Saturday 4 July 2015

DAIVADSHAKAM SHATHAABDI NIRAVIL (STUDY )

ദൈവദശകം
ശതാബ്ദി നിറവിൽ

1914 -ൽ ഗുരുദേവൻ അനുഷ്ടുപ്പ് വൃത്തത്തിൽ രചിച്ച പത്തു പദ്യങ്ങൾ അടങ്ങു ന്ന ഒരു ത്ര കൃതിയാണ് ദൈവദശകം. പ്രത്യക്ഷത്തിൽ ലളിതമാണെങ്കിലും ഗഹനാർദ്ഥസ്തോസംപുഷ്ടമാണ് ഈ കൃതി.

ദൈവമേ കാത്തു കൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻനീഭവാബ്ധിക്കൊ -
രാവി വൻതോണി നിൻപദം
ട്ടെണ്നും പൊരുളൊടുങ്ങിയാൽ
നിന്നിടുംദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം
 അന്നവസ്ത്രാദി മുട്ടാതെ
 തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയോന്നുതന്നെ
ഞങ്ങൾക്കു തമ്പുരാൻ
ആഴിയും തിരയും കാറ്റും
 ആഴവുംപോലെ ഞങ്ങ
 നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേസൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സായൂജ്യം നൽകുമാര്യനും
നീ സത്യം ജ്ഞാനമാനന്ദം
 നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ
അകവും പുറവും തിങ്ങും
 മഹിമാവാർന്ന നിൻപദം
 പുകഴ്ത്തുന്നുഞങ്ങളങ്ങെ
ഭഗവാനേ ജയിക്കുക
ജയിക്കുക മഹാദേവ
ദീനാവനപരായണാ
ജയിക്കുക ചിദാനന്ദ
ദയാ സിന്ധോ ജയിക്കുക
ആഴമേറും നിന്മാഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
ഇതാണ് ഗുരുദേവൻ രചിച്ച ദൈവ ദശകം.

ഈ കൃതിയുടെ ആത്മാവ് കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരി ക്കുന്ന ഒരു കാലഘട്ടമാണല്ലൊ ഇത്. മലയാളസാഹിത്യത്തിൽ ദൈവ ദശക ത്തിന്റെ സ്ഥാനം എവിടെ? കൃതി പഠിക്കാതെ  അത് കണ്ടെത്താനാവില്ല.
ഒരു ആസ്വാദകന്റെ ഭാഗത്തു നിന്നുകൊണ്ട് ഞാൻ കണ്ട ദൈവ ദശകം ഇവടെ കുറിക്കുന്നു

ദശകം എന്നതിന് പത്തു പദ്യങ്ങൾ അടങ്ങുന്ന കാവ്യം എന്നാണർദ്ഥം. ദൈവം സത്യമോ? അതോ മിഥ്യയോ?

ഈശ്വരാരാധന ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ അത് ഏതു ഭാവത്തിൽ ആയിരി ക്കണം?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ദൈവ ദശകത്തിലൂടെ ഗുരു പറഞ്ഞിരിക്കുന്നത്.

നമുക്ക് ദൈവ ദശകത്തിലേക്കു കടക്കാം.

 ഒന്ന്

ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ-
രാവി വൻതോണി നിൻപദം

(ദൈവമേ,അങ്ങ് ഞങ്ങളെ കൈവിടാതെ എല്ലായ്പ്പോഴും ഇവിടെ കാത്തു രക്ഷി ക്കേണമേ.ജീവിത സമുദ്രം തരണം ചെയ്യാൻ ഞങ്ങൾക്കാശ്രയമായിരിക്കുന്ന കുറ തീർന്നൊരു ആവിക്കപ്പലായി ഭവൽപ്പാദ ങ്ങളെ ഞങ്ങൾ കാണുന്നു. ഭവാൻ അതിന്റെ കപ്പിത്താനും. )

ഇവിടെ ദൈവം സാകാരമൂർത്തിയാണ്. ആ മൂർത്തിയുടെ പാദങ്ങൾ ഒരാവി ക്കപ്പലാണ്. ഗുരുവിന്റെ കാലത്ത് ആവിക്കപ്പൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം മനസ്സിൽ വച്ചുകൊണ്ടേ  കൃതിയുടെ പഠനം തുടങ്ങാവൂ.

കപ്പൽപ്പാദനായൊരു ആരാധനാമൂർത്തിയെ ഒരു മതഗ്രന്ഥവും പരിചയപ്പെടു ത്തിത്തരുന്നില്ല. ജീവിതത്തെ സമുദ്ര തരണത്തോടുപമിച്ച ഗുരുവിന്റെ ഭാവന യിൽ വിരിഞ്ഞ അനന്യമായൊരു ദൈവസങ്കൽപ്പമാണിത്. ആ സാങ്കൽപീക ദൈവത്തോട് ഞങ്ങളെ എല്ലാവരെയും കൈവിടാതെ ഇവിടെ കാത്തു രക്ഷി ക്കേണമേ എന്നാണ് ഗുരുവിന്റെ പ്രാർത്ഥ ന.

താനും ബന്ധുക്കളും മാത്രമടങ്ങുന്ന ഒരു ചെറുസമൂഹത്തെയല്ല "ഞങ്ങൾ" എന്ന പ്രയോഗം കൊണ്ട് ഗുരു അർത്ഥമാക്കുന്നത്. സകല ചരാചരങ്ങളും ആ നിർവചനത്തിൽ പെടുന്നു.

