Sunday 12 July 2015

മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍

ചെങ്ങന്നൂരിനടുത്തുള്ള ഇടനാട്ടില്‍ മൂലൂര്‍ ശങ്കരന്‍ വൈദ്യരുടെയും വെളുത്തകുഞ്ഞമ്മയുടെയും ഏക പുത്രനായി 1869 ല്‍ മൂലൂര്‍ ജനിച്ചു. വൈദ്യവൃത്തിയും ജ്യോത്സ്യവും പരമ്പരയാ അനുഷ്ഠിക്കുക നിമിത്തം മൂലൂര്‍ കുടുംബത്തിന് സാമ്പത്തികശേഷി വേണ്ടുവോളമുണ്ടാ യിരുന്നു. കുടിപ്പള്ളിക്കൂടത്തില്‍ അയിത്തജാതി ക്കാര്‍ക്കായി പ്രത്യേകം കെട്ടിയ പുരയിലിരുന്നു പഠിക്കാന്‍ ബാലനായിരിക്കുമ്പോഴേ മൂലൂര്‍ വിസമ്മതിച്ചു. ആശാനെ വീട്ടില്‍ വരുത്തിയാണ് സംസ്‌കൃതവിദ്യാഭ്യാസം നേടിയത്. പില്ക്കാലത്ത് സംസ്‌കൃതാധ്യാപനം തൊഴിലായി സ്വീകരിച്ചതുനിമിത്തം പണിക്കരാശാന്‍ എന്ന പേരില്‍ മൂലൂര്‍ പ്രസിദ്ധനായി.


മൂലൂര്‍ 


ജാതിവ്യവസ്ഥിതിയുടെ നിരര്‍ത്ഥകതയും ക്രൂരതയും വെളിവാക്കി അതിനെതിരേ നീങ്ങാനുള്ള ശ്രീനാരായണ ഗുരുവിന്റെ ഉദ്‌ബോധനങ്ങള്‍ ശ്രവണമാത്രയില്‍ത്തന്നെ ദിവ്യമന്ത്രങ്ങളായി കൈക്കൊണ്ടു മൂലൂര്‍. അവ പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്ത പ്രഥമസ്ഥാനീയരില്‍ ഒരാളായിത്തീര്‍ന്ന അദ്ദേഹം ഉന്നതാനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായി. എസ്എന്‍ഡിപി യോഗത്തിനു മുമ്പുതന്നെ മൂലൂര്‍ അവര്‍ണജാതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. യോഗം സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രാരംഭ നേതാക്കന്മാരിലൊരാളായി അദ്ദേഹം.

സ്വന്തം സമുദായത്തിലുള്ളവര്‍ക്കുവേണ്ടി മാത്രമല്ല ആ മനുഷ്യസ്‌നേഹി പ്രവര്‍ത്തിച്ചത്. തങ്ങളേക്കാള്‍ താഴ്ന്ന അവസ്ഥയില്‍ കഴിഞ്ഞിരുന്ന അധഃകൃത ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ഹൃദയപൂര്‍വം അദ്ദേഹം കര്‍മ്മ നിരതനായി. ദുരിതത്തിലാഴ്ന്നു കിടന്നിരുന്ന ആ മനുഷ്യപ്പുഴുക്കളെ കരക്കു കയറ്റുന്നതിന് പുലയരാദി സമുദായങ്ങള്‍ക്കു മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും അവരില്‍ കര്‍മ്മവീര്യം പകരുകയും ചെയ്തു. സ്വന്തം ദിനാന്ത്യക്കുറിപ്പുകള്‍ ഈ വക പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യ പത്രങ്ങളായി നിലകൊള്ളുന്നു. ഇരുളിലുഴലുന്ന ഒരു ജനതയെ പുതുപുലരി കാണിക്കുവാനായി അക്ഷീണം പ്രയത്‌നിച്ച ഉന്നത വ്യക്തിയുടെ ഹൃത്സ്പന്ദങ്ങള്‍ തുടിച്ചു നില്‍ക്കുന്നുണ്ട് മൂലൂരിന്റെ ഡയറിക്കുറിപ്പുകളില്‍. അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീമൂലം പ്രജാസഭയിലേക്ക് കുറുമ്പന്‍ ദൈവത്താര്‍ എന്ന അധഃകൃതന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

