Sunday, 12 July 2015

ശ്രീനാരായണഗുരു ബുദ്ധമതത്തെ അംഗീകരിച്ചിരുന്നില്ല - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഡോ.അജയ് ശേഖര്‍ മാതൃഭൂമിയില്‍ ശ്രീനാരായണ ഗുരു ജയന്തിയോടനുബ ന്ധിച്ച് എഴുതിയ(സെ.21) ലേഖനം ശുദ്ധ അസംബന്ധവും ഗുരുദേവന്‍ ഉയര്‍ത്തിപ്പിടിച്ച മതമൂല്യങ്ങളോട് കാണിച്ച അവഹേളനവുമാണ്. നാരായണ ഗുരു ഹിന്ദുമതത്തെയല്ലാതെ വേറെ ഒരു മതത്തെയും ഉള്‍ക്കൊണ്ടിരുന്നില്ല എന്നത് ഗുരുദേവ കൃതികളും പ്രവൃത്തികളും മാത്രം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. നാണുവെന്നും കുട്ടപ്പനെന്നും നാണപ്പനെന്നും അയ്യനെന്നും അയ്യപ്പനെന്നും പറഞ്ഞതുകൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ കേരളബുദ്ധന്റെ സംസ്‌ക്കാര വംശാവലികളെ പിന്‍തുടരുന്നില്ല. ഡോ. അജയ്‌ശേഖര്‍ എന്തുകൊണ്ട് മഹര്‍ഷി ശ്രീനാരായണഗുരു ഒരു ബുദ്ധമത അനുഭാവിയായിരുന്നുവെന്ന് സ്ഥാപിക്കുന്ന ലേഖനത്തിലെ ഭാഗം മനസ്സിലാകുന്നില്ല. ശ്രീനാരായണ ഗുരുവും ശിഷ്യന്മാരും കടുത്ത മതവിദ്വേഷ തര്‍ക്കമുണ്ടാകുന്നത് ഹിന്ദുമതത്തില്‍ നിന്നും ഈഴവര്‍ വിട്ടുപോകുന്നതിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ വെളിച്ചത്തിലാണ്. അരുവിപ്പുറം പ്രതിഷ്ഠക്ക് മുമ്പ് ഈഴവ സമുദായം ഗുരുവിനെ തിരുവനന്തപുരത്ത് ഗുരു സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ഈഴവരുടെ വീട്ടില്‍ കയറ്റുകപോലും ചെയ്തിരുന്നില്ല. ഡോ.പല്‍പ്പുവിന്റെ കുടുംബത്തില്‍ മാത്രമേ ഗുരുവിന് അക്കാലത്ത് പ്രവേശനമുണ്ടായിരുന്നുള്ളു. ശ്രീനാരായണ ഗുരു ഒരിക്കലും ഒരു ബുദ്ധമത വിശ്വാസിയോ ബുദ്ധദേവന്റെ അനുയായിയായി അറിയപ്പെടാനോ ആഗ്രഹിച്ചിരുന്നില്ല ഹൈന്ദവ ആചാരങ്ങ ളെയാണ് ഗുരു മുറുകെ പിടിച്ചത്. കുട്ടപ്പനെന്നും നാണപ്പനെന്നും പേരിട്ടതുകൊണ്ട് ബുദ്ധ ധര്‍മ്മങ്ങളെ പിന്‍തുടരുന്നുവെന്ന് അനുമാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

ഗുരുവിന്റെ ഹൈന്ദവരാധനയും ഹിന്ദുമത സങ്കല്പങ്ങളും തുടങ്ങുന്നത് അരുവിപ്പുറം ശിവപ്രതിഷ്ഠയോട് കൂടിയാണ്. പ്രതിഷ്ഠാ കര്‍മ്മത്തിന് ഗുരുദേവന്‍ ഉച്ചരിക്കുന്ന മന്ത്രം ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയെ പ്രതിനിധീകരിക്കാത്ത ഓംങ്കാരത്തില്‍ നിന്നാണ്. പ്രതിഷ്ഠാ കര്‍മ്മത്തിന് തന്റേതായ ഒരു മന്ത്രം ഗുരുദേവന് സ്വന്തമായി ഉച്ചരിക്കാനുണ്ടായില്ല. ഹിന്ദുമതമെന്ന സങ്കല്പത്തില്‍ വരുന്ന ഭൂരിപക്ഷ ജനതയെ ഉള്‍ക്കൊള്ളാത്ത ഒരു വചനമാണ് ഗുരു തെരഞ്ഞെടുത്തത്. പിന്നീട് ഗുരു തന്നെ പ്രവൃത്തിയിലത് ഈഴവ മന്ത്രങ്ങളായി വ്യാഖ്യാനിക്കുകയാണുണ്ടായത്. പ്രതിഷ്ഠാ കര്‍മ്മത്തിന് ശേഷം ഗുരു പറഞ്ഞത് നാം ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്നാണ്. ക്ഷേത്രമെന്ന പദം പോലും ബുദ്ധമത സംഹിതയില്‍ കാണാനില്ലന്നിരിക്കെ ഗുരു ഒരു ബുദ്ധമത വിശ്വാസിയും പ്രചാരകനുമായി രുന്നുവെന്ന് പ്രസ്താവിക്കുന്നത് ഏത് അര്‍ത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. ക്ഷേത്ര പ്രതിഷ്ഠക്ക് ശേഷം നടന്ന എല്ലാ വാര്‍ഷിക ദിനവും വാവുബലിയെന്ന പേരിലാണ് കൊണ്ടാടിക്കൊണ്ടി രിക്കുന്നത്. 'ബലി'ബുദ്ധമതത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. അന്ധവി ശ്വാസങ്ങളെയും അനാചാരങ്ങളെയും ബുദ്ധനും ബുദ്ധധര്‍മ്മങ്ങളും അംഗീകരിക്കുന്നില്ല. എന്നാല്‍ ഗുരുദേവന്‍ വിശ്വാസങ്ങളുടെ പേരില്‍ ഹൈന്ദവ മൂല്യങ്ങളും ബൗദ്ധീക രംഗത്ത് അനാചാരങ്ങളെയും എതിര്‍ത്തിരുന്നു. ഇങ്ങനെയെല്ലാം ഗുരുദേവനും സന്തതസഹചാരികളും പ്രവര്‍ത്തിച്ചിട്ടും ഹിന്ദുമതവും സവര്‍ണ്ണ ജാതികളും ഈഴവരേയോ, അതിന് തൊട്ടുതാഴെയുള്ള അടിമ വര്‍ഗ്ഗത്തെയോ ഉള്‍ക്കൊള്ളുകയുണ്ടായില്ല. 19 ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ കേരളം ഒരു ഭ്രാന്താലയം തന്നെയായിരുന്നു. ഈ സാമൂഹ്യാന്തരീക്ഷത്തെ ഈഴവരെ പുരോഗമന വാദികളും യുക്തിവാദികളും എതിര്‍ക്കുക മാത്രമല്ല ഹിന്ദുമതവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കുവാന്‍ വരെ തയ്യാറാകുകയും ചെയ്തു.