സാഗരതരണ യജ്ഞത്തോടാണ് ജീവിതത്തെ ഗുരു ഉപമിച്ചത്. സഗരതരണം സുരക്ഷിതമാക്കാൻ മനുഷ്യൻ കപ്പൽ കണ്ടുപിടിച്ചു. കപ്പലിനെ സുരക്ഷിതമായി നയിക്കാൻ കപ്പിത്താനെയും അവൻ പരിശീലിപ്പിച്ചു. ധിഷണാശാലിയായൊരു കപ്പിത്താൻ നയിക്കുന്ന കപ്പലിലെ യാത്രക്കാർ എപ്പോഴും സുരക്ഷിതരായിരി ക്കും. ഈ ന്യായമാണ് ദൈവത്തെ ആവിക്കപ്പലിന്റെ നാവികനായി സങ്കൽപ്പി ക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്.

മർക്കട കിശോരന്യായവും മാർജാര കിശോരന്യായവും ഇവിടെ വ്യവഛെദി ച്ചറിയേണ്ടതുണ്ട്.  അപകടം മണത്തറിഞ്ഞാലുടനെ തള്ളക്കുരങ്ങ് കുഞ്ഞിനെ മാറത്തണച്ച് സുരക്ഷിതസ്ഥാനം നോക്കി കുതിക്കും. തള്ളയുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് നെഞ്ചിൽ ഒട്ടിയിരിക്കേണ്ട ഉത്തരവാദിത്വം കുഞ്ഞിനാണുള്ളത്. ഇത് മർക്കട കിശോരന്യായം.

     
അപകടം മണത്തറിഞ്ഞ പൂച്ച കുഞ്ഞിനെ  കടിച്ചെടുത്തുകൊണ്ടാണ് സുരക്ഷിത സങ്കേതം തേടുക.കുഞ്ഞ് അവളുടെ പിടിയിൽ സുരക്ഷിതയായിരിക്കും. ഇതാണ് മാർജാര കിശോരന്യായം. ഈ ന്യായങ്ങളിൽ മനുഷ്യനു സ്വീകാര്യം മാർജാര കിശോരന്യായമാണ്.മാതാപിതാക്കൾ കുഞ്ഞുങ്ങളെ ശ്രദ്ധയോടുകൂടി കൈപി ടിച്ചു നടത്തും.

ഇക്കാരണത്താലാണ് "എപ്രകാരമാണോ ഒരു പിതാവ് മകനെ കൈപിടിച്ചു നേർവഴിക്കു നയിക്കുന്നത്, അപ്രകാരം അല്ലയോ ലോകപിതാവേ, അങ്ങയുടെ കൈപ്പിടിയിൽ നിന്നും വിട്ടുപോകാതെ എല്ലായ്പ്പോഴും അങ്ങ് ഞങ്ങളെ കാത്തുകൊ ള്ളേണമേ." എന്ന് പ്രാർത്ഥിക്കുന്നത്.


രണ്ട്
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്നും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം


( തൊട്ടെണ്ണുന്ന പൊരുളുകൾ ഒന്നൊന്നായെടുത്ത് എണ്ണിത്തിട്ടം വന്നവന്റെ മനസ്സ് എപ്രകാരമാണോ സന്ദേഹമറ്റു നിലക്കൊള്ളുന്നത്‌, അല്ലയോ ,ദൈവ മേ,അപ്രകാരം ഞങ്ങളുടെ മനസ്സ് എല്ലായ്പ്പോഴും അങ്ങയിൽ ചലനമറ്റു നില ക്കൊള്ളേണമേ.)

ദൈവം ഭക്തനെ കൈവിടാതെ കാത്തു രക്ഷിക്കണമെങ്കിൽ ദൈവത്തിനു ഭക്ത നോട്‌ വാത്സല്യം തോന്നണം. അതെങ്ങനെ സാധിച്ചെടുക്കാം?

പഴയ കാലത്ത് ലളിതഗണിതം പഠിപ്പിച്ചിരുന്നത് കളരിയാശാന്മാരായിരുന്നു. കുന്നിക്കുരുവോ മഞ്ചാടിമണികളോ വെള്ളാരം കല്ലുകളോ കൂട്ടിവച്ചശേഷം അവയിൽ നിന്നും ഓരോന്നായി മാറ്റിവച്ച് എണ്ണാൻ പഠിപ്പിക്കുന്ന ഒരു രീതി കണക്കാശാന്മാർ അവലംബിച്ചു പോന്നിരുന്നു. കുട്ടികളുടെ മനസ്സിൽ ഗണിതം ഉറപ്പിച്ചെടുക്കുകയായിരുന്നു ലക്‌ഷ്യം.

ആശാനോടുള്ള  ഭയഭക്തി ബഹുമാനങ്ങളും വിശ്വാസവുമാണ് കുട്ടിമനസ്സിൽ ഗണിതം ഉറപ്പിച്ചു കൊടുക്കുന്ന അദൃശ്യ ശക്തിവിശേഷങ്ങൾ. എപ്രകാരമാ ണോ ശിഷ്യമനസ്സ് ഗുരുവിൽ വിശ്വാസമർപ്പിച്ചു സന്ദേഹമറ്റു നിലക്കൊള്ളു ന്നത്‌, അപ്രകാരം ഭക്തന്റെ മനസ്സ് ദൈവത്തിൽ സദാസമയവും ചലനമറ്റു നില ക്കൊള്ളണം. ദൈവത്തോട് വ്യാജ ഭക്തി പാടില്ലെന്നു സാരം.

