Sunday, 12 July 2015
ഗുരുവിനെ ബ്രാഹ്മണിസത്തിനു നല്‍കുമ്പോള്‍ - പ്രദീപ് കുളങ്ങര
ബ്രാഹ്മണിസമെന്നത് മനുഷ്യരെ മുകളില്‍ നിന്ന് താഴേക്ക് ചിട്ടപ്പെടുത്തിയ ഒരു മത രാഷ്ട്രീയ പദ്ധതിയാണ്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍ തുടങ്ങി ചണ്ഡാളര്‍ വരെയായി സമൂഹത്തില്‍ വിന്യസിച്ചിരിക്കുന്നു. കാലങ്ങള്‍ മാറുന്നതിനനുസരിച്ച് ബ്രാഹ്മണിസവും പുതിയ അധികാര ഭാവങ്ങളാര്‍ജിച്ച് ആയിരത്താണ്ടുകളായി ഇവിടെ നിര്‍ദ്ദയം തുടരുകയാണ്. ജാതിയെന്ന ശരീര കര്‍മത്തിലാണ് ബ്രാഹ്മണിസം പ്രവര്‍ത്തിക്കുന്നത്. ജാതികളായി തരം തിരിച്ച് അയിത്തം ആഘോഷിച്ചിരുന്ന പഴയ പ്രത്യക്ഷ ബ്രാഹ്മണിസം ഇന്നവസാനിച്ചിരിക്കുന്നു. പരോക്ഷവും ആവുന്നിടത്തോളം പ്രത്യക്ഷവുമാകുന്ന ബ്രാഹ്മണിസം കൂടുതല്‍ വ്യാപകമായിരിക്കുന്നു. കര്‍ണാടകയിലെ ഉടുപ്പി ശ്രീരാമകൃഷ്ണമഠം ക്ഷേത്രത്തിലെ ഒരു ബ്രാഹ്മണാചാരം നോക്കുക. ബ്രാഹ്മണര്‍ ഭക്ഷിച്ച ആഹാരത്തിന്റെ ഉച്ചിഷ്ടത്തില്‍ കീഴാളജാതിയില്‍ പെട്ടവര്‍ കിടന്നുരുണ്ടാല്‍ ത്വക് രോഗം മാറുമത്രേ!(1) കേരളത്തിലെ പിന്നോക്ക ദലിത് ജനതക്ക് മെഡിക്കല്‍ കോളേജിനു പകരം ഈ ബ്രാഹ്മണ ഉച്ഛിഷ്ടസ്‌നാനം ശുപാര്‍ശ ചെയ്യുമോ?. കേരളത്തിലെ ക്ഷേത്ര അനാചാരങ്ങള്‍ പെരുകുന്നതു കാണുമ്പോള്‍ ഇങ്ങെനെ ചോദിക്കാതിരിക്കാനാവുമോ? ഗരുഡന്‍ തൂക്കവും ചൂരല്‍ അടവിയും(2) തിരിച്ചു വന്നിരിക്കുന്നു. ഒരു ബ്രാഹ്മണനെങ്കിലും ഈ ഗരുഡന്‍ തൂക്കമോ ചൂരല്‍ അടവിയോ നടത്തിയിട്ടുണ്ടോ? ഗുരുതിയില്‍ ആദ്യത്തേതായ മനുഷ്യഗുരുതി എന്നാണിനി തിരിച്ചുവരുക? വടക്കേ ഇന്ത്യയില്‍ സതി തിരിച്ചുവന്നു. എത്ര ബ്രാഹമണരുടെ വിധവകള്‍ സതി ആചരിച്ചു ഇതുവരെ? ഇത് ക്രിത്രിമവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ ഹാ...... കഷ്ടം എന്നല്ലേ ശ്രീനാരായണഗുരു പറഞ്ഞത്.
