Monday 2 September 2013

അനുപമ സൌഹൃദത്തിന്റെ ആരാധനയുടെ രസതന്ത്രം - സ്വരൂപചൈതന്യ

 അനുകമ്പയുടെ ആർദ്രതയും സ്നേഹത്തിന്റെ ശീതളസ്പർശവും സാഹോദര്യത്തിന്റെ നിഷ്കപടതയും സേവനത്തിന്റെ നിസ്വാർത്ഥതയുമാണ്‌ സാധാരണ മനുഷ്യനെ ദേവതുല്യനാക്കുന്നത്‌.കൃസ്തുവും
,കൃഷ്ണനും,നബിയും,ബുദ്ധനും,ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവുമൊക്കെ അത്തരത്തിൽ ദേവപ്രകാശം ചൊരിഞ്ഞവരാണ്‌. മനുഷ്യർക്കിടയിൽ ഈ ഗുണങ്ങൾ നഷ്ടപ്പെട്ടുപോകുമ്പോൾ പുതിയ വെളിച്ചവുമായി ഗുരുക്കന്മാർ വീണ്ടും അവതാരം കൊള്ളുന്നു. ഒരായിരം സൂര്യപ്രഭയിൽ ജ്വലിച്ചുണർന്ന് ഭൂമിയിൽ സാന്നിദ്ധ്യമറിയിക്കുമ്പോൾ ഒരു പക്ഷേ ആ ഗുരുമഹിമയെ വേണ്ടത്ര ഗ്രഹിക്കുവാൻ നമുക്കു സാധിച്ചെന്നു വരില്ല. എന്നാൽ ഗുരു സ്വജീവിതം കൊണ്ടു മുന്നോട്ടുവക്കുന്ന കാലാതിവർത്തിയായ സന്ദേശങ്ങൾ കാലക്രമേണ ജനം ശ്രദ്ധിച്ചു തുടങ്ങും. അപ്പോൾ മാത്രമേ ഗുരു മഹിമ മാനവഹൃദയങ്ങളിൽ ഉണരുകയും ഉയരുകയും ചെയ്യുകയുള്ളു. കേരളത്തിന്റെ ദിവ്യജ്യോതിസ്സായ ശ്രീ നാരായണ ഗുരുവിനെ സംബന്ധിച്ച്‌ പറയുമ്പോൾ ഒരു ഒരു ദശാസന്ധിയിലാണിപ്പോൾ.നൂറ്റിയൻപത്തെട്ടു വർഷം മുമ്പ് ജനിച്ച് എഴുപത്തിരണ്ട് വർഷം സശരീരനായിരുന്ന്‌ നാല്പ്പതു വർഷത്തോളം കർമ്മകാണ്ഡത്തിലാഴ്ന്ന്‌ കടന്നുപോയ ആ മഹാഗുരുവിനെ അറിഞ്ഞാദരിക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായില്ല. ഗുരുദർശനം ഉൾക്കൊണ്ട സന്യാസിശിഷ്യരും, ഗൃഹസ്ഥശിഷ്യരും അതു പ്രചരിപ്പിക്കുവാൻ മുമ്പൊക്കെ ശ്രമിക്കുകയുണ്ടായെങ്കിലും സാമൂഹ്യവ്യവസ്ഥിതിയിൽ വിദ്യാഭ്യാസം തുലോം പരിമിതമായിരുന്ന അനുയായികൾക്ക് ഗുരുദർശനത്തിന്റെ മൂല്യം വേണ്ടത്ര ഗ്രഹിക്കുവാനായില്ല. ബൗദ്ധികമായി ഉയർന്ന തലത്തിൽ നിന്നവരിൽ ബഹുഭൂരിപക്ഷമാകുന്ന സവർണ്ണജനത അധഃസ്ഥിതനെന്നു കരുതി ഗുരുദേവനെ ആദ്യമാദ്യം അറിഞ്ഞില്ലായെന്നു നടിച്ചു. ഗുരുവിന്റെ മഹിമയെ വേണ്ടത്ര പ്രോജ്ജ്വലിപ്പിച്ചു കാണിക്കുവാൻ അവർ തയ്യാറായില്ല.പകരം സാമൂഹ്യപരിഷ്ക്കർത്താവായി മാത്രം പ്രദർശിപ്പിച്ചു. മറ്റു പല കാരണങ്ങളാൽ ഗുരുവിന്റെ സമശീർഷനായ ചട്ടമ്പിസ്വാമികൾക്കും ഈ ദുസ്ഥിതിയെ നേരിടേണ്ടി വന്നു. അനുഭവം കൊണ്ടോ,അറിവു കൊണ്ടോ അറിയാത്തവരായ  . ഒരു ആരാധകവൃന്ദം   സ്വസമുദായത്തിൽ നിന്ന്‌ ഗുരുവിനുണ്ടായെങ്കിലും യഥാർത്ഥ ഗുരുമഹിമ മ റഞ്ഞുതന്നെ കിടന്നു.

