Saturday, 4 July 2015

ഗുരുവിന്റെ മതം

mangalam malayalam online newspaper

ശ്രീനാരായണഗുരു സത്യത്തില്‍ ആരായിരുന്നു? ഈഴവശിവനെ പ്രതിഷ്‌ഠിക്കുകയും ഈഴവരെയും തിയ്യരെയും അധ:സ്‌ഥിതാവസ്‌ഥയില്‍ നിന്നു രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്‌ത സാമുദായിക നേതാവായിരുന്നോ? അതോ, ഹിന്ദുമതത്തില്‍ നിലനിന്ന വര്‍ണവിവേചനമെന്ന തിന്മ മുതലെടുത്ത്‌ മതംമാറ്റല്‍ വ്യാപകമായപ്പോള്‍ അതിനെ തന്ത്രപൂര്‍വം ചെറുത്തുതോല്‍പിച്ച ഹിന്ദു സന്യാസിയോ? അതുമല്ലെങ്കില്‍, എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്നു വിശ്വസിക്കുകയും മതവിദ്വേഷമില്ലാത്ത ലോകനിര്‍മിതിക്കായി പ്രയത്‌നിക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയോ?
മൂന്നു രീതിയിലും ഗുരുവിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്‌, ഇപ്പോഴും കൊണ്ടുപിടിച്ചു നടക്കുന്നുമുണ്ട്‌. ഇതിലേതാണ്‌ ശരിയെന്നറിയാന്‍ ഗുരുവിന്റെ ജീവിതത്തിലേക്കു തിരിച്ചു നടക്കല്‍ മാത്രമാണ്‌ ശരിയായ മാര്‍ഗം. സഹോദരന്‍ അയ്യപ്പനും ഗുരുവും തമ്മിലുണ്ടായ സംഭാഷണത്തില്‍നിന്നു തന്നെ ആരംഭിക്കാം. ഡോ. പല്‍പു ബുദ്ധമതം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചരണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ആ സംഭാഷണം.
സഹോദരന്‍: ഡോക്‌ടര്‍ മതം മാറണമെന്നു പറയുന്നല്ലോ?
ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം അതല്ലേ? ക്രിസ്‌തുവിന്റെ ഉപദേശം അതല്ലേ? മുഹമ്മദ്‌ നബിയുടെ ഉപദേശവും കൊള്ളാമല്ലോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ അധഃപതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. മതം എന്നാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന്‌ ഒരുമിച്ചുകഴിയാം. ജാതിഭേദം വരരുത്‌.
സഹോദരന്‍: അവര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു? നമുക്ക്‌ ശ്രീനാരായണമതം പോരേയെന്ന്‌?
ഗുരു: അതെന്തിന്‌? അവരവര്‍ക്ക്‌ ഇപ്പോഴുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.
ഈ സംഭാഷണത്തോടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉദ്‌ബോധനം പിറവിയെടുക്കുന്നത്‌. മതത്തിലല്ല മനുഷ്യനന്മയിലാണ്‌ പ്രാധാന്യം എന്നതായിരുന്നു ഗുരുവിന്റെ അഭിപ്രായം. വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാകുമ്പോള്‍ മനുഷ്യന്‍ നല്ലവനാകും. അവന്‌ മനുഷ്യരോട്‌ മാത്രമല്ല, സകല ചരാചരങ്ങളോടും കാരുണ്യവും സ്‌നേഹവും ഉണ്ടാകും. ഏതു മതത്തില്‍ വിശ്വസിച്ചാലും മതം അവിടെയൊരു വിലങ്ങുതടിയായി മാറില്ല. കാരണം നന്മയും സാഹോദര്യവും സ്‌നേഹവുമാണ്‌ എല്ലാ മതങ്ങളുടേയും അടിസ്‌ഥാന തത്വം.
നിലവിലുള്ള മതങ്ങളില്‍നിന്നെല്ലാം വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടുയര്‍ത്തി സ്വന്തം പേരിലൊരു മതം സ്‌ഥാപിക്കാന്‍ ഗുരു ആഗ്രഹിച്ചില്ല എന്നര്‍ത്ഥം. അതിനുള്ള ശ്രമം (ശ്രീനാരായണ മതം സ്‌ഥാപിക്കാനുള്ള ശ്രമം) കേള്‍വിയില്‍ത്തന്നെ ഗുരു തള്ളിക്കളയുന്നത്‌ ശ്രദ്ധിക്കുക. നിലവിലുള്ള ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ടായിരിക്കണമെന്നു പറയുന്ന ഗുരു ഏതു മതവും നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നും മറ്റൊരു സന്ദര്‍ഭത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌.
അദൈ്വതാശ്രമത്തില്‍ പത്രപ്രവര്‍ത്തകനായ ഭക്‌തനുമായി ഗുരു നടത്തിയ സംഭാഷണത്തിലെ പ്രസക്‌തഭാഗം ശ്രദ്ധിക്കുക:
മതം ഇഷ്‌ടംപോലെ പറയുവാനും ഇല്ലെന്നു പറയുവാനുമുള്ള സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍നിന്നു വിരോധം പറയുകയില്ല.
