Tuesday, 11 June 2013

അവനവന്റെ ആത്മസുഖങ്ങള്‍...


ഒരിക്കല്‍ ശിവഗിരി ആശ്രമത്തില്‍ ഗുരുദേവന്‍ ഒരു തെരുവ്നായ്ക്കുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്. മറ്റൊരു നായ വന്ന് അതിനെ കടിച്ചിട്ട് പോയി. കടിക്കാനെത്തിയ നായയെ ഗുരു ഒന്നും ചെയ്തില്ല. കടികൊണ്ട നായയെ തലോടിക്കൊണ്ട് ഗുരു പറഞ്ഞു: "എന്തുചെയ്യാം അതിന്റെ സ്വഭാവം ചീത്തയായിപ്പോയി". നായ്ക്കുട്ടിയെ കടിച്ചതിന്റെ പേരില്‍ നായയെ ഉപദ്രവിച്ചാലും അത് അടുത്ത സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കും. കാരണം, അതിന് വിവേകമില്ല. തന്റെ പ്രവൃത്തി വിലയിരുത്താനോ സ്വയംവിമര്‍ശനാത്മകമായി ചിന്തിക്കാനോ കഴിയില്ല. മനുഷ്യര്‍ക്കിടയിലും അങ്ങനെയുള്ളവര്‍ ഉണ്ട്. അവരോടും ഇതേ നയമാണ് ഗുരു പുലര്‍ത്തിയിരുന്നത്. അറിവില്ലാത്തവരുടെ തെറ്റുകളോട് അറിവുള്ളവര്‍ പൊറുക്കണം എന്ന് ഗുരു മൊഴിയുന്നു. അവരോട് വിദ്വേഷം കാട്ടാതിരിക്കുക എന്നതാണ് വിജ്ഞന്‍മാര്‍ക്ക് അവലംബിക്കാവുന്ന രീതി. ഇത് സമൂഹസമാധാനത്തിന് ഉതകുന്ന നയമാണ്. സമൂഹത്തില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ആദ്യം രൂപംകൊള്ളുന്നത് വ്യക്തിയുടെ മനസ്സിലാണ്. അതിനാല്‍ വ്യക്തിയുടെ വീക്ഷണങ്ങളിലും അടിസ്ഥാനചിന്തകളിലുമാണ് ആദ്യം പരിവര്‍ത്തനം ഉണ്ടാകേണ്ടത്. അത് ബീജം നല്‍കുന്ന അച്ഛനില്‍നിന്ന് തുടങ്ങി അതേറ്റുവാങ്ങി പ്രസവിക്കുന്ന അമ്മയില്‍ എത്തി പൂര്‍ണതനേടണം. അതിനുശേഷമാണ് ഗുരുവിന് അല്ലെങ്കില്‍ ആചാര്യന് വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കുക. സ്ത്രീവിദ്യാഭ്യാസത്തിന് ഗുരുദേവന്‍ വലിയപ്രാധാന്യം കല്പിച്ചത് ഇതിനാലാണ്. ഒരു പുതിയ ജീവന് ജന്മംകൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ മനുഷ്യര്‍ അറിഞ്ഞിരിക്കേണ്ടത് ജീവന്റെയും ജീവിതത്തിന്റെയും മൂല്യങ്ങളാണെന്ന് ശ്രീനാരായണധര്‍മ്മത്തില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.

"തയാ ദയിതയാ ധര്‍മ്മമാചരേന്നിയതേന്ദ്രിയ:
ധര്‍മ്മായ ജീവനം നൂനം പ്രജായൈ ച ഗൃഹവ്രതം"

ഭാര്യാസഹിതനായ ഗൃഹസ്ഥാശ്രമി സല്‍പുത്രനും ധര്‍മ്മത്തിനുംവേണ്ടി പ്രിയതമയോടുകൂടി ധര്‍മ്മം നിലനിറുത്തിക്കൊണ്ട് ജീവിക്കണം എന്നര്‍ത്ഥം. പിതാവാകുക, അമ്മയാകുക എന്നിവ മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തരമായ സ്ഥാനങ്ങളാണ്. സമൂഹത്തിനും മനുഷ്യരാശിക്കും ഗുണങ്ങള്‍ ചെയ്യുന്ന പുത്രനെയോ പുത്രിയേയോ കിട്ടാന്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ ഗുരു വ്യക്തമാക്കുന്നുണ്ട്. ഒരു ആചാര്യന്‍ പത്ത് അദ്ധ്യാപകരേക്കാള്‍ പൂജ്യനാണെന്ന് പറയും. ഇങ്ങനെയുള്ള നൂറ് ആചാര്യന്മാര്‍ക്കും മേലേയാണ് പിതാവിന്റെ സ്ഥാനം. ഗുരുസ്ഥാനത്തും പൂജനീയതയിലും ആയിരം പിതാക്കന്മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് മാതാവിന്റേത്. കുഞ്ഞിനെ താലോലിച്ചും പാലൂട്ടിയും വളര്‍ത്തുമ്പോള്‍ നല്ല സംസ്കാരംകൂടി നല്‍കാന്‍ കഴിയുംവിധം വിദ്യാഭ്യാസവും മൂല്യബോധവും മാതാവിന് ഉണ്ടാകണം. കഥകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികളില്‍ നല്ല ശീലങ്ങള്‍ നല്‍കി വളര്‍ത്തണം. ശരിയായി വിദ്യാഭ്യാസം ചെയ്യിക്കണം. ജീവിതസാഹചര്യങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവര്‍ക്കേ ലോകത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയൂ എന്നതാണ് ഗുരുവിന്റെ ഇത്തരം ചിന്തകളുടെ സാമൂഹ്യവശം. ഇത് സന്യാസിമാര്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നും സാധാരണമനുഷ്യന് ക്ഷോഭിക്കാനും പ്രതികരിക്കാനും അക്രമംകാട്ടാനും ലൈസന്‍സ് ഉണ്ട് എന്നുമാണ് പൊതുവേ സമൂഹം പുലര്‍ത്തുന്ന കാഴ്ചപ്പാട്. തീവ്രവാദത്തിന്റെയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുടെയും വേര് ആഴ്ന്നിരിക്കുന്നത് ഈ ചിന്തയിലാണ്.

