Monday 18 May 2015

മനുഷ്യത്വം


മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന് മാനവരാശിയെ ഉദ്ബോധിപ്പിച്ച മഹാനാണ് ശ്രീനാരായണഗുരുദേവൻ. മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഗുണമാണ് മനുഷ്യത്വം. എന്നാല്‍ മനുഷ്യത്വം എന്ന ഗുണം മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല എന്നു പറയേണ്ടിവരും . എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ? "അവനവനാത്മസുഖത്തിനാചരിക്കുന്നവയവരനുസുഖത്തിനായിവരേണം" എന്ന ഗുരുദേവ വചനം നമ്മില്‍ നിന്ന് അന്യമായി പോകുന്നതു കൊണ്ടാണ്. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ഉപകാരപ്പെടേണ്ടതാണ് . ആരോടും പരാതിയും പരിഭവമില്ലാതെ, തന്നെ, പോലെ തന്നെ മറ്റുള്ളവരെയും കണ്ട് സഹായിച്ചും , സ്നേഹിച്ചും കഴിഞ്ഞിരുന്ന നല്ല കാലം തിരിച്ചു വരണം . നമ്മുടെ ഒാരോ സംഭാഷണവും പ്രസാദാത്മകതയുടെ, പ്രതീക്ഷയുടെ തിരിനാളം ഉയര്‍ത്തണം , ദുരിതം നിറഞ്ഞ അവസ്ഥയെയും പുഞ്ചിരിയോടെ നേരിട്ട് , മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് സുഖദുഖ സമ്മിശ്ര വികാരങ്ങളെ ഉൾകൊണ്ട് പ്രകാശ പൂര്‍ണ്ണമായ ജീവിതം നാം ജീവിക്കണം. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ, വിവേകികൾ ". എന്ന കുമാരനാശാന്റെ കാവ്യ വരികളെ ജീവിത ശ്വാസമാക്കി മാറ്റണം . 

മനുഷ്യത്വം നമ്മുടെ സംസ്കാരത്തെയും , പാരമ്പര്യത്തെയും ഉയര്‍ത്തി കാട്ടും . അതിലൂടെ പരമപാവനനായ ഗുരുദേവന്റെ വചസ്സും ഉയര്‍ത്തപ്പെടും. മറ്റുള്ളവരിലും നമ്മെ കാണുന്നവന് ജീവിതം സ്വർഗ്ഗ സുന്ദരമായിരിക്കും .
മറ്റുള്ളവര്‍ക്ക് നന്‍മകള്‍ ചെയ്ത് സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ , നാം ഒരു നല്ല ശ്രീനാരയണീയനല്ല . മനസ്സ് നന്നാവുമ്പോൾ ഹൃത്തടത്തിൽ ഗുരുദേവൻ വസിക്കും , മുഖഭാവം പ്രസന്നമാകും .
മനുഷ്യന്‍ ഒരു ജാതി എന്ന ചിന്തയോടെ പ്രവര്‍ത്തിക്കുമ്പോൾ , സഹായിക്കുമ്പോൾ അഭിമാനം കൊള്ളുന്നത് , ശ്രീനാരായണീയ സമൂഹമാണ് . നമുക്ക് എന്ന് പറയാന്‍ ഒന്നുമില്ല .


ഒരുപാട് പേരുടെ പോരാട്ടത്തിന്റെയും , കഠിനാദ്ധ്വാനത്തിന്റെയും , ത്യാഗത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ . അതു കൊണ്ട് മനുഷ്യത്വം നശിക്കാത്ത ഒരു നല്ല സമുദായ സ്നേഹിയായി മാറണം . താങ്കളും ശ്രീനാരായണപാദ പങ്കജത്തിലേയ്ക്ക് വരൂ നമുക്കൊത്ത് ചേരാം

0 comments:

Post a Comment