ഇന്ദ്രിയ ഗ്രാഹ്യങ്ങളായ എല്ലാ തത്ത്വങ്ങളും തൊട്ടെണ്ണുന്ന പൊരുളുകളാണ്. പൊരുൾ എന്നതിന് ദ്രവ്യം എന്നാണ് അർത്ഥം. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറി യാൻ സാധിക്കുന്ന തത്ത്വങ്ങളെല്ലാം ഗുരുക്കന്മാർ നമുക്ക് മനസ്സിലാക്കിത്തരും. പഞ്ചേന്ദ്രിയങ്ങൾക്ക് അപ്രാപ്യങ്ങളായ പൊരുളുകൾ അവനവൻ തന്നെ മനനം ചെയ്തു കണ്ടെത്തിക്കൊള്ളണം. അതിനു ദൈവാനുഗ്രഹം കൂടിയേ തീരൂ. നിർവ്യാജ ഭക്തന്മാർക്കുമാത്രമേ ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടായിരിക്കുകയുള്ളൂ.

ഇന്ദ്രിയഗ്രാഹ്യങ്ങളായ പൊരുളുകളെല്ലാം മനസ്സിലുറപ്പിച്ച ഒരാളുടെ മനസ്സ് എപ്രകാരമാണോ സന്ദേഹമറ്റു നിലക്കൊള്ളുന്നത്, അപ്രകാരം ഞങ്ങ ളുടെ മനസ്സിൽ എല്ലായ്പ്പോഴും നിർവ്യാജ ഭക്തി നിറഞ്ഞു നിൽക്കാൻ അല്ലയോ ദൈവമേ, ഞങ്ങളെ അനുഗ്രഹി ക്കേണമേ.

മൂന്ന്  
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ.

ആഹാരം, വസ്ത്രം, പാർപ്പിടം,  തുടങ്ങി ഞങ്ങൾക്കാവശ്യമുള്ളതെല്ലാം തന്നു ഞങ്ങളെ ധന്യരാക്കിക്കൊണ്ടിരിക്കുന്ന അല്ലയോ ദൈവമേ, നീ മാത്രമാണ് ഞങ്ങളുടെ തമ്പുരാൻ.

'ഞങ്ങൾക്ക് അന്നന്നത്തെ അപ്പം തരേണമേ' എന്ന ബൈബിൾ പ്രാർത്ഥനയോട് ഏറെ സാദൃശ്യമുള്ള വരികളാണിത്. അർത്ഥതലങ്ങൾ വ്യത്യസ്തമാണെന്നു മാത്രം.ദൈവം ഞങ്ങൾക്കു വേണ്ടതെല്ലാം തന്നുകൊണ്ടിരിക്കുന്നു. തുടർന്നും തന്നുകൊണ്ടേയിരിക്കും.  അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല.  അതുകൊ ണ്ടുതന്നെ ഞങ്ങൾ   ധന്യരാണ്. ദൈവമേ, ഞങ്ങളെ ഇപ്രകാരം  ധന്യരാക്കിക്കൊ ണ്ടിരിക്കുന്നതിൽ ഞങ്ങൾക്കങ്ങയോടു നന്ദിയും സ്നേഹവുമുണ്ട്. അവിടുന്ന ല്ലാതെ ഞങ്ങൾക്ക് വേറെ തമ്പ്രാക്കന്മാരില്ല.

ഈ കൃതിയുടെ രചന നടക്കുന്ന കാലത്ത് ജാതിവ്യവസ്ഥ ഉച്ചസ്ഥായിയിൽ നില നിന്നിരുന്നു. സവർണ്ണമേലാളന്മാർ തമ്പുരാൻ, പോറ്റി, തുടങ്ങിയ സംബോധന കൾ അടിയാളന്മാരിൽ അടിച്ചേൽപ്പിച്ചിരുന്നു. അതിനെതിരെ ഗുരുവിന്റെ മനസ്സിലുണ്ടായിരുന്ന അമർഷമാണ്‌ ഈ വരികൾ എഴുതാൻ ആദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് സഹോദരനയ്യപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.  അതെന്തുമാകട്ടെ,
ചൂഷണത്തിനും അധിനിവേശത്തിനും എതിരെയുള്ള അമർഷം ഉൾച്ചേർന്നു കിടക്കുന്നുണ്ടെങ്കിലും അവ മർമ്മരങ്ങൾ മാത്രമാണ്. സാഹിത്യമൂല്യമുള്ള കാവ്യത്തിന്റെ തിളക്കം ഈ വരികൾക്കുണ്ട്.

നാല്

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം

അല്ലയോ ദൈവമേ, ആഴി, തിര, കാറ്റ്, ആഴം എന്നിവ യഥാക്രമം ഞങ്ങൾ , മായ, നിന്റെ മഹിമ, നീ എന്നിവയോട് സമാനങ്ങളാണെന്ന് ഞങ്ങളുടെ മനസ്സിൽ ബോ ധ്യപ്പെടുത്തി തരേണമേ.

സാഗരതരണ യജ്ഞമാണ് ജീവിതം. സാഗരം തരണം ചെയ്യുന്നതിന് സാഗരത്തെ ശരിയാംവണ്ണം അറിഞ്ഞിരിക്കേണ്ടതുണ്ട്.

തിര, കാറ്റ്, ആഴം ഇവ മൂന്നും ചേരുമ്പോഴാണ് ജലാശയത്തിന് ആഴി എന്ന പദ വി കൈവന്നുചേരുന്നത്.  ഐ ഇരമ്പലും തിരമാലകളും കടലിന്റെ പ്രത്യേക തകളാണ്. ആഴവും കാറ്റുമാണ് സമുദ്രജലത്തിൽ തിരയിളക്കമുണ്ടാക്കുന്നത്. ഒരു ലഘു പരീക്ഷണത്തിലൂടെ നമുക്കത് കണ്ടെത്താനാകും.

