Monday, 30 September 2013

ഗുരു പുനര്‍ജ്ജനിക്കണോ

ജാതീയമായ അസമത്വങ്ങളുടെ നെരിപ്പോടും നെഞ്ചിലേറ്റി നടന്ന ഒരു സമൂഹം. അവര്‍ക്ക് വഴികാട്ടിയായി കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് വഴിവെച്ച ആചാര്യന്‍. സന്ന്യാസി, സാമൂഹിക പരിവര്‍ത്തകന്‍, നവോത്ഥാനനായകന്‍ ഇങ്ങനെ ഭാഷയ്ക്ക് വഴങ്ങുന്ന വാക്കുകള്‍ക്കുള്ളില്‍ തളച്ചിടാനാകാത്ത മഹാപ്രതിഭ. ചാതുര്‍വര്‍ണ്യം നടമാടിയിരുന്ന ഒരു സമൂഹത്തില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയോടു കലഹിക്കാതെതന്നെ ഈഴവ വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്കും പ്രബോധനങ്ങള്‍ക്കും ചിന്തകള്‍ക്കുമായി. വീണ്ടുമൊരു ചതയ ദിനം കടന്നു വരുമ്പോള്‍ ആ മഹാനുഭാവനു കേരള ജനത മുന്നില്‍ ശിരസ്സാ നമിക്കണം.

1280px-Statue_of_Sree_Narayana_Guru

സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ നാം കെട്ടിഘോഷിക്കുമ്പോഴും കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ പശ്ചാത്തലവും അനാചാരങ്ങളും സാമാന്യ ജനത്തിന് ഊഹിക്കാവുന്നതിനപ്പുറമായിരുന്നു. ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍മാത്രം അവകാശങ്ങളും അധികാരങ്ങളും. അധികാരമെല്ലാം സവര്‍ണ്ണര്‍ക്കും അദ്ധ്വാനമെല്ലാം പിന്നോക്കക്കാര്‍ക്കും. രണ്ടു തരം നീതി പുലര്‍ന്നിരുന്ന കാലഘട്ടം. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, നായര്‍ തുടങ്ങിയവര്‍ സവര്‍ണ്ണരെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവര്‍ അവര്‍ണ്ണരെന്നും തരം തിരിച്ചു നിര്‍ത്തിയ സാമൂഹ്യ പശ്ചാത്തലം. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ണ്ണര്‍ക്ക് നിഷിദ്ധം. ബ്രാഹ്മണര്‍ ജ•ികളും കര്‍ഷകരായ അവര്‍ണ്ണ ജാതിക്കാരന് അടിമവേലയും. സവര്‍ണ്ണന്റെ മുറ്റത്ത് കുത്തിയ കുഴിയിലെ ഇലയില്‍ അവര്‍ണ്ണന് ഭക്ഷണം വിളമ്പും.

ആരോഗ്യവും കൈക്കരുത്തുമുണ്ടെങ്കിലും സവര്‍ണ്ണന്റെ അടിയെല്ലാം ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗം. എന്തിന് സവര്‍ണ്ണന്റെ ശാരീരിക തൃഷ്ണകള്‍ക്ക് മനപ്പൂര്‍വ്വം അടിമപ്പെടേണ്ടിയിരുന്ന അവര്‍ണ്ണ സ്ത്രീകള്‍. മാറു മറയ്ക്കാന്‍ അവകാശം നിഷേധിച്ചതു മാത്രമല്ല മുലക്കരവും ഇക്കൂട്ടര്‍ നല്‍കേണ്ടി വന്നു. പ്രബുദ്ധ കേരളത്തിന് ഒരുകാലത്തും അംഗീകരിക്കാനാകാത്ത സംഗതികളാണ് അക്കാലത്ത് നടമാടിയത്. ബ്രാഹ്മണ വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് നായര്‍ വിഭാഗത്തിലെ സ്ത്രീകള്‍ വാതില്‍ തുറന്നുകൊടുക്കണമെന്ന് സര്‍ക്കാര്‍ തീട്ടൂരം പുറപ്പെടുവിച്ച നാടാണ് സാക്ഷര കേരളം. നായരുടെ സ്ഥിതി ഇതെങ്കില്‍ പിന്നോക്കക്കാരന്റെ ചെറ്റപൊക്കാന്‍ ബ്രാഹ്മണ്യത്തിന് ചോദ്യവും ഉത്തരവും അന്യം.