എസ്എന്‍ഡിപി യോഗത്തിന്റെ 12 ആം വാര്‍ഷികം മുതല്‍ മൂലൂര്‍ യോഗം ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 1914 മുതല്‍ 14 വര്‍ഷം തുടര്‍ച്ചയായി തിരുവിതാംകൂര്‍ പ്രജാസഭയില്‍ മൂലൂര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അധികാരികളുടെ മുന്നില്‍ തങ്ങളുടെ അവസ്ഥകളെപ്പറ്റി നിവേദനമര്‍പ്പിച്ച് അവര്‍ണ ജാതിക്കാര്‍ക്കായി പല ആനുകൂല്യങ്ങലും നേടിയെടുക്കാന്‍ കാര്യമാത്രപ്രസക്തമായ പ്രജാസഭാ പ്രസംഗങ്ങളിലൂടെയും മൂലൂരിന് സാധിച്ചു. 1930 ല്‍ ഇറിഗേഷന്‍ കമ്മിറ്റിയിലെ ഒരംഗമായി ഗവണ്‍മെന്റില്‍ നിന്നും അദ്ദേഹത്തെ തെരഞ്ഞെടുത്തു. പക്ഷെ അതിനടുത്ത വര്‍ഷം മസൂരി രോഗബാധ ആ വിലപ്പെട്ട ജീവന്‍ അപഹരിക്കുകയും ചെയ്തു.

കര്‍മനിരതമായ ജീവിതം നയിച്ച മൂലൂര്‍ ഒട്ടുവളരെ സാഹിത്യ സൃഷ്ടികള്‍ക്ക് ജന്മം നല്‍കി. കേവലം 17 ാമത്തെ വയസ്സില്‍ പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍, വെളുത്തേരില്‍ കേശവന്‍ വൈദ്യര്‍, എന്നീ അവര്‍ണ കവികളുടെ പിന്‍ഗാമി യായി അദ്ദേഹം മലയാള കാവ്യലോകത്ത് പ്രവേശിച്ചു. സാമൂഹിക പ്രസക്തിയുള്ളതും അല്ലാത്തവയുമായി 33 കാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമാന്യ ജനത്തിന് ഏറ്റവും അടുപ്പമുള്ള ലളിതമായ മലയാള ശൈലിയാണ് അദ്ദേഹം കാവ്യ രചനക്ക് സ്വീകരിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിനു തകിയ മൂലൂര്‍ കവിതകളെ വിശദമായ പഠനത്തിനു വിധേയമാക്കും മുമ്പ് അദ്ദേഹത്തിന്റെ ഇതരകാവ്യങ്ങളെ പൊതുവായൊന്ന് സൂചിപ്പിക്കേണ്ടതുണ്ട്.

രാമായണ-മഹാഭാരതാദികളില്‍ നിന്ന് കഥാവസ്തു സ്വീകരിച്ചുകൊണ്ട് മൂലൂര്‍ രചിച്ച കാവ്യങ്ങളത്രെ കിരാതം, പാലാഴി മഥനം, കുചേലശതകം, കുചേല ചരിതം, കൃഷ്ണാര്‍ജുന വിജയം എന്നിവ.

ഭാവഗൗരവത്തേക്കാള്‍ ബാഹ്യമോഡിയില്‍ ശ്രദ്ധവെച്ച നിയോക്ലാസിക് പ്രസ്ഥാനത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നവയാണ് മൂലൂരിന്റെ ഈ കാവ്യങ്ങളെങ്കിലും ഏറ്റവും ലളിതമായ പ്രതിപാദന രീതി അദ്ദേഹം അവലംബിച്ചിട്ടുണ്ട്. അമ്മാനപ്പാട്ടിനു പ്രാധാന്യവും പ്രചാരവുമുണ്ടായിരുന്ന കാലത്തു രചിക്കപ്പെട്ടവയാണ് കിരാതം, പാലാഴി മഥനം എന്നിവ. വാചാടോപമില്ലാതെ, അലങ്കാരങ്ങള്‍ ഏച്ചുകെട്ടാതെ ഒതുക്കം പാലിക്കുന്ന രചനാരീതിയാണ് ഈ കാവ്യങ്ങളില്‍ കാണുക.