എന്നാൽ വിദ്യാഭ്യാസവും വിവേകവും പുതിയ തലമുറയിൽ പ്രകാശിതമായപ്പോൾ മൂടിവെയ്ക്കപ്പെട്ട യാഥാർത്ഥ്യ ങ്ങൾ മറ നീക്കി പുറത്തു വന്നു. ഭൌതികജീവിതത്തിലേയും,ആത്മീയജീവിതത്തിലേയും നിരവധി സമസ്യകൾക്കുത്തരം നൽകുന്ന ദിശാബോധവും,ചിന്താപദ്ധതികളും കൊണ്ട്‌ സമൃദ്ധമായ ഗുരുദർശനം അറിവിന്റെ ആഴക്കടലെന്ന്‌ വിവേകശാലികൾ ഉച്ചൈസ്തരം പ്രഖ്യാപിക്കുവാൻ തുടങ്ങി. ക്രമബദ്ധതയും, ശാസ്ത്രീയ സുരക്ഷയും നൽകുന്ന ആ ജീവിതപദ്ധതി അറിയുവാനും അറിയിക്കുവാനുമായി നിരന്തര പഠനങ്ങൾ,ഗവേഷണങ്ങൾ,ഗ്രന്ഥ നിർമ്മിതി എല്ലാം അഭംഗുരം തുടർന്നു. ഇപ്പോൾ തന്നെ മൂവായിരത്തിൽ പരം പുസ്തകങ്ങൾ ഗുരുദേവസംബന്ധിയായി രചിക്കപ്പെട്ടിരിക്കുന്നുവെന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്തരം അന്വേഷണങ്ങൾക്കിടയിൽ സതീർത്ഥ്യനായിരുന്ന ചട്ടമ്പിസ്വാമികൾക്കും ഗുരുദേവനുമിടയിലുള്ള പരസ്പര ബഹുമാനവും സ്നേഹവായ്പ്പും,അന്യോന്യ സഹവർത്തിത്വവും വേണ്ടു വിധം ഉൾക്കൊള്ളുവാൻ ആഗ്രഹിക്കാത്ത ചിലരൊക്കെ ആ മഹാരഥൻമാരെ ഒരു ഗുരുശിഷ്യവാദം ചമച്ച് ഒരാളെ ഇകഴ്ത്താനും മറ്റോരെ പുകഴ്ത്താനുമുള്ള ശ്രമം നടത്തുന്ന കാഴ്ച്ചയും നാം കാണേണ്ടിവരുന്നു. കേരളം ദർശിച്ച മഹാരഥന്മാരിൽ അഗ്രഗണ്യരായ,സമശീർഷരായ മഹാഗുരുക്കന്മാരുടെ പേരിൽ കലഹംകണ്ടെത്തുകയല്ല, അവരിരുവരും പങ്കിട്ട അനുപമ സൌഹൃദത്തിന്റെ ആരാധനയുടെ രസതന്ത്രം കണ്ടെത്തി സമൂഹമൈത്രിക്കുപകരിക്കുകയാണ്‌ ഇന്നിന്റെ ആവശ്യം.

Source : http://www.saarthakam.com/lekhanam/anupamasehrdattinrearadhanayuterasatantram

0 comments:

Post a Comment