Friday, 22 November 2013

മാംസാഹാരം ഉപേക്ഷിയ്ക്കണം

മാംസാഹാരം ഉപേക്ഷിയ്ക്കണം എന്ന് ഗുരുദേവൻ ഉപദേശിച്ചത് എല്ലാ മനുഷ്യരോടും ആണ്. മാംസാഹാരം ഉപേക്ഷിയ്ക്കാൻ ആരുടേയും സഹായത്തിന്റെ ആവശ്യം ഇല്ല. അത് നമ്മൾ മാത്രം നിശ്ചയിച്ചു നടപ്പിലാക്കേണ്ട കാര്യമാണ്. വേറൊരാൾക്കും ഈ തീരുമാനം കൊണ്ട് കുഴപ്പം സംഭവിയ്ക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് നമുക്ക് മാംസാഹാരം നിർത്താൻ പ്രയാസം? ഉത്തരം ഒന്നേ ഉള്ളൂ.... കൊതി...മാംസത്തിനോട് ഉള്ള അതിയായ കൊതി... കൊതി മാറണം എങ്കിൽ മതി (ബുദ്ധി) ഉണരണം. എങ്ങനെ ബുദ്ധി ഉണരും? ഗുരുദേവൻ നമുക്കുവേണ്ടി ഉപദേശിച്ച കാര്യങ്ങൾ പൂര്ണമായും സത്യമാണെന്നും അത് ജീവിതത്തിൽ പാലിയ്ക്കുന്നതാണ് ഗുരുദേവനോട് നമുക്കുള്ള സത്യസന്ധം ആയ ഗുരുഭക്തി എന്നും ഉറച്ചു വിശ്വസിച്ചു അതുപോലെ ജീവിയ്ക്കാൻ ശ്രമിയ്ക്കുക. ഒഴിവുകഴിവുകൾ കണ്ടെത്തി നമുക്ക് ഇഷ്ടമില്ലാത്ത ഗുരുവിന്റെ വാക്കുകളെ ഉപേക്ഷിയ്ക്കുകയും നമുക്ക് ഇഷ്ടമുള്ള വാക്കുകളെമാത്രം വലിയ കാര്യത്തിൽ ഉയർത്തിക്കാട്ടുകയും ചെയ്യാതെ ഗുരുദേവൻ നമ്മുടെ ഗുരുവാണ്, ഗുരു പറഞ്ഞത് ഞാൻ അനുസരിയ്ക്കും എന്ന് നിശ്ചയിക്കുക. ബുദ്ധി അവിടെ ഉണരും. കൊതിയും തീരും.

"ഭാരതീയ മനശാസ്ത്രത്തിനു ഒരു ആമുഖം" എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ കൃതിയിൽ ഒരു ചെറിയ കഥ പറയുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ എല്ലാരുംകൂടി ഒത്തു ചേർന്നു. ഒത്തുചേരൽ ആഘോഷിയ്ക്കാൻ ഡിന്നർ (നമ്മുടെ സദ്യ അല്ല) ഒരുക്കി. കോഴി പൊരിച്ചതും മറ്റും മേശയിൽ നിരന്നു. അംഗങ്ങൾ നാവും നുണഞ്ഞു നാലുപാടുനിന്നും എത്തി ആഹാരം കഴിച്ചുതുടങ്ങി. കോഴി വിഭവം നന്നായി എന്ന അഭിപ്രായം, അത്ര നന്നായില്ല കുറച്ചുകൂടി മസാല വേണമായിരുന്നു എന്ന അഭിപ്രായം, ഇങ്ങനെ പല പല അഭിപ്രായങ്ങൾ പറഞ്ഞു അംഗങ്ങൾ ഡിന്നർ കഴിക്കുന്നു. ആ ബഹളത്തിന്റെ ഇടയിൽ ഒരു കൊച്ചുകുട്ടിമാത്രം ആഹാരം കഴിയ്ക്കാൻ കൂട്ടാക്കാതെ ദുഖംകൊണ്ട് വാടിയ മുഖവുമായി, ചുണ്ടുകൾ വിതുമ്പി കരച്ചിലിന്റെ വക്കോളം എത്തി മുതിർന്നവർ എന്ന് പറയപ്പെടുന്ന ആൾക്കാരുടെ വാക്കുകളിൽ അമർഷവും ആയി ഇരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ആരോ അവനോടു നീ എന്താണ് ആഹാരം കഴിയ്ക്കാത്തത് എന്ന് ചോദിച്ചു. അവൻ കരഞ്ഞുകൊണ്ട്‌ മറുപടി പറഞ്ഞു. എനിയ്ക്ക് നിങ്ങൾ ഉണ്ടാക്കിയ ഒരു വസ്തുവും കഴിയ്ക്കാൻ വേണ്ട. ഇന്നലെ വരെ എന്റെകൂടെ ഓടി കളിച്ചിരുന്ന , ഞാൻ വിളിയ്ക്കുമ്പോൾ ഓടി അടുത്തവന്നിരുന്ന, എന്നെ നോക്കി എനിയ്ക്ക് മനസിലാകാത്ത ഭാഷയിൽ കൊകൊക്കോ എന്ന് കൊഞ്ചി സംസാരിച്ചിരുന്ന എന്റെ കൂട്ടുകാരനെ കൊന്നു തിന്നുന്ന രാക്ഷസരാണ് നിങ്ങൾ. അവൻ എന്ത് സുന്ദരനായിരുന്നു. നീണ്ട അങ്കവാലും, പൂവും, നല്ല തലയെടുപ്പും ഉണ്ടായിരുന്ന എന്റെ കൂട്ടുകാരനെ കൊന്നു അവന്റെ ശവംകൊണ്ട് ഉണ്ടാക്കിയ നിങ്ങളുടെ വൃത്തികെട്ട ഭഷണം ഞാൻ കഴിയ്ക്കണോ?. ഇവിടെ ആ കുട്ടിയുടെ വാക്കുകളിൽ ദൈവത്തിന്റെ വാക്കുകളാണ് നമ്മൾ ശ്രവിയ്ക്കുന്നത്. അവനെ ഭരിച്ചത് കൊതിയല്ല, പകരം ഉണർന്നു നിന്ന മതിയാണ് അവനെ നിയന്ത്രിച്ചത്..

കടപ്പാട് : Dilimon Vjayansobhana ( Posted on  facebook Group )

1 comments:

Post a Comment