മനുഷ്യാണാം മനുഷ്യത്വം,ജാതിര്‍ഗോത്വം ഗവാം യഥാ
ബ്രാഹ്മണാദിരസൈ്യവം ഹാ!തത്വം വേത്തികോfപിന
(ശ്രീനാരായണഗുരു - ജാതിനിര്‍ണയം)
ഗോക്കള്‍ക്ക് പശുത്വം പോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. അതായത് മനുഷ്യകുലത്തിലെ ഏതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയും പുരുഷനും തമ്മിലുള്ള ഇണചേരലിലൂടെയും സന്താനങ്ങളുണ്ടാകും. അതിനാല്‍ ഒരു വംശവും ഒരു ജാതിയുമാണ് മനുഷ്യന്‍. പറച്ചിയില്‍ നിന്നു പണ്ടു പരാശരമാമുനി, പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യകയില്‍ എന്ന് ജാതിനിര്‍ണയത്തില്‍ ഗുരു തുടര്‍ന്നെഴുതിയില്ലേ?
ഇന്ത്യയുടെ ചരിത്രത്തില്‍ ശ്രീനാരായണഗുരുവിന് സ്ഥാനം നല്‍കുന്ന ആശയമായിരുന്നു ഇത്. ഗുരു മാത്രമല്ല, ബുദ്ധനു ശേഷം ബ്രാഹ്മണിസത്തി നെതിരേ നിലകൊണ്ട നിരവധി സാമൂഹ്യ വിപ്ലവകാരികളുണ്ട്. ഭക്തിപ്രസ്ഥാനം ഉയര്‍ന്നുവന്നതും ബ്രാഹ്മണക്ഷേത്ര മേധാവികള്‍ അതിനെ തകര്‍ത്തതും ഇന്ത്യയിലെ മറന്നുകൂടാത്ത ചരിത്രമാണ്. ബുദ്ധന്റെയും മഹാവീരന്റെയും സാംസ്‌കാരിക പിന്‍തുടര്‍ച്ചയായി ഉടലെടുത്ത ഭക്തിപ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സൃഷ്ടാവ് നന്ദനാര്‍ ആയിരുന്നു. ക്ഷേത്രമേധാവികളാല്‍ ചുട്ടുകൊല്ലപ്പെടുകയായിരുന്നു നന്ദനാര്‍(3). ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായ മഹാരാഷ്ട്രയിലെ കവിയായിരുന്ന തുക്കാറാം, കുന്‍ബി എന്ന പിന്നോക്ക ജാതിയില്‍ ജനിച്ചു. 1607 പദ്യങ്ങളടങ്ങിയ കൃതി രചിച്ചു. ജാതിയെയും - മതത്തെയും - ബ്രാഹ്മണ്യത്തേയും എതിര്‍ത്ത തുക്കാറാമും ബ്രാഹ്മണ-ക്ഷേത്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. ദൈവം പുഷ്പക എന്ന വിമാനത്തില്‍ ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയി എന്ന കെട്ടുകഥ(4) പ്രചരിപ്പിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബ്രാഹ്മണിസത്തിനെതിരായി ഗുരു ഘാസിദാസിന്റെ നേതൃത്വത്തില്‍ സത്‌നാമി പ്രസ്ഥാനം ഉടലെടുത്തു. രൂപമില്ലാത്ത ദൈവത്തിലാണ് ഘാസിദാസ് വിശ്വസിച്ചത്. വിധി, പുനര്‍ജന്മം, ആരാധന, വിഗ്രഹപൂജ, പൗരോഹിത്യം എന്നിവയെ എതിര്‍ത്തു. ജാതിയെ എതിര്‍ത്തു. ഗുരു ഘാസിദാസിനെ 1850 ല്‍ വധിച്ചു. കേരളത്തിനു വെളിയില്‍ മാത്രമല്ല ഇവിടെയും ബ്രാഹ്മണ ക്ഷേത്രവാദികള്‍ ചെയ്തത് മറ്റൊന്നല്ല. ആറാട്ടുപുഴ വേലായുധപ്പണിക്കരെ വധിച്ചതും, വൈകുണ്ഠസ്വാമിയെ കടുവാക്കൂട്ടിലിട്ടതും ശ്രീനാരായണഗുരുവിനെ വധിക്കാന്‍ ഗൂഢാലോചന നടന്നതായുള്ള സൂചനയും നമുക്കറിവുള്ളതാണ്(6). കല്ലുമാല പൊട്ടിച്ചതും, മൂക്കൂത്തി സമരം നടന്നതും മാറുമറയ്ക്കാന്‍ വേണ്ടി സമരം നടന്നതും അടിമമോചനത്തിനായി പൊയ്കയിലപ്പച്ചന്റെ സമരവും വിദ്യാലയ പ്രവേശനത്തിനായുള്ള അയ്യന്‍കാളി സമരവുമെല്ലാം ബ്രാഹ്മണ്യ - ക്ഷേത്രവാദികളുടെ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന കീഴടക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു.
