Saturday 2 November 2013

സമഭാവനയും സാഹോദര്യവും

പ്രസ്ഥാനമാണോ വ്യക്തിയാണോ വലുതെന്ന ചോദ്യം പൊതുജീവിതത്തില്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ചില വ്യക്തികള്‍ വലിയ പ്രസ്ഥാനമായി മാറുന്ന അനുഭവം ചരിത്രത്തില്‍ ചുരുക്കമായെങ്കിലും സംഭവിക്കുന്നു. 'സഹോദരസംഘം' കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കൊച്ചി രാജ്യത്ത് രൂപംകൊണ്ട ഒരു പ്രസ്ഥാനമായിരുന്നു. അതിന് നേതൃത്വം വഹിച്ച കെ.അയ്യപ്പന്‍ ബി.എ ചുരുങ്ങിയകാലം കൊണ്ട് ആ പ്രസ്ഥാനത്തെക്കാള്‍ വലിയ പ്രസ്ഥാനമായി മാറി. അദ്ദേഹത്തെ ജനങ്ങള്‍ 'സഹോദരന്‍ അയ്യപ്പന്‍' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. സഖാവ് അഥവാ കോമ്രേഡ് എന്ന് കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ പരസ്പരം വിളിക്കാന്‍ തുടങ്ങുന്നതിന് കാല്‍നൂറ്റാണ്ട് മുമ്പ്, അധ്യാപകനായിരുന്ന കെ.അയ്യപ്പന്‍ മാസ്റ്റര്‍ മനുഷ്യര്‍ക്കിടയില്‍ സമഭാവം ഉണ്ടാക്കാന്‍ ഇട്ടുകൊടുത്ത പദമാണ് സഹോദരന്‍. ജാതിനശീകരണ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും 'സഹോദരന്‍' എന്നായിരുന്നു.
പത്രാധിപന്മാര്‍ സ്വന്തം പത്രത്തിന്റെ പേരു ചേര്‍ത്തു വിളിക്കപ്പെടുന്ന പ്രവണത അക്കാലത്തു പതിവായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, മിതവാദി കൃഷ്ണന്‍ എന്നൊക്കെ പറയുന്നതുപോലെ സഹോദരന്‍ പത്രത്തിന്റെ പത്രാധിപര്‍ സഹോദരന്‍ അയ്യപ്പന്‍ എന്ന് അറിയപ്പെട്ടത് സ്വാഭാവികമായ നാട്ടുനടപ്പു തന്നെ. ക്രിസ്തുമത പ്രചാരകരായ ഒരുകൂട്ടര്‍ പരസ്പരം 'ബ്രദര്‍' എന്ന് വിളിക്കാറുണ്ട്. അതില്‍ നിന്ന് പ്രചോദനം കൊണ്ട് സ്വീകരിച്ചതാകാം സഹോദരന്‍ എന്ന വാക്കെന്ന് തോന്നാമെങ്കിലും സഹോദരന്‍ അയ്യപ്പന്‍ ഒരു ബുദ്ധമത വിശ്വാസിയായിരുന്നു. 'ധര്‍മ്മം ശരണം ഗച്ഛാമി' എന്ന് സഹോദരന്‍ പത്രത്തിന്റെ ആദര്‍ശവാക്യമായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ജിഹ്വയായി 36 വര്‍ഷം കൊച്ചി രാജ്യത്ത് നിലനിന്ന 'സഹോദരന്‍' പത്രത്തിന് മലയാളം പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്.

മഹാത്മജിക്ക് 'നവജീവന്‍' പോലെയായിരുന്നു കെ.അയ്യപ്പന്‍ മാസ്റ്റര്‍ക്ക് 'സഹോദരന്‍.' പ്രക്ഷോഭവാസനയുടെ അര്‍ത്ഥവത്തായ പൈതൃകം സൃഷ്ടിച്ച കേസരി, സമത്വവാദി, സ്വദേശാഭിമാനി, സഹോദരന്‍ എന്നീ പത്രങ്ങളെയും അവയുടെ പത്രാധിപന്മാരെയും വിസ്മരിച്ച് ആധുനിക കേരളത്തിന്റെ ചരിത്രാന്വേഷികള്‍ക്ക് ഒരിക്കലും മുന്നോട്ടു പോകാനാവില്ല.
