പ്രക്ഷോഭത്തിന്റെ തരംഗങ്ങളുതിര്‍ക്കാതെ ചരിത്രത്തെ മനുഷ്യോചിതമാക്കിത്തീര്‍ത്ത നവോത്ഥാന നായകനായിരുന്നു ശ്രീ നാരായണഗുരുദേവന്‍. അറിവിന്റെ വിത്തു വിതച്ചു കൊണ്ടാണ് ഗുരു നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് തീര്‍ത്തത്. മനുഷ്യരെ വിഭാഗീകരിക്കുന്നതെന്തെല്ലാമാണോ അവയെല്ലാം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുകയെന്നതായിരുന്നു ഗുരുവിന്റെ ദര്‍ശനങ്ങളുടെ കാതല്‍. ഒരൊറ്റ ലോകം, ഒരൊറ്റ ജനത എന്ന സമവാക്യത്തിന്റെ വ്യാഖ്യാനമായിരുന്നു ഗുരുവിന്റെ ജീവിതം. സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന അരുവിപ്പുറം സന്ദേശത്തിലും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന വിശ്വസാഹോദര്യ പ്രഖ്യാപനത്തിലും 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന വിളംബരത്തിലുമെല്ലാം ഈ വ്യാഖ്യാനത്തിന്റെ സൗമ്യവും ദീപ്തവുമായ മാറ്റൊലിയുണ്ട്.മതത്തിന്റെയും ദൈവത്തിന്റെയും തത്ത്വശാസ്ത്രങ്ങള്‍ മനുഷ്യനെ ഭിന്നിപ്പിക്കാനുളളതല്ല മറിച്ച് ഒന്നിപ്പിക്കാനുളളതാണെന്ന പുതിയൊരു തത്ത്വശാസ്ത്രം ഗുരുദേവന്‍ അവതരിപ്പിച്ചു. മനുഷ്യന്റെ ഭിന്നതയ്ക്ക് കാരണമായിത്തീരുന്നതൊന്നും ദൈവികമല്ലെന്ന ഒരു ചിന്താപദ്ധതിയും ഗുരു മുന്നോട്ടുവച്ചു. ദൈവം നമ്മുടെ കാലഘട്ടത്തില്‍ മൗനത്തിലാണ് എന്ന ഹൈഡഗറുടെ ചിന്താവിപ്ലവത്തിനപ്പുറം ഏത് കാലഘട്ടത്തെയും സ്പന്ദിപ്പിക്കുന്ന വസങ്കല്പത്തിന്റെ മഹത്വം ഗുരുദേവന്‍ പ്രസരിപ്പിച്ചു.
ആധുനിക മനുഷ്യന്റെ സാംസ്‌കാരികമുഖം വിശ്വമാനവികതയുടെ പ്രഭയാല്‍ തിളങ്ങുന്നതായിരിക്കണമെന്ന ഗുരുദേവ ചിന്തയിലും ഏകലോകത്തിന്റെ ജാലകങ്ങളുണ്ട.് സര്‍വ്വവൈരുദ്ധ്യങ്ങളെയും ഏകോപിപ്പിക്കുന്ന ഗുരുദേവന്റെ തത്ത്വശാസ്ത്രം മനുഷ്യ വിമോചനത്തിന്റെ തത്ത്വശാസ്ത്രം കൂടിയാണ്. സ്വതന്ത്രനായ മനുഷ്യനെയാണ് ഗുരുദേവന്‍ സങ്കല്പിച്ചത്. ആ സ്വതന്ത്രതയാകട്ടെ കേവലം ലൗകിക സ്വാതന്ത്ര്യമായിരുന്നില്ല. ചരിത്രത്തെ വിചാരണ ചെയ്യുകയെന്ന പഴഞ്ചന്‍ സമ്പ്രദായത്തിനു പ്രാധാന്യം കല്പിക്കാതെ പ്രയത്‌നിക്കുന്ന മനുഷ്യരുടെ സമൂഹത്തെ രൂപപ്പെടുത്തുകയായിരുന്നു ഗുരുവിന്റെ ഉദ്ദേശ്യം. 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവാണി ഈ ലക്ഷ്യത്തിലേക്കുളള പ്രവേശനകവാടമാണ്.