തിരയിളക്കമുള്ള സമുദ്രത്തിൽ നിന്നു കുറെ ജലം ഒരു കുപ്പിയിൽ  ശേഖരിച്ചു നിരീക്ഷിക്കുക. ആ ജലത്തിന് ഒരിക്കലും തിരയിളക്കം സംഭവിക്കുകയില്ല. കുപ്പിക്കു പകരം കുട്ടകമോ, വീപ്പയോ, സംഭരണിയായി മാറ്റി മാറ്റി നിരീക്ഷ ണം തുടരുക. അവയിലും തിരയിളക്കം ഉണ്ടാവില്ല.

എന്താണിതിൽ നിന്നു വ്യക്തമാകുന്നത്? ആഴവും കാറ്റുമില്ലെങ്കിൽ സമുദ്ര ത്തിൽ   തിരയിളക്കം സംഭവിക്കുകയില്ല. ആഴി എന്ന പേരിൽത്തന്നെ ആഴത്തി ന്റെ   പ്രസക്തി അന്തർലീനമായി കിടക്കുന്നുണ്ടല്ലോ.

സാഗരതരണം നടത്തുന്നത് ഭക്തന്മാരും അവരെ നയിക്കുന്നത് കപ്പൽപ്പാദനും നാവികനും കൂടിയായ ദൈവവുമാണ്. ഭക്തന്മാരായ ഞങ്ങളും, മായയും, ദൈവമഹിമയും, ദൈവവും ഒരുമിച്ചാണ് സാഗരതരണ യജ്ഞത്തിൽ പങ്കാളികളാകുന്നത്.


മായ                        
മായ എന്താണെന്നു മനസ്സിലാക്കാതെ ഈ പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാ ക്കാൻ പ്രയാസമാണ്.

'ന സതി, ന അസതി, ന സദസ്തി '

( അത് ഉള്ളതല്ല; അത് ഇല്ലാത്തതല്ല; അത് ഉള്ളതിൽ ഇല്ലാത്തതുമല്ല. വാക്കു കൾക്ക് അതിനെ നിർവചിക്കാൻ പ്രയാസമാണ്. )

എന്നാണ് സർവ്വസാരോപനിഷത് മായയെ നിർവചിച്ചിരിക്കുന്നത്.


മായ മാത്രമിദം സർവ്വം
അദ്വൈദം പരമാർത്ഥത:

( ഇവിടെ കാണുന്നതെല്ലാം മായയാണ്. പരമാർത്ഥമായിട്ടുള്ളത് അദ്വൈതം മാത്രം.)

എന്നാണ് ഗൗഡപാദരുടെ അഭിപ്രായം.

മായ എന്താണെന്ന് ചില ഉദാഹരണങ്ങൾ നിരത്തി ഗുരുക്കന്മാർ നമ്മെ പഠിപ്പി ച്ചിട്ടുണ്ട്.

തെളിഞ്ഞ ജലാശയത്തിന്റെ കരയിലുള്ള മാവിൻകൊമ്പിലെ പഴങ്ങൾ ആ ജലാ ശയത്തിൽ പ്രതിബിംബിച്ചു നില്ക്കും. യഥാർത്ഥ മാമ്പഴവും പ്രതിബിംബിത മാ മ്പഴവും തമ്മിൽ കാഴ്ച്ചയിൽ യാതൊരു വ്യത്യാസവുമില്ല. മാവിൻ കൊമ്പി ലെ മാമ്പഴം പറിച്ചെടുത്ത് നമുക്കു രുചിച്ചു നോക്കാം. പക്ഷേ, പ്രതിബിംബിത മാമ്പ ഴം പറിച്ചെടുക്കാനോ, രുചിച്ചു നോക്കാനോ ഒരിക്കലും സാധ്യമല്ല. മാവിൻ കൊമ്പിലെ മാമ്പഴം സത്യം. ജലാശയത്തിലെ പ്രതിബിംബിത മാമ്പഴം മായ.


അനുഭൂതിം വിനാ മൂഢൊ
വൃഥാ ബ്രഹ്മണി മോദതേ
പ്രതിബിംബിത ശാഖാഗ്ര-
ഫലാസ്വാദന മോദവത്

എന്ന് മൈത്രേയോപനിഷത്തിൽ പറഞ്ഞിട്ടുള്ള ഉദാഹരണമാണ് മുകളിൽ ഉദ്ധ രിച്ചത്.


"സദാസ്പന്ദം സർവ്വം സർവ്വർത്ര "
( സത്താണ് എല്ലാറ്റിനും എവിടെയും ആശ്രയം )

എന്ന് ഗീതാ ഭാഷ്യത്തിലും


സർവ്വം ച നാമരൂപാദി
 വികാരജാതം
സദാദ്മനാ ഏവ സത്യം
സ്വതസ്തു അനൃതം

എന്ന് ഛന്ദൊക്യോപനിഷത് ഭാഷ്യത്തിലും ശങ്കരാചാര്യർ മായയെ നിർവചി ച്ചിട്ടുണ്ട്.

ലളിതമായ മറ്റു ചില ഉദാഹരണങ്ങൾ കൂടി നിരത്താം.

മരിച്ചു പോയ ബന്ധുക്കളെ സ്വപ്നത്തിൽ നാം കാണാറുണ്ട്‌; അവരുമായി സംവദിക്കാറുമുണ്ട്. പക്ഷേ, സ്വപ്നാനുഭവങ്ങൾക്ക് ജാഗ്രത്തിൽ പ്രസക്തി യില്ല.സ്വപ്നം മായയായിരുന്നു. ജാഗ്രത് അനുഭവങ്ങളാണ് സത്യം.