ജാതിയാചാരങ്ങള്‍ക്കെതിരെ ക്ഷോഭിക്കുന്ന വാക്കുകളും തീക്ഷ്ണമായ കണ്ണുകളും ഉറക്കമില്ലാത്ത രാത്രികളുമായി ജീവിച്ച സഹോദരന്‍ അയ്യപ്പന്‍ തന്റെ ജന്മനാടായ ചെറായി ഗ്രാമത്തില്‍ 1917 മേയ് 29-ാം തീയതി സമാനചിന്താഗതിക്കാരായ പന്ത്രണ്ട് പേരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി. ആലുവ അദൈ്വതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരുവിനെ കണ്ട് ചര്‍ച്ച ചെയ്തശേഷമായിരുന്നു ആ യോഗം. ദുരാചാരങ്ങള്‍ക്കെതിരെ ഉല്‍ബോധനങ്ങള്‍ പോര, പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ബി.എ. പരീക്ഷ പാസായ വിവരം അറിയിക്കാന്‍ എത്തിയ അയ്യപ്പനോട് സംഭാഷണത്തിനിടയില്‍ ഗുരു പറഞ്ഞു. ''ജാതി പോകണം അയ്യപ്പ, അതിനെന്തെങ്കിലും ചെയ്‌തേ പറ്റൂ.'' ഗുരു ഉപദേശിച്ചു. ആ ഉപദേശം കേട്ട് ഗ്രാമത്തില്‍ തിരിച്ചെത്തിയാണ് അയ്യപ്പന്‍ 12 ചെറുപ്പക്കാരുമായി കൂടിയാലോചിച്ച് ജാതിവിരുദ്ധ പ്രതിജ്ഞയെടുത്തതും മിശ്രഭോജനം നടത്തിയതും. രണ്ടു പുലയക്കുട്ടികള്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ ഈ പന്ത്രണ്ടു പേരില്‍ നാലുപേര്‍ മാത്രമേ സന്നദ്ധരായുള്ളൂ. എന്നാല്‍ മിശ്രഭോജനത്തെക്കുറിച്ചുള്ള സന്ദേശം ശ്രവിച്ച് സമീപപ്രദേശങ്ങളില്‍ നിന്ന് അനേകം പേര്‍ തുണ്ടിടപ്പറമ്പില്‍ എത്തി. ഒരു ഹരിജനബാലന്‍ പായസം വിളമ്പി. എല്ലാവര്‍ക്കും ആവശ്യാനുസരണം ഭക്ഷിക്കാന്‍ പായസം തികഞ്ഞില്ല. എങ്കിലും ജാതി വിചാരങ്ങള്‍ക്കെതിരെ തികവാര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ തിരി അവിടെ തെളിഞ്ഞു. 'ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ നിയമവിരുദ്ധമല്ലാത്ത വിധം കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാന്‍ പൂര്‍ണ്ണമനസ്സാലെ സമ്മതിച്ച് സത്യം ചെയ്തുകൊള്ളുന്നു...' എന്ന പ്രതിജ്ഞാവാചകം സഹോദരന്‍ അയ്യപ്പന്‍ ചൊല്ലി. മിശ്രഭോജനത്തില്‍ പങ്കെടുത്തവരെല്ലാം അത് ഏറ്റുചൊല്ലി. ഇരുന്നൂറ് പേര്‍ ആദ്യ മിശ്രഭോജന പരിപാടിയില്‍ പങ്കെടുത്തു. ജാതിശ്രേണിയില്‍ തൊട്ടുമുകളിലെന്നു കരുതുന്നവരുടെ ഒപ്പം ചേരുന്നതിലല്ല; താഴെയുള്ളവരെ കൂടെ ചേര്‍ക്കുന്നതിലാണ് മഹത്വവും പ്രാധാന്യവും. ഇക്കാര്യം സഹോദരന്‍ തന്റെ സഹപ്രവര്‍ത്തകരെ ധരിപ്പിച്ചു. സഹോദരസംഘം അവിടെ നിന്ന് ഒരു പ്രസ്ഥാനമായി വളര്‍ന്നത് നിരന്തരമായ എതിര്‍പ്പുകളിലൂടെയാണ്. യാഥാസ്ഥിതികര്‍ ജാതിഭേദമില്ലാതെ സംഘടിതമായി സഹോദര പ്രസ്ഥാനത്തെ എതിര്‍ത്തു. എതിര്‍ക്കും തോറും പാവപ്പെട്ടവര്‍ക്കിടയില്‍ അയ്യപ്പനും സഹോദര പ്രസ്ഥാനത്തിനും സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 1917 മേയ് 29-ാം തീയതിയിലെ മിശ്രഭോജനത്തെ ആസ്പദമാക്കി അയ്യപ്പന്‍ മാസ്റ്റര്‍ കോഴിക്കോട്ടെ മിതവാദി പത്രത്തിലേക്ക് ഒരു ലേഖനമയച്ചു. പത്രാധിപര്‍ കൃഷ്ണന്‍ ലേഖനം ഒരു കുറിപ്പോടുകൂടി മടക്കി അയച്ചു. 'ലേഖനം ഒന്നാംതരം തന്നെ. പക്ഷേ പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ല.' അയ്യപ്പന് നിരാശ തോന്നിയില്ല. ജാതിനശീകരണ പ്രസ്ഥാനമായ സഹോദര സംഘത്തിന്റെ പ്രചണാര്‍ത്ഥം സ്വന്തമായി ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ മിതവാദിയില്‍ നിന്നു തിരിച്ചയച്ച ലേഖനം ഉള്‍പ്പെടുത്തിക്കൊണ്ട് 1917 ല്‍ അയ്യപ്പന്‍ പത്രാധിപരായി 'സഹോദരന്‍' മാസിക പ്രസിദ്ധീകരണം തുടങ്ങി. ചെറായി യൂണിയന്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു അപ്പോള്‍ അയ്യപ്പന്‍. ആദ്യലക്കം മാസികയില്‍ ചേര്‍ക്കേണ്ട മുഖപ്രസംഗം ഗുരുസ്വാമിയെ വായിച്ചുകേള്‍പ്പിച്ചു.
