http://news.keralakaumudi.com/news.php?nid=ce4feca71225af28f07a0c4ec3f7069a#.VZAxpHwAbdA.facebook
ഉത്തരകേരളത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക നവോത്ഥാനത്തിനു നാന്ദി കുറിച്ച സംഗമമായിരുന്നു അത് ; ശിവഗിരിയില്‍ ശ്രീനാരായണഗുരു സ്വാമികളുടെ മുമ്പാകെ വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ നാടിന്റെ ആവശ്യം ഉണര്‍ത്തിച്ച സംഗമം. ആ സംഗമസംഭാഷണത്തിന്റെ പരിണിതഫലമാണ് തലശ്ശേരിയിലെ ശ്രീ ജ്ഞാനോദയ യോഗവും ശ്രീ ജഗന്നാഥ ക്ഷേത്രവും.
ജഗന്നാഥ ക്ഷേത്രത്തിന്റെ ആധികാരിക ചരിത്രാംശങ്ങള്‍ പകര്‍ന്നേകുന്ന ആദ്യഗ്രന്ഥം വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്റെ ജീവചരിത്രമാണ്. പണ്ഡിതശ്രേഷ്ഠനും ശ്രീനാരായണ ദര്‍ശനങ്ങളുടെ വ്യാഖ്യാതാവുമായ കെ.വി.എന്‍. ഗുരുക്കളാണ് ഗ്രന്ഥകര്‍ത്താവ്.
ശ്രീനാരായണ ഗുരുസ്വാമികളുടെ തൃക്കരങ്ങളാല്‍ മാത്രം പ്രതിഷ്ഠ നടന്ന വിഗ്രഹങ്ങളുള്ള ഉത്തരകേരളത്തിലെ ശ്രീനാരായണക്ഷേത്രമെന്ന ഖ്യാതി ജഗന്നാഥ ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ടതാണ്. ജഗന്നാഥ ക്ഷേത്രത്തില്‍ ഗുരുസ്വാമികള്‍ മഹാശിവനെയും വിഘ്‌നേശ്വരനെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ച് ഇങ്ങനെ കല്പിക്കുകയുണ്ടായി: ''പ്രതിഷ്ഠിതന്മാരായ ദേവന്മാരെ ഭജിച്ചാല്‍ സര്‍വ്വഅഭീഷ്ടങ്ങളും സാധിക്കും''. ബ്രഹ്മജ്ഞാനിയായ ആ ഋഷിശ്വരന്റെ കരുണാമയമായ കല്പന ഇന്നും അതേപടി തുടരുന്നു.
ജഗന്നാഥ ക്ഷേത്രത്തിനും തലശ്ശേരിക്കും മാത്രം ലഭിച്ച മറ്റൊരു സുകൃതം ഗുരുദേവന്റെ പഞ്ചലോഹ പ്രതിമയാണ്. ഗുരുസ്വാമികള്‍ സശരീരനായിരുന്നപ്പോള്‍ ലോകത്ത് ആദ്യമായി തലശ്ശേരിയിലാണ് ഗുരുപ്രതിമ പ്രതിഷ്ഠിക്കപ്പെട്ടത്.
പ്രഥമപ്രതിഷ്ഠയെക്കുറിച്ച്...
ഗുരുദേവഭക്തനും പൗരമുഖ്യനും ശ്രീ ജ്ഞാനോദയയോഗം ഡയറക്ടറുമായിരുന്ന മുണ്ടങ്ങാടന്‍ ഗോവിന്ദന്റെ തിരുവങ്ങാടുള്ള വസതിയില്‍ 1926 ജനുവരി 31നു സമുദായനേതാവും ശ്രീ ജ്ഞാനോദയയോഗം പ്രസിഡന്റുമായിരുന്ന കൊറ്റിയത്ത് കൃഷ്ണന്‍ വക്കീലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളിസംഘത്തിന്റെ യോഗത്തില്‍ വച്ചാണ് ശ്രീനാരായണ ഗുരുസ്വാമികളുടെ പ്രതിമയുണ്ടാക്കി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ ആശയത്തിന്റെ ഉപജ്ഞാതാവ് മലയാള സാഹിത്യലോകത്ത് ശുക്രനക്ഷത്രമായി പരിലസിച്ചിരുന്ന മൂര്‍ക്കോത്ത് കുമാരനായിരുന്നു. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരില്‍ പ്രമുഖനും ഗുരുസ്വാമികളുടെ ആധികാരിക ജീവചരിത്ര രചയിതാവുമായ മൂര്‍ക്കോത്ത് ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ സംഭവബഹുലമായ പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായിരുന്നു.