ജലം നിറച്ച മണ്‍കൂജയുടെ കാര്യമെടുക്കാം. കളിമണ്ണ്‍ കുഴച്ചു പാകപ്പെടുത്തി കുശവൻ നിർമ്മിച്ചെടുക്കുന്ന കൂജ കൂജയായിരിക്കുമ്പോൾ കൂജ തന്നെ. എന്നാൽ അതിനെ തല്ലിയുടച്ച്‌ അരച്ചുരുട്ടിയാൽ വീണ്ടുമത് കളിമണ്‍ പശയാ  യിത്തീരും. അങ്ങനെ വരുമ്പോൾ നാം കണ്ട കൂജ മായയയിരുന്നുവോ? അതിൽ നിന്ന് നാം കുടിച്ച ജലം ഉണ്മയായിരുന്നില്ലേ?

കൂജയിൽ നാം കണ്ട ജലം അതിനു മുമ്പ് എന്തായിരുന്നു? അന്തരീക്ഷ വായുവി ലെ കാർബണ്‍ ഡയോക്സൈഡും ഓക്സിജനും ആയിരുന്നു എന്ന് നമുക്ക റിയാം. അങ്ങനെ വരുമ്പോൾ ഇവിടെയുളളതെല്ലാം അവസ്ഥാഭേദങ്ങളുടെയും രൂപഭേദങ്ങളുടെയും സംഘാതങ്ങളാണെന്നു വരുന്നു.മായയെ മനസ്സിലാക്കാൻ ഇങ്ങനെ മനന നിരീക്ഷണങ്ങൾ തുടരാവുന്നതാണ്.    

ആഴിയും തിരയും കാറ്റും ഒന്നുചേർന്നു വർത്തിക്കുമ്പോൾ എപ്രകാരമാണോ സമുദ്രഭാവം യാഥാർധ്യമായിത്തീരുന്നത്, അപ്രകാരം ഞങ്ങളും, മായയും, നിന്റെ മഹിമയും, നീയും ഒന്നായിരിക്കുമ്പോൾ ഭക്തിഭാവത്തിന് അർത്ഥതലം വന്നു ചേരുന്നു. നാനാത്വത്തിലെ ഏകത്വം ഗുരു ഇവിടെ അവതരിപ്പിച്ചിരി ക്കുന്നു.


അഞ്ച്

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടി ജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയാടതും.

( അല്ലയോ ദൈവമേ, ഇവിടെയുള്ള സൃഷ്ടികർമ്മങ്ങളും, സൃഷ്ടിക്കപ്പെട്ട വസ്തുക്കളും, സൃഷ്ടിക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന സാമഗ്രികളും സൃഷ്ടികർത്താവും നീതന്നെയാകുന്നു.)

ഇല്ലാത്ത ഒന്നിനെ സൃഷ്ടിക്കാനോ ഉള്ള എന്തിനെയെങ്കിലും നശിപ്പിക്കുവാനോ ആരാലും സാദ്ധ്യമല്ല. തത്വചിന്തകർ മാത്രമല്ല, ശാസ്ത്ര ജ്ഞന്മാരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

ചെറിയ ഒരുദാഹരണത്തിലൂടെ ഇക്കാര്യം വിശദീകരിക്കാം.

പുരാതനർ കാട് വെട്ടി നാട്ടിൻപുറങ്ങൾ സൃഷ്ടിച്ചു. കാലക്രമത്തിൽ നാട്ടിൻപുറ ങ്ങളെ അവർ പട്ടണങ്ങളും നഗരങ്ങളുമാക്കി മാറ്റിയെടുത്തു. മാറ്റങ്ങൾ ഓരോന്നായി വന്നുചേർന്നു. ഈ മാറ്റങ്ങളൊക്കെ വാസ്തവത്തിൽ സൃഷ്ടികളാണോ?
കാട് വെട്ടി ഗ്രാമങ്ങളുണ്ടാക്കിയപ്പോൾ ആ പ്രദേശങ്ങൾക്ക് കാടിന്റെ രൂപഭാവങ്ങൾ വന്നുചേർന്നു. ആ ഗ്രാമം കുറേക്കാലം ആൾപ്പാർപ്പില്ലാതെ കിടക്കുന്നതായി സങ്കൽപ്പിക്കുക. അപ്പോൾ എന്തു സംഭവിക്കും? ആ ഗ്രാമം വീണ്ടും വനഭൂമിയായിത്തീരും.

ഇവിടെ ആരാണ് വനം സൃഷ്ടിച്ചത്? ആരും സൃഷ്ടിച്ചതല്ല; സ്വയമേവ സംഭവിച്ചു പോയതാണ്.

ഇനി മറ്റൊരു ഉദാഹരണം നോക്കാം.

കുന്നുകൾ ഇടിച്ചു നിരത്തിയും ചതുപ്പുനിലങ്ങൾ നികത്തിയുയർത്തിയും മലകൾ തുരന്നു തുരങ്കങ്ങളുണ്ടാക്കിയും നാം റെയിൽ പാളങ്ങലുണ്ടാക്കുന്നു.കോണ്ക്രീറ്റ് ബീമുകളിൽ സമാന്തരമായി ഘടിപ്പിച്ച ഉരുക്കുപാളികളെ കരിങ്കൽ തുണ്ടുകളിട്ടു ബലപ്പെടുത്തിയെടുക്കുമ്പോൾ റെയിൽ പാളമായി. ഈ പാളംതയ്യാറാക്കുന്നതിനു മുമ്പ് ഉരുക്കുപാളികൾ ഖനികളിലെ ഇരുമ്പൈരായിരുന്നു. കരിങ്കൽത്തുണ്ടുകൾ പാറ ക്കെട്ടുകളാ യിരുന്നു. കോണ്‍ക്രീറ്റ്പാളികളും, നട്ടുകളും, ബോൾട്ടുകളുമെല്ലാം അസംസ്കൃത രൂപത്തിലുള്ള സാമഗ്രികളായിരുന്നു. അദൃശ്യമായ ഏതോ ശക്തിവിശേഷത്തിന്റെ പ്രേരണയാൽ മനുഷ്യൻ അവന്റെ സൗകര്യാർത്ഥമ  വയ്ക്കെല്ലാം രൂപമാറ്റം ഉണ്ടാക്കിയെടുത്തു.