മഹാരാഷ്ട്രയിലെ സത്യശോധക് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ജ്യോതിബാ ഫൂലെയുടെ പ്രവര്‍ത്തന ഇടങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ഡോ. ബി ആര്‍ അംബേഡ്കര്‍ ഇന്ത്യയുടെ വെളിച്ചമായിരുന്നതുപോലെ തന്നെയായിരുന്നു കേരളത്തിലെ ശ്രീനാരായണ ചിന്തകളുടെ മണ്ണൊരുക്കത്തില്‍ നിന്നുയര്‍ന്നുവന്ന സി. കേശവനും നിവര്‍ത്തന പ്രക്ഷോഭവും. നിവര്‍ത്തന പ്രക്ഷോഭങ്ങള്‍ക്ക് മുമ്പുള്ള മൂന്നു സംഭവങ്ങള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഒന്ന് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ. രണ്ട് 1888 ലെ ശ്രീമൂലം പ്രജാസാഭാ രൂപീകരണം. മൂന്ന് 1917 ലെ റഷ്യന്‍ വിപ്ലവം. ആദ്യത്തെ രണ്ടു സംഭവങ്ങള്‍ എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകും. പക്ഷെ, മൂന്നാമത്തെ സംഭവം നിവര്‍ത്തനപ്രക്ഷോഭ സാഹചര്യത്തിന് എങ്ങനെ വളമേകി എന്നത് അത്ര പ്രത്യക്ഷമല്ല. ഓരോ ദേശ-രാഷ്ട്രങ്ങള്‍ക്കും സ്വന്തം ഭരണം വേണം എന്ന ആവശ്യം ലോകതലത്തില്‍ ഉയര്‍ന്നുവന്നതും അതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണം ഉണ്ടാക്കാന്‍ സൈമണ്‍ കമ്മീഷനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ചതും വസ്തുതയാണ്. ഇത്തരം ദേശീയ രാഷ്ട്രീയ സാഹചര്യത്തിലാണ് നിവര്‍ത്തനപ്രക്ഷോഭം ഉയര്‍ന്നുവരുന്നത്. 1928 മെയ് 28 ന് സൈമണ്‍ കമ്മീഷന്റെ സന്ദര്‍ശന വേളയില്‍ അന്നത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന സി വി കുഞ്ഞുരാമന്‍ കമ്മീഷന്‍ മുമ്പാകെ പ്രത്യേക സമ്മതിദാന അവകാശവും സാമുദായിക പ്രാതിനിധ്യവും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഡോ. ബി ആര്‍ അംബേഡ്കര്‍ വട്ടമേശസമ്മേളനത്തിലും ആവശ്യപ്പെട്ടിരുന്നു എന്നോര്‍ക്കണം.