പിടികിട്ടിയോ, അര്‍ത്ഥം? മതം നിഷേധിക്കാനും മതം മാറാനുമുള്ള അവകാശം വ്യക്‌തിക്ക്‌ നിയമപരമായി ലഭിക്കണമെന്ന്‌. ഇത്രയും ധീരമായി എത്രപേര്‍ മതത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌?
മതത്തിന്റെ പേരില്‍ ജനങ്ങള്‍ വിറളിയെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ നമ്മള്‍ ചിന്തിക്കേണ്ടത്‌ ഗുരുവചനങ്ങള്‍ തന്നെയാണ്‌. മതംമാറ്റലിന്റെ പേരില്‍, മതം മാറലിന്റെ പേരില്‍ നമ്മുടെ രാജ്യത്ത്‌ എത്രയെത്ര പേര്‍ കുരുതികൊടുക്കപ്പെട്ടു. മതത്തിന്റെ പേരില്‍ നെടുകെ പിളര്‍ക്കപ്പെട്ട രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യ സ്വതന്ത്രയായത്‌ രണ്ടായി വിഭജിക്കപ്പെടാതെയായിരുന്നെങ്കില്‍, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനത പരസ്‌പരം കൊന്നുവീഴ്‌ത്തിയില്ലായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്‌തമായ രാജ്യമായി ഇന്ത്യ മാറുമായിരുന്നു എന്ന്‌ അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌.
മതപ്പോരാട്ടത്തിന്റെ പേരില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ഏറെ നീണ്ടു. രാജ്യം നെടുകെ വിഭജിക്കപ്പെട്ടു. ഇന്ത്യക്കാരുടെ മനസുകള്‍ അതിലേറെ വിഭജിക്കപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ പരസ്‌പരം വെട്ടിയും കുത്തിയും മരിച്ചു. പലായനം എത്രയോ ലക്ഷങ്ങളെ അനാഥരും അഗതികളുമാക്കി. ഇതൊക്കെ കഴിഞ്ഞിട്ടും ഇന്ത്യയും പാകിസ്‌താനും എന്തു നേടി? ഇപ്പോഴും പരസ്‌പരം ശത്രുതയില്‍ കഴിയുന്നു. ഇതിനു പുറമെ ഇരുരാജ്യങ്ങള്‍ക്കുമകത്ത്‌ മതവൈരം കത്തിയാളുന്നു. ബാബറി മസ്‌ജിദ്‌ മുതല്‍ മാറാട്‌ വരെയുള്ള മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ഭാണ്ഡം പേറി തളര്‍ന്നു നില്‍ക്കുകയാണ്‌ നമ്മുടെ നാട്‌. ഇവിടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉപദേശത്തിന്റെ പ്രസക്‌തിയും പ്രാധാന്യവും ബോദ്ധ്യപ്പെടേണ്ടത്‌.
ജാതിയും മതവും കൊടികുത്തിവാണ നാട്ടില്‍ അതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്‌തനായി ആര്‍ക്കും ജനിച്ചുവളരാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും ഗുരു ജനിച്ചത്‌ കേരളത്തില്‍ അന്നു തികച്ചും അവര്‍ണമെന്നു കല്‍പ്പിക്കപ്പെട്ട ഈഴവ സമുദായത്തിലായിരുന്നു. താന്‍ ഈഴവനാണെന്നും ഈഴവര്‍ മുതല്‍ താഴേക്കിടയിലുള്ള അധഃസ്‌ഥിതര്‍ നേരിടുന്ന അപമാനത്തിനും അവഗണനക്കുമെതിരേ പ്രതികരിക്കണമെന്നുമുള്ള ബോധത്തോടുകൂടിതന്നെയാണ്‌ ഗുരു തന്റെ കര്‍മ്മകാണ്ഡം തുടങ്ങിയത്‌. അക്കാരണംകൊണ്ടുതന്നെയാണ്‌ ഗുരു ഈഴവരെ സമുദ്ധരിക്കാന്‍ രംഗത്തിറങ്ങിയതും ഈഴവര്‍ക്കുവേണ്ടി പ്രതിഷ്‌ഠ നടത്തിയതും.
നാം പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണല്ലോ എന്ന മറുപടിയില്‍പ്പോലും മനസിന്റെ അടിത്തട്ടിലെ ജാതിബോധം കാണാം. അതേപോലെ, താന്‍ ഉള്‍പ്പെട്ട ഹിന്ദു മതത്തിന്റെ പശ്‌ചാത്തലത്തില്‍നിന്നുകൊണ്ടു തന്നെയാണ്‌ ഗുരു ആദ്യഘട്ടത്തില്‍ തപസു ചെയ്യുകയും സന്യാസിയായി മാറുകയും ഹൈന്ദവ ദേവതമാരെ പ്രതിഷ്‌ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തത്‌.
എന്നാല്‍, അതു വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു. കാലക്രമത്തില്‍ ഗുരു ജാതിമത ചിന്തകള്‍ക്കതീതമായ മേഖലയിലേക്ക്‌ ഉയര്‍ന്നു. ആദ്യം ജാതിനിഷേധം. അപ്പോഴും മതത്തെ നിഷേധിച്ചില്ല. മതദ്വേഷമുണ്ടാകരുതെന്നേ പറഞ്ഞുള്ളു. പിന്നീട്‌ ഒരു മതമെന്നും ഏക മതമെന്നുമുള്ള നിലപാടിലേക്ക്‌. ഒടുവില്‍ സംഘടിത മതനിഷേധത്തിന്റെ ഉജ്വലമായ അവസ്‌ഥയിലെത്തി. എല്ലാവര്‍ക്കും സംഘടിതമതത്തെ നിഷേധിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ്‌ മതമേതായാലും മനുഷ്യന്‍


എ.സജീവന്‍


- See more at: http://www.mangalam.com/opinion/86216#sthash.vZdIVJEz.tkL0bP36.dpuf

0 comments:

Post a Comment