Saturday 4 July 2015

കഥയിലലിഞ്ഞ് ആടണം കഥയറിഞ്ഞ് കാണണം


ചേരികളിൽ ജീവിക്കുന്ന കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹയാത്രികനാണ് ട്രെയിനിൽ തൊട്ടടുത്ത് ഇരിക്കുന്നത്.
യാത്രയിലുടനീളം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ ബൗദ്ധികനിലവാരം കുറഞ്ഞുപോകുന്നതിനെക്കുറിച്ച്  അയാൾ വാചാലനായി:  'ഞാൻ കണ്ടെത്തിയ പോഷകാഹാരത്തിന്റെ ലാബ് ടെസ്​റ്റുകൾക്കായിട്ടാണ് യാത്ര. ആറുമാസത്തിനകം ഗവേഷണപ്രബന്ധം സമർപ്പിക്കണം. അതിനുമുമ്പായി പരീക്ഷിച്ചുറപ്പാക്കണം. അതിന്  എന്നെ സഹായിക്കാമോ?" യുവാവ് ചോദിച്ചു. 'വഴിയുണ്ടാക്കാം" എന്നു പറഞ്ഞ് ഫോൺനമ്പർ നല്കി.
പരിചയക്കാരനായ  സാമൂഹ്യപ്രവർത്തകന്റെ സഹായത്തോടെ ഒരാഴ്ചകഴിഞ്ഞ് യുവാവുമായി ഗ്രാമപ്രദേശത്തെ ഒരു കോളനിയിൽ എത്തി. ഒരു വീട്ടിൽ  മൂന്നു കുട്ടികൾ. വയറുന്തി, കവിളൊട്ടിയ പ്രകൃതം. 'ബെസ്​റ്റ് സ്‌പെസിമെൻ." ഗവേഷകൻ സന്തുഷ്ടനായി. കാമറയെടുത്ത് കുട്ടികളുടെ ഫോട്ടോയെടുത്തു. 'പോഷകാഹാരം കഴിച്ചതിനുമുമ്പ്" എന്ന് അടിക്കുറിപ്പെഴുതാനാണ്. വിളറിയമുഖവുമായി അവരുടെ അമ്മ ഒന്നും മിണ്ടാതെ നില്പുണ്ട്. യുവാവ് ആവേശത്തോടെ പറഞ്ഞു:  ' മൂന്നുകുട്ടികളാണ് അല്ലേ? കുട്ടികൾക്ക് സമ്പൂർണപോഷണം നൽകുന്ന ഒരു നുട്രിയന്റാണിത്. വർഷങ്ങൾ നീണ്ട എന്റെ ഗവേഷണഫലം. വേഗം അകത്തുപോയി മൂന്നുഗ്ലാസ് പാൽ ചൂടാക്കിക്കൊണ്ടുവരൂ. ഈ പൊടി ഓരോസ്പൂൺ രണ്ടുനേരം പാലിൽ കലക്കിക്കൊടുക്കണം." വീട്ടമ്മ യുവാവിനെ മിഴിച്ചു നോക്കിയിട്ട്  വക്കുപൊട്ടിയ പ്ലാസ്​റ്റിക് കുടവുമെടുത്ത് പൈപ്പിൻചുവട്ടിലേക്ക് നടന്നു. 'ഇവനെ എവിടെനിന്ന് കിട്ടി" എന്നമട്ടിൽ നോക്കിയിട്ട് സാമൂഹ്യപ്രവർത്തകനും സ്ഥലംവിട്ടു. ഭക്ഷ്യഗവേഷകൻ ട്രെയിനിലിരുന്ന് വിളമ്പിയ കണ്ടെത്തലുകളെക്കുറിച്ചോർത്തു പോയി. പാവത്താൻ, നല്ല വിദ്യാഭ്യാസമുണ്ട്. ഉന്നതബിരുദങ്ങളുണ്ട്. കുട്ടികൾക്ക് രണ്ടുനേരവും പാൽ കൊടുക്കാനുള്ള ഗതി ആ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ  അവർക്ക് ഇങ്ങനെ ജീവിക്കേണ്ടിവരുമോ എന്ന് ചിന്തിക്കാനുള്ള സാമാന്യബോധംമാത്രം ദൈവം കൊടുത്തില്ല.