സി കേശവന്‍
1932 ഡിസംബര്‍ 17 ന് മൂന്ന് സമുദായ സംഘടനകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് തങ്ങളുടെ സമുദായ പ്രാതിനിധ്യം രാഷ്ട്രീയത്തിലും രാജ്യകാര്യത്തിലും ഉണ്ടാകുന്നതിന് ഒരു പദ്ധതിക്ക് രൂപം നല്‍കി. നിയമസഭയില്‍ പ്രാതിധ്യം ലഭിക്കുന്നതുവരെ വോട്ടെടുപ്പില്‍ പങ്കെടുക്കുകയോ, തിരഞ്ഞടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ല എന്ന് 1933 ജനുവരി 25 ന് ഈ മൂന്ന് സമുദായ സംഘടനകളും പ്രമേയം പാസാക്കി. ഈഴവ, മുസ്ലീം, ക്രൈസ്തവ സമുദായങ്ങള്‍ ചേര്‍ന്ന ആ നിവര്‍ത്തന പ്രസ്ഥാനം മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചു. 1, നിയമസഭയിലും പൊതു ഉദ്യോഗത്തിലും പട്ടാളത്തിലും എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാവുക. 2, പ്രായപൂര്‍ത്തി വോട്ടവകാശം 3, ഉത്തരവാദിത്വ ഭരണം. ഈ ആവശ്യങ്ങളില്‍ നിന്നു മനസ്സിലാകുന്ന വസ്തുത മതപരവും ജാതിപരവുമായ വിവേചനങ്ങളെ മറികടന്ന് ഒരു മോഡേണ്‍ സ്‌റ്റേറ്റിന്റെ ഭാഗമാകാനുള്ള ശ്രമമായിരുന്നു നിവര്‍ത്തനപ്രക്ഷോഭം എന്നാണ്. ബ്രാഹ്മണ്യ ക്ഷേത്രവാദികളുടെ ജാതിക്കോട്ടയില്‍ നിന്ന് മാറിയ ഒരു ദേശപൗരന്റെ സ്വാതന്ത്ര്യ അഭിവാഞ്ഛയായിരുന്നു ഇത്. ജനൈക്യത്തെ ആധാരമാക്കിയ ഒരു ഇന്ത്യന്‍ നിയമരാജ്യത്തിലേക്കുള്ള ഒരു ഉയര്‍ച്ചയായിരുന്നു അത്.
പക്ഷെ സംഭവിച്ചത് എന്താണ്? ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന സാമുദായ പ്രാതിനിധ്യ അംഗീകാരമായ ബ്രിട്ടീഷ് ഇന്ത്യയുടെ കമ്മ്യൂണല്‍ അവാര്‍ഡിനെ തിരെ ഗാന്ധി മരണം വരെ നിരാഹാരം കിടന്നു. സവര്‍ണവാദിയായിരുന്ന ഗോഡ്‌സെ ഗാന്ധിയുടെ ജീവനോട് എടുത്ത ഉന്മൂലന സമീപനമായിരുന്നില്ല അംബേഡ്കര്‍ ഗാന്ധിയോട് നിരാഹാര വേളയില്‍ എടുത്തത്. നീതിബോധം സവര്‍ണര്‍ക്കല്ല അവര്‍ണരാക്കപ്പെട്ടവരിലാണ് കുടികൊള്ളുന്നത് എന്നാണ് ഈ സംഭവം കാണിക്കുന്നത്. ഈ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി 1932 സെപ്തംബര്‍ 20 ന് ഉണ്ടാക്കിയ പൂനാക്കരാറോടെ ദേശീയ രാഷ്ട്രീയത്തില്‍ പിന്നോക്ക അധഃസ്ഥിത ജനതക്ക് സ്വന്തം നിലയില്‍ നില്‍ക്കാനുള്ള രാഷ്ട്രീയ ഇടങ്ങള്‍ നഷ്ടപ്പെട്ടു. ഇതൊരു ബ്രാഹ്മണ്യ രാഷ്ട്രീയ പദ്ധതിയുടെ തന്ത്രപരമായ ചതിയുടെ വിജയമായിരുന്നു. ഇവിടെയാണ് പട്ടേലും ഗാന്ധിയും ഒന്നിക്കുന്ന ഇടം.
