Monday 2 September 2013

നവോത്ഥാനത്തിന്റെ രാജപാത ഒരുക്കിയവര്‍

by : അഡ്വ. ഇ രാജന്‍

ശ്രീനാരായണ ഗുരുവിന്റെ ആധ്യാത്മികതയിലും തപസിലും കേന്ദ്രബിന്ദുവായത് പാവപ്പെട്ട മനുഷ്യന്റെ ഉദ്ധാരണമായിരുന്നു. ജീവാത്മാവിനെയോ പരമാത്മാവിനെയോ അന്വേഷിച്ചുകൊണ്ടുള്ള പ്രയാണമായിരുന്നില്ല ഗുരുവിന്റെ ആത്മീയത. ചുറ്റുമുള്ള അവര്‍ണന്റെയും അധ:കൃതന്റെയും ഉന്നമനത്തിലായിരുന്നു സ്വാമിയുടെ ഉല്‍ക്കണ്ഠ. അതില്‍ ജാതിമതഭേദങ്ങള്‍ അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല.

പ്രശസ്തിയും അംഗീകാരവും കിട്ടുന്നതിനു മുമ്പ് എല്ലാ മഹാന്മാര്‍ക്കും നേരിടേണ്ടിവന്ന അവഹേളനങ്ങള്‍ ഗുരുദേവനും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അവധൂതനായി അലഞ്ഞുനടന്ന ഗുരുദേവനെ ഭ്രാന്തനെന്നു പറഞ്ഞ് ജനങ്ങള്‍ അധിക്ഷേപിച്ചിട്ടുണ്ട്. അതേസമയം മറ്റ് മതസ്ഥരുടെ സ്‌നേഹാദരങ്ങള്‍ക്ക് പാത്രമാകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാമികള്‍ പരിവ്രാജകനായി തിരുവനന്തപുരത്തു സഞ്ചരിക്കുന്ന കാലത്ത് അദ്ദേഹത്തെ ആദരിച്ചത് അധികവും തമിഴരും ചുരുക്കം നായന്മാരും ആയിരുന്നു. ഡോക്ടര്‍ പല്‍പുവിന്റെ കുടുംബം ഒഴികെ ഈഴവരാരും സ്വാമികളെ അദരിച്ചില്ലെന്ന് മാത്രമല്ല; പലരും ഭ്രാന്തനെന്ന് പറഞ്ഞ് നിന്ദിക്കപോലും ചെയ്തിട്ടുണ്ട്. അക്കാലത്തെ ഗുരുദേവന്റെ ജീവിതത്തെ കുറിച്ച് പ്രൊഫ. എം കെ സാനു ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. നാടാന്മാരുടെയും ചാന്നാന്മാരുടേയും കൂടെ സ്വാമികള്‍ സഹവസിക്കുകയും ക്രിസ്ത്യാനികളുടെയും മുസല്‍മാന്മാരുടെയും സ്‌നേഹ ബഹുമാനങ്ങള്‍ക്ക് പാത്രമാകുകയും ചെയ്തിരുന്നു. മുസല്‍മാന്മാരുടെ കൂടെ ഒന്നിച്ചിടപഴകിയിരുന്നുവെന്ന് മാത്രമല്ല അവര്‍ ബിരിയാണിയും പുലാവും കോഴിക്കറിയും മറ്റും ഉണ്ടാക്കി സ്വാമികള്‍ക്ക് പലപ്പോഴും വിരുന്നുകൊടുത്തുമിരുന്നു. അവരുടെ കൂടെ ഒന്നിച്ച് പലതും കൂട്ടി ഒരു പാത്രത്തില്‍ നിന്ന് ആഹാരം കഴിച്ചിട്ടുണ്ടെന്നും സ്വാമികള്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അരുവിപ്പുറത്തിനുശേഷം