Friday 14 June 2013

ഗുരുസ്‌ത്രോത്രം

അറിവ്‌ അനാദിയാണ്‌. ആദി മധ്യ അന്തങ്ങള്‍ ഇല്ലാത്തവയാണ്‌. എല്ലാ അറിവിന്റെയും നാരായവേര്‌ ബ്രഹ്മമാണ്‌. ജനനീ നവരത്‌നമഞ്‌ജരിയില്‍ ഗുരു സൂചിപ്പിച്ചിരിക്കുന്ന ഒരു വാക്ക്‌ ഇവിടെ ഉപയോഗിക്കുന്നു " മേലായ മൂലമതിയാലാവൃതം ജനനി" അമ്മ, ഭുവനത്തിന്റെ കാരണത്തിന്‌ ഹേതുവായ ശക്തിയുടെ സ്‌പന്ദനം, ഈ പ്രപഞ്ചത്തിന്റെ അകവും പുറവും നിറഞ്ഞിരിക്കുന്നു എന്ന്‌. അതുതന്നെയാണ്‌ അറിവ്‌. അറിവ്‌, ജ്ഞാനം, അകവും പുറവും നിറഞ്ഞ്‌ എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നു. ഇതിനെ ആകവേ അറിഞ്ഞാല്‍ അവന്‌ അതിരറ്റ ആനന്ദം, അല്ലെങ്കില്‍ പരമാനന്ദം, ലഭ്യമാകുന്നു. ഗുരു പരമാനന്ദത്തില്‍ ലീലനായ പുണ്യാത്മാവാണ്‌. വേദാന്തമാണ്‌ ഗുരുവിനെ പ്രകാശിപ്പിക്കുന്നത്‌.

സര്‍വ്വശ്രുതി ശിരോരത്‌നസമുദ്‌ഭാസിതമൂര്‍ത്തയേ
വേദാന്താംബുജസൂര്യായ തസ്‌മൈ ശ്രീഗുരവേ നമഃ

എല്ലാ വേദങ്ങളുടെയും ശിരസ്സിലെ രത്‌നമായി ശോഭിക്കുന്ന ഉപനിഷത്തുക്കളില്‍ നിന്നുമുള്ള ജ്ഞാനപ്രകാശത്താല്‍ പരിപൂര്‍ണ്ണമായി പ്രകാശിതനായ മൂര്‍ത്തിയാണ്‌ ഗുരു. ആ ഗുരു വേദാന്തമാകുന്ന താമരയെ സൂര്യന്‍ വിടര്‍ത്തുന്നപോലെ ജ്ഞാനത്തെ വികസിപ്പിച്ച്‌ ശിഷ്യര്‍ക്ക്‌ മോക്ഷമാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നു. അങ്ങനെയുള്ള ഗുരുവിനെ നമിക്കുന്നു.

ചില ആളുകളെ നാം കളിയാക്കാറുണ്ട്‌. അവര്‍ ചില ആള്‍ദൈവങ്ങളില്‍ വിശ്വസിക്കുന്നു എന്നുള്ളതാണ്‌ അതിന്‌ കാരണം. ആള്‍ദൈവങ്ങള്‍ ഗുണമോ ദോഷമോ എന്നത്‌ നില്‍ക്കട്ടെ. ഇത്തരം ആളുകളുടെ ജീവിതത്തില്‍ എന്തെങ്കിലും ഗുണപരമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്നതാണ്‌ നാം നിരീക്ഷിക്കേണ്ടത്‌. തീര്‍ച്ചയായും ചില ആള്‍ദൈവങ്ങളില്‍, ചില സിദ്ധന്മാരില്‍, വിശ്വസിക്കുന്ന പലര്‍ക്കും പലതരത്തിലുള്ള ഗുണഫലങ്ങളും ഉണ്ടാകുന്നുണ്ട്‌. എന്താണ്‌ അതിന്‌ കാരണം. അവര്‍ പരിപൂര്‍ണ്ണമായി ഇത്തരം ആള്‍ ദൈവങ്ങളെ വിശ്വസിക്കുകയും അവരെ ഗുരുക്കന്മാരായി കാണുകയും ചെയ്യുന്നു. അവരുടെ വചനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്നു. അത്രതന്നെ.