ദശീയ രാഷ്ട്രീയ ഘടനയില്‍ ഇത്തരം മാറ്റങ്ങള്‍ നടക്കുമ്പോള്‍ 1933 സെപ്തംബറില്‍ തിരുവനന്തപുരത്ത് ഒരു നായര്‍ സമ്മേളനം നടന്നു. നിയമസഭയിലും ഉദ്യോഗത്തിലും രാജ്യാകാര്യത്തിലുമുള്ള മേധാവിത്വം നിലനിര്‍ത്താന്‍ എല്ലാ നായര്‍ അംഗങ്ങളോടും ഈ സമ്മേളനം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നുവന്ന സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലുള്ള അറസ്റ്റ് ഇത്തരം ജാതിവാദികളുടെ പരിലാളനയില്‍ അരങ്ങേറിയതാണ്. തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സി. കേശവനു നല്‍കിയ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കുറഞ്ഞുപോയി എന്ന മന്നത്തിന്റെയും സവര്‍ണസംഘടന കളുടേയും പരാതിയെ തുടര്‍ന്ന് സി കേശവന്റെ ഒരു വര്‍ഷ ശിക്ഷ രണ്ടുവര്‍ഷമാക്കി മാറ്റി. തന്നെയല്ല ആരെങ്കിലും സി കേശവനെ ജയിലില്‍ പോയി കാണുകയോ ഇറങ്ങിവരുമ്പോള്‍ സ്വീകരണം കൊടുക്കുകയോ ചെയ്താല്‍ അവര്‍ക്കും ജയില്‍ ശിക്ഷ നല്‍കും എന്നും പറയുകയുണ്ടായി. അന്നത്തെ എസ്എന്‍ഡിപിയുടെ സെക്രട്ടറിയായിരുന്നു സി. കേശവന്‍. എന്നിട്ടും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഇത്തരം ഒരു ചരിത്രപശ്ചാത്ത ലത്തില്‍ 1936 ലെ ക്ഷേത്രപ്രവേശനം പിന്നോക്ക ദലിത് ജനതയെ രാഷ്ട്രീയമായി നന്നാക്കാനല്ല എന്നത് വ്യക്തമാണ്. 1928 ലെ വിഗതകുമാരന്‍ എന്ന സിനിമയും അതിലെ സംവിധായകനും അഭിനേത്രിക്കും എതിരെ ഉയര്‍ന്നുവന്ന സവര്‍ണമനസ്സുകളുടെ കടന്നുകയറ്റവും എല്ലാംകൂടി കൂട്ടിച്ചിന്തിച്ചാല്‍ സാംസ്‌കാരികമായ ഒരു ഉദാരത ആയിരുന്നില്ല ക്ഷേത്രപ്രവേശനം എന്നു ബോധ്യമാകും. മറിച്ച് ക്ഷേത്രപ്രവേശനം ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ഉറപ്പില്‍ത്തന്നെയായിരുന്നു. അതോടെ ഈഴവ - ദലിത് ജനത ക്ഷേത്രമുറ്റത്തെ കൊടിമരത്തിനു ചുവട്ടില്‍ തളക്കപ്പെട്ടു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന പൊതുനമ്മയുടെ തുറന്ന മനസ്സിനു പകരം ഹാ...... കഷ്ടം എന്ന് ഗുരു ആക്ഷേപിച്ച ബ്രാഹ്മണ പൗരോഹിത്യം ശിരസ്സേറ്റി കുനിഞ്ഞുനിന്നു. ശ്രീനാരായണ - അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചെടുത്ത പൊതു ഇടങ്ങള്‍ എങ്ങനെ ചുരുങ്ങി. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ കുറേക്കൂടി തുറന്ന ഒരു ഭാഷാദേശത്തിന്റെ ഐക്യകേരള രൂപീകരണ ഇടങ്ങളിലേക്ക് പിന്നോക്ക ദലിത് ജനത ഒഴുകി. അതോടെ രാഷ്ട്രീയമായും അവര്‍ണര്‍ പങ്കുവെക്കപ്പെട്ടു. ഇത്ര ചെറുതായെങ്കിലും ചരിത്രത്തിലൂടെ ഒന്നു കടന്നുവന്നത്, പിന്നോക്ക - ദലിത് ജനതയുടെ ഉയര്‍ച്ചക്ക് തടസ്സമായത് ക്രിസ്ത്യന്‍ - മുസ്ലീം ജനതയല്ല എന്നും, സവര്‍ണജാതികളുടെ ദേശീയ - പ്രാദേശീയ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്നും ബോധ്യമാക്കാനാണ്. ഐക്യകേരളം രൂപീകരിച്ചപ്പോള്‍ നാടാര്‍ ജനതയെ വിഭജിച്ച് തമിഴ്‌നാട്ടിലാക്കിയില്ലായിരുന്നു എങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ഭരണകൂടം പാലാ - പെരുന്ന ആജ്ഞകള്‍ക്കു മാത്രമായി ചുരുങ്ങുകയില്ലായിരുന്നു. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി സി. കേശവനാകുമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ പൂനാ കരാറും - കേരളത്തിലെ ക്ഷേത്രപ്രവേശനവും, ഐക്യകേരളത്തിലെ ഉള്ളറ നാടകങ്ങളുമാണ്, ഈഴവ പിന്നോക്ക - ദലിത് ദലിത് ജനതയുടെ രാഷ്ട്രീയ തുല്യതക്ക് തടസ്സമായത്.