നാരായണഗുരുവിനെ അദ്ദേഹത്തിന്റെ ഉന്നതാദര്‍ശങ്ങളുടെ പേരില്‍ സ്തുതിക്കുന്ന കവിതയാണ് ശ്രീനാരായണ ഗുരുദേവകീര്‍ത്തനമഞ്ജരി. സാക്ഷാല്‍ സുഗതനെപ്പോലെ ഈ രാജ്യത്തെ ജനക്ഷേമത്തിനുവേണ്ടി ചുറ്റിസഞ്ചരിച്ച അവധൂതനാണ് ഗുരുദേവന്‍. ജാതിമതഭേദമില്ലാതെ ഇന്നാട്ടിലെ ജനങ്ങളുമായി ഇടപഴകി അദ്ദേഹം. നാടിന്റെ നാനാഭാഗങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ആരാധനാ സമ്പ്രദായം പരിഷ്‌കരിച്ചു. ജന്തുബലി തടഞ്ഞു. ഗുരുദേവന്റെ ജീവിതവും കര്‍മ്മങ്ങളും പ്രതിപാദിക്കുന്നതുവഴി ജാതിഭേദം ഇല്ലായ്മചെയ്യുന്നതിനും സാമൂഹിക ജീവിതം ശുദ്ധീകരിക്കുന്നതിനും വേണ്ടി അദ്ദേഹം ചെയ്ത കൃത്യങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുവാനാണ് കവി ഉപദേശിക്കുന്നത്.

അധഃകൃതോദ്ധാരണത്തിനുവേണ്ടി മൂലൂര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രങ്ങളിാണ് പുലവൃത്തഗാനങ്ങള്‍. ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്ന കുറുമ്പന്‍ ദൈവത്താന്‍ എന്ന പുലയ പ്രതിനിധിക്കുവേണ്ടി രചിച്ചു കൊടുത്ത ഈ ഗാനങ്ങളെ ദൈവത്താന്‍ പാട്ടുകള്‍ എന്നും പറയാറുണ്ട്. വര്‍ഷം തോറും പ്രജാസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുലയ സമ്മേളനങ്ങളില്‍ ആധ്യക്ഷം വഹിക്കുന്ന ദിവാനുമുമ്പാകെ തങ്ങളുടെ അവശതകള്‍ ബോധിപ്പിച്ച് ആനുകൂല്യം നേടുന്നതിന് വേണ്ടിയാണ് മൂലൂര്‍ ഈ നിവേദനഗാനങ്ങള്‍ ദൈവത്താന് രചിച്ചുകൊടുത്തത്. അധികാരികളുടെ ഹൃദയത്തില്‍, താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് സഹാനുഭൂതി ഉണര്‍ത്തിയാണ് അന്ന് ഒട്ടുമുക്കാല്‍ ആനുകൂല്യങ്ങളും അധഃസ്ഥിതര്‍ നേടിയെടുത്തത്. അധഃകൃത സഹോദരങ്ങളില്‍ ആത്മീയവീര്യമുണര്‍ത്തി ആത്മവിശ്വാസമുണ്ടാക്കുക, അവരുടെ അധഃപതനത്തെക്കുറിച്ച് ബോധിപ്പിക്കുക, അതില്‍ പ്രതിഷേധിക്കുക, നല്ല ഭാവിയിലേക്ക് ചുവടുവെക്കുന്നതിന് അവരെ സജ്ജരാക്കുക, അതിനവരെ സഹായിക്കുന്നവരോട് കൃതജ്ഞത പ്രകാശിപ്പിക്കുക- പുലവൃത്തഗാന ങ്ങളിലൂടെ മൂലൂര്‍ ചെയ്തത് ഇതൊക്കെയാണ്.