ഗുരു ഒരു വ്യക്തിയോ പ്രസ്ഥാനമോ കാലമോ അല്ല ഒരു കോടി സൂര്യന്മാര്‍ ഒന്നിച്ചുദിച്ചുയര്‍ന്നാലെന്നതു പോലെ അജ്ഞതയുടെ കൂരിരുട്ടില്‍ നിന്നും മനുഷ്യവംശത്തെയാകെ മോചിപ്പിക്കുന്നതിനായവതരിച്ച സത്യദര്‍ശിയാണ്. അറിവ്, ധര്‍മ്മം, കര്‍മ്മം എന്നീ ത്രിമാനങ്ങളുടെ കൂടിച്ചേരലില്‍ നിന്നു മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയുളള മനുഷ്യനെ പുനര്‍ജ്ജനിപ്പിക്കുവാനുളള തത്ത്വസംഹിതകളാണ് ഗുരുദേവന്‍ മാനവരാശിക്കു നല്കിയത്. മനുഷ്യന്റെ നന്നാകലിനു പ്രതിബന്ധമാകുന്നതെല്ലാം അജ്ഞതയില്‍ നിന്നും രൂപപ്പെട്ടിട്ടുളളവയാണ്. ആ അജ്ഞത ദൂരീകരിക്കപ്പെട്ടാല്‍ 'മനുഷ്യരെല്ലാം ഒന്ന്' എന്ന സനാതനതത്ത്വം വെളിപ്പെട്ടുകിട്ടും. ഇന്നത്തെയും എന്നത്തെയും ലോകത്തിന്റെ ആവശ്യം ഈ സനാതനതത്ത്വത്തിന്റെ സ്വാംശീകരണവും അതിന്റെ വെളിച്ചത്തിലുളള പ്രവൃത്തിയുമാണ്. ഗുരുദേവന്റെ പാവനമായ ജീവിതവും അമേയമായ കൃതികളും ഈ സത്യസാക്ഷാത്കാരത്തിലേക്കുളള നേര്‍വഴികള്‍ തുറന്നുതരുന്ന വെളിപാടുകളാണ്.
വാദങ്ങളും പ്രതിവാദങ്ങളും ജയങ്ങളും പരാജയങ്ങളും മത്സരങ്ങളും അസമത്വങ്ങളും കൊണ്ട് നിത്യേന ശോഭയറ്റു പോകുന്ന ലോകത്തിന്റെയും സമസ്ത മനുഷ്യരുടെയും നന്നാകലിനും ശാശ്വതമായ നിലനില്‍പ്പിനും ഗുരുവിന്റെ ജീവിതവും ദര്‍ശനവുമാണ് പരിഹാരം.
അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും തടവറയില്‍ കഴിഞ്ഞ കേരളീയ സമൂഹത്തെ അറിവിന്റെയും മാനവികതയുടെയും ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ യഥാര്‍ത്ഥ യുഗപുരുഷനാണ് ശ്രീ നാരായണഗുരുദേവന്‍. ഗുരുദേവന്‍ നയിച്ച നവോത്ഥാനമാണ് കേരളത്തിലെ എല്ലാ സാമൂഹിക-സാംസ്‌കാരിക പുരോഗതിയുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചക്കു വഴിതെളിച്ചത്. മതനിര്‍മ്മിതമായ ഒരു കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കികണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ലോകചിന്തയില്‍ തന്നെ പുതിയൊരു ദര്‍ശനം നല്‍കിയ മഹാവിപ്ലവത്തിന് ഗുരുദേവന്‍ തുടക്കം കുറിച്ചത്. നമ്മള്‍ ആരെന്നു സ്വയം അറിയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതാണ് ഗുരുദേവന്റെ സന്ദേശങ്ങളും അദ്ദേഹം രചിച്ച കൃതികളും.
