ശങ്കരനാരായണന്‍ മലപ്പുറം
ചരിത്രത്തെക്കുറിച്ചു പറയാന്‍ ചരിത്ര പഠനത്തില്‍ ബിരുദവും ഡോക്ടറേറ്റും നേടിയവര്‍ക്കു മാത്രമേ പാടുള്ളൂവെന്നാണ് പൊതുവെയുള്ള ധാരണ. ആദ്യത്തെ എം.ബി.ബി.എസുകാരനെ പഠിപ്പിച്ചത് ഒരു എം.ബി.ബി.എസ്.ബിരുദധാരിയല്ല എന്നതുപോലെത്തന്നെ ആദ്യത്തെ ബി.എ.ഹിസ്ററിക്കാരനെ പഠിപ്പിച്ചതും ബി.എ.ഹിസ്ററിക്കാരനല്ല. ചരിത്രത്തെക്കുറിച്ച് പറയാന്‍ ചരിത്രം അറിയുന്ന ആര്‍ക്കും അവകാശമുണ്ട്. ചരിത്രം എഴുതുന്നതില്‍ ഏറിയപങ്കും ചരിത്രത്തില്‍ വിജയം നേടിയവരാണ്. നമ്മുടെ ചരിത്രമെഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും ചരിത്രത്തില്‍ വിജയം വരിച്ചവരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണ്. ഇതുകൊണ്ടുതന്നെ ചരിത്രത്തില്‍ തോല്‍പ്പിക്കപ്പെട്ടവര്‍ക്ക് ചരിത്രത്തില്‍ സ്ഥാനം കൊടുക്കാറില്ല. സ്ഥാനം കൊടുക്കാറില്ലെന്നു മാത്രമല്ല, തോല്‍പ്പിക്കട്ടെവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. മാനവികത എന്ന വിശാല വീക്ഷണം വച്ചു പുലര്‍ത്തിയിരുന്ന, ഇളംകുളം കുഞ്ഞന്‍ പിള്ളയെപ്പോലെയുള്ള അപൂര്‍വ്വം ചിലരൊഴിച്ച് മറ്റുള്ളവരെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്.
കോഴിക്കോട് സര്‍വകലാശാലയുടെ ചരിത്ര വിഭാഗവും സംസ്ഥാന പുരാവസ്തു വകുപ്പും പെരിന്തല്‍മണ്ണ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പ്രാദേശിക ചരിത്ര പഠന ക്യാമ്പിന്റെ ഭാഗമായി കുറച്ച് മുമ്പ് നടന്ന 'പൈതൃക സര്‍വെ'യ്ക്ക് തെരഞ്ഞെടുത്ത ബിംബങ്ങളെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ വക ചരിത്രകാരന്മാരും ചരിത്രത്തില്‍ വിജയിച്ച ന്യൂനപക്ഷത്തിന്റെ വക്താക്കളാണെന്ന് മനസ്സിലാക്കാവുന്നതാണ്.
എന്താണാവേ ഈ 'പൈതൃകം'? അഞ്ചു ഗ്രൂപ്പുകളായി കേന്ദ്രീകരിച്ചു നടത്തിയ ഈ സര്‍വെയില്‍ അങ്ങാടിപ്പുറം തരകന്‍ ഹൈസ്കൂള്‍, പുഴക്കാട്ടിരിയിലെ എം.പി.നാരായണ മേനോന്റെ വീട്, പെരിന്തല്‍മണ്ണ ഹൈസ്കൂള്‍, പാതായ്ക്കര മന, പുലാമന്തോള്‍ മൂസ്സതിന്റെ വീട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഈ അഞ്ചും ചേര്‍ന്നതായിരിക്കും 'പൈതൃകം'?! നമ്പൂതിരിക്കും മൂസ്സതിനും മേനോനും തരകനും മാത്രമേ പെരിന്തല്‍മണ്ണ താലൂക്കില്‍ ചരിത്രമുള്ളൂ? ഒരു പക്ഷേ 'പൈതൃക'ത്തിന് കാലഗണന നിശ്ചയിച്ചു കാണും. ജന്മിത്ത കാലഘട്ടത്തില്‍ സമ്പത്തും അധികാരവും ഉണ്ടായിരുന്ന സവര്‍ണരെ അടിസ്ഥാനമാക്കിയായിരിക്കണം 'പൈതൃകം'നിശ്ചയിച്ചിട്ടുണ്ടാവുക? കട്ടിലശ്ശേരി മുഹമ്മദ് മുസ്ള്യാരെ പഠനത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ളീങ്ങളെ പരിഗണിച്ചു എന്നു പറയാവുന്നതാണ്.