നാം എന്താണ്‌ ചെയ്യുന്നത്‌.? നമുക്ക്‌ ഒരു ഗുരുവുണ്ടങ്കില്‍ അതില്‍ പരിപൂര്‍ണ്ണമായി വിശ്വാസം ഇല്ല എന്നതാണ്‌ സത്യം. ഗുരുവിനേക്കാള്‍ അറിവ്‌ നമുക്കുണ്ട്‌ എന്നതാണ്‌ നമ്മുടെ ഭാവം. നാം പറയുന്നതാണ്‌ ഗുരുവിന്റെ ദര്‍ശനം എന്നായിരിക്കുന്നു ഇപ്പോള്‍. പലരും പറയുന്നത്‌ കേട്ടിട്ടുണ്ട്‌ " ശ്രീനാരായണ ഗുരു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം ഇതാണ്‌, ഇങ്ങനെയാണ്‌" എന്നൊക്കെ. അവരുടെ അറിവിനെപ്പറ്റി എന്തുപറയാന്‍. ഗുരുവിന്റെ ദാര്‍ശനികതയെപ്പറ്റി ആഴത്തില്‍ അറിവുള്ളവരായി ഇന്ന്‌ ആരുണ്ട്‌. നാമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നത്‌ വെറും ബാഹ്യമായതിന്റെ ഒരു അംശം മാത്രം.

വിമര്‍ശനമാണ്‌ നമുക്ക്‌ പ്രധാനം. വാക്‌പയറ്റില്‍ ജയിക്കുന്നവന്‍ ജ്ഞാനി. ഇതാണ്‌ ഇന്നത്തെ അവസ്ഥ. അറിവുള്ളവരെ ബഹുമാനിക്കാന്‍ നാം പഠിച്ചിട്ടില്ല. എന്നാല്‍ തന്നെ എല്ലാവരും ബഹുമാനിച്ചുകൊള്ളണം. ഇല്ലെങ്കില്‍ പണം മുടക്കിയായാലും ബഹുമാനം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്യും. ആള്‍ ദൈവങ്ങളില്‍, സിദ്ധന്മാരില്‍ വിശ്വസിക്കുന്നവര്‍ ഈ ദൈവങ്ങളെ പരിപൂര്‍ണ്ണമായി വിശ്വസിച്ച്‌ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതുകൊടുക്കുന്നു. അത്‌ അവരുടെ ജീവിതത്തില്‍ ഉയര്‍ച്ചക്ക്‌ കാരണമാകാം. എന്നാല്‍ പല ആള്‍ദൈവങ്ങളും തട്ടുപ്പുകാരാണ്‌ എന്നതാണ്‌ സത്യം.

ഇവിടെ ഇതു സൂചിപ്പിച്ചതുകൊണ്ട്‌ എല്ലാവരും ആള്‍ദൈവങ്ങളില്‍ വിശ്വസിക്കാന്‍ പോക്കോളൂ എന്ന്‌ അര്‍ത്ഥമില്ല.

അറിവുള്ളവരെ ബഹുമാനിക്കാന്‍ നാം പഠിക്കണം, അവരുടെ വാക്കുകളെ ശ്രദ്ധിക്കാനും അവയെ സൂഷ്‌മരൂപത്തില്‍ വിശകലനം ചെയ്‌ത്‌ മറ്റുള്ളവരുടെ ജീവിതത്തിലല്ല മറിച്ച്‌ നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനും സാധിക്കണം. നമുക്ക്‌ നമ്മുടെ പ്രശ്‌നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അഭിപ്രായങ്ങള്‍ ആരായാന്‍ ഒരു ഗുരു ഉണ്ടാവണം. വിശ്വസ്‌തനായ ഗുരു.... ഗുരുവിനെ വിമര്‍ശിക്കാന്‍ ശിഷ്യര്‍ക്ക്‌ അധികാരമില്ലല്ലോ... അതുകൊണ്ട്‌ ഗുരുസേവ....ഗുരുപാദങ്ങളില്‍ സമര്‍പ്പണം... നമുക്ക്‌ ഉണ്ടാവണം.

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെചെന്നു പറയാനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ഒരു ഗുരുവുണ്ടോ? ഒരു പക്ഷേ പറയുമായിരിക്കും ശ്രീനാരായണഗുരുവുണ്ട്‌ എന്ന്‌. ജീവിച്ചിരിക്കുന്ന, ശരീരസ്ഥനായ ഒരു ഗുരുവുണ്ടോ? ഉണ്ടാവണം. കണ്ടെത്തണം. എന്നാല്‍ പല മതസ്‌തര്‍ക്കും പ്രത്യക്ഷമായോ അല്ലാതെയോ അങ്ങനെയൊന്നുണ്ട്‌. അത്‌ അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചലുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്‌.

** കടപ്പാട് : ശ്രീനാരായണ ജ്ഞാനസമീക്ഷ
https://www.facebook.com/groups/sreenarayananjanasameksha3




0 comments:

Post a Comment