Tuesday, 11 June 2013

അരുവിപ്പുറത്തെ അരുണോദയം

ആധുനിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 125-ാ‍ം വാര്‍ഷികം. 1888 മാര്‍ച്ച്‌ 10-ാ‍ം തിയ്യതി-കൊല്ലവര്‍ഷം 1063 കുംഭ?മാസത്തിലെ മഹാശിവരാത്രി ദിവസമായിരുന്നു ആ ചരിത്ര സംഭവം. പാതിരാത്രി കഴിഞ്ഞുള്ള ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ നെയ്യാറിന്‍ തീരത്തെ അരുവിപ്പുറത്ത്‌ ശ്രീനാരായണ ഗുരുദേവന്‍ വനദേവതമാരെയും ആകാശത്തിലെ നക്ഷത്രങ്ങളെയും സാക്ഷിയാക്കി ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയെ, മഹാദേവനെ പ്രതിഷ്ഠിച്ചു. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ അസ്തമിക്കാത്ത സൂര്യവെളിച്ചമായി ആ പ്രതിഷ്ഠ ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുകയാണ്‌.
ക്ഷേത്രമെന്നു വിശേഷിപ്പിക്കാവുന്ന താല്‍ക്കാലിക കെട്ടിടം പോലുമില്ല. ബ്രാഹ്മണ്യത്തിന്റെ പൂണൂലണിഞ്ഞ പ്രതിഷ്ഠാ കര്‍മ്മിയില്ല. മുന്‍കൂട്ടി മുഹൂര്‍ത്തം നോക്കിയില്ല. മുന്നൊരുക്കമായി ചെയ്യേണ്ട പ്രതിഷ്ഠാ വിഗ്രഹം പോലുമില്ല. നെയ്യാറിന്റെ ആഴക്കയത്തിലെ, ശങ്കരന്‍കുഴിയില്‍ നിന്നും ഗുരു ജല സമാധിയെന്നോണം തപം ചെയ്തെടുത്ത ഒരു കൃഷ്ണശില കരയിലൊരുക്കിവെച്ച പീഠസമാന ശിലയോട്‌ ചേര്‍ത്തുവെച്ചു. ഓംനമശ്ശിവായ മന്ത്രധ്വനികളോടെ, താന്ത്രിക കര്‍മ്മങ്ങളോ മന്ത്രങ്ങളോ ഇല്ലാതെ, വാദ്യഘോഷങ്ങളില്ലാതെ കലശങ്ങളാടാതെ പ്രതിഷ്ഠാകര്‍മ്മം നടന്നു.

അരുവിയിലെ ജലബിന്ദുക്കളും ഗുരുവിന്റെ ആത്മരോദനത്തിന്റെ കണ്ണീരും വിയര്‍പ്പും ശിലയോട്‌ ശില ചേര്‍ത്തുറപ്പിച്ചു. അതൊരത്ഭുത രാസപ്രക്രിയയിരുന്നു. അഷ്ടബന്ധമില്ലാതെ ശിലയുറച്ചു. പ്രതിഷ്ഠാ കര്‍മ്മത്തില്‍ ആദ്യമായി നിലവിലുള്ള ആചാരഅനുഷ്ഠാന കര്‍മ്മങ്ങളൊന്നുമില്ലാതെ നടന്ന പ്രതിഷ്ഠയായിരുന്നു അത്‌. ഇന്നും ആ പ്രതിഷ്ഠയ്ക്ക്‌ ഇളക്കം സംഭവിക്കുകയോ, പുനഃപ്രതിഷ്ഠയുടെ ആവശ്യമോ ഉണ്ടായിട്ടില്ല. ദൈവനിയോഗമെന്നോണം ഗുരുദേവന്റെ കര്‍മ്മകാണ്ഡം അരുവിപ്പുറത്തുനിന്നാരംഭിക്കുകയായിരുന്നു. ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തെയും ആരാധനയെയും ഗുരുദേവന്‍ നവീകരിക്കുകയായിരുന്നു.
അഗസ്ത്യ മുനിയുടെ തപോവനമായ അഗസ്ത്യ കൂടത്തില്‍ നന്ന്‌ ഉത്ഭവിച്ച്‌ അറബിക്കടലില്‍ പതിക്കുന്ന നെയ്യാറിന്‍ തീരം അന്നു കൊടും വനമായിരുന്നു. മരുത്വാ മലയിലെ തപസ്സിനു ശേഷം 1885 മുതല്‍ അരുവിപ്പുറത്ത്‌ ഗുരുദേവ സാന്നിദ്ധ്യമുണ്ടായിരുന്നു. 1904ല്‍ ശിവഗിരി മഠം ആരംഭിക്കുംവരെയും ഗുരുദേവന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു അരുവിപ്പുറം. അന്നു കൊടി തൂക്കി മലയിലെ മുകളിലുള്ള പുലിവങ്ക്‌ എന്നറിയപ്പെട്ടിരുന്ന ഗുഹയില്‍ രാത്രികാലങ്ങളില്‍ ഗുരു താമസിച്ചിരുന്നു.

അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്‌ മുമ്പ്‌ ഗുരുദേവന്‍ സന്ദര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണ്‌ ‘ആങ്കോട്‌ ശ്രീ മഹാദേവര്‍’ ക്ഷേത്രം. അരുവിപ്പുറത്തുനിന്ന്‌ നാലു കിലോമീറ്റര്‍ ദൂരമുള്ള ക്ഷേത്രത്തില്‍ ഗുരുദേവന്‍ സഹയാത്രികരുമായി പല പ്രാവശ്യം പോയിരുന്നു. അയിത്തജാതിക്കാര്‍ ചുറ്റുമതിലിന്‌ വെളിയില്‍ നില്‍ക്കണം. കാണിക്ക മതില്‍ക്കെട്ടിനുള്ളില്‍ എറിഞ്ഞു കൊടുക്കണം. ദീപാരാധനയ്ക്ക്‌ ശേഷം മതിലിന്‌ പുറത്ത്‌ പ്രസാദം വച്ചിട്ട്‌ പൂജാരികള്‍ ക്ഷേത്രത്തില്‍ എത്തിയതിന്‌ ശേഷം മാത്രമേ അയിത്തജാതിക്കാര്‍ അത്‌ എടുക്കാന്‍പാടുള്ളൂ. ഈ ആചാരങ്ങള്‍ ഗുരുദേവനെ വല്ലാതെ ചിന്തിപ്പിച്ചിരിക്കണം.

അന്നു ക്ഷേത്രത്തില്‍ നിന്ന്‌ മടങ്ങുമ്പോള്‍ ഗുരു സഹയാത്രികനോട്‌ ചോദിച്ചു. “നമുക്ക്‌ ആരാധനാലയങ്ങള്‍ വേണ്ടെ…” ചരിത്രഭിത്തിയില്‍ തറച്ച ത്രിശൂലമായിരുന്ന ആ ചോദ്യം തന്നെയാകാം അരുവിപ്പുറം പ്രതിഷ്ഠയുടെ ആധാരശില. ഗുരുദേവന്‍ അരുവിപ്പുറത്ത്‌ എത്തിച്ചേര്‍ന്ന കാലഘട്ടത്തില്‍ ഈ പ്രദേശം ഘോരവനമായിരുന്നു. ആ കാലത്തും സമീപവാസികള്‍ എല്ലാ മാസവും അമാവാസി ദിവസം പിതൃതര്‍പ്പണം നടത്തുവാനായി ശങ്കരന്‍കുഴിയിലെത്താറുണ്ട്‌. അവിടെ വന്നുചേര്‍ന്നവരെ ഉള്‍പ്പെടുത്തി ഗുരു വാവൂട്ടുയോഗം രൂപപ്പെടുത്തി. 1899 ല്‍ അതിനെ വിപുലപ്പെടുത്തി അരുവിപ്പുറം ക്ഷേത്രയോഗം എന്ന സംഘടന രൂപപ്പെട്ടു. പിന്നീട്‌ ‘അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം’ സ്ഥാപിച്ചു. ‘സംഘടിച്ചു ശക്തരാവുക’ ‘വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക’ എന്ന ഗുരുവിന്റെ ആഹ്വാനം കര്‍മ്മപഥത്തിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ഗൃഹസ്ഥാശ്രമികളായ അനുയായികള്‍ക്കായി ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചത്‌ അരുവിപ്പുറത്തു വച്ചായിരുന്നു. സന്യാസിപരമ്പരയ്ക്ക്‌ രൂപം കൊടുത്തതും ഈ ക്ഷേത്രമുറ്റത്തു വച്ചായിരുന്നു. അതുപോലെ ഗുരുദേവന്റെ മഹത്തായ തത്വദര്‍ശനത്തെ ഉള്‍പ്പെടുത്തിയ ആദ്യ സന്ദേശം നിര്‍ഗ്ഗളിച്ചതും ഇവിടെ വെച്ചായിരുന്നു. മാത്രമല്ല, ഗുരുദേവന്റെ പല പ്രധാന കൃതികളും അരുവിപ്പുറം കാലഘട്ടത്തില്‍ രചിച്ചതായിരുന്നു. ക്ഷേത്രത്തിന്റെ തെക്കുകിഴക്ക്‌ ഭാഗത്ത്‌ ഇന്നു തറകെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു പ്ലാവിന്റെ ചുവട്ടില്‍ വെച്ചാണ്‌ മഹത്തായ എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ രൂപീകരണം നടന്നത്‌. ആദ്യകാലത്ത്‌ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ നടത്തിവന്നത്‌ ഭൈരവന്‍ ശാന്തി സ്വാമികളായിരുന്നു. കുമാരനാശാന്‍ അരുവിപ്പുറത്തെ ആദ്യകാല പൂജാരികളില്‍ ഒരാളായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ഉത്ഭവകേന്ദ്രമായ അരുവിപ്പുറത്തെ പ്രതിഷ്ഠക്കുശേഷം തെക്കു പിള്ളയാര്‍ കോവില്‍ മുതല്‍ വടക്കു ഗോകര്‍ണ്ണനാഥ ക്ഷേത്രം വരെ ഒരു തീര്‍ത്ഥാടനമായി ഗുരു പ്രതിഷ്ഠസ്ഥാപിക്കുകയുണ്ടായി.