ഗുരുദേവന്‍ നടത്തിയ രണ്ടാമത്തെ പ്രതിഷ്ഠ മണ്ണന്തല ക്ഷേത്രത്തിലാണ് നടന്നത്. ശ്രീനാരായണഗുരു 32 ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയതില്‍ ഇരുപതിലും ശിവനാണ് പ്രതിഷ്ഠ. ബാക്കി ആറില്‍ സുബ്രഹ്മണ്യനും നാലില്‍ ദേവിയുമാണ്. രണ്ടെണ്ണം വിഗ്രഹമില്ലാത്തവയായിരുന്നു. കാമുക്ക് ക്ഷേത്രത്തില്‍ ദീപമാണ് പ്രതിഷ്ഠ. ചേര്‍ത്തല കളവങ്കോടത്ത് കണ്ണാടിയാണ് പ്രതിഷ്ഠ. അദ്ദേഹം കോട്ടയം കുമരകത്ത് പോവുകയും ആ പ്രദേശത്ത് ഈഴവരുടെ വകയായി ഉണ്ടായിരുന്ന അനേകം പുരാതന ദുര്‍ഗാക്ഷേത്രങ്ങളിലെ ജന്തുഹിംസ നിര്‍ത്തല്‍ ചെയ്യുകയും ചെയ്തു. അവര്‍ണരുടെ ആരാധനാക്രമത്തില്‍ സാത്വികരീതികൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കോട്ടാറില്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ സ്ഥലമാണ്. അതിനുമുമ്പുണ്ടായിരുന്ന ക്ഷേത്രത്തില്‍ കരിങ്കാളി, മല്ലന്‍, ചുടലമാടന്‍, മറുത, ഇയക്കി, വങ്കാര മാടന്‍ തുടങ്ങിയവയായിരുന്നു ആരാധനാ മൂര്‍ത്തികള്‍. കുരുതി, വറപൊടി മധുരക്കള്ളില്‍ കുഴച്ചു പുളപ്പിച്ചത്, ചോര, തെറിപ്പാട്ട് എന്നിവയായിരുന്നു നിവേദ്യമായി അര്‍പ്പിച്ചിരുന്നത്. ആരാധനക്കായി വെച്ചിരുന്ന കല്ലുകളും പീഠങ്ങളും കടലില്‍ കൊണ്ടെറിഞ്ഞു. സവര്‍ണര്‍ അവര്‍ണര്‍ക്ക് നേരെ നടത്തുന്ന വിവേചനത്തിനെതിരായി അവരുടെ പോരാട്ടം എന്ന നിലയിലാണ് ഗുരുദേവന്‍ ക്ഷേത്രനിര്‍മാണവും വിഗ്രഹ പ്രതിഷ്ഠയും നടത്തിയത്.
കൂടുതല്‍ ക്ഷേത്രങ്ങള്‍ പണിയണമെന്നാവശ്യപ്പെട്ട് ഗുരുവിനെ ചെന്നുകണ്ട ഈഴവസംഘങ്ങളോട് ഗുരുദേവന്‍ പറഞ്ഞത്. ഇനി ക്ഷേത്രങ്ങളല്ല; വിദ്യാലയങ്ങളാണ് നമുക്ക് വേണ്ടത് എന്നായിരുന്നു. വിദ്യാലയങ്ങളും വ്യവസായങ്ങളുമാണ് ഈ ജനതയെ ഉദ്ധരിക്കാന്‍ അത്യാവശ്യമായിട്ടുള്ളതെന്ന് ഗുരു മനസിലാക്കി. ഈ ആശയത്തിന്റെ പ്രായോഗിക സഫലീകരണമാണ് എസ് എന്‍ ഡി പി യോഗത്തിന്റെ പിറവി. 1903 ല്‍ തിരുവിതാംകൂര്‍ കമ്പനി നിയമപ്രകാരമാണ് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിതമായത്. സംഘടിച്ചു ശക്തരാവുക, വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന മുദ്രാവാക്യം.

ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രകാരനായ ഡോ. ടി ഭാസ്‌കരന്‍ നിരീക്ഷിച്ചതുപോലെ സംഘടിച്ചു ശക്തരാവുക എന്ന ആഹ്വാനം എല്ലാ വിഭാഗക്കാരും ചെവിക്കൊണ്ടു. യോഗത്തെ മാതൃകയാക്കി മറ്റ് സമുദായക്കാരും സംഘടിച്ചു. യോഗക്ഷേമസഭ, സാധു പരിപാലന യോഗം, എന്‍ എസ് എസ് എന്നിവ ഉദാഹരണം. അയിത്തത്തിന്റെ ഉന്മൂലനം, താഴ്ന്നവര്‍ക്ക് വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും പ്രവേശനം, പൊതുവഴികളില്‍ കൂടി നടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്ര പ്രവേശനം എന്നിവക്കുവേണ്ടി യോഗം പോരാടി. സ്ത്രീ വിദ്യാഭ്യാസത്തിലും യോഗത്തിന്റെ ശ്രദ്ധ പതിഞ്ഞു. ഇവിടെ കമ്മ്യൂണിസം വളരുന്നതിനു പറ്റിയതരത്തില്‍ മണ്ണിളക്കിയിട്ടത് ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളാണ്.
ശ്രീനാരായണ ഗുരുവിനെപ്പോലെ ക്ഷേത്രങ്ങള്‍ പണിയുന്നതിനോ വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിനോ ചട്ടമ്പിസ്വാമികള്‍ താല്‍പ്പര്യമെടുത്തില്ല. ജാതീയമായ സംഘടനകള്‍ ഉണ്ടാക്കുന്നതിനും സ്വാമികള്‍ എതിരായിരുന്നു. സ്വന്തമായി ആശ്രമം പണിയുന്നതിനോ സന്യാസി സമൂഹത്തെയും അനുയായി വൃന്ദത്തേയും കൂടെക്കൊണ്ടുനടക്കുന്നതിനോ ചട്ടമ്പിസ്വാമികള്‍ ശ്രമിച്ചില്ല. ബ്രാഹ്മണ്യത്തിനെതിരെ തൂലികയെടുത്തു പോരാടുകയാണ് സ്വാമികള്‍ ചെയ്തത്.
ബ്രിട്ടീഷ് വാഴ്ചയുടെ തണലില്‍ ശക്തിപ്രാപിച്ച ക്രൈസ്തവ മതം അവര്‍ണഹിന്ദുക്കളെ മത പരിവര്‍ത്തനം നടത്തുന്നതിനായി അത്യുത്സാഹം നടത്തിയിരുന്നു. സാമ്പത്തിക പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ബലാല്‍ക്കാരവും വര്‍ധിച്ചപ്പോള്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തിന്റെ മതപരിവര്‍ത്തന ശ്രമത്തിനെതിരെ പ്രതിരോധിക്കാതെവയ്യെന്നായി. ആ ലക്ഷ്യത്തിനായി ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥമാണ് ക്രിസ്തുമത ഛേദനം.