പുലയകീര്‍ത്തനം എന്നു പേരുകൊടുത്തിട്ടുള്ള ഒരു ഗാനത്തില്‍ ആ സമുദായത്തിന്റെ ശോച്യത കവി വെളിവാക്കുന്നു.

'വിഷ്ടകളശിച്ചു ദിനവൃത്തികള്‍ കഴിക്കും
പട്ടികള്‍ സുഖത്തൊടു നടപ്പൊരുവഴിക്കും
കഷ്ടമടിയങ്ങള്‍ വിടകൊണ്ടിടുകിലപ്പോള്‍
ശട്ടമടിതന്നെ ഗതി രാമരാമ'

ഇങ്ങനെ മേലെക്കിടയിലുള്ളവര്‍ ആരെയാണോ ചവിട്ടിത്താഴ്ത്തുന്നത് അവരുടെ അധ്വാനഫലമാണ് മേലാളരുടെ മേനിക്കൊഴുപ്പിനു കാരണം. 1913 ല്‍ രചിച്ചിട്ടുള്ള മറ്റൊരു പാട്ടില്‍;

'നമ്മുടെ കൈകളാല്‍ നട്ടു നമ്മുടെ കൈകളാല്‍ കൊയ്തു
നമ്മുടെ കാലാല്‍ ചവിട്ടും നെല്ലുകള്‍-കുത്തി-
ത്തിന്മതിനാര്‍ക്കുമില്ലല്ലോ കില്ലുകള്‍'

എന്നു പുലയവര്‍ഗത്തെക്കൊണ്ട് കവി സ്വയം ചോദിപ്പിക്കുന്നു. പുലയവര്‍ഗത്തെ അടിമകളായി ഈശ്വരന്‍ സൃഷ്ടിച്ചുവിട്ടതല്ല. കര്‍ണാടകത്തില്‍ കര്‍ഷകന് 'ഹൊലയന്മാര്‍' എന്നാണ് പേര്.മലയാളത്തില്‍ അത് പുലയന്മാരായി. ഓരോ ചിറയിലും കുടില്‍കെട്ടി താമസിക്കുന്നതുകൊണ്ട് ചിറമക്കളാകുകയും പിന്നെ ചെറുമക്കളാകുകയും ചെയ്തു. ഇനിയും തങ്ങള്‍ ചെറിയവരാണെന്ന ബോധത്തില്‍ നിന്നും പുലയര്‍ മുക്തരായേ പറ്റൂ,

'അത്തിരുക്കുറള്‍ തീര്‍ത്ത പരിശുദ്ധന്‍ - തിരുവള്ളുവര്‍ക്കവി
സത്യമായൊരു പുലയനാരല്ലയോ
വേളിതന്റെ കരക്കുകാണുന്ന - പുലയനാര്‍ കോട്ടയോ-
രാളിനെ നൃപനെന്നുമോതുന്നു'

ഇത്രയും ഉയരത്തില്‍ വര്‍ത്തിച്ചവര്‍ പിന്നീട് കാലത്തിന്റെ പ്രകൃതിമാറ്റത്തില്‍ താഴ്ന്നുപോയതിനു സുകൃതമില്ലായ്മയെ പഴിചാരിയാല്‍ മതി. - ഇങ്ങനെയുള്ള വസ്തുതകളാണ് മറ്റുചില പാട്ടുകളില്‍ പ്രതിപാദിക്കുന്നത്.

*****

കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. കെ കെ ഇന്ദിര രചിച്ച 'കവിതയും സാമഹിക പരിവര്‍ത്തനവും' എന്ന പുസ്തകത്തില്‍ നിന്നും

1 comments:

അവർണ്ണ-സവർണ്ണ വേർതിരിവിലൂടയേ ആരേയും എന്തിനേയും കാണൂ എന്നാ ചിന്ത ശരിയല്ല.

Post a Comment