“വിദ്യകൊണ്ട്‌ സ്വതന്ത്രരാവുക” എന്ന്‌ ആഹ്വാനം ചെയ്ത ഗുരുദേവന്‍ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത്‌ അരുവിപ്പുറത്താണ്‌. തീണ്ടല്‍ ജാതിക്കാര്‍ ദേവഭാഷയായ സംസ്കൃതം പഠിക്കണമെന്ന ഉദ്ദേശ്യത്തോടെ സംസ്കൃത വിദ്യാലയമാണ്‌ അരുവിപ്പുറത്താരംഭിച്ചത്‌. മഹാകവി കുമാരനാശാനായിരുന്നു ആദ്യത്തെ അധ്യാപകന്‍. അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയുടെ കാര്യത്തില്‍ അയ്യപ്പന്‍ പിള്ള ആദ്യം മുതലേ ഗുരുദേവന്റെ സഹായിയായി ഉണ്ടായിരുന്നു. ആറ്റില്‍ നിന്നും ശിവലിംഗാകൃതിയിലുള്ള ശിലാഖണ്ഡവുമായി പൊങ്ങിവന്ന സ്വാമി അത്‌ അയ്യപ്പന്‍പിള്ളയുടെ കയ്യിലാണ്‌ ഏല്‍പിച്ചത്‌. പിന്നിട്‌ ആറു വര്‍ഷങ്ങള്‍ക്ക്‌ ശേഷം 1895ല്‍ നടന്ന ആ സംഭവം ഓര്‍മ്മിച്ചിട്ടാവണം അയ്യപ്പന്‍പിള്ളയെ ശിവലിംഗദാസന്‍ എന്നു നാമം നല്‍കി ഗുരു തന്റെ ആദ്യ ശിഷ്യനായി സ്വീകരിച്ചത്‌. അരുവിപ്പുറത്തു ശിവപ്രതിഷ്ഠ കഴിഞ്ഞ അന്നുതന്നെ ഗുരുദേവന്‍ തന്റെ ജീവിത ദര്‍ശനം പ്രതിഫലിപ്പിക്കുന്ന ഒരു ശ്ലോകം ചൊല്ലി കേള്‍പ്പിച്ചു; പിന്നീട്‌ ക്ഷേത്രഭിത്തിയില്‍ എഴുതിവച്ചു.

“ജാതിഭേദം മതദ്വേഷം; ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്‌”

