെ പ്രകാശമുണ്ടാവട്ടെ എന്ന മന്ത്രത്തിലൂടെ വെളിവാകുന്നത്.
പിന്നീട് 1921 ല്‍ മുരിക്കുംപുഴ കാളകണ്‌ഠേശ്വരത്ത് നടത്തിയ ഓം സത്യം ധര്‍മ്മം ദയാ ശാന്തി എന്ന് എഴുതിയ പ്രഭ ആ ആത്മതത്ത്വത്തിന്റെ, ബ്രഹ്മതത്ത്വത്തിന്റെ സ്വരൂപത്തെ വെളിവാക്കുന്ന ഒന്നായിരുന്നു. നിത്യമായിട്ടുള്ളതും എല്ലാറ്റിന്റെയും അധിഷ്‌ഠാനമായിരിക്കുന്നതും കാരുണ്യമാര്‍ന്നതും പരമശാന്തിയേകുന്നതുമാണ് നിങ്ങള്‍ അന്വേഷിക്കുന്ന ആ നിരിന്ധനജ്യോതിസ്വരൂപം എന്നും ഈ പ്രതിഷ്‌ഠയിലൂടെ വെളിവാക്കുവാന്‍ ഗുരുവിനു സാധിച്ചു.
1927 ല്‍ കളവംകോടത്ത് നിലക്കണ്ണാടിയിലെ രസംചുരണ്ടി ഒം ശാന്തി എന്ന് എഴുതി പ്രതിഷ്‌ഠിച്ചു. മുരിക്കുംപുഴ പ്രതിഷ്‌ഠക്കുശേഷം ആറുവര്‍ഷത്തിനുശേഷമുള്ള കളവംകോടം പ്രതിഷ്‌ഠയില്‍ സത്യം ധര്‍മ്മം ദയ ഇവയെ ഒഴിവാക്കി ഒം ശാന്തി എന്ന് രേഖപ്പെടുത്താന്‍ എന്തായിരുന്നു കാരണം? അതുവരെ വേദാന്തികള്‍ക്ക് അറിവില്ലായിരുന്ന ഒം എന്ന മന്ത്രസ്വരൂപത്തിന് അതിന്റേതായ അര്‍ത്ഥമുണ്ട് എന്ന് വെളിവാക്കിക്കൊടുക്കാന്‍ ഗുരുവിന് സാധിച്ചു. അരുവിപ്പുറത്തെ സകാരരൂപത്തില്‍ തുടങ്ങിയ ആത്മാന്വേഷണമാര്‍ഗ്ഗത്തില്‍ അനുഭവമായിത്തീര്‍ന്ന എല്ലാറ്റിനെയും ഒന്നൊന്നായി എണ്ണിയെണ്ണി പെരുളൊടുങ്ങുകയായിരുന്നു. ഒം ശാന്തിയില്‍ സത്യം ധര്‍മ്മം ദയ ഇവയെല്ലാം അര്‍ത്ഥഗര്‍ഭമായി അസ്‌പന്ദമായിത്തീര്‍ന്നു.
ആത്മാന്വേഷണത്തിന്റെ, ദൈവത്തിന്റെ പൊരുള്‍തേടിയുള്ള അന്വേഷണത്തിന്റെ സുപ്രധാനഘട്ടമായിരുന്നു 1927 ജൂണില്‍ ഉല്ലലയില്‍ ഓം എന്ന് രേഖപ്പെടുത്തിയ നിലക്കണ്ണാടി പ്രതിഷ്‌ഠ. കളവംകോടം പ്രതിഷ്‌ഠയിലെ ശാന്തി ഇവിടെ ഓങ്കാരപ്പൊരുളില്‍ അസ്‌പന്ദമായിത്തീര്‍ന്നു.
