Saturday, 9 May 2015

ശ്രീനാരായണഗുരുവും ശ്രീബുദ്ധനും; ആനയും അന്ധന്മാരും...!


ഒരിക്കല്‍ ഒരു കൂട്ടം ശിഷ്യന്മാര്‍ ഭഗവാന്‍ ബുദ്ധനെ സമീപിച്ച് പറഞ്ഞു; പ്രഭോ ഈ നഗരത്തില്‍ നിരവധി പണ്ഡിതന്മാരും ജ്ഞാനികളും ഉണ്ട്. പക്ഷെ അവര്‍ തമ്മിലെല്ലാം എന്നും അവസാനമില്ലാത്ത തര്‍ക്കങ്ങളും നടക്കുന്നു. ചിലര്‍ പറയുന്നു, ഈ ലോകത്തിനു അന്തമില്ല എന്ന്, മറ്റു ചിലര്‍ പറയുന്നു ഇത് അവസാനിക്കുന്നതും നശിക്കുന്നതും ആണെന്ന്. ചിലര്‍ പറയുന്നു മരിക്കുമ്പോള്‍ ആത്മാവും മരിക്കുന്നു എന്ന്, പക്ഷെ ആത്മാവ് എന്നും ജീവിക്കുന്നു എന്ന് വേറെ ചിലരും പറയുന്നു...! അങ്ങേയ്ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയുവാനുള്ളത്...?
ഭഗവാന്‍ ബുദ്ധന്‍ മറുപടി പറഞ്ഞു; ഒരിക്കല്‍ ഒരു രാജാവ് തന്റെ ഭൃത്യനെ വിളിച്ച്; ഈ രാജ്യത്തില്‍ ജന്മനാ അന്ധന്മാരായ എത്ര പേര്‍ ഉണ്ടോ അവരെയെല്ലാം ഈ കൊട്ടാരത്തിന് മുന്നില്‍ വിളിച്ച് കൊണ്ടുവരണം, ശേഷം ഒരു ആനയെ തൊട്ടറിയാനുള്ള അവസരവും ഒരുക്കണം എന്ന് പറഞ്ഞു. രാജാവിന്റെ വാക്കുകള്‍ അനുസരിച്ച് ഭൃത്യന്‍ ആ രാജ്യത്ത് ഉള്ള അന്ധമാരെ മുഴുവന്‍ വിളിച്ച് വരുത്തി, അവരുടെ മുന്നില്‍ ഒരു ആനയെയും കൊണ്ട് നിര്‍ത്തി.
അന്ധന്മാര്‍ ഓരോരുത്തര്‍ ആയി ആനയെ തൊട്ടു നോക്കി, ചിലര്‍ കാലില്‍, ചിലര്‍ ചെവിയില്‍, ചിലര്‍ വാലില്‍, മറ്റു ചിലര്‍ തുമ്പിക്കൈ...! എല്ലാവരും ആനയെ സ്പര്‍ശിച്ച് കഴിഞ്ഞപ്പോള്‍ രാജാവ് അവരോടു നിങ്ങള്‍ അറിഞ്ഞ ആനയെ വര്‍ണ്ണിക്കുവാന്‍ ആവശ്യപ്പെട്ടു...
ചെവിയില്‍ സ്പര്‍ശിച്ച് നോക്കിയവര്‍ വിളിച്ച് പറഞ്ഞു, ആന ഒരു വിശറി പോലെയാണ്. കാലില്‍ തൊട്ടവര്‍ വിളിച്ച് പറഞ്ഞു, ആന ഒരു തൂണ് പോലെയാണ്, വാലില്‍ സ്പര്‍ശിച്ച് അറിഞ്ഞവര്‍ ഉറക്കെ വിളിച്ച് പറഞ്ഞു, ആന ഒരു ചൂല് പോലെയാണ്, കൊമ്പില്‍ തൊട്ടവന്‍ പറഞ്ഞു, ഇവര്‍ പറയുന്നത് എല്ലാം തെറ്റാണ് ആന ഒരു കുന്തം പോലെയാണ്... ഇങ്ങനെ അഭിപ്രായങ്ങള്‍ നീണ്ടുപോയി...!
കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെ വഴക്കായി, അടിയായി, ഇങ്ങനെയാണ്, അല്ല അങ്ങിനെയാണ്, ഇത് രണ്ടുമല്ല മറ്റൊന്നാണ് എന്നിങ്ങനെ...! താന്‍ പറയുന്നത് മാത്രമാണ് സത്യം എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ അന്ധന്മാരും ഒരുപോലെ വാദിച്ചു...!
ബുദ്ധന്‍ പറഞ്ഞു: ഇങ്ങനെയാണ് പ്രഭാഷകന്മാരും പണ്ഡിതന്മാരും ജ്ഞാനികള്‍ എന്ന് പറയുന്നവരും വാദിക്കുന്നത്. അറിയാത്ത ഒന്നിനെ കുറിച്ച് അവര്‍ വാദിക്കുന്നു, അറിവില്ലാത്തവര്‍ എപ്പോഴും വാഗ്വാദങ്ങളും വഴക്കുകളും ഉണ്ടാക്കുവാന്‍ താല്പര്യം ഉള്ളവര്‍ ആയിരിക്കും. സത്യത്തെ സാക്ഷാത്കരിക്കേണ്ടത് വാഗ്വാദങ്ങളില്‍ കൂടിയല്ല, ധ്യാനത്തിലൂടെയും മനനതിലൂടെയും നേടിയെടുക്കുന്ന അറിവിലൂടെയാണ്.
അതിനാല്‍ വിഡ്ഢികള്‍ വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും നടത്തുന്നത് കാണുമ്പോള്‍ അവരില്‍ ഇന്നും ഒഴിഞ്ഞുമാറുന്നത് ആണ് ശ്രേഷ്ഠം, അല്ലെങ്കില്‍ നമുക്കും അവരില്‍ ഒരാളായി അധ:പതിക്കേണ്ടി വരും.
------
ഇതേ വാക്കുകള്‍ തന്നെ ശ്രീനാരായണ ഗുരുദേവനും ആത്മോപദേശശതകത്തില്‍ നമ്മോടു പറയുന്നു...! അന്ധന്മാര്‍ ആനയെ വര്‍ണ്ണിക്കുന്നത് പോലെ വിഡ്ഢികള്‍ പലവിധ യുക്തികള്‍ പറഞ്ഞുകൊണ്ട് സ്വന്തം മതം ശ്രേഷ്ഠം എന്ന് വാദിച്ചു നടക്കുന്നു, അങ്ങിനെയുള്ള വിഡ്ഢികള്‍ നടത്തുന്ന വാദപ്രതിവാദങ്ങള്‍ കണ്ടുകൊണ്ട് അതില്‍ ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് ഗുരുദേവന്‍ ഉപദേശിക്കുന്നു...!
- ഏവര്‍ക്കും പ്രാണാമങ്ങളോടെ
- സുധീഷ്‌ നമ:ശിവായ

0 comments:

Post a Comment