നമ്മുടെ നാട്ടിലെ ഗവേഷണങ്ങളും അതിന്റെ പ്രായോഗികതയും കടലും കടലാടിയും പോലെയാണ്. ഒരു വിഷയത്തെ അറിയുമ്പോൾ അതിന്റെ ഉൾത്തട്ടിലേക്ക് കടന്നുചെന്ന്  ശരിയായി അറിയണം എന്ന് ഒരു ഗവേഷണ വഴികാട്ടികളും പറഞ്ഞുകൊടുക്കാറില്ല. പേരിനൊപ്പം തൂക്കാൻ 'ഡോ." എന്ന അക്ഷരവും അതുകൊണ്ട് നേടാവുന്ന പെരുക്കമുള്ള ശമ്പളവും ജീവിതസൗകര്യങ്ങളുമാണ് ഗവേഷകന്റെ ലക്ഷ്യം. എല്ലാ രംഗത്തും ഇത്തരം അറിവുതേടലാണ് ഇന്ന്. 'ദൈവത്തിന്റെ മുന്നിൽ നാം സമന്മാരാണെ"ന്ന് പ്രസംഗിക്കുന്ന ആത്മീയാചാര്യൻ ഭിക്ഷയാചിച്ചുവരുന്ന ബാലനോട് 'നാറിയിട്ടുവയ്യ, മാറെടാ അശ്രീകരമേ..." എന്ന് ആക്രോശിക്കുന്നതാണ് ഇന്ത്യൻ ആത്മീയപര്യവേക്ഷണം.

ഭരിക്കുന്ന സർക്കാരിന് ജനജീവിതം എന്തെന്നറിയില്ല. അദ്ധ്യാപകന് കുട്ടികളെക്കുറിച്ച് ഒന്നുമറിയില്ല. മുതലാളിക്കും തൊഴിലാളി നേതാക്കൾക്കും തൊഴിലാളിയുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ഒരു ബോദ്ധ്യവുമില്ല. അറിയാനൊട്ട് ശ്രമിക്കുകയുമില്ല. കുട്ടികൾ വലുതായതറിയാതെ കുഞ്ഞുടുപ്പും തയ്പിച്ചുകൊണ്ട് പേർഷ്യയിൽ നിന്നുവന്ന പിതാവിന്റെ അവസ്ഥയിലാണ് നമ്മുടെ വികസനനായകന്മാർ.
ഇത് ഇന്നത്തെ മാത്രം അപചയമല്ല. അദ്വൈതസിദ്ധാന്തത്തിന്റെ പ്രചാരകനായി യാത്രചെയ്യുന്നവേളയിലാണ് മുന്നിൽവന്ന ചണ്ഡാളനോട് ശ്രീശങ്കരാചാര്യർ വഴിമാറാൻ പറഞ്ഞത്.  പരമമായ അദ്വൈതബോധമായാലും പ്രാപഞ്ചികജീവിതത്തിന്റെ വ്യാവഹാരികമായ അറിവുകളായാൽപ്പോലും അതെന്താണെന്ന് അനുഭവിച്ചറിയേണ്ടതാണെന്ന് ഗുരുദേവൻ നമ്മെ പഠിപ്പിക്കുന്നു.

ഒരിക്കൽ ശ്രീപെരുമ്പതൂരിൽ രാമാനുജ സമ്പ്രദായത്തിൽ ജീവിക്കുന്നവർ ഗുരുദേവനെ ആനയിച്ച് അവരുടെ ക്ഷേത്രശ്രീകോവിലിൽ ഇരുത്തി. ആചാരപ്രകാരം വിഷ്ണുവിന് ചെയ്യുന്ന പൂജകൾ നൽകി. നെ​റ്റിയിൽ തിരുനാമക്കുറിയിട്ടുകൊടുത്തു. സ്വാഭാവികതയോടെ ഭഗവാൻ അതേ​റ്റുവാങ്ങി. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഗുരുസ്വാമി തങ്ങളുടെ ദൈവമായ വിഷ്ണുതന്നെ എന്നവർ വിശ്വസിച്ചു. അതറിഞ്ഞ ശൈവസിദ്ധനൻമാരും ഗുരുദേവനെ കൂട്ടിക്കൊണ്ടുപോയി. പൂജകൾ നൽകിയിട്ട് മൂന്നുവരകളുള്ള ഭസ്മം നെ​റ്റിയിൽ ചാർത്തിക്കൊടുത്തു. അതും ഭഗവാൻ സന്തോഷപൂർവം ഏ​റ്റുവാങ്ങി. അപ്പോൾ ഗുരുസ്വാമി അവർക്ക് പരമശിവനല്ലാതെ മ​റ്റാരുമായിരുന്നില്ല. ഒരിക്കൽ കൊച്ചിയിൽ യഹൂദർ താമസിക്കുന്ന തെരുവിലൂടെ ശിഷ്യരുമൊത്ത് നടക്കുകയായിരുന്നു ഗുരുദേവൻ. ഇക്കൂട്ടർ നമുക്ക് ഒരിക്കലും യോജിക്കാനാവാത്തവിധം ജീവിക്കുന്ന പ്രത്യേകതരക്കാരാണെന്ന് ശിഷ്യരിൽ ഒരാൾ പറഞ്ഞു. അതുകേട്ട ഉടൻ ഭഗവാൻ ഒരു യഹൂദവ്യാപാരിയുടെ വീട്ടിലേക്ക് കയറിച്ചെന്നു. ഗൃഹനായികയും നായകനും വിനയാന്വിതരായി സ്വീകരിച്ചു. രണ്ടുദിവസം അവിടെത്തന്നെ വസിച്ചു. ആ ദിവ്യസാന്നിദ്ധ്യത്തിന്റെ പവിത്രതയെ അറിഞ്ഞപ്പോൾ തങ്ങളുടെ വസതിയിൽ ദൈവം വന്നു എന്നാണവർ  പറഞ്ഞത്. തനിക്കുചു​റ്റിനും കാണുന്ന ജനതയുടെ വിഭിന്നങ്ങളായി കാണപ്പെടുന്ന ആദ്ധ്യാത്മിക സമ്പ്രദായങ്ങളെ വേറിട്ടുകാണാനാവാത്ത വിധം പരമമായ ദൈവബോധത്തിൽ ലയിച്ച് സ്വയം ആ അറിവായിരുന്നതിനാലാണ് രാമാനുജന്മാർക്കുമുന്നിൽ വിഷ്ണുവായും സിദ്ധനർക്ക് ശിവനായും യഹൂദർക്ക് മുന്നിൽ അവരുടെ ദൈവമായും നിലകൊള്ളാൻ ഗുരുസ്വാമിക്ക് സാധിച്ചത്.