മലയാള ഭാഷാ പഠനത്തിന് ഉദാത്തമായ സംഭാവന നല്‍കിയ അദ്ദേഹത്തിന്റെ ശ്രേഷ്ഠ ഗ്രന്ഥമാണ് പ്രാചീന മലയാളം. കേരള ചരിത്ര പഠനത്തിനും ഈ ഗ്രന്ഥം വിലപ്പെട്ടതാണ്. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഉണ്ടാക്കിയതെന്ന ഐതിഹ്യത്തെ അടിച്ചുതകര്‍ക്കാന്‍ ആദ്യം മുതിര്‍ന്നത് ചട്ടമ്പിസ്വാമികളാണ്. അതുവഴി പില്‍ക്കാലത്തെ ശാസ്ത്രീയമായ ചരിത്ര രചനാരീതികള്‍ക്ക് പാതയൊരുക്കുകയാണ് സ്വാമികള്‍ ചെയ്തത്. പ്രാചീന മലയാളം എന്ന ഗ്രന്ഥം പോലെ വിശിഷ്ടമാണ് അദ്ദേഹത്തിന്റെ അഭിഭാഷ എന്ന കൃതി. മൂലം തമിഴിലാണ് രചിച്ചതെങ്കിലും മലയാളത്തിലേക്ക് അത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദ്രാവിഡ ഭാഷകളില്‍ തമിഴിനുള്ള പ്രാചീനതയും പ്രാമാണ്യതയും സ്വാമികള്‍ പഠന വിഷയമാക്കുന്നുണ്ട്. ആദ്യ ഭാഷയ്ക്കുണ്ടെന്ന് അവകാശപ്പെടുന്ന അപ്രമാദിത്വത്തെ സ്വാമികള്‍ നഖശിഖാന്തം എതിര്‍ക്കുന്നു. അന്നുവരെ നിലവിലുണ്ടായിരുന്ന ഭാഷാശാസ്ത്രജ്ഞന്മാരുടെയും ചരിത്രകാരന്മാരുടെയും അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി ആദിഭാഷ തമിഴാണെന്ന് ഈ ഗ്രന്ഥത്തിലൂടെ സ്ഥാപിക്കുന്നു. ആര്യസംസ്‌കാരത്തേക്കാള്‍ ശ്രേഷ്ഠമാണ് ദ്രാവിഡ സംസ്‌കാരമെന്നും സ്വാമികള്‍ സ്ഥാപിക്കുന്നു.
സ്വാമികളുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം വേദാധികാര നിരൂപണമാണ്. യുക്തിപൂര്‍വവും വൈദികവുമായ തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് സ്ത്രീകള്‍ക്കും ശുദ്രന്മാര്‍ക്കും വേദാധികാരമില്ലെന്ന വാദത്തെ ചട്ടമ്പിസ്വാമികള്‍ തകര്‍ത്തുകളഞ്ഞു. വേദാധികാരം ബ്രാഹ്മണര്‍ക്കുമാത്രമല്ലെന്നും ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഉള്ളതിന്‍പ്രകാരം സമസ്തജനവിഭാഗത്തിനും വേദങ്ങളും വിജ്ഞാനവും പ്രാപ്യമാക്കണമെന്ന വാദമാണ് സ്വാമികള്‍ മുന്നോട്ടുവെച്ചത്. വേദത്തെ ശുദ്രരില്‍ നിന്നകറ്റിയത് പില്‍ക്കാലത്ത് ബ്രാഹ്മണര്‍ നടത്തിയ തന്ത്രമാണ്. വൈദിക ശ്രേഷ്ഠന്മാരുടെ വേദപ്രമാണത്തെയും വേദാധികാരത്തെയും വെല്ലുവിളിച്ച ചട്ടമ്പിസ്വാമികള്‍ സനാതനികള്‍ക്കും സവര്‍ണ മേധാവികള്‍ക്കും അനഭിമതനായിരുന്നു.
അവര്‍ണരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിനെ സ്വാമികള്‍ ശക്തമായി എതിര്‍ത്തിരുന്നു. സ്വാമികള്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ഹിന്ദുമത വിശ്വാസികള്‍ക്കെല്ലാം എല്ലാ ക്ഷേത്രങ്ങളിലും കയറിയിറങ്ങാന്‍ കഴിയുന്നകാലം അത്ര വിദൂരമല്ല. ബ്രാഹ്മണന്‍ കയറി പൂജിക്കുന്ന സ്ഥലങ്ങളിലെല്ലാം മറ്റുള്ളവര്‍ക്കെന്തുകൊണ്ട് പൂജ നടത്തിക്കൂട? പൂജാവിധികള്‍ വശമുള്ളവര്‍ക്ക് ഏത് സ്ഥലത്തും കയറി ഏതു ദേവനെയും ദേവിയെയും പൂജിക്കാം. അതില്‍ കവിഞ്ഞതിലൊന്നുമില്ല. ദൈവത്തിന് അസമത്വമുണ്ടോ? അത് മനുഷ്യരില്‍ ചിലര്‍ക്ക് മാത്രമാണുള്ളത്. അവര്‍ മനുഷ്യരുമല്ല.