ബുദ്ധമതത്തേയും ബ്രാഹ്മണ്യവല്‍ക്കരണത്തിനെതിരായ ഭക്തിപ്രസ്ഥാന ത്തേയും ആധുനിക സാമൂഹ്യ വിപ്ലവ നേതൃത്വങ്ങളേയും പൂനാ കരാറിലൂടെ അംബേഡ്കറേയും അട്ടിമറിച്ച സവര്‍ണജാതികളുടെ ആയിരത്താണ്ടുകളായ ഇത്തരം ചരിത്രം ഉള്ളിലുണര്‍ന്നിരിക്കുന്ന ഒരു നേതൃത്വം, ബ്രാഹ്മണ്യ ഹൈന്ദവീകരണ മത കീഴാളത്വത്തിനു തലകുനിച്ചുകൊടുക്കുമോ? തീര്‍ച്ചയായുമില്ല. ഇപ്പോഴത്തെ ദയനീയാവസ്ഥയില്‍ നിന്നാലോചിക്കുമ്പോള്‍ അരുവിപ്പുറം പ്രതിഷ്ഠാവേളയില്‍ ഗുരു കണ്ണുനീര്‍ വാര്‍ത്തത് തന്റെ പൂര്‍വജനതയുടെ അടിമനില ഓര്‍ത്തുമാത്രമായിരിക്കില്ല, വരാനിരിക്കുന്ന അടിമബോധത്തേയും അവര്‍ തന്നെത്തന്നെ ആവാഹിച്ചിരുത്തുന്നതിനേയും നിനച്ചിട്ടാവണം. ചരിത്രം അറിയാത്ത നേതൃത്വം ഓര്‍മ്മ നഷ്ടപ്പെട്ട ഒരാളെപ്പോലെ ആയിത്തീരും. അവര്‍ മറ്റൊരാളിന്റെ കൈപിടിച്ച് തുള്ളിച്ചാടും. ചിലപ്പോള്‍ കണ്ണുനീര്‍ വാര്‍ക്കും. ഊഷരഭൂമിയിലെ ഇഴജന്തുക്കളെപ്പോലെ ചിലപ്പോള്‍ വിഷം ചീറ്റും. അവര്‍ ചട്ടുകങ്ങളായി ത്തീര്‍ന്നെന്നും വരാം. 1932 ലെ പൂനാ കരാറിനു ശേഷമുള്ള സമകാലീന യുഗത്തെ ചട്ടുകയുഗം എന്ന് കാന്‍ഷിറാം വിളിച്ചത് ഇന്നത്തെ നേതൃത്വങ്ങളെ കാണുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് തോന്നുന്നു.