ഒന്നായിരിക്കുന്നതിനെ രണ്ടെന്നു കണ്ടിട്ട് മിണ്ടാതെപോയ പൂർവാചാര്യന്മാരെ തിരുത്തിക്കൊണ്ട് അറിവിനെ  എങ്ങനെ പൂർണമായി അനുഭവിച്ചറിഞ്ഞ്  അതുമാത്രമായി നിലകൊള്ളാം എന്ന് ആത്‌മോപദേശ ശതകം നാലാം പദ്യത്തിൽ ഗുരുദേവൻ മൊഴിയുന്നു:

'അറിവുമറിഞ്ഞിടുമർത്ഥവും, പുമാൻത-
ന്നറിവു, മൊരാദിമഹസുമാത്രമാകും;
വിരളതവിട്ടുവിളങ്ങുമമ്മഹത്താ-
മറിവിലമർന്നതുമാത്രമായിടേണം."

എന്തിനെക്കുറിച്ചുള്ള അറിവും  അത് അറിഞ്ഞവൻ, അറിവ്, അറിയപ്പെട്ട വസ്തു എന്നിങ്ങനെ മൂന്നായി പിരിയുന്ന ത്രിപുടിയിൽ ഒതുങ്ങിനില്ക്കുന്നു. ത്രിപുടിയെ ലളിതമായി വിവരിച്ചാൽ ഒരു കടലാസെടുത്ത് മൂന്നായി മടക്കുന്നതുപോലെയാണെന്നു  പറയാം. കടലാസ് മൂന്നു കഷണമായിരിക്കുന്നു എന്നുതോന്നും. പക്ഷേ, നിവർത്തിയാൽ  ഒന്നേയുള്ളൂ. വിഭിന്നങ്ങളായി കാണപ്പെടുന്ന ഇക്കാണുന്നതെല്ലാം പലതായി മടക്കിയ ഒരു കടലാസുപോലെയാണ്. ഈ അറിവാണ് നാം അറിയേണ്ട മഹത്തായ അറിവ്. ഇത് വെറുതേ വായിച്ചറിഞ്ഞാൽ മുൻപു പറഞ്ഞ ഗവേഷകന്റേതുപോലെ അറിവും ജീവിതവും രണ്ടായിത്തന്നെ നില്ക്കും. പരമമായ അറിവ് പകരുന്ന ബോധത്തിൽ ജീവിക്കണം.

ആത്മീയതയും ഭൗതികതയും രണ്ടല്ല എന്ന് ഭഗവാൻ മൊഴിഞ്ഞതും ഇതേ  അദ്വൈതബോധത്തിലിരുന്നുകൊണ്ടാണ്. ശരീരത്തിലിരുന്നുകൊണ്ട് ആത്മാവിനെ അന്വേഷിച്ചറിയുന്നതിനുള്ള വഴിയാണ് ആത്‌മോപദേശശതകം കാട്ടിത്തരുന്നത്. നന്നായി ജീവിച്ചാൽപോരേ? എന്തിന് വെറുതേ ആത്മാവിനെയൊക്കെ അന്വേഷിച്ച്  സമയം കളയണം എന്നുചോദിക്കും ചിലർ. കഥയറിഞ്ഞവൻ ആട്ടംകാണുന്നതും പൊട്ടൻ ആട്ടം കാണുന്നതും തമ്മിലെന്താണ് വ്യത്യാസം എന്നവരോട് തിരിച്ച് ചോദിക്കണം. ശരീരത്തിലിരിക്കുമ്പോൾത്തന്നെ ആത്മാവിനെ അറിഞ്ഞ് ജീവിച്ചാൽ ജീവിതം അനുഭൂതിയാകും. അതാണ് ശരിയായ മോക്ഷം


സജീവ് കൃഷ്ണൻ
Posted on: Monday, 30 June 2014
http://news.keralakaumudi.com/news.php?nid=48f1beb9c0fd8729be37eb2423ef3867

0 comments:

Post a Comment