ഇതിന് ആദ്യം മുന്‍നിരയില്‍ വന്നത് സി.വി.കുഞ്ഞിരാമന്‍ ആയിരുന്നു. സി.വി.വെറും ഒരു ജാതിവാദിയായി ഭൗതീക കേരളം വിലയിരുത്തുമെന്ന് തോന്നുന്നില്ല. അക്കാലത്തെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാസമ്പന്നനും പത്രപ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം. സി.വി കുഞ്ഞിരാമന്‍ മുതല്‍ സഹോദന്‍ അയ്യപ്പന്‍ വരെ ഹിന്ദുമതത്തിന് എതിരും ഈഴവര്‍ ബുദ്ധമതം സ്വീകരിക്കണമെന്ന അഭിപ്രായക്കാരുമായിരുന്നു. എന്നാല്‍ ഗുരുദേവന്‍ അതിനെ ഒരിക്കലും പ്രോത്‌സാഹിപ്പിക്കുകയോ തന്റെ ശിഷ്യന്മാര്‍ക്ക് അനുവാദം നല്‍കുകയോ ചെയ്തില്ല. കൊല്ലവര്‍ഷം 1032 ാം ആണ്ടില്‍ ജനിച്ച ഗുരുദേവനെ തന്റെ മതാപിതാക്കള്‍ ഹൈന്ദവ ധര്‍മ്മങ്ങളില്‍ അധിഷ്ഠിതമായ വിദ്യാരംഭം നടത്തിയത്, ഹൈന്ദവ ജനതയിലെ ഭൂരിപക്ഷം വരുന്ന ഈഴവരേയും പുലയരേയും അടക്കമുള്ള ശൂദ്രജനങ്ങള്‍ക്ക് വിദ്യ നിഷേധിച്ച ഹിന്ദുമത തത്വസംഹിതകളുടെ പിന്‍ബലത്തിലാണ്.

