ഇൽയാസ് പാരിപ്പള്ളി
Posted on: Sunday,
08 September 2013
ആർ. പ്രകാശം ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം
(ആർ. പ്രകാശം ചരമവാർഷികം 8.9.2013)
കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച കർമ്മസാരഥി ആയിരുന്നു
ആർ. പ്രകാശം, എക്സ് എം.എൽ.എ. ഒരു പതിറ്റാണ്ടിലേറെ
ശിവഗിരി തീർത്ഥാടനത്തിന്റെ ചുക്കാൻ പിടിച്ചതുൾപ്പെടെ രാഷ്ട്രീയേതര മേഖലകളിലും അർപ്പിതമനസ്കനായിരുന്ന
ശ്രീനാരായണീയൻ.
1952ൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാനായി അദ്ദേഹം.
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാൻ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ
മുനിസിപ്പൽ ചെയർമാനും. 1954ൽ തിരു-കൊച്ചി നിയമസഭയിലും
57ൽ കേരള നിയമസഭയിലും
അംഗമായി.
മദ്രാസിൽ നിന്ന് പുന്നപ്രവയലാറിലേക്ക് പ്രതിഷേധറാലി നയിച്ച ധീരോദാത്തനും
ആദർശപ്രതാപവാനുമായിരുന്നു ആർ. പ്രകാശം. സവർണരും അവർണരും പൂതക്കുളത്ത്
ഏറ്റുമുട്ടിയപ്പോൾ ഇടപെട്ടതിന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോലും അദ്ദേഹത്തെ ഭരണകൂടമനുവദിച്ചില്ല. പാർട്ടിക്കുവേണ്ടിമാത്രം
ഒരു കാലഘട്ടം വരെ ജീവിച്ച നിസ്വാർത്ഥ രാഷ്ട്രീയത്തിന്റെ നേരായിരുന്നു ആർ. പ്രകാശം. ആ രീതിയിൽ പേരും പെരുമയും
നിലനിറുത്തിക്കൊണ്ടുതന്നെ മറ്റ് മേഖലകളിലും കടന്നുചെല്ലാൻ കഴിഞ്ഞ അംഗുലീപരിമിതരിൽ ഒരാൾ.
വിവാഹത്തിന്റെ തൊട്ടടുത്തദിവസം പാർട്ടിയുടെ നിർദ്ദേശം ശിരസാവഹിച്ചുകൊണ്ട്
ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിലായ കമ്മ്യൂണിസ്റ്റുകാരൻ; അരിവാൾ ചുറ്റിക നക്ഷത്രം
പതിച്ച കല്യാണത്താലി വധുവിന്റെ കഴുത്തിൽ ചാർത്തി വിവാഹത്തിലും വിപ്ളവം സൃഷ്ടിച്ച ഇന്ത്യയിലെ
ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമുണ്ടായിരുന്ന രാഷ്ട്രീയക്കാരൻ. പാർട്ടി പിളർന്നപ്പോൾ മനസ്സില്ലാമനസ്സോടെ
രാഷ്ട്രീയ രംഗത്തോട് വിടപറഞ്ഞ് മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച
സാമൂഹ്യപ്രതിബദ്ധൻ.
അംഗീകരിക്കാനാവാത്തതിനോടെല്ലാം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ചോരത്തിളപ്പുള്ള
വിപ്ളവകാരിയിലെ വേറിട്ട ചിന്താധാര ഒരു കാലത്ത് പാർട്ടിക്കുള്ളിലും
പുറത്ത് അധികാരകേന്ദ്രങ്ങളിലും ചൂടുള്ള ചർച്ചാവിഷയമായിരുന്നു. തടവറജീവിതവും പൊലീസ് മർദ്ദനവും അദ്ദേഹത്തെ
കൂടുതൽ കൂടുതൽ ഊർജ്ജസ്വലനാക്കുകയായിരുന്നു; കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക്
വലിച്ചടുപ്പിക്കുകയായിരുന്നു.