ബോധാനന്ദ സ്വാമികള്‍ അദ്ധ്യക്ഷനായും ചൈതന്യ സ്വാമികള്‍ ഉപാദ്ധ്യക്ഷനായും മൂര്‍ക്കോത്ത് കുമാരന്‍ സെക്രട്ടറിയായും മുണ്ടങ്ങാടന്‍ ഗോവിന്ദന്‍ ഖജാന്‍ജിയായും രൂപീകരിച്ച കമ്മിറ്റിയില്‍ ഗുരുപ്രസാദ് സ്വാമികള്‍, എ.വി. വാസുദേവന്‍, ഡോ. പി. ശേഖരന്‍, എം.കെ. മാധവന്‍, വി.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
അന്നന്ന് അദ്ധ്വാനിച്ച് ഉപജീവനം നടത്തിപ്പോന്ന ഒരു സാധു തൊഴിലാളിയില്‍ നിന്നുള്ള ഒരു രൂപയായിരുന്നു പ്രതിമാഫണ്ടിലേക്കുള്ള ആദ്യസംഭാവന. ആ യോഗത്തില്‍ വച്ച് നിരവധി തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്നു 70 രൂപ പിരിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലുടനീളമുള്ള സമുദായാംഗങ്ങളും ജാതി മത ഭേദമില്ലാതെ മറ്റുള്ളവരുമെല്ലാം പ്രതിമയുടെ നിര്‍മ്മിതിയ്ക്കായി സംഭാവന നല്‍കിയിട്ടുണ്ട്. മൂര്‍ക്കോത്ത് തന്നെ കൊളംബില്‍ പോയി പണം പിരിച്ചിട്ടുണ്ട്. കൊളംബില്‍ വച്ച് മൂര്‍ക്കോത്ത് ഇറ്റലിക്കാരനായ വിദഗ്ദശില്പി പ്രൊഫ. തവറലിയെ കണ്ടു. പ്രതിമനിര്‍മ്മാണച്ചുമതല അങ്ങനെ അദ്ദേഹത്തെ ഏല്പിച്ചു. പതിന്നാലു മാസത്തെ തപസ്യയിലൂടെ ശില്പി ഗുരുദേവന്റെ മനോഹര പഞ്ചലോഹ വിഗ്രഹം പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതിമ നിര്‍മ്മിക്കാനായി ഗുരുസ്വാമികളുടെ ഫോട്ടോ എടുക്കാന്‍ മൂര്‍ക്കോത്ത് ശിവഗിരിയിലേക്കു അയച്ചത് തലശ്ശേരിയിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി. ശേഖരനെയാണ്.
എതിര്‍ക്കാന്‍ വന്നു; പരമഭക്തനായി
ശ്രീ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠാകാലത്ത് ഗുരുവിന്റെ പ്രതിഷ്ഠകളെ ചോദ്യം ചെയ്യാന്‍ സംഘടിതമായെത്തിയ യുവാക്കളുടെ നേതാവായിരുന്നു ബോധാനന്ദന്‍. പരമഗുരുവിന്റെ ദര്‍ശനമാത്രയില്‍ തന്നെ, എതിര്‍ക്കാന്‍ വന്ന ബോധാനന്ദന്‍ ഗുരുവിന്റെ പരമഭക്തനായി മാറിയ കഥ കൂടിയുണ്ട് പഞ്ചലോഹ പ്രതിമയുടെ പ്രതിഷ്ഠയ്ക്കു പിന്നില്‍. ഗുരുദേവന്‍ പിന്നീട് തന്റെ അനന്തരഗാമിയായി വാഴിച്ചതു ബോധാനന്ദ സ്വാമികളെയാണ്.
ഗുരുസ്വാമികള്‍ സശരീരനായിരുന്നപ്പോള്‍ 1927 മാര്‍ച്ച് 12നു അര്‍ദ്ധരാത്രിയോടെ ലോകത്ത് ഗുരുവിന്റെ പ്രഥമ പ്രതിഷ്ഠ നിര്‍വ്വഹിക്കാനുള്ള നിയോഗം ബോധാനന്ദ സ്വാമികള്‍ക്കായിരുന്നു. പ്രതിമയുടെ അനാവരണകര്‍മ്മം നടന്നത് 13നും. ബ്രഹ്മവിദ്യാസംഘം പ്രവര്‍ത്തകന്‍ എന്‍.എസ്. രാമറാവുവാണ് പഞ്ചലോഹ പ്രതിമ അനാവരണം ചെയ്തത്.
0 comments:
Post a Comment