5 ാം വയസ്സ് മുതല്‍ 16 വയസ്സുവരെ നാട്ടില്‍ പഠനം നടത്തിയ സ്വാമികള്‍ 21 ാം വയസ്സില്‍ പഠനത്തിന് ചേര്‍ന്നത് അവര്‍ണ്ണ ജനതക്ക് അറിവ് നല്‍കിയാല്‍ ചെവിയും കണ്ണും നാവും കുത്തികീറണമെന്ന് വിധിച്ച ഹൈന്ദവാചാരങ്ങളുടെ ഉത്പന്നമായ സംസ്‌കൃത ഭാഷപാഠ ശാലയില്‍ ചേര്‍ന്നുകൊണ്ടാണ്. സംസ്‌കൃത പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സ്വാമികള്‍ തപസ്സ് അനുഷ്ഠിക്കുന്നതും, അതിന് ശേഷം ശിവ പ്രതിഷ്ഠ നടത്തുന്നതും. സംസ്‌കൃത പഠനാനന്തരം സ്വാമികള്‍ക്ക് അദ്വൈത ശാസ്ത്രത്തില്‍ പ്രതിപത്തി വര്‍ദ്ധിച്ച് വരുന്നതും ഹിന്ദുധര്‍മ്മങ്ങളുടെ പിന്നാലെ പോകുന്നതും. ഈ ഹിന്ദുധര്‍മ്മതയെ സ്വായത്തമാക്കിയ ഒരാള്‍ക്ക് എങ്ങനെയാണ് സമസ്ത ജനതയേയും ഉള്‍ക്കൊള്ളാന്‍ നിലവിലെ ഹിന്ദുധര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ കഴിയുന്നത്. ഗുരുവിന്റെ ആശാന്‍ അല്‍പ്പം ജാതി ചിന്തയുള്ള ആളായതുകൊണ്ട് വ്യാകരണം പഠിപ്പിക്കുവാന്‍ അമാന്തിച്ചപ്പോള്‍ ഗുരു തിരിച്ച് ചോദിച്ചത് വേദാംഗം എന്ന നിലയില്‍ താഴ്ന്ന ജാതിക്കാര്‍ പഠിക്കരുതെന്നാണെങ്കില്‍ ആശാന്‍ വ്യാകരണവും ജ്യോത്‌സ്യവും വേദാന്തവും പഠിച്ചത് ശരിയായില്ലെന്നും അതുകൊണ്ട് വ്യാകരണം പഠിപ്പിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അതുകൂടി പഠിച്ചാലേ സംസ്‌കൃതം പൂര്‍ണ്ണമാകുകയുള്ളു. സംസ്‌കൃത പഠനം ഗുരുദേവന്റെ വൈജ്ഞാനിക ശാഖയെ പ്രബലപ്പെടുത്തി. അതുകൊണ്ട് സ്വാമികള്‍ ഈഴവരുടെ ഉന്നതിക്കായി ഒട്ടേറെ ശ്‌ളോകങ്ങളും കവിതകളും രചിച്ചു. ഇതിലധികവും സംസ്‌കൃത ഭാഷയിലായിരുന്നു. വേദാധികാരം കൊണ്ട് അവര്‍ണ്ണന്റെ പഞ്ചപുടങ്ങളെ ബന്ധിച്ച സംസ്‌കൃതം ഏത് വര്‍ഗ്ഗത്തെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതെന്ന് നാം വിശകലനം ചെയ്ത് പഠിക്കേണ്ട വിഷയമാണ്.

മനുഷ്യന്റെ സകലവിധ അഭിവൃദ്ധികളും വിദ്യയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ആധ്യാത്മികമായ അഭിവൃദ്ധി ശരിയായ വിദ്യാഭ്യാസം ഇല്ലാതെ സിദ്ധിക്കില്ലെന്ന് നിരന്തരം ഉത്‌ഘോഷിച്ചുകൊണ്ടിരുന്ന ഗുരുദേവന്‍ ഈഴവ ജാതിയിലെ ്യുബുദ്ധിന്മാരായ വ്യക്തികളെ കണ്ടെത്തി ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനുള്ള വിദ്യാഭ്യാസനിധി പോലും അതിന് വേണ്ടി ശിവഗിരിയില്‍ ഏര്‍പ്പെടുത്തി. നടരാജ ഗുരു, സഹോദരന്‍ അയ്യപ്പന്‍ , സി കേശവന്‍ ഇവര്‍ക്കെല്ലാം ഗുരു സാമ്പത്തിക സഹായം നല്‍കി വിദ്യ അഭ്യസിപ്പിച്ചിട്ടുണ്ട്. അവര്‍ണ്ണ ജനതയുടെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ച് ചിന്തിക്കുകയോ അവരെ സഹായിക്കുകയോ ചെയ്തില്ല. ഈ കാലഘട്ടത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി പുലയര്‍, നായരീഴവ ജാതിക്കാരുടെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായി രുന്നു.പുലയ പറയ വിദ്യാര്‍ത്ഥികളോട് ഗുരുദേവനേക്കാള്‍ താത്പര്യവും പുരോഗമനവും ആഗ്രഹിച്ചത് മൂലൂര്‍ പത്മനാഭ പണിക്കരായിരുന്നു. അദ്ദേഹമാണ് ആലുവയില്‍ ഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാലയില്‍ ഗുരുവിന്റെ ശുപാര്‍ശയോടെ ടി.ടി. കേശവനെയും അഴകിയാളെയും ചേര്‍ത്ത് പഠിപ്പിക്കുന്നതിനുള്ള ഏര്‍പ്പാടുണ്ടാക്കിയത്.

