Friday 22 November 2013

ശ്രീ നാരായണ ഗുരു

ജനനംബാല്യം വയല്‍വാരം വീട്
ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയല്‍വാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ നിന്ന് കൊല്ലത്തേക്കുള്ള റോഡില്‍ കൂടി പത്തുകിലോമീറ്റര്‍ ചെന്നാല്‍ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തന്‍കോട്ടേയ്ക്കുള്ള വഴിയില്‍ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റര്‍ പോയാല്‍ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കല്‍ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയല്‍വാരം വീട്.
ഒരേക്കറോളം വിസ്തീര്‍ണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങള്‍ പഴക്കമുണ്ട്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തില്‍ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരല്‍പുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു.വയല്‍വാരം വീട്ടുകാര്‍ക്ക് ഇലഞ്ഞിക്കല്‍ എന്ന ഒരു താവഴിയും ഉണ്ട്.
കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവര്‍ഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോള്‍ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആര്‍പ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവര്‍ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവന്‍മാരും വന്നു നോക്കിയപ്പോള്‍ കുട്ടിയില്‍ ജീവന്‍ തുടിക്കുന്നതായും അവയവങ്ങള്‍ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിള്‍ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതില്‍ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കള്‍ക്കു ബോധ്യപ്പെട്ടു.
വയല്‍വാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരില്‍ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയില്‍ മാടന്‍ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുര്‍വേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാല്‍ ആശാന്‍ എന്ന പേര്‍ ചേര്‍ത്ത് മാടനാശാന്‍ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവര്‍ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവര്‍.
സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണന്‍ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവന്‍ കൃഷ്ണന്‍ വൈദ്യന്‍ അറിയപ്പെടുന്ന ഒരു ആയുര്‍വേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു.
ജനിച്ചത് വയല്‍വാരം വീട്ടില്‍ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കല്‍ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കല്‍ വീടാണ്. ഈ ക്ഷേത്രം നായന്മാര്‍ക്കും ഈഴവന്മാര്‍ക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കല്‍ ക്ഷേത്രത്തില്‍ ആരാധനയില്‍ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികള്‍ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാന്‍ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തില്‍ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാര്‍ക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താല്‍ തമിഴിലെ പ്രാചീന കൃതികളായ തൊല്‍കാപ്പിയം, മണിമേഖല, തിരുക്കുറള്‍, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
വീട്ടില്‍ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതില്‍ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാന്‍ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാന്‍ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാല്‍ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയില്‍ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷന്‍മാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.
പഞ്ചമഹായോഗം
പണ്ഡിതന്‍മാരായ ജ്യോതിഷികള്‍ എത്രയും അപൂര്‍വ്വമായ പഞ്ചമഹായോഗം കൊണ്ടു ധന്യമായ മുഹൂര്‍ത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഗജകേസരിയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ അരോഗദൃഢഗാത്രരും , സദ് വൃത്തരും , കീര്‍ത്തിമാന്‍മാരുമായി തീരും എന്നുള്ളതാണു ഫലം.
ശ്രീ കണ്ഠയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ വിശ്വൈകജ്ഞാനികളും വിശ്രുതതപസ്വികളും ധര്‍മ്മസ്ഥാപകരും ആയിത്തീരും
സാരസ്വതയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാന്‍ പോന്ന മഹാസാഹിത്യകാരന്‍ ആയി തീരുമെന്നു കാണുന്നു.
കേസരിയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ കളത്രസ്ഥാനത്ത് കേസരിയോഗം കാണുന്നതിനാല്‍ വേളി നടക്കുകയില്ല എന്നു ഫലം
ഉഭയചരിതയോഗം - ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ ഉത്സാഹികളും , വിജയികളും , അംബരത്തോളം വളര്‍ന്ന സല്കീര്‍ത്തി പേറുന്നവരും ആയിരിക്കും.
വിദ്യാഭ്യാസം