ഇവര്‍ ശ്രീനാരായണ ഗുരുവിനെ പഞ്ചലോഹത്തിലാവാഹിച്ച് ക്ഷേത്രമുറ്റത്ത് ഇരുത്തുമ്പോള്‍ ഇവിടത്തെ ജനതയെ ഒന്നാകെ നീതിയുടെ ജ്ഞാനമണ്ഡലത്തില്‍ നിന്നും, ബ്രാഹ്മണ്യത്തിന്റെ പൗരോഹിത്യ ചെളിക്കുഴിയിലേക്ക് താഴ്ത്തി ക്കളയുകയാണ് ചെയ്യുന്നത്. ചരിത്രബോധത്തിന്റെ ഉര്‍വരതയില്‍, ജനാധിപത്യത്തിന്റെ ഭൂമികയില്‍, സ്വാതന്ത്ര്യബോധത്തിന്റെ ശുദ്ധവായു വില്‍, എന്നാണിനി നമുക്കു ജീവിക്കാന്‍ കഴിയുക. ഗുരുവിനെ ബ്രാഹ്മണിസ ത്തിനു നല്‍കുമ്പോള്‍ ഇതെല്ലാമാണ് നമുക്ക് നഷ്ടമാകുന്നത്. ഹാ...... കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!
1. കര്‍ണാടക ഉഡുപ്പി ശ്രീരാമകൃഷ്ണമഠഢം ക്ഷേത്രത്തില്‍ നടന്നുവരുന്ന ഒരു അനാചാരമാണിത്. കീഴാളരാക്കപ്പെട്ട ജാതികളിലെ മനുഷ്യരുടെ ത്വക് രോഗം മാറാന്‍ ബ്രാഹ്മണര്‍ ഭക്ഷിച്ച ആഹാരത്തിന്റെ ഉച്ചിഷ്ടത്തില്‍ കിടന്നുരുണ്ടാല്‍ മതി എന്നതാണ് ആ ആചാരം. ഇത് കൊണ്ടാടുന്നത് ചാനലുകളില്‍ നേരിട്ട് കാണിച്ചിരുന്നു. ഈ അനാചാരത്തിനെതിരേ ക്ഷേത്ര കവാടത്തില്‍ നടന്ന ധര്‍ണ എം എ ബേബി ഉത്ഘാടനം ചെയ്യുകയുണ്ടായി. നാട്ടാചാരങ്ങല്‍ക്കെതിരേ പ്രസംഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കര്‍ണാടകയിലെ കഴിഞ്ഞ ബിജെപി ഗവണ്‍മെന്റ് എം എ ബേബിക്കെതിരേ കേസെടുത്തിരുന്നു.
2. ചൂരല്‍ അടവി - ഒരു പ്രത്യേക ശയന പ്രദക്ഷിണമാണിത്. ചൂരല്‍ മുള്ളും ഇലയും ഒന്നും കളയാതെ നിലത്ത് വിരിച്ചിട്ട് അതിനു മുകളില്‍ കൂടി ഉരുളുന്ന അനാചാരമാണിത്. മുള്ള് ദേഹത്തു തറച്ച് ശരീരമാകെ മുറിഞ്ഞു ചോരയൊലിക്കും. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വഹീനമായ ഈ അനാചാരം പല ക്ഷേത്രങ്ങളിലും നടത്തിവരുന്നു.
3. നന്ദനാര്‍ - ഡോ. സുരേഷ് മാനേ : ഇന്ത്യന്‍ സാംസ്‌കാരിക പ്രക്ഷോഭ ചരിത്രം. പുറം 74 ബഹുജന്‍ വാര്‍ത്താ പ്രസിദ്ധീകരണം 2008.
4. അതേ പുസ്തകം പുറം 78.
5. അതേ പുസ്തകം പുറം 81.
6. ഡോ. എം എസ് ജയപ്രകാശ് ചില രാജകീയ രഹസ്യങ്ങളും സുവര്‍ണ സത്യങ്ങളും. കേരളശബ്ദം. പുറം 32 2013 ജൂണ്‍2.
*****
പ്രദീപ് കുളങ്ങര ശ്രീനാരായണ ചരിത്ര പഠന സമിതിയുടെ സെക്രട്ടറിയാണ്. ഈ ലേഖനം 'മഹിതഭൂമി' മാസികയുടെ 2014 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്.
0 comments:
Post a Comment