ആധുനിക സമൂഹത്തില്‍ മനുഷ്യന് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ സമാധാനം സ്വന്തം ഉള്ളില്‍ കണ്ടെത്താനാവുന്നില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആരോഗ്യപരമായി പ്രതികരിക്കാനും സാധിക്കാത്തതാണ് യുവതലമുറ നേരിടുന്ന പ്രശ്നം. ഉള്ളില്‍ എല്ലാവരും അരക്ഷിതരാണ്. ചെറിയ ശകാരങ്ങളോ ചെറിയ തോല്‍വികളോ പോലും താങ്ങാന്‍ വയ്യാതെ ജീവന്‍ ഉപേക്ഷിക്കുന്നത് ഈ അരക്ഷിതബോധംമൂലമാണ്. ശാശ്വതമല്ലാത്തവയെ ആശ്രയമായിക്കരുതുന്നതാണ് ഈ അരക്ഷിതബോധത്തിന്റെ കാരണം. അച്ഛനോടോ അമ്മയോടോ ഗുരുക്കന്മാരോടോ മമതാബന്ധം പുലര്‍ത്തുന്നില്ല എന്ന പരാതിയും പുതിയ തലമുറയെക്കുറിച്ചുണ്ട്. ഈ കുഴപ്പങ്ങളുടെ വേരുകള്‍ തേടിയാല്‍ അത് അവനെ വളര്‍ത്തിയ രക്ഷിതാക്കളുടെ ജീവിതരീതിയിലും മൂല്യബോധക്കുറവിലും തട്ടിനില്‍ക്കുന്നത് കാണാം. ഇത്തരം സമൂഹജീര്‍ണതയ്ക്ക് ഏറ്റവും നല്ല മരുന്ന് ഗുരുദര്‍ശനമാണ്. എന്നാല്‍, ഗുരുവിനെ അറിയുക, പഠിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടായി കാണുന്നവരാണ് ഇന്ന് അധികവും. ഏത് മതത്തില്‍ വിശ്വസിച്ചാലും മനുഷ്യത്വമുള്ളവനായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനത്തോളം നിത്യചൈതന്യമുള്ള മറ്റൊരുവിഷയവും നമ്മുടെ ലോകത്ത് ഇനിയും ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിയണം.

ഗുരുദേവനെന്നാല്‍ വഴിയരുകില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന മഞ്ഞപുതച്ച വെറും പ്രതിമയല്ലെന്ന് കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തണം. അതിനേക്കാള്‍ നല്ലതൊന്നും അവര്‍ക്കായി ചെയ്തുകൊടുക്കാനില്ല. മക്കളെ എന്‍ജിനിയറും ഡോക്ടറും ഐ.ടി വിദഗ്ദ്ധനുമൊക്ക ആക്കാന്‍ ശ്രമം തുടങ്ങുന്നതിനുമുമ്പ് സഹജീവികളോട് ഭേദചിന്തപുലര്‍ത്താത്ത നല്ല മനുഷ്യരായി വളരാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. മനുഷ്യത്വം ഇല്ലാത്ത ഒരു ഡോക്ടറും എന്‍ജിനിയറും സമൂഹത്തിനുമാത്രമല്ല പെറ്റുവളര്‍ത്തുന്നവര്‍ക്കും ബാധ്യതയാകും. ഒരു വ്യക്തി എങ്ങനെ വളര്‍ന്നാല്‍ പൂര്‍ണമനുഷ്യനാകാം എന്ന് ഗുരുദേവശിഷ്യപരമ്പരയില്‍ പ്രമുഖനായ ഗുരു നിത്യചൈതന്യയതി പറയുന്നു: "സമ്യക്കായ ദര്‍ശനങ്ങള്‍ അവന്റെ വഴിതെളിക്കുന്ന വിളക്കുകളാണ്. ശരിയായ അഭിലാഷങ്ങള്‍ അയാളുടെ വഴികാട്ടിയായിരിക്കണം. ശരിയായ വചനം തെരുവില്‍ അവന്റെ വാസസ്ഥലമാകും. അവന്‍ നടക്കുന്നത് നേര്‍വഴി ആയിരിക്കും; കാരണം അതായിരിക്കുന്നു അവന്റെ ചര്യ. നേര്‍വഴിക്ക് ഉപജീവനം തേടുന്നതിലൂടെയായിരിക്കും അവന് വിശ്രാന്തി ലഭിക്കുക, ശരിയായ പ്രയത്നങ്ങളായിരിക്കും അവന്റെ ചവിട്ടുപടികള്‍, ശരിയായ ചിന്ത അവന്റെ ജീവശ്വാസം. ശരിയായ ധ്യാനം അവനു ശാന്തി നല്‍കും, അത് അവന്റെ പാദമുദ്രകളെ പിന്‍പറ്റും.''

0 comments:

Post a Comment