'വിശ്വസിക്കുന്നതുപോലെ പറയുവാനും പറയുന്നതുപോലെ നടക്കുവാനും ഒരുക്കമുള്ള നിഷ്‌കപടന്മാരെ ഒരുമിച്ചു ചേര്‍ത്ത് ഉല്‍കൃഷ്ടമായ ഉദ്ദേശ ശക്തികൊണ്ട് ജാതിബാധ ഒഴിപ്പിക്കാന്‍ വേണ്ടി ചെറുതായി ആരംഭിച്ചിരിക്കുന്ന ഒരു വലിയ സ്ഥാപനമാണിത്.' എന്ന് ഒന്നാം മുഖപ്രസംഗത്തില്‍ പത്രാധിപര്‍ നയം വ്യക്തമാക്കി. ''കൊള്ളാം, നന്നായിട്ടുണ്ട്.'' എന്ന് ഗുരു അയ്യപ്പനെ അനുഗ്രഹിച്ചു. പിറ്റേക്കൊല്ലം നിയമം പഠിക്കാന്‍ അയ്യപ്പന്‍ തിരുവനന്തപുരത്തേക്കു പോയി. അവിടെ ഒരു സ്‌കൂളില്‍ അധ്യാപക ജോലിയും സ്വീകരിച്ചു. രണ്ടുകൊല്ലം മുടങ്ങാതെ മാസികയും പ്രസിദ്ധീകരിച്ചു പോന്നു. മഹാകവി കുമാരനാശാന്‍ പരിചയപ്പെടുത്തിക്കൊടുത്ത ഒരു സ്‌നേഹിതന്റെ അച്ചടിശാലയില്‍ നിന്നാണ് 'സഹോദരന്‍' മാസത്തില്‍ രണ്ടെന്ന വിധം ദൈ്വവാരികയായി ഇറങ്ങിയത്. നിയമപഠനം കഴിഞ്ഞ് എറണാകുളത്ത് തിരിച്ചെത്തി പ്രതിവാര പത്രമാക്കി. റോയല്‍ സൈസില്‍ എട്ടുപേജുള്ള സഹോദരന്‍ വാരിക കൊച്ചി നാട്ടുരാജ്യത്ത് നല്ല പ്രചാരം നേടി. ദിവാന്‍ പരവക്കാട്ട് നാരായണ മേനോന്‍ സര്‍ക്കാര്‍ സര്‍വീസില്‍ പത്രാധിപര്‍ അയ്യപ്പന് നല്ലൊരു ഉദ്യോഗം വാഗ്ദാനം ചെയ്തു. പത്രത്തിന്റെ പ്രസിദ്ധീകരണം നിറുത്തണമെന്നില്ല. ചുമതല മറ്റുവല്ലവരെയും ഏല്‍പ്പിച്ചിട്ട് അയ്യപ്പന് ഉദ്യോഗത്തില്‍ പ്രവേശിക്കാം. മധുരതരമായ ഈ പ്രലോഭനത്തില്‍ അയ്യപ്പന്‍ വീണില്ല. എന്നാല്‍ സാമ്പത്തിക പ്രയാസം മൂലം രണ്ടുകൊല്ലം കഴിഞ്ഞ് സഹോദരന്‍ പത്രത്തിന്റെ പ്രസിദ്ധീകരണം തൃശൂരിലേക്കു മാറ്റേണ്ടിവന്നു. കെ.ഐ.കുഞ്ഞുണ്ണി എന്നൊരു മാനേജരെ തൃശൂരില്‍ സഹോദരനു ലഭിച്ചു. 1924ല്‍ വലിയൊരു വെള്ളപ്പൊക്കം ഉണ്ടായി. പത്രത്തിന്റെ ഫയലുകളും രേഖകളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. സഹോദരന്‍ പ്രസിദ്ധീകരണം നിലച്ചു.