മറ്റൊരു 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്നതായിരുന്നുവല്ലോ ഗുരുവിന്റെ ഏറ്റവും വലിയ സന്ദേശം. അക്ഷര വിദ്യയും ആധ്യാത്മിക വിദ്യയും ആയിരുന്നു ഗുരുവിനെ മുന്നോട്ട് നയിച്ചത്. അതുകൊണ്ട് വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കിയത്. ആദ്ധ്യാത്മികതയിലേക്ക് പ്രവേശിക്കുന്നതിന് സംസ്‌കൃതവും, സാമൂഹ്യ പുരോഗതിക്ക് ഇംഗ്‌ളീഷ് വിദ്യാഭ്യാസവും അനിവാര്യമാണെന്ന് മനസ്സിലാക്കിയ ഗുരു അതിന്റെ വിജയത്തിനായി കൂടുതല്‍ ശ്രമങ്ങള്‍ നടത്തി. ആത്മികത പൂര്‍ണ്ണതയിലെത്തി കഴിഞ്ഞപ്പോള്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ശേഷം തന്റെ ഭക്തരില്‍ ചിലരെ ശാന്തിമന്ത്രം പഠിപ്പിച്ച് അവിടെയും മറ്റ് ക്ഷേത്രങ്ങളിലും പൂജാരിമാരാക്കി. ഇനി വിദ്യാലയങ്ങള്‍ ഉണ്ടാകട്ടെയെന്ന് അരുള്‍ ചെയ്തു. പിന്നീട് ക്ഷേത്രങ്ങളോട് ചേര്‍ന്ന് വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുരചര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബുദ്ധമതത്തില്‍ പുരോഹിതരില്ലെന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്. പിന്നീട് ഗുരുശിഷ്യന്മാര്‍ക്ക് ഭഗവത്ഗീത, ഉപനിഷത്തുകള്‍, വാസിഷ്ടം, സൂതസംഹിത എന്നിങ്ങനെയുള്ള മഹത് ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തി. അങ്ങനെ ബുദ്ധമതത്തെ തച്ചുതകര്‍ത്ത ആര്യ ബ്രാഹ്മണരുടെ നികൃഷ്ട സൃഷ്ടിയായി ജാതിവ്യവസ്ഥയെ അംഗീകരിക്കുന്ന ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥകളെ അരക്കിട്ടുറപ്പിക്കുന്ന സുപ്രസിദ്ധങ്ങളായ വേദമന്ത്രങ്ങള്‍ മുന്നോക്കന്മാര്‍, പിന്നോക്കന്മാര്‍ക്കെതിരെ പ്രയോഗിക്കുന്ന ഹൈന്ദവ മൂല്യങ്ങള്‍ നടപ്പിലാക്കി ഈഴവരിലെ ഒരു വിഭാഗം ആളുകളെ ബ്രാഹ്മണ്യവത്കരിച്ചു.

ബ്രാഹ്മണരുടെ ജാതിചിഹ്‌നങ്ങളായ കുടുമയും പൂണൂലും അവരെ ധരിപ്പിച്ചു. അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ മുതല്‍ പ്രസിദ്ധങ്ങളായ അമ്പതോളം മഹാക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. ക്ഷേത്രങ്ങള്‍ക്ക് പുറമെ മതപഠനങ്ങള്‍ക്കായി 18 മഠങ്ങളും സ്വാമി തൃപ്പാദങ്ങള്‍ നേരിട്ട് സ്ഥാപിച്ചു. ഈ അമ്പത് ക്ഷേത്രങ്ങളിലും ഹൈന്ദവ ദേവതാ ദേവന്മാരെയാണ് പ്രതിഷ്ഠിച്ചത്. മാത്രമല്ല ഇന്ത്യയില്‍ ജാതിയും അയിത്തവും ഒരിക്കലും വിട്ടുപോകാതെ കാത്തുസൂക്ഷിച്ച ശ്രീശങ്കരാചാര്യരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍തന്നെ കണ്ണൂരിലെ തലശ്ശേരിയില്‍ ക്ഷേത്രം നിര്‍മ്മിച്ചു. ക്ഷേത്രത്തിന് ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം കുമാരനാശാനാണ് നിയമാവലി തയ്യാറാക്കിയത്. ക്ഷേത്ര കമ്മറ്റിയില്‍ തിയ്യരല്ലാത്ത മറ്റൊരു സമുദായങ്ങള്‍ക്കും അംഗത്വം നല്‍കരുതെന്നും എഴുതി ചേര്‍ക്കപ്പെട്ടിരുന്നു. ഭാരതമണ്ണിന്റെ സര്‍വ്വനാശത്തിനും കാരണക്കാരായ ബ്രാഹ്മണരുടെ നാല് വേദങ്ങള്‍ക്കും പ്രചുരപ്രചാരം നല്‍കുന്നതിന് വേണ്ടി പ്രയത്‌നിക്കുകയും ബ്രാഹ്മണിക്കല്‍ ഗൂഢതന്ത്രങ്ങളുടെ മറുപുറമാകുന്ന കുണ്ഡിലിനി ശക്തിയെ പുകഴ്ത്തുന്ന കുണ്ഡലിപാട്ട് പോലും രചിച്ചു. വേദോപനിഷത്തുകളെ നെഞ്ചിലേറ്റിയ ശങ്കരാചാര്യരുടെ അദ്വൈതമാണ് ഗുരു അംഗീകരിച്ചതെന്ന് ആലുവ അദ്വൈതാശ്രമ രൂപീകരണം കൊണ്ടുതന്നെ മനസ്സിലാക്കാം. ഉപനിഷത്തു ചിന്തകളെ നിരാകരിച്ച ബുദ്ധന്റെ ജാതിവിരുദ്ധ നയങ്ങള്‍ പിന്‍തുടരാന്‍ ശ്രമിച്ചുകൊണ്ട് ഇന്ത്യയിലെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥകളെ ധിക്കരിച്ചുകൊണ്ടും മനുഷ്യന്റെ സകല മനുഷ്യാവകാശങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ബ്രാഹ്മണിസം തകര്‍ത്ത ഈഴവര്‍ ബുദ്ധമതം സ്വീകരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി നാരായണഗുരുവിനെ സന്ദര്‍ശിച്ച ആശാനോട് ഹിന്ദുമതത്തിനെന്താണ് കുഴപ്പമെന്നാണ് ഗുരു തിരിച്ച് ചോദിച്ചത്.