മണയ്ക്കല്‍ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവന്‍ കൃഷ്ണന്‍വൈദ്യന്റേയും ശിക്ഷണത്തില്‍ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടില്‍ മൂത്ത പിള്ളയില്‍ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ചൊല്ലിക്കൊടുക്കുന്നത് നാണു ഉടനുടന്‍ ഗ്രഹിച്ചിരുന്നു. നാണുവിന്റെ ഈ ഓര്‍മ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞു ഇവന്‍ ലോകാരാദ്ധ്യനായ മഹാനാവും , പക്ഷെ പതിനാറു വയസ്സുവരെ മാത്രമേ മാതാപിതാക്കള്‍ക്ക് ഇവനെ വളര്‍ത്താന്‍ ലഭിക്കുകയുള്ളു.
പിതാവായ നാണുവാശാനില്‍ നിന്നും അമ്മാവനായ കൃഷ്ണന്‍ വൈദ്യനില്‍ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം , സിദ്ധരൂപം , അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനം അമ്മാവന്‍ കൃഷ്ണന്‍ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമന്‍പിള്ള ആശാന്റെ അടുക്കല്‍ കൊണ്ടുചെന്നാക്കി.
ഈഴവവിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നതിനാല്‍ അദ്ദേഹത്തിനടുത്ത് സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ ധാരാളമായി ഉണ്ടായിരുന്നില്ല. നാണുവിനെ ആശാന്‍ ആദ്യം പഠിപ്പിച്ചത് രഘുവംശം ആണ്. ഒരു ദിവസം ഈരണ്ട് ശ്ലോകം വീതം ആണ് പഠിപ്പിക്കുക . നാണുവിന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ ഇത് മതിയാകുമായിരുന്നില്ല. ഒരു ദിവസം നാണു ആശാനോട് ചോദിച്ചു. ആശാനേ ഇക്കണക്കിനുപോയാല്‍ പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകാനായി പറ്റും എന്നു തോന്നുന്നില്ല. രഘുവംശം കഴിഞ്ഞ് , മേഘസന്ദേശം , ശാകുന്തളം ഇവയിലേക്ക് കടന്നപ്പോള്‍ അവയിലെ മിക്ക ഭാഗങ്ങളും നാണു സംഗ്രഹം ആക്കി കഴിഞ്ഞു എന്നു ഗുരുവിനു മനസ്സിലായി. ആശാന്‍ നാണുവിനെ പാഠശാല ചട്ടമ്പി ആക്കി. സഹപാഠികളുടെ സംശയങ്ങള്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീര്‍ന്നു.
അലങ്കാരം , തര്‍ക്കം , വേദാന്തം വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങള്‍ ആശാന്‍ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടുള്ള നാണുവിന്‍ ആ ഭാഗങ്ങളൊക്കെ എളുപ്പത്തില്‍ പഠിച്ചു തീര്‍ക്കാന്‍ കഴിഞ്ഞു.
യൗവ്വനകാലം
22 വയസ്സായപ്പോള്‍ (1878) നാണുവിനെ തുടര്‍ന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പണ്ഡിതനായ കുമ്മമ്പിള്ളില്‍ രാമന്‍പിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരില്‍ കേശവന്‍ വൈദ്യന്‍, പെരുനെല്ലി കൃഷ്ണന്‍ വൈദ്യന്‍ എന്നിവര്‍ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളില്‍ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമര്‍ശനം, തര്‍ക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ അദ്ദേഹം വിദ്യകള്‍ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയില്‍ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാന്‍ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്നു, സമീപപ്രദേശങ്ങളില്‍ അദ്ദേഹം കാല്‍നടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകള്‍ ചൊല്ലിയും ജനങ്ങളില്‍ തത്വചിന്തയും, സമഭാവനയും വളര്‍ത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിര്‍ബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭര്‍ത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താല്‍ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. സഹോദരിമാര്‍പോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്. മലയിലെ കൊടുംകാട്ടില്‍ ഇരുന്നും നടന്നും വിശ്രമിച്ചും കുറെ ദിവസങ്ങള്‍കൊണ്ട് കോട്ടാര്‍ മലയിലെത്തി. സുഹൃത്തുക്കളുടെ കൂടെ കഴിച്ചും വീട്ടില്‍ നിന്നും ഒളിച്ചുമാറിയും കഴിഞ്ഞ ഗുരുദേവനെ കണ്ടുപിടിക്കാനായി അവസാനം വീട്ടുകാര്‍ നിയോഗിച്ചയച്ച ആളുകള്‍ ഗുരുദേവന്റെ അപ്പോഴത്തെ വിശ്രമകേന്ദ്രമായ നെയ്യാറ്റിന്‍കരയിലെത്തി. സുഹൃത്തുക്കളുടെയും വന്നുചേര്‍ന്നവരുടെയും അഭിപ്രായത്തെ കരുതി ഗുരുദേവന്‍ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ അമ്മയുടെ മരണശേഷം ആ വീട്ടില്‍ നില്കുന്നത് നിരര്‍ത്ഥകമായിതോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി. ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാന്‍ ഈ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല എന്ന് ആ പാവം സ്ത്രീ ഇക്കാലയളവില്‍ മനസ്സിലാക്കികാണും.
1885-ല്‍ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളില്‍ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടല്‍ത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയില്‍ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍ വച്ചു് കുഞ്ഞന്‍പിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികള്‍. കുഞ്ഞന്‍പിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴില്‍ നാണുവാശാന്‍ ഹഠയോഗം മുതലായ വിദ്യകള്‍ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളില്‍ പലയിടങ്ങളിലും വച്ച് പലരുടേയും മാറാരോഗങ്ങള്‍ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികള്‍ ചെയ്തതായും, മരുത്വാമലയില്‍ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാര്‍ പറയുന്നു.