ഏഴുകൊല്ലക്കാലത്തെ നിലനില്‍പ്പ് സഹോദരന്‍ പത്രത്തിന് സാമ്പത്തികമായി ആശാവഹമായിരുന്നില്ലെങ്കിലും വായനക്കാര്‍ക്കിടയില്‍ നല്ല സ്വാധീനം ലഭിച്ചു. പത്രം പുനരാരംഭിക്കാന്‍ അയ്യപ്പനെ സുഹൃത്തുക്കള്‍ നിര്‍ബന്ധപൂര്‍വ്വം പ്രേരിപ്പിച്ചു. ഒറ്റയ്ക്ക് നടത്താന്‍ അദ്ദേഹം നിസ്സഹായനായിരുന്നു. നിയമപ്രകാരം സഹോദരന്‍ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. അച്ചുകൂടം, പത്രപ്രവര്‍ത്തനം, പുസ്തകവ്യാപാരം എന്നിവ ലക്ഷ്യമായി പ്രഖ്യാപിച്ചു. അഞ്ചുരൂപ വിലയുള്ള നാലായിരം ഓഹരികളിലൂടെ 20,000 രൂപ മൂലധനം സമാഹരിച്ചു. ചുരുങ്ങിയത് പത്ത് ഓഹരിയെടുത്തവര്‍ കമ്പനി ഡയറക്ടര്‍മാരായി. കെ.രാമന്‍ വൈദ്യര്‍ മാനേജിംഗ് ഡയറക്ടറും കെ.അയ്യപ്പന്‍ സെക്രട്ടറിയും ആയി 1925 ല്‍ മട്ടാഞ്ചേരിയിലെ ഒരു വാടകകെട്ടിടത്തില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. അക്കൊല്ലം ജൂണ്‍ മാസത്തില്‍ സഹോദരന്‍ പത്രം വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. പിറ്റേക്കൊല്ലം സ്വന്തമായി ഒരു പ്രസ്സ് വാങ്ങി. ടി.സി.ഗോപാലന്‍ ഈ കാലത്ത് 17 രൂപ പ്രതിമാസ ശമ്പളത്തില്‍ സഹോദരന്‍ പ്രസ്സില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് അയ്യപ്പന്റെ അന്ത്യം വരെ വിശ്വസ്തനായ സഹചാരിയായി ടി.സി. ഉണ്ടായിരുന്നു. രണ്ടുതവണ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായപ്പോള്‍ സഹോദരന്‍ പത്രത്തിന്റെ പത്രാധിപത്യം വഹിച്ചത് ടി.സി.ഗോപാലനായിരുന്നു.
1930 ല്‍ സഹോദരന്‍ അയ്യപ്പന്‍ വിവാഹിതനായി. പാര്‍വതിയായിരുന്നു വധു. ജാതി നശിക്കാന്‍ മിശ്രവിവാഹം നാടുനീളെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്ത പത്രാധിപര്‍ സ്വസമുദായത്തില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തത് സഹോദരന്‍ പത്രത്തിന് വന്‍ തിരിച്ചടിയായി. വായനക്കാര്‍ കൂട്ടത്തോടെ പത്രം ബഹിഷ്‌കരിച്ചു. പത്രക്കെട്ടുകള്‍ പൊട്ടിക്കാതെ പല സ്ഥലത്തുനിന്നും മടങ്ങിവന്നു. പ്രചാരം ആയിരങ്ങളില്‍ നിന്ന് മുന്നൂറ് പ്രതിയായി താഴ്ന്നു. കടം നിമിത്തം കമ്പനി നടത്തിക്കൊണ്ടുപോകാന്‍ കഴിയാതായി. പത്രാധിപരുടെ വിവാഹം പത്രത്തിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാക്കിയ ആദ്യത്തെ അനുഭവമായിരുന്നു അത്. 1937 ല്‍ സഹോദരന്‍ പത്രവും കമ്പനിയും ലിക്വിഡേറ്റ് ചെയ്തു. കടബാധ്യത തീര്‍ത്ത് രണ്ടായിരം രൂപയ്ക്ക് അയ്യപ്പന്‍ പ്രസ് വിലയ്‌ക്കെടുത്തു. ചെറായി ഗ്രാമത്തിലുണ്ടായിരുന്ന ഭൂസ്വത്ത് വിറ്റ് ഓഹരി ഉടമകളുടെ ബാധ്യത തീര്‍ത്തു. ടി.സി.ഗോപാലന്‍ കോട്ടിയാട്ടില്‍ മാധവന്‍ എന്ന സുഹൃത്തുമൊത്ത് കൊളംബില്‍ പര്യടനം നടത്തി നല്ലൊരു തുക പത്രത്തിനായി സമാഹരിച്ചു. കൊളംബിലെ മലയാളികള്‍ അന്ന് സഹോദര പ്രസ്ഥാനത്തിന്റെ പേരില്‍ വ്യക്തമായ രണ്ടു ചേരിയായിരുന്നു. സഹോദരന്‍ പക്ഷക്കാര്‍ ഗോപാലനെയും കൂട്ടുകാരനെയും ഹൃദ്യമായി സ്വീകരിച്ചു. മറുചേരിക്കാരെ സമീപിക്കരുതെന്ന് ഉപദേശിച്ചു. എന്നാല്‍ പിരിവിനു വന്ന തങ്ങള്‍ക്ക് ചേരിയില്ലെന്ന് പറഞ്ഞ് ഗോപാലന്‍ ഇരുകൂട്ടരെയും കണ്ടു. പിരിച്ച തുക കലിക്കറ്റ് ബാങ്കിന്റെ കൊളംബ് ശാഖയില്‍ അടച്ച് അയ്യപ്പന്റെ പേര്‍ക്ക് ചെക്കായി അയച്ചുകൊടുത്തു. ആ തുക കൊണ്ട് എറണാകുളം വളഞ്ഞമ്പലത്തിനടുത്ത് എം.ജി.റോഡരുകില്‍ സ്ഥലം വാങ്ങി. ഇന്നവിടെ കാണുന്ന 'സഹോദര ഭവനം' നിര്‍മ്മിച്ച് പ്രസ്സും പത്രം ഓഫീസും അങ്ങോട്ടു മാറ്റി സ്ഥാപിച്ചു. 1956 ല്‍ 'സഹോദരന്‍' പ്രസിദ്ധീകരണം നിറുത്തുന്നതുവരെ ഇവിടെ നിന്നാണ് പത്രം ഇറങ്ങിക്കൊണ്ടിരുന്നത്.
സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആദ്യപ്രചാരകനായിരുന്നു പത്രാധിപര്‍ അയ്യപ്പന്‍. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളുടെ തീവ്രത കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായി. അതിനാല്‍ കമ്യൂണിസ്റ്റ് ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ 'വേലക്കാരന്‍' എന്നൊരു പ്രസിദ്ധീകരണം സ്വന്തമായി അയ്യപ്പന്‍ തുടങ്ങി. ആലപ്പുഴയിലെ തൊഴിലാളികളായിരുന്നു അതിന്റെ മുഖ്യപ്രചാരകരും വായനക്കാരും. പാര്‍വതി അയ്യപ്പന്റെ പത്രാധിപത്യത്തില്‍ 'സ്ത്രീ' എന്നൊരു മാസികയും വാര്‍ഷിക വരിസംഖ്യ രണ്ടുരൂപ നിരക്കില്‍ പ്രസിദ്ധീകരിച്ചു. 1946 ല്‍ 'സഹോദരന്‍' ഒരു ദിനപ്പത്രമാക്കാന്‍ ശ്രമം തുടങ്ങി. ഒരു മുഖപ്രസംഗത്തിലൂടെ ആ തീരുമാനം അയ്യപ്പന്‍ വായനക്കാരെ അറിയിച്ചു. പക്ഷേ അതിനുവേണ്ടിയുള്ള ധനസമാഹരണം വേണ്ടവിധം വിജയിച്ചില്ല. കാല്‍ലക്ഷം രൂപ പ്രതീക്ഷിച്ചെങ്കിലും പതിനായിരം രൂപയില്‍ താഴെയായിരുന്നു ലഭിച്ചത്. ടി.സി.ഗോപാലനും കോണ്‍ഗ്രസ് നേതാവ് കെ.കെ.വിശ്വനാഥനും ധനസമാഹരണത്തിന് നേതൃത്വം കൊടുത്തെങ്കിലും ഉദ്ദേശിച്ച ഫണ്ട് ലഭിക്കാഞ്ഞതിനാല്‍ പിരിച്ച തുക മടക്കിക്കൊടുത്തു. കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മ വലിയൊരു തുക അയ്യപ്പനെ നേരിട്ട് ഏല്‍പ്പിച്ച് സഹായിച്ചു. അച്ചടിശാല നവീകരിക്കാനും പത്രം തുടര്‍ന്നു പോകാനും അത് ഉപകരിച്ചു. പ്രസ്സില്‍ ധാരാളം പുറംജോലി ലഭിച്ചതുകൊണ്ട് പത്രം മൂലം ഉണ്ടായിക്കൊണ്ടിരുന്ന നഷ്ടം നികത്തിപ്പോന്നു. 1956 മാര്‍ച്ച് 24-ാം തീയതി അയ്യപ്പന് ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിദഗ്ദ്ധ ചികിത്സകൊണ്ട് ജീവന്‍ രക്ഷിച്ചെങ്കിലും പൂര്‍ണ്ണവിശ്രമം ആവശ്യമായി വന്നു. 'സഹോദരന്‍' തുടര്‍ന്നു പോകാന്‍ കഴിയാതായി. അക്കൊല്ലം ജൂലായ് 28-ാം തീയതി വായനാ സമൂഹത്തോട് ആ പത്രം വിട പറഞ്ഞു. കേരള കൗമുദി പത്രാധിപര്‍ കെ.സുകുമാരന്‍ കൊച്ചിയിലെത്തി അയ്യപ്പനെ കണ്ട് പത്രം തുടര്‍ന്നു പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. അയ്യപ്പന്റെ 'ആഴ്ചക്കുറിപ്പുകള്‍' മരണം വരെ കേരള കൗമുദിയില്‍ എഴുതിപ്പോന്നു. ടി.സി.ഗോപാലന്‍ കേരള കൗമുദിയുടെ എറണാകുളം ലേഖകനായി മാറി. അദ്ദേഹത്തിന്റെ ജാമാതാവാണ് 'യോഗനാദം' പത്രാധിപര്‍ വി.ആര്‍.വിജയറാം.ഉല്‍പ്പതിഷ്ണുക്കളുടെ താവളമായിരുന്നു സഹോദരന്‍ പത്രത്തിന്റെ ഓഫീസ്. മട്ടാഞ്ചേരിയിലും എറണാകുളത്തും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് യുവ എഴുത്തുകാരും പുരോഗമന രാഷ്ട്രീയ വിശ്വാസികളും യുക്തിവാദികളും സഹോദരന്‍ പത്രവുമായി അടുപ്പം പുലര്‍ത്തി. എതിര്‍പ്പിന്റെയും ആദര്‍ശധീരതയുടെയും പ്രതീകമായിരുന്ന പി.