എല്ലാ മതങ്ങളും ഈശ്വരാന്വേഷണത്തിലധിഷ്ഠിതമാണെന്ന് പ്രഖ്യാപിച്ച ഗുരുദേവന്‍ ഹിന്ദുമതത്തിന് പുറമെ സഞ്ചരിക്കാന്‍ തയ്യാറായിരുന്നില്ല. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യന്മാരിലും യോഗത്തിലും ഉണ്ടായിരുന്ന പലനേതാക്കളും ഹിന്ദുമതം ഉപേക്ഷിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ചങ്ങനാശ്ശേരിയിലെ കുന്നുപുറം, പിച്ചനാട്ട് കൃഷ്ണ കുറുപ്പും കുടുംബവും ജാതി മാറാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ യോഗം നേതാവും കവിയും ഗുരുഅനുചരനുമായ മൂലൂര്‍ പത്മനാഭ പണിക്കര്‍ ഗുരുദേവനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ പിച്ചനാട്ട് കുറുപ്പന്മാരെ ഈഴവരാക്കി മാറ്റാനാണ് ഗുരുദേവന്‍ നിര്‍ദ്ദേശിച്ച്. ജാതി മാറി ഈഴവനായതിന് ശേഷം ഗുരുവിന്റെ സത്യവാങ്മൂലവും വന്നു. 'പരിശുദ്ധനായ ഈഴവന്‍, കള്ള് ചെത്താത്ത ഈഴവന്‍ (ഗുരുദര്‍ശന ഗരിമപ ടി ഭാസ്‌ക്കരന്‍). യുക്തിവാദിയും പുരോഗമന വാദിയുമായ സി.കൃഷ്ണന്‍ ഹിന്ദുമതത്തിലെ അനീതികള്‍ക്കെതിരെ പ്രതിഷേധിക്കുകയും ഈഴവര്‍ ഒരു പ്രത്യേക സമുദായവുമായതുകൊണ്ട് ഈഴവര്‍ സ്വതന്ത്ര സമുദായമായി നിലകൊള്ളണമെന്ന് വാദിക്കുകയും 'സ്വതന്ത്ര സമുദായ'മെന്ന പേരില്‍ ഒരു പുസ്തകമെഴുതി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഈഴവര്‍ ഹിന്ദുക്കളല്ല, ബുദ്ധമതാനുഭാവികളാണെന്ന് കാര്യകാരണ സഹിതം വിശദീകരിച്ച് തയ്യാറാക്കിയ ഗ്രന്ഥം എസ്.എന്‍.ഡി.പി യോഗം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരെ സ്വാധീനിച്ച് പുസ്തകം കണ്ടുകെട്ടി സിലോണിലേക്ക് അയപ്പിക്കുകയും ചെയ്തു. അതുവരെ മതമാറ്റത്തെ കുറിച്ച് സംസാരിക്കുകയും ഹിന്ദുമതത്തില്‍ അരാജകത്വം വാഴിക്കുന്ന ബ്രാഹ്മണിസ തത്വചിന്തകളെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തവര്‍ പുസ്തക നിരോധനത്തെ കുറിച്ചോ, കോപ്പികള്‍ കണ്ടുകെട്ടിയ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതികരിക്കുകയോ ചെയ്തില്ല. അവസാനം തൂലികാ സ്വാതന്ത്ര്യത്തെപോലും നിഷേധാത്മക നിലപാടില്‍ വീക്ഷിച്ച യോഗനേതൃത്വത്തിലേക്ക് സര്‍ക്കാര്‍ ഉദ്യോഗം പോലും രാജിവെച്ച് പ്രവര്‍ത്തിക്കാന്‍ വരികയായിരുന്നു ഈ പുരോഗമന വാദിയും.

മതമാറ്റ കാര്യത്തില്‍ സഹോദരന്‍ അയ്യപ്പന്‍ മാത്രമാണ് ധീരമായ നിലപാടെടുത്ത ഗുരുദേവന്റെ ഏകശിഷ്യന്‍. സഹോദരന്‍ പ്രസംഗിക്കുക മാത്രമല്ല മാതൃക കാണിക്കാന്‍ ബുദ്ധമതത്തില്‍ ചേരുകയും ചെയ്തു. ഇസ്‌ലാം മതത്തില്‍ ചേരണമെന്ന് വാദിച്ച് ഇസ്‌ലാം തൊപ്പിയും ധരിച്ച് നടന്ന കൊല്ലം സ്വദേശി പത്മനാഭനാശാന്‍ മുതല്‍പേര്‍ നാരായണഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം അതില്‍നിന്നും പിന്‍തിരിയുകയായിരുന്നു. ബ്രാഹ്മണന്റെ സാമൂഹിക പദവിയോടൊപ്പം എത്തിച്ചേരണമെങ്കില്‍ ബ്രിട്ടീഷുകാരുടെ ക്രിസ്തുമതത്തില്‍ ചേരണമെന്നാണ് സി.വി.കുഞ്ഞി രാമനെപ്പോലുള്ള യഥാസ്ഥിതിക ഈഴവ നേതാക്കള്‍ വാദിച്ചത്. അതിന് അധീശ ശക്തികളുടെ പ്രത്യേക പിന്തുണയും ആവശ്യമാണെന്ന് മനസ്സിലാക്കിയിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ ക്രിസ്തുമതത്തില്‍ കേരളത്തില്‍ നിന്നും ചേര്‍ന്നുകൊണ്ടിരുന്നത് പുലയരും പറയരുമായിരുന്നു. ഈഴവരില്‍ ഈ കാര്യത്തിലും മനംമാറ്റമുണ്ടായി. പുലയരും പറയരും ചേര്‍ന്ന ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനം സുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹ്യതലത്തിലേക്കുള്ള ഉയര്‍ച്ചയല്ല നേരെ മറിച്ച് പുലയരെ പോലുള്ള താഴ്ന്നവരുടെ സാമൂഹ്യ തലത്തിലേക്കുള്ള അധ:പതനമായിരിക്കും സംഭവിക്കുക എന്ന വെളിപാടില്‍ ഈഴവ സമുദായവും യോഗനേതൃത്വവും മതമാറ്റ വിഷയത്തില്‍ നിന്നും പിന്‍തിരിയുകയാണ് ചെയ്തത്. അതിനെ തുടര്‍ന്ന് 1915 ല്‍ നെയ്യാറ്റിന്‍കര കോട്ടുകോയിക്കല്‍ വില്ലേജില്‍ ഈഴവ സമുദായത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍ ആ മതം ഉപേക്ഷിച്ച് തിരികെ ഈഴവരാകുകയാണ് ചെ്‌യ്തത്. അവിടെ പുലയര്‍ കൂട്ടമായി ക്രിസ്തുമതം സ്വീകരിക്കുന്നതു കൊണ്ടായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്. ഈഴവരും പുലയരും മതപരമായി ഒന്നാകുമ്പോള്‍ തങ്ങളില്‍ നിന്നും വളരെ താഴ്ന്നവരായ പുലരെയും മറ്റും സാമൂഹ്യ പദവിയില്‍ ഒരേ തട്ടില്‍ കാണേണ്ടി വരുമെന്ന ചിന്തയാണ് ഈഴവരെ അങ്ങനെ ചിന്തിപ്പിച്ചത്.