കേരളത്തിലെ കമ്മ്യൂണിസ്റുകാരടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിശ്ചയിച്ച 'പൈതൃക മാനദണ്ഡം' ഇത്തരത്തിലുള്ളതായതുകൊണ്ടാണ് ഒറിജിനല്‍ 'പൈതൃകവാദി'കള്‍ക്ക് കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കാതിരിക്കുന്നത്. ജന്മിത്ത കാലഘട്ടത്തിലെ നാട്ടുപ്രമാണിമാരില്‍ ഒതുക്കി നിര്‍ത്താമോ ഈ നാടിന്റെ പൈതൃകം? നമ്പൂതിരിയും മൂസ്സതും മേനോനും തരകനും അല്ലാത്തവര്‍ക്കൊന്നും ചരിത്രമില്ലേ?
സവര്‍ണരുടെ ചരിത്രത്തെയാണ് കോഴിക്കോട് സര്‍വ്വകലാശാല 'പൈതൃത ചരിത്രം' അഥവാ പൊതു ചരിത്രമാക്കിയിരിക്കുന്നത്. പാതായ്ക്കര മനയെപ്പോലെയോ പുലാമന്തോള്‍ മൂസ്സിനെപ്പോലെയോ നാലുകെട്ടും നടുമുറ്റവും ആമ്പല്‍ക്കുളവുമൊക്കെയുള്ള അവര്‍ണരില്ലെങ്കില്‍, എന്തുകൊണ്ട് ഇത്തരമൊരു പ്രതിഭാസം നാട്ടിലുണ്ടായി എന്നതിന്റെ ചരിത്രം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയേണ്ടതല്ലേ? ഈ മണ്ണില്‍ അദ്ധ്വാനിച്ച, ഉരുട്ടി വിഴുങ്ങാനുള്ള ധാന്യങ്ങളും പച്ചക്കറികുളുമൊക്കെ ഉണ്ടാക്കിയ, ഈ നാട്ടിലെ പച്ചപ്പ് മുഴുവനും ഉണ്ടാക്കിയ, ജീവിത സൌകര്യങ്ങള്‍ക്കുള്ള എല്ലാ സാധന-സാമഗ്രികളും ഉണ്ടാക്കിയ ചെറുമക്കള്‍ക്കും കണക്കന്മാര്‍ക്കും പാണര്‍ക്കും ആശാരിക്കും മൂശാരിക്കും തട്ടാനും തിയ്യനുമൊന്നും പെരിന്തല്‍മണ്ണയില്‍ ചരിത്രമില്ലേ? നാട്ടിലെ വലിയൊരു ജനവിഭാഗത്തിന്റെ സ്ഥാനം എങ്ങനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി? ഇതു മനസ്സിലാക്കാനുള്ള ചരിത്ര ബോധവും മാനവികതയും ഇല്ലാത്തവരാണോ സവര്‍വ്വകലാശാലയിരിക്കുന്നത്?