റോഡുകളും റെയിൽപാതകളും ഉണ്ടാക്കാനായി പൊട്ടിച്ചെടുത്ത പാറക്കെട്ടുകൾ നശിച്ചുപോയി എന്ന് നാം പറയും. അത് ശരിയാണോ? ഒരിക്കലുമല്ല. അവയ്ക്ക് റോഡുകളുടെയും, പാലങ്ങളുടെയും, റെയിൽപാള ങ്ങളുടെയുമൊക്കെ രൂപഭേദങ്ങൾ വന്നു ചേർന്നു. വെട്ടി നശിപ്പിക്കപ്പെട്ട മരങ്ങൾ സൗധക്കെട്ടുകളുടെ ജനാലകളും, കട്ടിളപ്പടികളും, കതകുകളും, ഫർണി ച്ചറുകളുമൊക്കെയായി രൂപാന്തരപ്പെടുന്നു. ഖനനം ചെയ്തെടുക്കപ്പെടുന്ന അയിരുകൾ യന്ത്രസാമഗ്രികളായും, പാത്രങ്ങളായും, ആഭരണങ്ങളായും, മറ്റു പലതുമായും രൂപാന്തരപ്പെടുന്നു. ഇങ്ങനെ നോക്കിയാൽ, സൃഷ്ടികളെന്നു നാം കരുതിപ്പോരുന്നതൊന്നും സൃഷ്ടികളല്ല എന്ന് തോന്നിപ്പോകും. ഇക്കാര്യം താൻ രചിച്ച ഗദ്യ പ്രാർതഥനയിൽ വിശദീകരിച്ചിട്ടുണ്ട്.

"നമ്മുടെ കണ്ണ് കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിള പോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്ല്യം എന്നല്ലാതെ ഒന്നും പറയാനില്ല.നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും അറിവായ നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടേ ഇരിക്കും. ഇപ്രകാരം ഉപദേ ശിക്കപ്പെടുന്ന  തിരുവാക്കുകളെയും, ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞങ്ങൾ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകേണമേ."


ആറ്
നീയല്ലോ മായയും മായാ-
വിയും മായാ വിനോദനും
നീയല്ലോ മായയെ നീക്കി
സ്സായൂജ്യം നല്കുമാര്യനും.

അല്ലയോ ദൈവമേ, നീ മായയാണെന്ന് ഞങ്ങൾ അറിയുന്നു. മായകളുണ്ടാക്കി ഞങ്ങളെ അതിനുള്ളിൽ തള്ളിയിട്ടു വിനോദിക്കുകയും, ഞങ്ങൾ വശം കെട്ടു കഴിയുമ്പോൾ മായാവലയം നീക്കി ഞങ്ങൾക്ക്‌ മോക്ഷം തരികയും ചെയ്യുന്ന മായാവിയായ നീ ശ്രേഷ്ടന്മാരിൽ ശ്രേഷ്ടനാണെന്നും ഞങ്ങൾക്കറിയാം.

മായയെപ്പറ്റി നാലാമതു പദ്യത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതിവിടെ ആവർത്തിക്കുന്നില്ല.


ഏഴ്


നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.



അല്ലയോ ദൈവമേ, നീ സത്യമാകുന്നു, നീ ജ്ഞാനമാകുന്നു, നീ ആനന്ദമാകുന്നു, ഭൂതവും ഭാവിയും വർത്തമാനവും ( കാലത്രയം) നീ തന്നെയാകുന്നു. ചിന്തിച്ചു നോക്കിയാൽ, ഞങ്ങൾ ഉരുവിടുന്ന വാക്കുകൾ പോലും നീയാകുന്നു.

സച്ചിതാനന്ദം ( സത്+ചിത്+ആനന്ദം ) എന്ന ഭാരതീയ  സങ്കൽപ്പത്തിന് അടിവരയിടുന്നുണ്ട് ഗുരുവിന്റെ ഈ വരികൾ.

ജ്ഞാനദൃഷ്ടിയിൽ സത്യം തെളിഞ്ഞു ശോഭിക്കുമ്പോഴുള്ള ആനന്ദാനുഭൂതിയെയാണ് സച്ചിതാനന്ദം എന്നു വിശേഷിപ്പിക്കുന്നത്.