കേശവദേവ് മട്ടാഞ്ചേരി സഹോദരന്‍ ഓഫീസില്‍ സ്ഥിരവാസമാക്കി. പ്രക്ഷോഭകാരിയായ അയ്യപ്പന്‍ മാസ്റ്ററോടുള്ള ദേവിന്റെ ആരാധനാഭാവം കാര്യമായ പ്രതിഫലം പറ്റാതെ പത്രത്തില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍, പോഞ്ഞിക്കര റാഫി, ഇടമറുക് ജോസഫ്, ശങ്കരന്‍ കരിപ്പായി തുടങ്ങി അക്കാലത്തെ യുവ എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ സഹോദരന്‍ പത്രത്തിലാണ് വെളിച്ചംകണ്ടത്. ബഷീറിനോട് സ്വാനുഭവങ്ങള്‍ കഥകളാക്കാന്‍ അയ്യപ്പന്‍ ഉപദേശിച്ചു. മതം മനുഷ്യവികാസത്തിന്റെ ശത്രുവാണെന്ന് യുക്തിവാദിയായ അയ്യപ്പന്‍ എല്ലാ ശിഷ്യരോടും പറഞ്ഞു. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നതായിരുന്നു അദ്ദേഹത്തിന്റെ സുവ്യക്തമായ നിലപാട്. ബാരിസ്റ്റര്‍ എ.കെ.പിള്ള തിരുവിതാംകൂര്‍ ദിവാനെതിരെ മെമ്മോറിയല്‍ എഴുതിയുണ്ടാക്കാന്‍ ഒളിച്ചു പാര്‍ത്തത് സഹോദരന്‍ ഓഫീസിലാണ്. ടി.എം.വര്‍ഗ്ഗീസ്, പി.കെ.കുഞ്ഞ് തുടങ്ങിയ നേതാക്കള്‍ കൊച്ചിയിലെ സുരക്ഷിത താവളമായി സഹോദര ഭവനത്തെ കണ്ടു. ഡോക്ടര്‍ പി.പി.ആന്റണി 'കുസുമം' എന്ന തൂലികാ നാമത്തില്‍ എഴുതിപ്പോന്ന യുക്തിഭദ്രമായ ലേഖനങ്ങള്‍ പത്രാധിപര്‍ക്ക് വളരെ ഇഷ്ടമായിരുന്നു. ആ ലേഖനങ്ങള്‍ സമാഹരിച്ച് സൗജന്യമായി അച്ചടിച്ച് പുസ്തകമാക്കി ഇറക്കി. കുസുമം എന്ന എഴുത്തുകാരന്‍ അര്‍ബുദ രോഗം ബാധിച്ച് അകാലത്തില്‍ അന്തരിച്ചു. ജോസഫ് മുണ്ടശ്ശേരിക്ക് കമ്യൂണിസ്റ്റ് ആഭിമുഖ്യം ലഭിച്ചത് കുസുമവുമായി സഹോദരന്‍ പത്രത്തില്‍ നടന്ന വിവാദത്തില്‍ നിന്നാണെന്ന് പറയുന്നു. ജനാര്‍ദ്ദന മേനോന്‍, രാമവര്‍മ്മ തമ്പാന്‍, എം.സി.ജോസഫ് തുടങ്ങി ഒട്ടേറെപ്പേര്‍ സഹോദരനിലെ പംക്തിയെഴുത്തുകാരായിരുന്നു. ആലപ്പുഴയില്‍ 'തൊഴിലാളി' എന്നൊരു പത്രം തുടങ്ങിയപ്പോള്‍ കേശവദേവിനെ അതിന്റെ ചുമതല ഏറ്റെടുക്കാനായി സഹോദരന്‍ പ്രേരിപ്പിച്ചു. പത്രാധിപരുടെ സംഘടനാ പ്രവര്‍ത്തനം വലിയൊരു പണിമുടക്കിനും ദേവിനെതിരെ അറസ്റ്റ് വാറണ്ടിനും ഇടയാക്കി. പൊലീസിനു പിടികൊടുക്കാതെ ദേവ് കൊച്ചിയിലേക്ക് മടങ്ങിപ്പോന്നു. തിരുവിതാംകൂര്‍ പൊലീസിന് മട്ടാഞ്ചേരിയിലെ സഹോദരന്‍ ഓഫീസില്‍ പ്രവേശിക്കാന്‍ എളുപ്പമല്ല. സി.പി വിരുദ്ധ നിവര്‍ത്തന പ്രക്ഷോഭകാരികള്‍ക്ക് സഹോദരന്‍ അങ്ങനെ ഒരു അഭയസ്ഥാനമായി.ആശാന്‍ 'വണ്ടിന്റെ പാട്ട്' എന്ന കവിത എഴുതിയത് സഹോദരന്‍ മാസികയ്ക്കു വേണ്ടിയാണ്. കുറച്ചുകൂടി എരിവാകാമെന്ന് യുവ പത്രാധിപരുടെ ആവശ്യം പരിഗണിച്ച് 'സിംഹനാദം' എന്ന കവിതയും 'പരിവര്‍ത്തനം' എന്ന കൃതിയും ആശാന്‍ സഹോദരനില്‍ എഴുതി. സഹോദരനിലെ മുഖപ്രസംഗം വായിച്ച് ആഹ്ലാദഭരിതനായി ഡോക്ടര്‍ പി.