ജാതി നശീകരണത്തിന്റെ ഭാഗമായി സവര്‍ണ്ണരായ കെ.ദാമോദരനും, എ.കെ.ജി യും കെ.കേളപ്പനും മന്നത്ത് പത്മനാഭനും പേരിനോടൊപ്പമുള്ള ജാതി നാമങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ജാതിയെ അംഗീകരിക്കാത്ത ബുദ്ധമതത്തിന്റെ പ്രചാരകരായി മാറിയ ഈഴവ നേതാക്കള്‍ ജാതി നാമങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ജാതിക്കെതിരെ കാവ്യങ്ങള്‍ രചിച്ച മൂലൂര്‍ പത്മനാഭ പണിക്കര്‍ 'പത്മനാഭ ശൗണ്ഡികന്‍' എന്ന ജാതിനാമം സ്വീകരിച്ചു. 'ശൗണ്ഡികോമദ്യഹാരക' എന്നാണല്ലോ അമരസിംഹന്‍ പറഞ്ഞത്. ഈഴവന് മദ്യവുമായി ബന്ധമുള്ളതു കൊണ്ടായിരിക്കും മൂലൂര്‍ ആ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചത്. ടി.കെ.മാധവന്റെ അമ്മാവന്‍ കുഞ്ഞന്‍പിള്ളയും കുഞ്ഞന്‍ ചോകവന്‍ എന്ന പേരാണ് സ്വീകരിച്ചത്. ബുദ്ധമതം സ്വീകരിച്ചവരില്‍ കൂടുതല്‍ ഈഴവരായിരുന്നുവെങ്കിലും അവര്‍ ഈ ബുദ്ധമതത്തിലെ മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറായിരുന്നില്ല. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും ഒരേ സമയം സഞ്ചരിക്കുകയും ഹൈന്ദവ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുകയും ചെയ്തു. ബുദ്ധമതം സ്വീകരിച്ച സി.കൃഷ്ണന്‍ വക്കീല്‍ മിതവാദി പത്രം മൂര്‍ക്കോത്ത് കുമാരനില്‍ നിന്നും വിലക്ക് വാങ്ങിയതിന് ശേഷം പത്രത്തിന്റെ പേര് തീയ്യരുടെ മുഖപത്രം എന്ന പേരിലാണ് പിന്നീട് അത് പ്രസിദ്ധീകരിച്ചത്. ആശാന്‍ വിവേകോദയത്തെ ഈഴവ ഗസസ്റ്റ് എന്ന് നാമകരണം ചെയ്തതുപോലെ. മിശ്രഭോജത്തെ കുറിച്ച് മിതവാദിയിലേക്ക് സഹോദരന്‍ അയച്ചുകൊടുത്ത ലേഖനം തുറന്ന് പോലും നോക്കാന്‍ തയ്യാറാകാതെ മടങ്ങി വന്നപ്പോഴാണ് അയ്യപ്പന്‍ 'സഹോദന്‍' മാസിക പ്രസിദ്ധീകരിച്ചത് (പുതുപ്പളളി രാഘവന്‍ കേരള പത്രപ്രവര്‍ത്തന ചരിത്രം, പേജ് 186) അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തെ ചെറായിലെ വിജ്ഞാന വര്‍ദ്ധിനി സഭയും ഈഴവ പ്രമാണിമാരും എതിര്‍ക്കുകയാണുണ്ടത്. ഇതിനെയൊന്നും ഗുരുദേവന്‍ വിലക്കിയില്ല. മാത്രമല്ല സഭയുടെ നിയമാവലി അനുസരിച്ച് ഗുരുദേവന്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തു.