മായാമുക്തി നേടിയെടുക്കാൻ സത്യാസത്യ വിവേചന ബുദ്ധി കൂടിയേ തീരൂ.സത്യാസത്യ വിവേചനബുദ്ധി തന്നെയാണ് ജ്ഞാനം. സ്വാനുഭവം, പൂർവ്വജ്ഞാനം, യുക്തി തുടങ്ങിയവയാണ് ജ്ഞാനാർജ്ജനത്തിനുള്ള പ്രമാണങ്ങൾ.ഭൂതകാല സംഭവങ്ങളെ വർത്തമാനകാല സംഭവങ്ങളുമായി ചേർത്തുവച്ചു പരീക്ഷണ- നിരീക്ഷണങ്ങൾ നടത്തിയാൽ ഭാവി എന്തായിരിക്കുമെന്ന് ഏറെക്കുറെ ഊഹിച്ചെടുക്കാം. ഇതിനെയാണ് ത്രികാലജ്ഞാനം എന്നു പറയുന്നത്. മനനബുധി കണ്ടെത്തിയ കാര്യങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ദൈവകൃപ കൂടിയേ തീരൂ. ഇവിടെ ദൈവം ശബ്ദബ്രഹ്മമായി പരിണമിക്കുന്നു."ഓതും മൊഴിയുമോർക്കിൽ നീ" എന്ന പ്രയോഗം ശ്രദ്ധാപൂർവ്വമാണ് ഗുരു നടത്തിയത്.

എട്ട്
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങെ
ഭഗവാനെ ജയിക്കുക.
അകത്തും പുറത്തും ഒരുപോലെ തിങ്ങിനിറഞ്ഞു നിൽക്കുന്ന മഹിമയോടുകൂടിയ നിന്റെ പദം ഞങ്ങൾ പുകഴ്ത്തുന്നു; ഭഗവാനെ, ജയിച്ചാലും.

ബഹിർമുഖനായ ഒരാൾക്ക് മേൽപ്പറഞ്ഞ തത്വങ്ങൾ പൂർണ്ണമായി ഗ്രഹിക്കാനാവില്ല.അകക്കണ്ണ് തുറന്നു നോക്കിയാലെ ജ്ഞാനം സന്ദേഹമറ്റു മനസ്സിൽ ഉറച്ചു കിട്ടൂ. അത്മവിലാസം എന്നാ കൃതിയിൽ ഗുരു പറയുന്നു: ''ഓ!  ഇതൊക്കെയും ഒരു ഘടീയന്ത്രം  പോലെ ആദ്യന്തമില്ലതെ കറങ്ങുന്നു.വിസ്മയം!നാം നമ്മുടെ  കാണുന്നു.( ? കാണുന്നില്ല ).   ദൈവം   നമ്മെ കാണുന്നു.നാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ( ? ശ്രവിക്കുന്നില്ല ). നമ്മെ ദൈവം ശ്രവിക്കുന്നു. നാം നമ്മുടെ ത്വക്കിനെ സ്പർശിക്കുന്നു. ( ? സ്പർശി ക്കുന്നില്ല) നമ്മെ ദൈവം സ്പർശിക്കുന്നു. നാം നമ്മുടെ നാവിനെ രസിക്കുന്നു. ( ? രസിക്കുന്നില്ല ). നമ്മെ ദൈവം രസിക്കുന്നു. നാം നമ്മുടെ മൂക്കിനെ മണക്കുന്നു. (? മണക്കുന്നില്ല). ദൈവം നമ്മെ മണക്കുന്നു. നാം വാക്കിനെ തള്ളി വിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല; ദൈവം തള്ളിവിടുന്നു. നാം കൈയെ ആദാനം ചെയ്യിക്കുന്നു.നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു.നാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല; ദൈവം നടത്തുന്നു. നാം ദൈവത്തെ നടത്തുന്നില്ല.നാം ഗുദത്തെ വിസർജ്ജനം ചെയ്യിക്കുന്നു.ഗുദം നമ്മെ വിസർജ്ജനം ചെയ്യിക്കുന്നില്ല. നാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു.നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം ആനന്ദിപ്പിക്കുന്നു.നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.

ഓ! ഇതാ ദൈവത്തിൽ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും, ചെവിയില്ലാതെ കേൾക്കുകയും, ത്വക്കില്ലാതെ സ്പർശിക്കുകയും, മൂക്കില്ലാതെ മണക്കുകയും, നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ചിത്പുരുഷനാകുന്നു. നമ്മുടെ ശരീരം  ജഡമാകുന്നു. ചുട്ടുപഴുത്ത ഇരുമ്പുഗോളം തേജോമയമായിരിക്കുന്നതുപോലെ നാം കണ്ണു തുറന്നു നോക്കുമ്പോൾ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു.
 ഓ! നമ്മുടെ ദൈവം ജ്യോതിർമയമായിരിക്കുന്ന ഒരു ദിവ്യ സമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു.ഓ! ഇതൊക്കെയും കാനലിൽ നിന്നു കവിയുന്ന വെള്ളമാകുന്നു.ദൈവം കാനലാകുന്നു.

ഓ! നാം ഇതുവരെയും ബഹിർമുഖനായിരുന്നു. ഇനി അന്തർമുഖത്തോടു കൂടിയവനായിത്തീരുന്നു. നാം ഇതുവരെയും നിന്നിരുന്നത് ദിവ്യമായ ഒരു കണ്ണാടിയിൽ ആയിരുന്നു. ഇത് തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുമ്പ് കണ്ടിരുന്നില്ല. ഇപ്പോൾ നമുക്കിവിടെ യാതൊരു മറവും കാണാനില്ല. നാമും ദൈവവും ഒന്നായിത്തീരുന്നു.


ഒൻപത്
ജയിക്കുക മഹാദേവ,
ദീനാവന പരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക.
അല്ലയോ മഹാനായ ദേവ, ദീനന്മാരെ അവനം ചെയ്യുന്നവനെ, (  രക്ഷിക്കുന്നവനെ ) ചിത്തിനെ ആനന്ദിപ്പിക്കുന്നവനെ, കരുണക്കടലെ ജയിച്ചാലും.

''ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശൻ'' എന്ന് കുമാരനാശാനും ''ചിന്താസന്താനമേ'' എന്ന് ഗുരുദേവനും ഈശ്വരനെ സംബോധന ചെയ്തിട്ടുള്ളത് ഇവിടെ ഓർക്കേണ്ടതുണ്ട്.

ദൈവദശകത്തിലെ  ആദ്യത്തെ എട്ടു പദ്യങ്ങളിലൂടെ ദൈവം ചിന്താസന്താനമാണെന്ന് ഗുരു വിശദമാക്കിത്തന്നു.ആ ചിന്താസന്താനത്തിന് പുരുഷരൂപവും കൽപ്പിച്ചുനല്കി. പുരുഷരൂപം പൂണ്ട ഈശ്വരൻ ദീനന്മാരെ അവനം ചെയ്യുന്നവനാണ്. ചിത്തിനെ ആനന്ദിപ്പിക്കുന്നവനാണ്. കരുണാസമുദ്രമാണ്. (ദയാസിന്ധു ).  മഹത്വങ്ങളുള്ള ശ്രേഷ്ടന്മാരിൽ ശ്രേഷ്ടനാണ് ദൈവം. അതുകൊണ്ടാണ് ഗുരു ദൈവത്തെ മഹാദേവൻ എന്ന് സംബോധന ചെയ്തത്. ( ഇവിടെ 'മഹാദേവൻ' ശിവന്റെ പര്യായമല്ല.


പത്ത്
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
അല്ലയോ ദൈവമേ, നിന്റെ ജ്യോതിസ്സാകുന്ന ആഴക്കടലിൽ മുഴുവനായി ആഴ്ന്നിറങ്ങി അലിഞ്ഞുചേരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്നിട്ടവിടെ സുഖമായി കഴിഞ്ഞുകൂടാനും ഇട വരുത്തേണമേ.

സമുദ്രം ഉപ്പുജലം കൊണ്ടു നിരഞ്ഞതാനല്ലോ. അങ്ങനെയുള്ള സമുദ്രത്തിൽ ഒരു ഉപ്പുപാവ നിക്ഷേപിച്ചാൽ എന്തു സംഭവിക്കും? സമുദ്രജലത്തിൽ അലിഞ്ഞു ചേർന്ന് പാവ ഇല്ലാതായിത്തീരും. അവിടെ പിന്നെ ഉപ്പുപാവയും സമുദ്രവും തമ്മിൽ ഭേദമില്ല.

ദൈവം ജ്യോതിർമയനാണ്. ദൈവത്തിന്റെ ജ്യോതിസ്സാകുന്ന ആഴിയിൽ ആകവേ ആണ്ടു ചേരാൻ കഴിഞ്ഞാൽ പിന്നെ ദൈവവും ഭക്തനും തമ്മിൽ ഭേദമില്ല.ഈശ്വരജ്യോതിസ്സു മാത്രം അവശേഷിക്കും. ഈയൊരവസ്ഥ കൈവന്നു ചേർന്നാൽ അതിനപ്പുറമായി മറ്റെന്താണ് വേണ്ടത്?

അഹം ബ്രഹ്മാസ്മി, തത്ത്വമസി, ബ്രഹ്മവിത്‌ ബ്രഹ്മൈവ ഭവതി എന്നൊക്കെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നതും വേറൊന്നല്ല.

ഉപസംഹാരം.
കപ്പൽ പാദനും നാവികനുമായ സാകാരമൂർത്തിയായൊരു ദൈവത്തെ അടുത്തറിയാൻ നാം ശ്രമിച്ചു.കൂടുതൽ കൂടുതൽ അടുത്തറിഞ്ഞപ്പോൾ നാം കണ്ട സാകാരമൂർത്തിക്ക് നിരാകാരമൂർത്തിയുടെ ഭാവം വന്നു ചേർന്നു. ആ നിരാകാരമൂർത്തിയെ അടുത്തറിയാനുള്ള മനനം തുടർന്നപ്പോൾ ദൈവവും നമ്മളും ഒന്നാണെന്ന തരത്തിലേക്ക് മനനമനസ്സു ചെന്നെത്തി. അവാച്യമായ ഒരു സുഖാനുഭൂതി അനുഭവിച്ചറിയാൻ നമുക്കിപ്പോൾ സാധിക്കുന്നു.

തികച്ചും അനിതര സാധാരണമായൊരു സ്തോത്രകൃതിയായി ദൈവദശകം പ്രകാശം പരത്തി നിലക്കൊള്ളുന്നു. ഭൗതീകമായ യാതൊരാവശ്യവും ഈശ്വരനോട് ഗുരു ആവശ്യപ്പെടുന്നില്ല. ഗുരുദേവന്റെ എല്ലാ സ്തോത്ര കൃതികൾക്കുമുള്ള ഒരു പൊതു സ്വഭാവമാണിത്. ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാതെ ആർക്കു വേണമെങ്കിലും ഇത് പാരായണം ചെയ്യാം.

സ്തോത്രകൃതി എന്നതിനുപരി ഒരു ഭാഷാകാവ്യത്തിന്റെ തലത്തിലേക്കും ദൈവദശകം ഉയരുന്നുണ്ട്. പത്തു പദ്യങ്ങൾക്കുള്ളിൽ അതിബ്രുഹത്തായ ആശയങ്ങൾ സന്നിവേശിപ്പിച്ച ഗുരുവിന്റെ കവനശേഷി പ്രശംസനീയം തന്നെ.


**********
Source : http://anthiyoorkonam.blogspot.in/2014/06/daivadshakam-shathaabdi-niravil-study.html?spref=fb

0 comments:

Post a Comment