ഇക്കൊല്ലത്തെ പത്താം തരം ചരിത്ര പുസ്തകത്തിലുമുണ്ട് സര്‍ക്കാര്‍ വക സവര്‍ണ പാഠങ്ങള്‍. കഴിഞ്ഞ കൊല്ലത്തെ പുസ്തകത്തില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരെ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ സന്ദേശം നല്‍കിയെന്നു പറയുന്നു. ചട്ടമ്പി സ്വാമികളുമായി ശ്രീനാരായണ ഗുരുവിനെ കൂട്ടിക്കെട്ടിയിട്ടിയിരുന്നില്ല. എന്നാല്‍ ഇക്കൊല്ലത്തെ പുസ്തകത്തില്‍ അത്തരമൊരു പണി പാഠപുസ്തകക്കാര്‍ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അവര്‍ണരായ വിപ്ളവകാരികളുടെ കഴിവുകളെ താഴ്ത്തിക്കെട്ടുന്ന പരിപാടി പണ്ടേയുള്ളതാണ്. സവര്‍ണന്റെ സ്വാധീനമുണ്ടായിരുന്നു അല്ലെങ്കില്‍ അച്ഛന്‍ ബ്രാഹ്മണനായിരുന്നു എന്നു തുടങ്ങിയ കള്ളക്കഥകളുണ്ടാക്കും. ഒന്നിനും പറ്റിയില്ലെങ്കില്‍ തൂറിത്തോല്‍പ്പിക്കുക എന്ന നിലപാടാണിത്. ശ്രീനാരായണ ഗുരുവിനോടും ഇതേ നിലപാടുതന്നെയാണ് സവര്‍ണ മൂരാച്ചികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനെയൊന്നും ചോദ്യം ചെയ്യാതിരുന്നാല്‍, കുറച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ മഹാത്മാ അയ്യങ്കാളി നടപ്പിലാക്കിയത് ഏതോ അയ്യരുടെ കര്‍മ്മ പരിപാടികളാണെന്ന് സവര്‍ണ മൂരാച്ചികളായ ചരിത്രകാരന്മാര്‍ തട്ടിവിടും.
ഇക്കൊല്ലത്തെ പുസ്തകത്തില്‍ പറയുന്നത് (പേജ് 125)നോക്കുക: "അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കുന്നതിനു ശ്രമിച്ചവരില്‍ പ്രമുഖനാണ് ചട്ടമ്പി സ്വാമികള്‍. വേദ പഠനത്തിനും ഈശ്വരാരാധനയ്ക്കും അബ്രാഹ്മണ വിഭാഗങ്ങള്‍ക്കൊക്കെയും അവകാശമുണ്ടെന്ന തന്റെ കൃതിയിലൂടെ അദ്ദേഹം പ്രചരിപ്പിച്ചു. ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കിയത് ശ്രീനാരായണ ഗുരുവാണ്"
ഈ പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പില്‍ 'ടൃലല ചമൃമ്യമി ഏൌൃൌ ഴമ്ല ുൃമരശേരമഹ ലുൃഃലശീിൈ ീ വേല ശറലമ മിറ ുീശെശീിേ ീള ഇവമമാുേേശ ടംമാശ' എന്നാണ് എഴുതിയിരിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ശ്രീനാരായണ ഗുരു പ്രായോഗിക രൂപം നല്‍കിയെന്ന്. ഇംഗ്ളീഷിലായപ്പോള്‍ കുറച്ചുകൂടി സവര്‍ണത കൂടി. ചട്ടമ്പി സ്വാമികള്‍ ഇല്ലായിരുന്നെങ്കില്‍ ശ്രീനാരായണ ഗുരുവും ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം!