പൗരോഹിത്യം രഹസ്യമാക്കിവച്ച ജ്ഞാനത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ 'ജാതിലക്ഷണം' എന്ന കൃതിയിലൂടെ വളരെ ലളിതമായി ഗുരുദേവന്‍ തകര്‍ത്തെറിഞ്ഞു. സാമൂഹ്യതലത്തില്‍ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ഏല്‍പ്പിച്ച ആഘാതം പോലെ തന്നെ പ്രധാനമാണ് സാഹിത്യത്തില്‍ 'ജാതിലക്ഷണം' എന്ന കവിത നിര്‍വ്വഹിച്ച പൊളിച്ചെഴുത്ത് 'അദൈ്വതദീപിക', 'ആത്മോപദേശശതകം' തുടങ്ങിയ കൃതികളിലൂടെ മതങ്ങളുടെയെല്ലാം സാരം ഒന്നാണെന്നും മതസ്പര്‍ദ്ധയും മതവൈര്യവും അര്‍ത്ഥശൂന്യമാണെന്നും കേരളീയ സമൂഹത്തെ അദ്ദേഹം ബോധ്യപ്പെടുത്തി. സര്‍വ്വമത പ്രാര്‍ത്ഥനയെന്ന നിലയില്‍ പ്രശസ്തമായ 'ദൈവദശകം' സകലചരാചരങ്ങളോടും കാരുണ്യം കാണിക്കാനാണ് ഉദ്‌ഘോഷിക്കുന്നത്. സംസ്‌കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി കൃതികള്‍ ഗുരുദേവന്‍ രചിച്ചിട്ടുണ്ട്.
ഗഹനമായ ആത്മീയ വിഷയങ്ങളെ അധികരിച്ച് നിരവധികൃതികള്‍ രചിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അദ്ദേഹം നല്‍കിയ സന്ദേശം തികച്ചും ലളിതമാണ്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ദര്‍ശനത്തിന് കാലം കഴിയും തോറും പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്നതിന്റെ അനിവാര്യത ഇന്നു ലോകം മുഴുവന്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് നമ്മില്‍ വിശ്വാസമില്ലെങ്കില്‍ നമ്മുടെ ഈശ്വരവിശ്വാസമുള്‍പ്പെടെയുള്ള സകല വിശ്വാസങ്ങളും അസാധുവാകുമെന്ന സത്യം ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നതാണ് ഗുരുദേവന്റെ കൃതികളും അദ്ദേഹത്തിന്റെ ലളിതമായ സന്ദേശങ്ങളും.
ഗുരുദേവന് ഈശ്വരന്‍ വെറുമൊരു വിശ്വാസ മല്ലായിരുന്നു. സ്വന്തം ജീവിതത്തെ ഒരു പരീക്ഷണശാലയാക്കി അവിടെ എല്ലാം അനുഭവിച്ചറിഞ്ഞ ശേഷമാണ് ഗുരുദേവന്‍ നമ്മളെ ഉപദേശിച്ചത്. സ്വന്തം അനുഭവത്തിലൂടെയും അറിവിലൂടെയും അദ്ദേഹം കണ്ടെത്തിയ ഈശ്വരനെയാണ് ഗുരുദേവന്‍ നമുക്കു കാട്ടിതന്നത്. മനുഷ്യനിലെ മനുഷ്യത്വത്തെതൊട്ടുണര്‍ത്താനും, അറിവാണ് യഥാര്‍ത്ഥവെളിച്ചവും ശക്തിയുമെന്ന് അവനുപറഞ്ഞു കൊടുക്കാനും, പ്രപഞ്ചം മുഴുവന്‍ തുടിച്ചു നില്‍ക്കുന്ന ഒരു ചൈതന്യത്തിന്റെ അവകാശിയും ഭാഗവുമാണ് താനെന്ന് മനുഷ്യനെ ബോദ്ധ്യപ്പെടുത്താനുമാണ് ശ്രീനാരായണ ഗുരുദേവന്‍ തന്റെ ജീവിതം മാറ്റിവച്ചത്.
മനുഷ്യജീവിതത്തെ സമഗ്രമായികാണാനും മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങള്‍ കാലേകൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ ദര്‍ശനങ്ങളാണ് കേരളത്തെ ആധുനിക ലോകത്തിലേക്ക് കൈപിടിച്ചു നയിച്ചത്.
by : കെ. ബാബു (ഫിഷറീസ്, തുറമുഖ, എക്‌സൈസ് മന്ത്രി)
0 comments:
Post a Comment