ജന്തുബലി സാര്‍വത്രികമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടില്‍ അതിനെതിരെ ശബ്ദിച്ച ആദ്യത്തെ സന്യാസിവര്യന്‍ ചട്ടമ്പിസ്വാമികളാണ്. സ്വാമികള്‍ ഇപ്രകാരം പ്രതികരിക്കുകയുണ്ടായി. നമ്മുടെ രാജ്യത്ത് കാളീക്ഷേത്രങ്ങളും മൂര്‍ത്തീക്ഷേത്രങ്ങളും വളരെയുണ്ടല്ലോ. അവിടെയെല്ലാം ദൈവപ്രീതിക്കുവേണ്ടി ആടിനെയും കോഴിയേയും അപൂര്‍വം ചില സ്ഥലങ്ങളില്‍ ക്ഷുദ്രപ്രയോഗങ്ങള്‍ക്കായി മനുഷ്യക്കുരുതിയും കഴിക്കാറുണ്ട്. പാവം പിടിച്ച ആടിനെയും കോഴിയേയും മനുഷ്യകുഞ്ഞുങ്ങളെയും കൊല ചെയ്‌തേ ദൈവം പ്രസാദിക്കൂ എന്നാണീ കൊലയാളികളുടെ സിദ്ധാന്തം. കൊലപാതകത്തില്‍ പ്രസാദിക്കുന്ന ദൈവം ദൈവമല്ല. അങ്ങനെ പ്രസാദിക്കുന്ന ദൈവവുമില്ല.

അക്കാലത്തെ സമൂഹത്തെ ദുഷിപ്പിച്ചിരുന്ന അയിത്താചരണത്തെ സ്വാമികള്‍ ശക്തിയായി എതിര്‍ക്കുകയുണ്ടായി. സ്വാമികള്‍ ഈഴവരുടെയും പുലയരുടെയും കൂടെ നടക്കുകയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സ്വാമി ശക്തമായി പ്രതികരിച്ചു. നായര്‍ സമുദായത്തിനിടയില്‍ സാര്‍വത്രികമായി നിലനിന്നിരുന്ന താലികെട്ട് കല്യാണം, പുലകുളി അടിയന്തരം തുടങ്ങിയ അനാവശ്യ കാര്യങ്ങള്‍ മാറ്റേണ്ടതാണെന്നും മനുഷ്യര്‍ തമ്മിലുള്ള ജാതി വ്യത്യാസങ്ങള്‍ സമഭാവനയില്‍ കൂടി കാണേണ്ടതാണെന്നും സ്വാമികള്‍ സമര്‍ഥിക്കുന്നു.