ഗുരുദേവന്റെ വിശ്വമാനവികതയും; ഏകലോകവും ഇവിടെ വെളിപ്പെടുന്നു. ജാതിമതാതീതമായ ഒരു ക്ഷേത്ര സങ്കല്‍പവും അതിലൂടെ മഹത്തായ മാനവീകതയും സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചതോടെ നാണുസ്വാമി നാരായണ ഗുരുവായി അറിയപ്പെട്ടു തുടങ്ങി.
ഇവിടെ ക്ഷേത്ര നിര്‍മ്മാണ കാര്യത്തില്‍ നാരായണഗുരു ദൂരവ്യാപകമായൊരു മാറ്റത്തിന്‌ തുടക്കമിടുകയാണ്‌ ചെയ്തത്‌. ചേന്നാസ്‌ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ തന്ത്രസമുച്ചയത്തിലും മറ്റു തന്ത്രഗ്രന്ഥങ്ങളിലുമുള്ള വിധിപ്രകാരം വിപ്രന്നു മാത്രമെ ബിംബ പ്രതിഷ്ഠയ്ക്ക്‌ അധികാരമുള്ളൂ. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥപ്രകാരം ബ്രാഹ്മണര്‍ക്കുമാത്രം അവകാശപ്പെട്ട പ്രതിഷ്ഠാകര്‍മ്മം പതിത വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാള്‍ ചെയ്യുക എന്ന അതിസാഹസിക കര്‍മ്മമാണ്‌ അരുവിപ്പുറത്ത്‌ നടന്നത്‌. നൈഷ്ഠിക ബ്രഹ്മചര്യം സ്വീകരിച്ച്‌ ഉഗ്ര തപസ്സു നടത്തി സാക്ഷാല്‍ പരബ്രഹ്മമായിത്തീര്‍ന്ന ഗുരുദേവന്‍ അനായാസേനയാണ്‌ ഈ കര്‍മ്മങ്ങള്‍ ചെയ്തത്‌. അതുപോലെ പിന്നീട്‌ ക്ഷേത്ര ?ഭിത്തിയിലെഴുതിയ ?”ജാതിഭേദം…..”? എന്ന സന്ദേശം ലോകചരിത്രത്തിലെ അപൂര്‍വ്വതയെന്നു വിശേഷിപ്പിക്കാവുന്ന വിപ്ലവ സന്ദേശമാണ്‌. പ്രതിഷ്ഠ കഴിഞ്ഞ്‌ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു ശിഷ്യന്‍ ഗുരുവിനോട്‌ ചോദിച്ചു. “നമുക്ക്‌ പ്രതിഷ്ഠ നടത്തുവാന്‍ അവകാശമുണ്ടോ….”. ശാന്തനായി ഗുരു ഇങ്ങനെ പറഞ്ഞു “നാം നമ്മുടെ ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്‌…”. അരുവിപ്പുറത്ത്‌ ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്ന്‌ ഗുരു പറഞ്ഞതായിട്ടുള്ള വ്യാഖ്യാനം ശരിയല്ല. 125 വര്‍ഷമായിട്ടും ആ വിവാദം കെട്ടടങ്ങിയിട്ടില്ല.

പ്രതിഷ്ഠാ സമയത്ത്‌ ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ശ്രീകോവിലിന്റെ ?ഭാഗം മാത്രം താല്‍ക്കാലികമായി ഒരുക്കി അലങ്കരിച്ചിരുന്നു. പിന്നീട്‌ ക്ഷേത്രം പണിയുന്നതിനുള്ള ശില്‍പിയെ കണ്ടെത്താന്‍ ഭക്തജനങ്ങള്‍ ശ്രമം തുടങ്ങി. ഇടയ്ക്കൊരു ദിവസം ഗുരുദേവന്‍ ഇങ്ങനെ പറയുകയുണ്ടായി. “ക്ഷേത്രം പണിയുന്നതിന്‌ ശില്‍പി ഇവിടെ എത്തിക്കൊള്ളും”? ഏതാനും ദിവസങ്ങള്‍ക്കകം പ്രാകൃതവേഷധാരിയും എന്നാല്‍ ഭക്തനെന്ന്‌ തോന്നിക്കുന്നതുമായ ഒരു തമിഴന്‍ അരുവിപ്പുറത്ത്‌ എത്തുകയും ക്ഷേത്രത്തിന്റെ പണി ഏറ്റെടുക്കുകയും ചെയ്തു. വിവിധയിനം പച്ചിലച്ചാറുകളും കരുപ്പുകട്ടി, പഞ്ചസാര, കുമ്മായം എന്നീ വസ്തുക്കള്‍ ചേര്‍ത്ത്‌ അരച്ചുണ്ടാക്കിയ ഒരു കൂട്ടം ഇഷ്ടികയും ഉപയോഗിച്ചാണ്‌ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പണിതത്‌. 1990 ല്‍ മേല്‍പ്പറഞ്ഞ മേല്‍ക്കൂരയ്ക്ക്‌ മുകളിലായി രണ്ടിഞ്ചു കനത്തില്‍ കോണ്‍ക്രീറ്റ്‌ ചെയ്തിരുന്നു. അത്ഭുതമെന്നോണം ക്ഷേത്രപ്പണി തീര്‍ന്നശേഷം ആ ശില്‍പിയെ ആരുംതന്നെ കണ്ടതേയില്ല.
തിരുവനന്തപുരത്തിനടുത്ത്‌ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി പുറത്തേക്ക്‌ വന്ന ഗുരുവിനോട്‌ ഒരു ത്രിവേദിയായ പണ്ഡിതന്‍ പ്രതിഷ്ഠയുടെ മുഹൂര്‍ത്തം ഏതു രാശിയിലാണെന്നു ചോദിച്ചപ്പോള്‍ ഗുരു; അടിഅളന്നു നോക്കാം. തുടര്‍ന്നു പറഞ്ഞു – കുട്ടി ജനിച്ചു ഇനി ജാതകം എഴുതാം. മുഹൂര്‍ത്തം നോക്കി ജനിക്കാറില്ലല്ലോ. പ്രതിഷ്ഠ കഴഞ്ഞു മുഹൂര്‍ത്തം നോക്കാം. ഗുരു ആരെയും ധിക്കരിക്കുവാനോ അവഹേളിക്കുവാനോ ശ്രമിച്ചില്ല. മിറച്ച്‌ മൃഗതുല്യരായി ജീവിക്കുന്ന മനുഷ്യരെ സമൂഹത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമമായിരുന്നു. പൗരോഹിത്യവര്‍ഗ്ഗത്തെ വെല്ലുവിളിച്ചില്ല. സ്നേഹത്തിന്റെ ?ഭാഷയില്‍ സമന്വയത്തിന്റെ പാതയില്‍ ഗുരു സഞ്ചരിക്കുകയായിരുന്നു.

ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്‍മ്മത്തിലൂടെ ബ്രഹ്മജ്ഞാനം നേടാമെന്നും ഗുരു വെളിപ്പെടുത്തുകയായിരുന്നു. യുക്തിഹീനവും നിരര്‍ത്ഥകവുമായ ആചാരങ്ങളില്ല, ശാസ്ത്രവീഥിയിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ നിരക്കുന്ന പ്രായോഗിക ബുദ്ധിക്കാണ്‌ ഗുരു പ്രാധാന്യം നല്‍കിയത്‌. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ബ്രാഹ്മണ്യം കര്‍മ്മത്തിലൂടെ നേടാമെന്ന്‌ ദൃഷ്ടാന്തത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയായിരുന്നു. ബ്രാഹ്മണന്‍ എന്നാല്‍ ജ്ഞാനി; ബ്രഹ്മജ്ഞാനം ലഭിച്ചവരാണ്‌ ബ്രാഹ്മണര്‍. ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ക്ക്‌ ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലൂടെയാണ്‌ ലോകം കടന്നു പോകുന്നത്‌. എന്നാല്‍ ഗുരുവിനെ ആരാധിക്കുന്നവര്‍ ഒട്ടേറെപ്പേര്‍, ഗുരുവിനെ അറിഞ്ഞവര്‍ കുറച്ചുപേര്‍ മാത്രം, ഗുരുവിനെ പഠിച്ചവര്‍ അതിലും കുറവ്‌, ശ്രീനാരായണ ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത്‌ ആത്മോപദേശശതകം പോലുള്ള കൃതി ജനങ്ങളിലേക്ക്‌ ഇറങ്ങിചെന്നിരുന്നില്ല അന്ന്‌ ശിഷ്യന്മാരോട്‌ ഗുരു ഇങ്ങനെ പറഞ്ഞിരുന്നുവത്രെ! “ഒരു നൂറ്‌ വര്‍ഷം കഴിയട്ടെ ഇത്‌ പഠിക്കുവാന്‍ ആയിരങ്ങള്‍ ഇവിടെയെത്തും….” ഇന്ന്‌ ഈ ഗുരുവാണി യാഥാര്‍ത്ഥ്യമാവുകയാണ്‌. നമുക്ക്‌ ആ പ്രതീക്ഷയുടെ തിരിനാളം അണയാതെ സൂക്ഷിക്കാം.

അരുവിപ്പുറത്തെ ആദ്ധ്യാത്മിക സാസ്കാരിക രംഗത്ത്‌ ഗുരു സൃഷ്ടിച്ച വിസ്മയകരമായ വിപ്ലവമാണ്‌. നൂറ്റാണ്ടുകളല്ല സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും ഈ പ്രതിഷ്ഠ ചരിത്രത്തിലെ കാലസാക്ഷിയായി ഇവിടെ നിലകൊള്ളും. ഒപ്പം ഗുരുവിന്റെ മഹാമന്ത്രവും “ഒരു ജാതി…ഒരു മതം… ഒരു ദൈവം മനുഷ്യന്‌”.
http://www.janmabhumidaily.com/jnb/News/101276


0 comments:

Post a Comment