പ്രപഞ്ചമാകുന്ന കണ്ണാടിയില്‍ കാണപ്പെടുന്നതെല്ലാം നിഴലുകള്‍മാത്രം. നിഴലുകള്‍ക്കോ അസ്ഥിത്വമില്ല. എല്ലാറ്റിനും കാരണമായി,സാക്ഷിയായി ചൈതന്യംനല്‍കി പ്രപഞ്ചമധ്യത്തില്‍ ഓംങ്കാരസ്വരൂപമാര്‍ന്ന ഒന്നായമാമതി. അതില്‍നിന്നും ഉതിര്‍ന്ന ആയിരക്കണക്കിന് ത്രിപുടീരൂപങ്ങളത്ര നിഴലുകള്‍. തന്മതിമറന്ന് അന്നാദികളില്‍ ഭ്രമിച്ച നിഴലുകള്‍ പ്രപഞ്ച ദൃശ്യങ്ങളായി കാണപ്പെടുന്നു. ഈ പ്രപഞ്ച ദൃശ്യങ്ങള്‍ പരമാത്മാവിന്റെ അംശങ്ങളാണ് എന്ന് പറയാന്‍ സാധിക്കുമോ? അഖണ്ഡമായ പരമാത്മാവിന് അംശമില്ല. അതിന് അംശം സാധ്യമല്ലല്ലോ. അതുകൊണ്ട് ഇവയെല്ലാം വെറും വിവര്‍ത്തങ്ങള്‍, തോന്നലുകള്‍ മാത്രം. കയറില്‍ സര്‍പ്പത്തെ ദര്‍ശിച്ച വിവര്‍ത്തം. ജ്ഞാനപ്രകാശത്താല്‍ വിവര്‍ത്ത രൂപങ്ങള്‍ പോയ്‌മറയും. അതോടെ സത്യവസ്‌തു പ്രത്യക്ഷമാവും. കണ്ണാടിയില്‍ പ്രത്യക്ഷമായിരിക്കുന്ന ഓംങ്കാരം സകലതിന്റേയും ആദികാരണമായ സത്യവസ്‌തുവാണ്. നിഴല്‍രൂപങ്ങള്‍ പോയിമറയുമ്പോള്‍ അവശേഷിക്കുന്നത് ആ ആദികാരണമായ ചൈതന്യം മാത്രം. അവിടെ നാമും നമ്മുടെ സങ്കല്‌പവികല്‌പങ്ങളും എല്ലാം അസ്‌പന്ദമായിത്തീരുന്നു. ത്രിപുടി മുടിഞ്ഞ് തെളിയുന്ന ദീപം. സകലവും അടങ്ങുന്ന സ്വയം പ്രകാശമായ ഇടം. ഇവിടമാണ് നാം അന്വേഷിച്ചുവന്ന നമ്മുടെ ജന്മഗേഹം.
തന്റെ കണ്ടെത്തലുകള്‍ സാധകര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാന്‍ 46 ല്‍ പരമുള്ള കൃതികളിലൂടെ ഗുരു ശ്രമിച്ചിട്ടുമുണ്ട്. ഗദ്യപ്രാര്‍ത്ഥനയില്‍ നാം ശ്രദ്ധിക്കാതെ പോയത് പലതുമുണ്ട്.
സകല പാപങ്ങളെയും നശിപ്പിക്കുന്ന - വറുത്തു കളയുന്ന- പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ലവഴിയെ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ. പരമാത്മസ്വരൂപമാണ് നമ്മുടെ ബുദ്ധിയ നിയന്ത്രിക്കുന്നത്. അത് ധ്യാനത്തിലൂടെയേ വെളിവാകുകയുള്ളൂ. ധ്യാനം ഉറയ്‌ക്കണമെങ്കില്‍ പരമാത്മാവിന്റെ അനുഗ്രഹവും വേണം. പരമാത്മാവ് വെളിപ്പെടുന്നതോടുകൂടി സകലപാപങ്ങളും നശിക്കുകയും ചെയ്യുന്നു. ഈശാവാസ്യത്തിന്റെ പരിഭാഷയിലൂടെ ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നു. അതുകൊണ്ട് നീ വികല സങ്കല്‌പങ്ങളില്‍നിന്നും മുക്തനായി ജീവിതം നയിക്കുക എന്നും ഗുരു അരുളിയിരിക്കുന്നു.
സകാരരൂപമായ ശിവലിംഗത്തില്‍ തുടങ്ങി നിരാകാരവും നിര്‍വ്വികാരവുമായ ഓംകാരത്തിലെത്തിയ ഈശ്വരാന്വേഷണ മാര്‍ഗ്ഗമാണ് ഗുരു നമുക്ക് പരിചയപ്പെടുത്തിയത്. മാനവജീവിത്തിന്റെ ലക്ഷ്യമായ ഈശ്വര സാക്ഷാത്‌കാരത്തിന്റെ ക്രമാനുഗതമായ ശാസ്‌ത്രീയ മാര്‍ഗ്ഗമാണ് ഗുരു ക്ഷേത്രപ്രതിഷ്‌ഠയിലൂടെ വെളിവാക്കിയിരിക്കുന്നത്. സത്യ ധര്‍മ്മ ദയാ ശാന്തിയിലധിഷ്‌ഠിതമായ ഓങ്കാരസ്വരൂപമാര്‍ന്നതും ധ്യാനവൈഭവത്താല്‍ മാത്രം അനുഭവിക്കാന്‍ സാധിക്കുന്നതുമായ ദൈവസങ്കല്‌പത്തെയും മഹാജ്ഞാനത്തെയുമാണ് ഗുരു വിഭാവനം ചെയ്‌തതെന്ന് കാണുന്നു.
Courtesy : ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്
Link: ശ്രീനാരായണ-ജ്ഞാനസമീക്ഷ
0 comments:
Post a Comment