ആധ്യാത്മിക ലോകത്തില്‍ ഒറ്റയാനായി നടന്ന് ബ്രാഹ്മണ്യത്തിന്റെ തിന്മകള്‍ക്കെതിരെ സ്വാമികള്‍ പോരാടുകയായിരുന്നു. ചട്ടമ്പിസ്വാമികളുടെ അവസാനത്തെ രണ്ടുവര്‍ഷക്കാലം 1924 ല്‍ സമാധിയാകുന്നതുവരെ കരുനാഗപ്പള്ളിയിലെ പന്മനയിലാണ് കഴിച്ചുകൂട്ടിയത്. മധ്യകേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി പിന്നീട്  മാറിയ കുമ്പളത്ത് ശങ്കുപിള്ളയുടെ ആതിഥേയത്വത്തിലാണ് സ്വാമികള്‍ അവിടെ കഴിഞ്ഞത്.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ചട്ടമ്പിസ്വാമികള്‍ പോരാടിയിരുന്നെങ്കിലും ജാതീയമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സ്വാമികള്‍ തയ്യാറായിരുന്നില്ല. നായര്‍ സമുദായത്തിന്റെ ആത്മീയ നേതാവായി ചട്ടമ്പിസ്വാമികളെ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹം അതിനോട് പ്രത്യക്ഷമായിതന്നെ വിയോജിച്ചു. സമ്മര്‍ദ്ദം കലശലായപ്പോള്‍ സ്വാമികള്‍ രേഖാമൂലം ഇപ്രകാരം മറുപടി എഴുതിക്കൊടുത്തു. 'താഴെ നിന്നാല്‍ വീഴാതെ കഴിയാം. ഈ കിഴവനെ അങ്ങുവിട്ടേക്കുക അതിനര്‍ഹതയുള്ളവര്‍ ഈ നാട്ടില്‍തന്നെയുണ്ട്. അവര്‍ക്ക് ആ സ്ഥാനം കൊടുത്ത് പൂജിച്ചുകൊള്ളുക.'
ചട്ടമ്പിസ്വാമികള്‍ അറിവിന്റെ നിറകുടമായ വിദ്യാധിരാജ പരമഭട്ടാരകന്‍ തന്നെയായിരുന്നു. അനവധി വിഷയങ്ങളില്‍ സ്വാമികള്‍ക്ക് അവഗാഹമുണ്ടായിരുന്നു. ഗണിതശാസ്ത്രം, ആയൂര്‍വേദം, ജ്യോതിഷം, യോഗ, മര്‍മ്മവിദ്യ, വേദാന്തം, സംഗീതം, ചിത്രകല, സാഹിത്യം, ഭാഷാപഠനം, ചരിത്രം എന്നീ വ്യത്യസ്തവിഷയങ്ങളെ കുറിച്ച് സ്വാമികള്‍ക്ക് പാണ്ഡിത്യമുണ്ടായിരുന്നെന്ന് മാത്രമല്ല; ഈ വിഷയങ്ങളെ കുറിച്ച് ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നോ ശ്രീനാരായണഗുരു എന്നൊരു തര്‍ക്കവും പില്‍ക്കാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. സ്വാമികളും ഗുരുദേവനും ആത്മാര്‍ഥ സുഹൃത്തുക്കളായും സ്‌നേഹാദരങ്ങള്‍ പരസ്പരം പങ്കുവച്ചുകൊണ്ടുമാണ് സഹവര്‍ത്തിച്ചിരുന്നത്. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായാണ് കണ്ടിരുന്നത് എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ പൂര്‍വാശ്രമത്തില്‍ കുഞ്ഞന്‍പിള്ള എന്ന പേരിലാണല്ലോ അറിയപ്പെട്ടിരുന്നത്. കുഞ്ഞന്‍ എന്ന പേര്‍ ശിശു എന്നായി ഗണിച്ചുകൊണ്ട് ചട്ടമ്പിസ്വാമികളെ ഗുരുവായി കരുതി ശ്രീനാരായണഗുരു നവമഞ്ജരി എന്ന കൃതിയില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്.

ശിശുനാമ ഗുരോരാജ്ഞാം
കരോമി ശിരസാ വഹന്‍
നവ മഞ്ജരികാം ശുദ്ധീ
കര്‍ത്തു മര്‍ഹന്തി കോവിദാ

പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിച്ച മഹദ്‌വ്യക്തിത്വങ്ങളായിരുന്നു ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും. സന്ന്യാസലോകത്തുതന്നെ അവരുടെ വഴികള്‍ വ്യത്യസ്തമായിരുന്നു എന്നു മാത്രം. കേരളത്തില്‍ നിലനിന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടി, നവോത്ഥാനത്തിന്റെ രാജപാത വെട്ടിയൊരുക്കാന്‍ ശ്രമിച്ചവരില്‍ പ്രാത:സ്മരണീയരാണ് ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും.

Source : http://janayugomonline.com/php/newsDetails.php?nid=1042392&cid=52&pgNo=1&keyword

0 comments:

Post a Comment