സുന്ദരമായ സവര്‍ണ നുണയാണിത്. അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കിയിട്ടില്ല ചട്ടമ്പി സ്വാമികള്‍. നായന്മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കി എന്നു പറയാവുന്നതാണ്. ഇങ്ങനെ പറയുമ്പോള്‍ ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ എന്തായിരുന്നുവെന്നു പരിശോധിക്കേണ്ടതുണ്ട്. അച്ഛന്റെ സ്നേഹം കിട്ടാതെ വളര്‍ന്ന കുട്ടിയാണ് ചട്ടമ്പി സ്വാമികള്‍. താമരശ്ശേരി ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയായിരുന്നു അച്ഛന്‍. അമ്മ ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്ങേമ്മപ്പിള്ള. നമ്പൂതിരിക്ക് നായര്‍ സ്ത്രീകളിലുണ്ടാകുന്ന കുട്ടികള്‍ക്ക് യാതൊരു മാനുഷിക പരിഗണനകളും അച്ഛന്‍ നമ്പൂതിരിമാര്‍ നല്‍കിയിരുന്നില്ല. അച്ഛന്‍ ആഢ്യ നമ്പൂതിരിയായിട്ടും ചട്ടമ്പി സ്വാമികള്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പണി നടക്കുമ്പോള്‍ മണ്ണു ചുമക്കാന്‍ പോയിട്ടുണ്ടത്രെ ചട്ടമ്പി സ്വാമികള്‍.
ഇതുകൊണ്ടു തന്നെ ബ്രാഹ്മണരോട് ചട്ടമ്പി സ്വാമികള്‍ക്ക് വെറുപ്പായിരുന്നു. ബ്രാഹ്മണര്‍ പടച്ചുണ്ടാക്കിയ നുണകളെ സ്വാമികള്‍ അതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണെന്നും കേരളം ബ്രാഹ്മണരുടെ സ്വന്തമാണെന്നുമുള്ള ബ്രാഹ്മണ നുണകളെ സ്വാമികള്‍ ചോദ്യം ചെയ്തു. പക്ഷേ, കേരളം കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പി സ്വാമികള്‍ പറഞ്ഞില്ല. മറിച്ച് പറഞ്ഞത്, കേരളം നായന്മാരുടെ സ്വന്തമാണെന്നാണ് (പ്രാചീന മലയാളം, അദ്ധ്യായം 6, പേജ് 75). പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനും മറ്റും ക്രിസ്ത്യാനികളെ എതിര്‍ത്തു എന്നത് ശരി തന്നെ. അവരുടെ സവര്‍ണ നിലപാടിനെയാണ് എതിര്‍ത്തത്. എന്നാല്‍ ചട്ടമ്പി സ്വാമികള്‍ തന്റെ കൃതിയായ 'ക്രിസ്തുമതച്ഛേദന'ത്തില്‍ ക്രസ്ത്യാനികളെക്കറിച്ച് വളരെ മോശമായ പരാമര്‍ശങ്ങളാണുള്ളത്. വളരെ നിന്ദ്യമായാണ് യേശുക്രിസ്തുവിനെ ഈ പുസ്തകം വിശേഷിപ്പിച്ചിരിക്കുന്നത്.
"ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരദ്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"
എന്നും,
'ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്'എന്നും,
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'എന്നും,
ശിവനെയും ശ്രീബുദ്ധനെയും യേശുക്രിസ്തുവിനെയും മുഹമ്മദ് നബിയെയുമൊക്കെ പരാമര്‍ശിച്ച്
"പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?
പരമേശ പവിത്ര പുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?"എന്നൊക്കെ അനുകമ്പയോടെ പറയുകയും പാടുകയും ചെയ്ത ശ്രീനാരായണ ഗുരു 'ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കി'എന്നു പറയുന്നത് ഒരിക്കലും മാപ്പു നല്‍കാന്‍ പാടില്ലാത്ത കുറ്റമാണ്.
ചട്ടമ്പി സ്വാമികള്‍ ശ്രീനാരായണ ഗുരുവിന്റെ ഗുരുവാണെന്നും ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ കാല്‍ക്കല്‍ വീണിട്ടുണ്ടെന്നുമുള്ള സവര്‍ണ ഗീര്‍വാണങ്ങള്‍ പണ്ടുമുതലേയുണ്ട്.