സന്യാസത്തിലേക്ക്
എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ല്‍ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിന്‍ മുകളിലും ധ്യാനത്തിലേര്‍പ്പെടുക പതിവായി. അദ്ദേഹം ആ വര്‍ഷത്തിലെ ശിവരാത്രി നാളില്‍ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീര്‍ത്തു. പിന്നീട് ചിറയിന്‍കീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു. വടക്കേ ദേവേശ്വരം ക്ഷേത്ര നിര്‍മ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.
അരുവിപ്പുറം ക്ഷേത്രം
1888 മാര്‍ച്ച് മാസത്തില്‍ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിര്‍ണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ നിന്നു രണ്ടുവരികള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിര്‍ക്കാന്‍ വന്ന സവര്‍ണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവര്‍ണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവന്‍ നടത്തിയത്. സത്യാന്വേഷണത്തോടുള്ള തൃഷ്ണയില്‍ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവന്‍ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാല്‍ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകള്‍ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യന്‍മാര്‍ക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888 ല്‍ ആണ് ആ സവര്‍ണ്ണമേല്‍ക്കോയ്മയ്കെതിരേയുള്ള കുരുക്ഷേത്രയുദ്ധത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. അന്നേ ദിവസം ഗുരുദേവന്‍ ഏകാകിയായി ധ്യാനത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ അരുവിപ്പുറം ആറ്റില്‍ മുങ്ങി ഒരു ശിവലിംഗവുമായി ഉയര്‍ന്നു വന്നു. ആ ശിവലിംഗവും പിടിച്ച് ഗുരുദേവന്‍ മൂന്നുമണിക്കൂറോളം ധ്യാനനിമഗ്നനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. പിന്നീട് ആ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്
ശിവഗിരി
1904 – ല്‍ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയില്‍ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വര്‍ക്കലയില്‍ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളില്‍ അമ്പലങ്ങള്‍ നിര്‍മ്മിച്ചു. 1912-ല്‍ ശിവഗിരിയില്‍ ഒരു ശാരദാദേവിക്ഷേത്രവും നിര്‍മ്മിച്ചു.
1913-ല്‍ ആലുവയില്‍ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സര്‍വത്ര” എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 – 1923 കാലഘട്ടങ്ങളില്‍ അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരില്‍ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 – ല്‍ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
ജാതി സങ്കല്പം
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിര്‍ണ്ണയം എന്നീ കൃതികളില്‍ അദ്ദേഹം തന്റെ ജാതി സങ്കല്‍പം വ്യക്തമാക്കിയിരുന്നു.
“ മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം
യഥാന ബ്രാഹ്മനാദിരസ്യൈവംഹാ തത്ത്വം വേത്തി കോ പി ന”
എന്നദ്ദേഹം എഴുതിയതില്‍ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിര്‍വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, നായര്‍ നമ്പൂതിരി ഈഴവന്‍ പറയന്‍, പുലയന്‍ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാല്‍ ഈ തത്ത്വം ആരറിയാന്‍? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.
മതദര്‍ശനം
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ “ഏകമതം” എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തില്‍ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
“ പലമതസാരവുമേകമെന്നു പാരാതുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം”
ദൈവ സങ്കല്പം
ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തില്‍ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാര്‍ത്ഥമാണ്‌ ആത്മാവ് അല്ലെങ്കില്‍ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാല്‍ തന്നെ അത് മിഥ്യയുമാണ്‌. എന്നാല്‍ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിന്‍ നാനാരൂപങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാല്‍ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാല്‍ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിന്‍ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.
മരണം
ശിവഗിരിയില്‍ വച്ചാണ് ശ്രീനാരായണഗുരു മരണമടഞ്ഞത്.1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എന്‍.ഡി.പി യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. 1928 സെപ്റ്റംബര്‍ 20-നാണ് (മലയാളവര്‍ഷം 1104 കന്നി 5) അദ്ദേഹം മരണമടഞ്ഞത്.
കടപ്പാട് : wikipedia

1 comments:

ഗുരുദേവനും വിദ്യാധിരാജ ചട്ടമ്പി സ്വാമികളും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ടാകേണ്ടത് ആണ്...

Post a Comment