ബുദ്ധമതം സ്വീകരിച്ച അയ്യപ്പന് തിരുകൊച്ചി നിയമസഭയിലേക്ക് ഈഴവ സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിന് കോടതിയില്‍ കയറേണ്ട ഗതികേട് വരെയുണ്ടായി. ഈഴവ പ്രമാണിമാര്‍ അയ്യപ്പന്‍ ഈഴവനല്ല, ബുദ്ധമതക്കാരനാണെന്ന് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുത്തത്. ഈഴവനായി ജനിച്ച സഹോദരന് മനുഷ്യനായി ജീവിക്കാന്‍ അത്രയും ക്രൂരമായ യാതനകള്‍ അനുഭവിക്കേണ്ടി വന്നു. സഹോദര പ്രസ്ഥാനത്തിന് നേരെയുള്ള ഗുരുദേവന്റെ നിലപാടുകള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും സ്വന്തം കൈപ്പടയില്‍ ഗുരുദേവന്‍ എഴുതി കൊടുത്തുയെന്ന് ലേഖകന്‍ പറയുന്ന സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ സഹോദരന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഗുരു പറഞ്ഞ സന്ദേശങ്ങള്‍ സഹോദരന്‍ ധിക്കരിക്കുകയാണുണ്ടായതെന്ന് അന്തിമ വിശകലനത്തില്‍ കണ്ടെത്താം. കുമാരു തൊട്ട് കുമാരന്‍ വരെയുള്ള ശിഷ്യന്മാര്‍ ഗുരുദേവനെ അനുസരിച്ചപ്പോള്‍ മാനവ ജനതയി്ക്ക് വേണ്ടി പുതിയ സന്ദേശങ്ങള്‍ സ്വയം സൃഷ്ടിക്കുകയാണ് സഹോദരന്‍ ചെയ്തത്.

തന്റെ ശിഷ്യന്മാരെകൊണ്ട് ബുദ്ധമതത്തെയും ക്രിസ്തുമതത്തെയും ഇസ്‌ലാം മതത്തെയും കുറിച്ച് ആഴത്തില്‍ പഠിക്കാനും അന്വേഷിക്കാനും അറിയാനും ശ്രമിച്ച ഗുരുദേവന്‍ ആത്മീയ വിപ്ലവം സൃഷ്ടിച്ചത് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടല്ലെ? ബുദ്ധമതത്തിന്റെ ആരാധനാ ഇടമായ ഒരു വിഹാരമോ മുസ്‌ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഒരു മോസ്‌ക്കോ, ചര്‍ച്ചോ നിര്‍മ്മിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ജാതി നശീകരണത്തിനും മാനവ ധര്‍മ്മത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഗുരുവിന്റെ ശിഷ്യന്മാരില്‍ ഭൂരിഭാഗം പേരും സവര്‍ണ്ണരായിരുന്നു. സത്യവൃതന്‍ എന്ന പേരിലറിയപ്പെട്ട അയ്യപ്പന്‍ പിള്ളയാണ് അതില്‍ പ്രമുഖന്‍. ചൈതന്യ സ്വാമികള്‍, ധര്‍മ്മ തീര്‍ത്ഥര്‍, ആനന്ദ തീര്‍ത്ഥര്‍ ഇവരെല്ലാം സവര്‍ണ്ണരായിരുന്നു. ഗുരുവായൂരിലെ കുലീന കുടുംബത്തില്‍ ജനിച്ച കരുണാകര മേനോന്‍ സി,എം.എസ് സഭയില്‍ ചേര്‍ന്ന് ജ്ഞാനസ്‌നാനം ചെയ്ത് ജോണ്‍ എന്ന പേരില്‍ സെമിനാരി പ്രവര്‍ത്തനം ചെയ്ത് പോരവെ ഗുരുവില്‍ ആകൃഷ്ടനായി ശിഷ്യത്വം സ്വീകരിച്ച് ധര്‍മ്മ തീര്‍ത്ഥനാകുകയായിരുന്നു. കാദര്‍ എന്നൊരു മുസ്‌ലീമും കന്തസ്വാമി എന്ന പേര് സ്വീകരിച്ച് ഗുരുവിന്റെ ശിഷ്യനായി മാറുകയുണ്ടായി. ഹൃദയ കുമാരിയുടേയും സുഗത കുമാരിയുടേയും അച്ഛന്‍ ബോധേശ്വരന്‍ ഗുരുവിന്റെ ശിഷ്യനായിരുന്നുവല്ലൊ. ഇവരില്‍ എത്രപേരെ ബുദ്ധമത വിശ്വാസികളും പ്രചാരകരുമാക്കിയിട്ടുണ്ട് ? ബുദ്ധമത വിശ്വാസികളായവരേയും ബുദ്ധമതത്തേയും നശിപ്പിച്ച് ദിഗ്‌വിജയം സ്ഥാപിച്ച ശങ്കരാചാര്യരെ പോലെ മഠങ്ങള്‍ സ്ഥാപിച്ച് ഹിന്ദുധര്‍മ്മങ്ങളും ആചാരഭൂഷാാദികളും ധരിച്ച് ജീവിതം നയിക്കുന്ന ഇവരെല്ലാം. അടിസ്ഥാനപരമായി ഹിന്ദുമതത്തെ എതിര്‍ക്കാതിരുന്ന ഗുരുവിന് ഉപനിഷത്ത് മന്ത്രങ്ങളായിരുന്നു പ്രാണവായു. ഇതുതന്നെയാണ് ശിവഗിരിയിലെ സന്യാസിമാരും തുടരുന്നത്.