ഇതിന്റെ പൊള്ളത്തരം തിരു-കൊച്ചി മുഖ്യമന്ത്രിയുംഎസ്.എന്‍.ഡി.പി.നേതാവും മുസ്ളീങ്ങളും അവര്‍ണ ക്രിസ്ത്യാനികളുമടക്കമുള്ള പിന്നാക്കക്കാര്‍ക്ക് ഉദ്യോഗ സംവരണം ലഭിക്കാനായി 'നിവര്‍ത്തന പ്രക്ഷോഭം'സംഘടിപ്പിച്ച വ്യക്തിയുമായ സി.കേശവന്‍ തുറന്നുകാണിക്കുന്നത് നോക്കുക(ജീവിത സമരം, സി.കേശവന്‍, പേജ് 258): "ഒരു സ്കൂളിന്റെ ഉദ്ഘാടനത്തിനു ചട്ടമ്പി സ്വാമികളും സന്നിഹിതനായിരുന്നു. അദ്ദേഹം വരുമ്പോള്‍, വളരെക്കാലം സ്കൂളിന്റെ മാനേജരായിക്കഴിഞ്ഞ മാന്യന്റെ വീട്ടില്‍ നാരായണ ഗുരു വിശ്രമിക്കുകയാണ്. ചട്ടമ്പി സ്വാമികള്‍ വരുന്നതുകണ്ട് നാരായണ ഗുരു പറയുകയാണ്:"ചട്ടമ്പി വരുന്നു. ഒരു കസേര നീക്കിയിടൂ". നാരായണ ഗുരു എണീറ്റില്ല. സാഷ്ടാംഗ നമസ്കാരം ചെയ്തില്ല. വലുതായ സൌഹൃദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നത വ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത്. പക്ഷേ, ഇയ്യിടെ ചട്ടമ്പി സ്വാമി ശതാബ്ദി സ്മാരക ഗ്രന്ഥത്തില്‍ ഒരു വിദ്വാന്‍കുട്ടി കാച്ചിവിട്ടിരിക്കുന്നതു കണ്ടു. തയ്ക്കാട്ടെവിടെയൊ വച്ച് ചട്ടമ്പി സ്വാമി തിരുവടികളെ കണ്ടമാത്രയില്‍ ശ്രീനാരായണ ഗുരു സ്വാമികള്‍ സാഷ്ടാംഗം നിലംപതിച്ച് ചട്ടമ്പി സ്വാമിപാദങ്ങളില്‍ തലമുട്ടിച്ചു കഴിഞ്ഞുവെന്നും, ചട്ടമ്പി സ്വാമികള്‍ "ഛീ ഛീ"എന്ന് അപ്പോള്‍ നാരായണ ഗുരുവിനെ ശാസിച്ചു എന്നും, പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചെന്നും, നാരായണ ഗുരു കണ്ണീര്‍ വാര്‍ത്തെന്നും മറ്റും മറ്റും. ഞാന്‍ മേല്പറഞ്ഞ സംഭവം നടക്കുന്നതിനടുത്താണ് ഈ സംഭവം നടന്നത്. അതാണ് വിശേഷം! ഇത്തരം 'നിപുണമായ'പച്ചപ്പൊളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യന്മാരെന്നല്ലാതെ എന്തു പറയാനാണ്!"
അതെ, സി.കേശവന്‍ ഏഭ്യത്തരമെന്നു വിശേഷിപ്പിച്ച ആ പരിപാടി ഇന്നും തുടരുകയാണ്. ഈ ഏഭ്യത്തരത്തിന് 'വിപ്ളവ കേരള'ത്തില്‍ മാര്‍ക്കറ്റ് കൂടിവരികയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് എല്ലാവിധ മാനുഷിക അവകാശങ്ങളും നിഷേധിച്ച് അവരെ നിന്ദ്യവും നീചവും നികൃഷ്ടവുമായി ചൂഷണം ചെയ്തിരുന്ന രാജഭരണത്തെ സ്തുതിക്കാന്‍ കുറച്ചുപേരല്ല കൂടുതല്‍പേര്‍ ഉണ്ടായിരിക്കുന്നു!
0 comments:
Post a Comment