പല്‍പ്പു മഹാകവിയോട് പറഞ്ഞു: ”See, how the boy writes!” എന്നാല്‍ അയ്യപ്പനെ നേരില്‍ കണ്ടപ്പോള്‍ ഡോക്ടര്‍ പല്‍പ്പു ഇങ്ങനെയാണ് ഉപദേശിച്ചത്: ''മിശ്രഭോജനം ആയിക്കോട്ടെ. ആദ്യം ഭോജനത്തിനുള്ള ചോറ് എല്ലാവര്‍ക്കും കിട്ടണ്ടേ അയ്യപ്പാ. അതാണ് പ്രധാനം.'' തിയോസഫിക്കല്‍ സൊസൈറ്റിയുടെ മുഖപത്രമായ 'സനാതനധര്‍മ്മം' സഹോദരന്‍ പത്രത്തിന്റെ മേന്മയെ പ്രശംസിച്ചത് നോക്കുക: 'ഒരു ഋഷിവര്യന്റെ നിരന്തര പ്രചോദനത്തിന്റെ ഫലം.' യാഥാസ്ഥിതിക ഹിന്ദുക്കള്‍ സഹോദരനെ 'പുലയന്‍ അയ്യപ്പന്‍' എന്ന് വിളിച്ചു. അതൊരു ബഹുമതിയായി കരുതുന്നു എന്ന് കൊച്ചി പ്രജാസഭയില്‍ അദ്ദേഹം മറുപടി പറഞ്ഞു. റാവു ബഹദൂര്‍, സര്‍ എന്നൊക്കെ സര്‍ക്കാര്‍ നല്‍കുന്ന ബഹുമതികളെക്കാള്‍ കേമം. മിശ്രഭോജന പ്രസ്ഥാനവും യുക്തിവാദ പ്രവര്‍ത്തനവുമായി നാടുചുറ്റുമ്പോള്‍ കൊടുങ്ങല്ലൂരില്‍ വച്ച് അയ്യപ്പന്റെ തലയില്‍ അക്രമികള്‍ ഉറുമ്പിന്‍ കൂട് കുടഞ്ഞു. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി അധഃസ്ഥിതരെ കൂട്ടി നിയമം ലംഘിച്ചപ്പോള്‍ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചു. അപ്പോഴെല്ലാം ഗുരുസന്നിധിയില്‍ ആശ്വാസം തേടി എത്തുകയായിരുന്നു പതിവ്. മര്‍ദ്ദനമേറ്റ പാടുകളില്‍ ഗുരു സാവകാശം തലോടി ആശ്വസിപ്പിച്ചു: ''ക്ഷമിക്കൂ അയ്യപ്പ, ക്രിസ്തുവിനെപ്പോലെ ക്ഷമിക്കൂ.'' എന്ന് ഉപദേശിച്ചു.

സഹോദരന്റെ മുഖപ്രസംഗങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പരിഭാഷപ്പെടുത്തി വല്ലപ്പോഴും തന്റെ വകുപ്പു തലവന് അയയ്ക്കുമായിരുന്നു. വിമര്‍ശനാത്മകമായ ആ കുറിപ്പുകള്‍ പലതും അങ്ങനെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ആ പൊലീസ് മേധാവിക്ക് മറുപടി അയച്ചു. ”I want such constructive criticism, I like to read more of them.“ അതിനു ശേഷം സഹോദരന്‍ പത്രത്തിലെ വിവാദപരവും വിമര്‍ശനാത്മകവുമായ ലേഖനങ്ങളെല്ലാം കൃത്യമായി പരിഭാഷപ്പെടുത്തി ഡല്‍ഹിക്ക് അയയ്ക്കാന്‍ എറണാകുളത്ത് പൊലീസ് ഒരു ഓഫീസറെ ചുമതലപ്പെടുത്തി. ആ ഉദ്യോഗസ്ഥന് സ്തുത്യര്‍ഹസേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

മഹാത്മജിയുടെ നിലപാടുകളോട് സഹോദരന്‍ അയ്യപ്പന് വിമര്‍ശനാത്മക സമീപനമായിരുന്നു. ഹിന്ദുമതാചാരങ്ങളെ ഗാന്ധിജി പിന്തുണച്ചതില്‍ സഹോദരന്‍ പ്രതിഷേധിച്ചു. മനുഷ്യഹത്യയെന്ന മഹാപാപത്തെ സാധൂകരിക്കാത്ത ഏതെങ്കിലും ഹിന്ദുമതഗ്രന്ഥമുണ്ടോ എന്ന് വര്‍ക്കലയില്‍ വച്ച് അയ്യപ്പന്‍ ഗാന്ധിജിയോട് ചോദിച്ചു. ''ഉണ്ടല്ലോ, പതഞ്ജലിയോഗ സൂത്രം'' എന്നായിരുന്നു ഉത്തരം. അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ ഗാന്ധിജി നടത്തിയ 'പൂനാപട്ടിണി' സമരത്തെയും കടുത്തഭാഷയിലാണ് സഹോദരന്‍ വിമര്‍ശിച്ചത്. പള്ളുരുത്തിയില്‍ ഗാന്ധിജിക്ക് നല്‍കിയ പൗരസ്വീകരണത്തില്‍ മംഗളപത്രം എഴുതി അവതരിപ്പിച്ചത് അയ്യപ്പനായിരുന്നു. ജാതി ആചാരങ്ങളുടെ ചങ്ങല പൊട്ടിച്ചെറിയാന്‍ മഹാത്മജി ജനങ്ങളെ ഉപദേശിക്കണമെന്ന് മംഗളപത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു വിസമ്മതിച്ചു. എന്നാല്‍ വൈക്കം