Tuesday 26 May 2015

ഗുരു


ഗുരു എന്ന വാക്ക് സംസ്കൃതമാണ് . ഇതിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ് . അജ്ഞതയുടെ അന്ധകാരത്തിനു മുന്നില്‍ പകച്ചുനിൽക്കുന്ന ശിഷ്യന് അറിവിന്റെ വാതില്‍ തുറന്നു കൊടുത്ത് ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കുന്നയാളാണ് ഗുരു . നല്ല ഗുരുനാഥൻ പ്രവാചകനുമാണ് . ദീർഘവീക്ഷണത്തോടു കൂടി മുൻവിധികളില്ലാതെ അറിവിന്റെ വാതായാനം തുറന്നു നല്‍കുന്ന ഗുരു ഈശ്വര സ്വരൂപനാണ് . നമ്മളെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഗുരുവിന് മാത്രമേ നല്ല അദ്ധ്യാപകനാകാൻ കഴിയൂ . ആർഷഭാരതത്തിൽ ഗുരു സ്ഥാനം അലങ്കരിക്കുന്ന ശ്രീനാരായണഗുരുദേവൻ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു .
നാം ജനിച്ചു വീഴുന്ന, വീട് ജന്മദേശം, മാതൃഭാഷ , മതം , വിദ്യാഭ്യാസം , സംസ്കാരം ഇതെല്ലാം നമ്മുടെ വ്യക്തിത്വത്തെ പണിതുയർത്തുന്ന അടിസ്ഥാന ശിലകളാണ് . ഈ ശിലകളെ നമ്മുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നത് ഗുരുവാണ് . അങ്ങനെ നാം ആർജ്ജിക്കുന്ന കഴിവുകൾ പ്രചോദിപ്പിക്കുന്ന സ്മരണയാണ് "ഗുരുസ്മരണ" നല്ല ഗുരുവിന് ശിഷ്യന്റെ മനസ്സില്‍ ഈശ്വര സ്ഥാനമാണ് . മറ്റൊരിടത്തും ഈശ്വരനെ തേടേണ്ടതില്ല . ഹൃദയ കമലത്തിൽ ഗുരു വസിക്കും . അതിലൂടെ നന്മയും തിന്മയും തിരിച്ചറിയാനും നേർ വഴി തെരഞ്ഞെടുക്കാനും ശിഷ്യനുണ്ടാകുന്ന കഴിവിനെയാണ് "ഗുരുത്വം " എന്നു പറയുന്നത് . ഗുരുസ്മരണ നമ്മില്‍ എത്രത്തോളം ഉണ്ടാകുന്നുവോ അത്രത്തോളം ഗുരുത്വവും നമ്മില്‍ ഉണ്ടാകും . എപ്പോഴെങ്കിലും ഈ പ്രകാശം നമ്മില്‍ കെട്ടുപോകുന്നുവോ ആ സമയം നാം ഗുരുത്വമില്ലാത്തവരാകുന്നു .
നമ്മുടെ ജീവിതപാന്ഥാവിൽ ഗുരുത്വം കൂടിയെ തീരു . എപ്പോഴും നമ്മില്‍ തിരിച്ചറിവുകൾ ഉണ്ടാവണം . ആ തിരിച്ചറിവിൽ ഗുരുത്വം അടങ്ങിയിരിക്കണം . ഗുരുത്വം നഷ്ടപ്പെട്ടവൻ ദൈവീകത നശിച്ചവനായി തീരും . അതുകൊണ്ട് പരമഗുരുവിനെ മനസ്സില്‍ പ്രതിഷ്ഠിച്ച് ധ്യാനിക്കുക . ഗുരുദേവൻ ഈശ്വരീയമായി ഹൃദയത്തില്‍ നിറയുന്ന അനുഭൂതി അനുഭവിച്ചറിയുവാൻ സാധിക്കും . പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ പടികടന്നപ്പോൾ മുതല്‍ അതി ജീവനത്തിന്റെ വിദ്യകൾ ആജീവനാന്തം അഭ്യസിക്കുന്നത് പവിത്രമായ ഗുരുശിഷ്യ ബന്ധത്തിലാണ് . മാതാപിതാക്കളുമായുള്ള ജന്മബന്ധം പോലെയാണ് ഗുരുവുമായുള്ള ബന്ധം
Like · 

0 comments:

Post a Comment