രാഷ്ട്രീയരംഗം വിട്ട ആർ.പി വളരെക്കാലം കൊല്ലത്തെ തോമസ് സ്റ്റീഫൻ കന്പനിയുടെ ജനറൽ മാനേജരായിരുന്നു.
പിന്നീട് സംസ്ഥാന വ്യവസായ ബോർഡംഗമായും കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ളോയ്മെന്റ്
ചെയർമാനായും മിനിമം വേജസ് കമ്മിഷൻ സ്റ്റേറ്റ് ആർബിട്രേഷൻ ബോർഡംഗമായും പ്രവർത്തിച്ചു.
കായിക്കര ആശാൻ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ആശാൻ വേൾഡ് പ്രൈസിന്റെ ഉപജ്ഞാതാവുമായിരന്നു.
ക്യൂബൻ കവിക്ക് ആശാൻ വേൾഡ് പ്രൈസ് നൽകാൻ അവസരമുണ്ടായതിലൂടെ കുമാരനാശാനേയും മലയാള സാഹിത്യത്തേയും ആ രീതിയിലും
ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന സാഹിത്യതല്പരനും. ശിവഗിരി ശ്രീനാരായണ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപകനായും
ആർ.പി സ്തുത്യർഹമായ സേവനം കാഴ്ചവച്ചു.
കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രം, സോവിയറ്റ് യൂണിയനിലെ വ്യവസായബന്ധങ്ങൾ, സി. കേശവന്റെ ജീവചരിത്രം, കാലത്തിനൊത്ത പൊലീസ് തുടങ്ങിയവയാണ് അദ്ദേഹം രചിച്ച
പുസ്തകങ്ങൾ. സി. കേശവന്റെ ജീവചരിത്രം എന്ന പുസ്തകത്തിന് പുരസ്കാരവും ലഭിച്ചു. ആർ. ശങ്കറിന്റെ ജീവചരിത്രരചന
അനാരോഗ്യം പിടികൂടുന്ന നാൾ വരെ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
ചാവർകോട് ആയുർവ്വേദ കുടുംബാംഗം ലില്ലിപ്രകാശമാണ് സഹധർമ്മിണി. മുൻമന്ത്രി എ. നീലലോഹിതദാസൻ നാടാരുടെ സഹധർമ്മിണിയും കോവളം
എം.എൽ.എയുമായ ജമീലാ പ്രകാശം, സിന്ധു പ്രകാശം, സോജാ പ്രകാശം, അഡ്വ. ഗിരീഷ്‌കുമാർ,
പരേതനായ
ശിവകുമാർ എന്നിവർ മക്കൾ. പരേതനായ ശ്രീഹർഷൻ,
എസ്.
സലീം (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ,
തൈക്കാട്), ആർ. ജോസിനി (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ)
എന്നിവരാണ് മറ്റു മരുമക്കൾ.
താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും ജീവിക്കുന്ന സമൂഹത്തിനും വേണ്ടി ആഹോരാത്രം സംശുദ്ധവും
ക്രിയാത്മകവുമായ ജീവിതം നയിക്കുന്ന ചിലർക്കെങ്കിലും അത് പൂർണ്ണമാക്കാൻ കാലം പരമാവധി സമയം
അനുവദിക്കാറുണ്ട്. സി. അച്ചുതമേനോനും ഇ.കെ. നായനാരും എ.കെ.ജിയും എം.എനും മറ്റും ആ സൗഭാഗ്യം
ലഭിച്ചവരാണ്. അവരെപ്പോലെ രാഷ്ട്രീയരംഗത്തായിട്ട് മാത്രമല്ലെങ്കിലും, പ്രവർത്തിച്ച മണ്ഡലങ്ങളിലെല്ലാം അർപ്പിതമനസ്കനായിരുന്നു
എൺപതാം വയസ്സിൽ വിടപറഞ്ഞ ആർ. പ്രകാശം.
Source : http://news.keralakaumudi.com/news.php?nid=0287a5a007c2ea55f700d9cfc9e23360#.Ui2BgSqhzPY.facebook
0 comments:
Post a Comment