ജാതിയുടെ ഏറ്റക്കുറച്ചില്‍ നോക്കിയാണ് അക്കാലത്ത് കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. അവര്‍ണ്ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിക്ഷകള്‍ അതിക്രൂരം. ചെറിയ കുറ്റങ്ങള്‍ക്കുപോലും അവര്‍ണ്ണരുടെ അവയവങ്ങള്‍ മുറിച്ചുമാറ്റും. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തില്‍ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവര്‍ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും. കുരിശ്ശില്‍ കിടന്ന് യേശു മരിച്ചപോലെയെന്ന് പറഞ്ഞാര്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന് ഏറെ ഉള്‍ക്കൊള്ളാനാകും. ഇവിടെനിന്നാണ് ശ്രീനാരായണ ഗുരു സാമൂഹ്യമാറ്റത്തിന് വഴി തുറന്നതെന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തം.

cherai

ബ്രാഹ്മണരെയും മറ്റു സവര്‍ണ്ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രവും സ്ഥാപിച്ച് സ്വന്തം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചു. തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും ഗുരുവിന്റെ മുഖമുദ്രയായിരുന്നു. സാമൂഹ്യ തി•കള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ. ഈഴവ ആചാര്യനായി കരുതപ്പെട്ട അദ്ദേഹത്തിന്റെ ചിന്തകള്‍ സവര്‍ണ്ണരെയും അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ അവ വ്യക്തമാക്കി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം (എസ് എന്‍ ഡി പി) സ്ഥാപിച്ചു.

അവര്‍ണ്ണ വിഭാഗം സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ക്കൊപ്പം പ്രാകൃതമായ പല ആചാരങ്ങളും അനുഷ്ഠിച്ചു പോന്നു. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുകയും കള്ളും ചാരായവും ഉള്‍പ്പെടെയുള്ളവ നിവേദിക്കുകയുമായിരുന്നു അവര്‍ക്കിടയിലെ പൂജ. ഒപ്പം ആഭിചാരവും മന്ത്രവാദവും. താലികെട്ട്, കല്യാണം, തെരണ്ടുകുളി തുടങ്ങിയ ചടങ്ങുകള്‍ ആഭിജാത്യത്തിനായി ആഡംബരപൂര്‍വ്വം നടത്തി. കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികള്‍. വിവാഹം, മരണാനന്തര ക്രിയകള്‍, തുടങ്ങിയവക്ക് ഈഴവര്‍ക്കിടയില്‍ അക്കാലത്ത് വ്യവസ്ഥാപിത രീതികള്‍ ഇല്ലായിരുന്നു.

ക്ഷേത്രങ്ങള്‍ എല്ലാ കാലത്തും നമ്പൂതിരിമാരുടെ കൈവശം. അതില്‍ നായ•ാര്‍ക്ക് പോലും സ്വാതന്ത്ര്യമില്ല. സ്വയം പ്രതിഷ്ഠ നടത്തിയാണ് ഗുരു ഇതിനോട് പ്രതികരിച്ചത്. ഇത്തരത്തില്‍ കേരളത്തിലെ അവര്‍ണ്ണരുടെ ഉന്നമനത്തിനായി ഗുരു മുന്നോട്ടുവെച്ച ഓരോ ആശങ്ങള്‍ക്കും ദിനംപ്രതി പ്രസക്തി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നു. ഇവിടെ ഗുരു മുന്നോട്ടുവെച്ച ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന ചിന്നയ്ക്ക് ആക്കം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സ്വത്വം തിരിച്ചറിയാനായ ആ മഹാനുഭാവന്റെ ചിന്തകള്‍ക്ക് കാലം പിന്നിടുന്തോറും പ്രസക്തി വര്‍ദ്ധിക്കുകയാണ്. കലുഷിതമായ ഈ നൂറ്റാണ്ടില്‍ സ്വന്തം ആശയ പ്രചരണത്തിനും ലോകസമാധാനത്തിനും ഗുരു വീണ്ടും പുനര്‍ജ്ജനിക്കണോ എന്ന ചോദ്യമുയരുന്നു.

Source : http://keralapostonline.com/archives/1558

0 comments:

Post a Comment