ദേശീയ തലത്തില്‍ ഹിന്ദുമതത്തെ എതിര്‍ത്തത് ഡോ.അംബേദ്ക്കറും കേരളത്തിര്‍ പണ്ഡിറ്റ് കറുപ്പനും അല്ലെ. ഇവരാണ് രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹിന്ദുമത വിമര്‍ശകര്‍. അവരെയൊന്നും ഗുരുദേവനും ശിഷ്യന്മാരും അംഗീകരിച്ചിരുന്നില്ല. സംസ്‌കൃതവും തമിഴും പഠിച്ച് മഹാ പാണ്ഡിത്യം നേടിയ ഗുരു ബുദ്ധമത ഭാഷയായ പാലി പഠിക്കാന്‍ അല്‍പ്പം പോലും തയ്യാറായില്ല. പിന്നെ എങ്ങിനെയാണ് ബുദ്ധമതത്തിന്റെ വംശാവലിയില്‍ ഗുരുദേവന്‍ കണ്ണിയാകുന്നത്. ജാതിഭേദമില്ലാത്ത മതമാണ് ബുദ്ധമതമെന്ന് അയ്യപ്പനെ പോലെ തറപ്പിച്ച് പറയാന്‍ ഈഴവ വംശാവലിയില്‍ ആര് തയ്യാറായിട്ടുണ്ട്. അതിന്റെ അഞ്ചയലത്ത് പോലും ഗുരുദേവന്‍ അടുത്തില്ല. ബ്രാഹ്മണ മതം പോലുള്ള ആസ്തിക മതത്തെ ആശ്രയിക്കരുതെന്ന് ശ്രീബുദ്ധനെപ്പോലെ സാരോപദേശം നല്‍കിയ എത്ര മഹാരഥന്മാര്‍ നമുക്കുണ്ട്? ഹിന്ദുമതത്തിലെ അയിത്തം പോലുള്ള ജീര്‍ണ്ണതകളെ മുറുക പിടിക്കുന്ന സന്യാസ ശ്രേഷ്ഠന്മാര്‍ക്ക് ജാതി നിര്‍മ്മാര്‍ജ്ജനത്തെ മുഖമുദ്രയാക്കിയിട്ടുള്ള ബുദ്ധമതത്തെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയുണ്ടോ?

ബ്രാഹ്മണ മതത്തിന്റെ തള്ളിക്കയറ്റത്തില്‍ തകര്‍ത്തെറിയപ്പെട്ട ബുദ്ധമതത്തിന്റെ അവശിഷ്ടങ്ങള്‍ കുറെ സ്ഥാപനങ്ങളുടെ പേരിലും സ്ഥലനാമങ്ങളിലും അവശേഷിക്കുന്നതല്ലാതെ ആ മതവും അതിന്റെ സംസ്‌ക്കാരവും ഉള്‍ക്കൊണ്ടവര്‍ നമ്മുടെ സമൂഹത്തിലില്ല. അതിന്റെ അല്‍പ്പമെങ്കിലും ചരിത്രം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഇവിടുത്തെ അടിസ്ഥാന വര്‍ഗ്ഗങ്ങളിലാണ് കണ്ടെത്താന്‍ കഴിയുന്നത്. പള്ളിയെന്നും അയ്യനെന്നും പുലയര്‍ക്കല്ലാതെ മറ്റൊരു ജാതിക്കും പേരുപോലുമില്ല.

ഏകമത സാരവും ഏകദൈവ ജ്ഞാനവും പ്രചരിപ്പിച്ച ഗുരു സ്വന്തം കൃതികളില്‍ വിവിധ ദേവതമാരെ ആരാധിക്കുന്നു എന്നതാണ് വിചിത്രം. എന്നുമാത്രമല്ല ഒരു അഹിന്ദു ദൈവത്തെ പറ്റി ഒരു കൃതിയും രചിച്ചിട്ടില്ല. വ്യാഖ്യാതാക്കള്‍ അര്‍ത്ഥാനന്തന്യാസം എത്ര ഉപയോഗിച്ചാലും ഗുരുകൃതികള്‍ ഹൈന്ദവികമാണെന്നും ഗുരു ഹിന്ദുഭക്തനായിരുന്നുവെന്നതും നിഷേധിക്കാന്‍ കഴിയില്ലെന്ന് രാജഗോപാല്‍ വാകത്താനം അദ്ദേഹത്തിന്റെ ' നാരായണ ഗുരു നവോത്ഥാന നായകനോ ' എന്ന കൃതിയില്‍ ഉന്നയിക്കുന്നുണ്ട്. ഗുരു ബുദ്ധമത അവലംബിയാകുക ചെയ്തില്ലെന്ന് മാത്രമല്ല അതിലേക്ക് തിരിഞ്ഞവരെ തടയുകപോലുമാണ് ഉണ്ടായത്.

ഒര്‍ണ കൃഷ്ണന്‍കുട്ടി
പെരുമ്പാവൂര്‍ 683556
Ph : 8281456773 E-mail : ornakrishnankutty@gmail.com

(ലേഖകന്‍ കേരള ദലിത്ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനും കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥനുമാണ്).

0 comments:

Post a Comment