സത്യാഗ്രഹവേദിയും വര്‍ക്കല ശിവഗിരിയും സന്ദര്‍ശിച്ചു മടങ്ങും വഴി കല്‍ക്കത്തയില്‍ എത്തിയശേഷം മഹാത്മജി അയിത്താചാരത്തെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റി. ‘Caste must go’ എന്ന് അന്നാദ്യമായി അദ്ദേഹം പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മലയാളക്കരയിലുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ കൊച്ചിയിലെ സഹോദരന്‍ പത്രവും കെ.അയ്യപ്പന്റെ പ്രക്ഷോഭസമരങ്ങളും വഹിച്ച നിസ്തുലമായ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. എറണാകുളം നഗരത്തിലെ ഏറ്റവും വീതിയേറിയ മഹാത്മാഗാന്ധി റോഡ് കൊച്ചിയില്‍ പൊതുമരാമത്തു വകുപ്പുമന്ത്രിയായിരുന്ന സഹോദരന്‍ അയ്യപ്പന്റെ സംഭാവനയാണ്. ആ പാതയുടെ പാര്‍ശ്വത്തില്‍ നിന്നാരംഭിച്ച് സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നാല്‍ക്കവലയായ വൈറ്റിലയില്‍ അവസാനിക്കുന്ന മൂന്നു കിലോമീറ്റര്‍ റോഡിന് സഹോദരന്‍ അയ്യപ്പന്റെ പേരാണ്. ആ റോഡിന്റെ ഒത്തനടുവില്‍ കടവന്ത്ര ജംഗ്ഷനില്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നില്‍ക്കുന്നു. വിശാലകൊച്ചി വികസന അതോറിട്ടിയുടെ ആസ്ഥാന മന്ദിര വളപ്പിലെ പുല്‍ത്തകിടിയില്‍ കാനായി തീര്‍ത്ത ശില്‍പ്പങ്ങളുണ്ട് - മുക്കോല പെരുമാക്കള്‍. സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികള്‍. മൂന്ന് ക്രിയകളുടെയും വേദി ഭൂമിയാണെന്ന് വിശ്വസിച്ച ഭൗതികവാദിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍ ഇന്നത്തെ തലമുറയില്‍ ആരെയെങ്കിലും പ്രചോദിപ്പിക്കുന്നുണ്ടോ? വിസ്മൃതിയിലായ സഹോദരന്‍ പത്രത്തിന്റെ സ്‌തോഭജനകമായ നിലപാട് ഈ കാലത്തിന് സ്വീകാര്യമല്ലാതെ വന്നാലും മലയാള ഗദ്യത്തിന്റെ വികാസദശയില്‍ 'സഹോദരന്‍' പത്രം നല്‍കിയ സംഭാവന മറക്കാവതല്ല. ഭാഷയില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൗന്ദര്യ ശാസ്ത്രത്തിനിണങ്ങിയ വാക്കുകളും പ്രയോഗങ്ങളും കേരളം ആദ്യം കണ്ടത് സഹോദരനിലാണ്. മഹാനായ ലെനിന്റെ ജീവചരിത്രവും പടവും ആദ്യം പ്രത്യക്ഷപ്പെട്ട മലയാള പത്രവും ഇതുതന്നെ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രമെഴുതിയതിന്റെ ചരിത്ര പ്രാധാന്യം എടുത്തു പറഞ്ഞവരാരും സഹോദരന്റെ സംഭാവനകളെക്കുറിച്ച് ഓര്‍ത്തില്ല. അവനവനിസം, ആള്‍ദൈവം, സൃഗാലവേദാന്തം തുടങ്ങിയ പ്രയോഗങ്ങള്‍ മലയാളികള്‍ ആദ്യം അച്ചടിച്ചുകണ്ട പത്രം സഹോദരന്‍ ആണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാറ്റിലൂടെ കിഴക്കോട്ടു പറന്നുവന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളക്കരയെ ചുഴറ്റിയെറിഞ്ഞ സാഹോദര്യം എന്ന മഹനീയാശയം നമുക്ക് ഇത്രവേഗം അന്യമായിപ്പോയതെന്ത്? അറ്റുപോയ ബൗദ്ധിക പാരമ്പര്യം.

Courtesy : http://mediamagazine.in

0 comments:

Post a Comment