SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday, 18 January 2015

സ്വര്‍ഗ്ഗത്തിന്റെ സഹായം

'സ്വയം സഹായിക്കാത്ത ആരെയും സ്വര്‍ഗ്ഗം സഹായിക്കില്ല' (സോഫോക്ലിസ്)
സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ച് ഒരുഭക്തന്‍ നിരന്തരം ദൈവത്തോട് സംശയം ചോദിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ദൈവം അവനുമുമ്പില്‍ പ്രത്യക്ഷനായി പറഞ്ഞു നിനക്കു ഞാന്‍ നരകം കാണിച്ചുതരാം എന്ന്. അവര്‍ നരകത്തിലെ ഒരു മുറിയില്‍ കയറി. ഒരു വലിയ പാത്രം നിറച്ച് പായസം വച്ചിരുന്നു. അതിനു ചുറ്റും ഇരിക്കുന്ന മനുഷ്യരുടെ കൈകളില്‍ ഒരോ തവിയുമുണ്ടായിരുന്നു. എന്നാല്‍ തവി അവരുടെ കൈയ്യില്‍ ബന്ധിച്ചിരുന്നതിനാല്‍ കൈമുട്ട് മടക്കി അവര്‍ക്ക് പായസം കഴിക്കാന്‍ സാധിക്കാതെ പരസ്പരം കൊതിച്ചിരുന്നു വിശന്നു കരയുകയായിരുന്നു.
പി്ന്നീട് ദൈവം അയാളെ സ്വര്‍ഗ്ഗം കാണിച്ചുകൊടുത്തു. അവിടെയും ഒരു മുറിയില്‍ കയറിയപ്പോള്‍ പഴയപോലെ ഒരു വലിയ പാത്രം നിറയെ പായസവും കൈയ്യില്‍ തവി ബന്ധിച്ച മനുഷ്യരും. പക്ഷേ ഒരു വ്യത്യാസം അവിടെയുള്ളവര്‍ സന്തോഷവാന്മാരും ആരോഗ്യവാന്മാരുമായിരുന്നു.
ഭക്തന്‍ ആശയക്കുഴപ്പത്തിലായി. അയാള്‍ ചോദിച്ചു. നരകത്തില്‍ അവര്‍ ദുഖിതര്‍, സ്വര്‍ഗ്ഗത്തിലുള്ളവര്‍ സന്തോഷവാന്മാര്‍. എന്നാല്‍ രണ്ടിടത്തും ആഹാരവും മറ്റ് എ്ല്ലാ സൗകര്യവുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ദൈവം പുഞ്ചിരിച്ചു പറഞ്ഞു ' ഓ, അത് വളരെ നിസ്സാരമാണ്. സ്വര്‍ഗ്ഗത്തില്‍ അവര്‍ പരസ്പരം ഊട്ടാന്‍ പഠിച്ചിരിക്കുന്നു'.
നാം സൃഷ്ടിക്കുന്നതല്ലേ സ്വര്‍ഗ്ഗനരകങ്ങള്‍. പരസ്പരാശ്രയത്വം പകര്‍ന്നു നല്‍കുന്ന അഭിവൃദ്ധിയും ആ്ത്മവിശ്വാസവും ഈ ലോകത്ത് ഇന്ന് അന്യമായിത്തീര്‍ന്നിരിക്കുന്നു. ഇന്ന് എല്ലാവരും സ്വാര്‍ത്ഥതക്ക് അടിമയായിരിക്കുന്നു. താനും തന്റെ മക്കളും അല്ലെങ്കില്‍ കുടുംബവും. കൂട്ടായ്മയിലൂടെ വന്‍ ജീവിത വിജയങ്ങള്‍ നമ്മേ കാത്തിരിക്കുമ്പോള്‍ നാം അവയെ അവഗണിക്കുന്നു.
(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
https://www.facebook.com/photo.php?fbid=827707787287145&set=gm.633333390122777&type=1&theater


പിറന്ന കുലമല്ല കര്‍മ്മമാണ് ജാതി

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)

'ബ്രാഹ്മണ-ക്ഷത്രിയ വൈശ്യന്മാരുടേയും ശൂദ്രന്മാരുടേയും കര്‍മമങ്ങളെ അവരവരുടെ സ്വാഭാവിക ഗുണങ്ങള്‍ക്കനുസരിച്ചാണ് വേര്‍തിരിച്ചിരിക്കുന്നത്' (ഗീത 18-41)
ഈ ലോകത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെല്ലാം വ്യത്യസ്ഥ സ്വഭാവികളാണ്. മനുഷ്യരുടെ സ്വഭാവസവിശേഷതകള്‍ക്കനുസരിച്ച് ബ്രാഹ്മണരെന്നും ക്ഷത്രിയരെന്നും വൈശ്യരെന്നും ശൂദ്രരെന്നും ഗീത തരംതിരിച്ചിരിക്കുന്നു. ഗുണഭേദമനുസരിച്ചുള്ള സ്വഭാവത്തന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വെവ്വേറെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഈ ഗുണങ്ങള്‍ക്ക് സ്ഥായീഭാവില്ലാത്തതിനാല്‍ ശ്രീനാരായണ ഗുരുദേവന്‍ ഇത്തരത്തിലുള്ള തരംതിരിവിനെ പാടെ തള്ളിക്കളയുകയും ചെയ്തു. ഒരുവന്‍ നല്ല സാഹചര്യത്തില്‍ വളര്‍ന്നാല്‍ അവന്‍ ഉത്കൃഷ്ഠ ഗുണവാനായിത്തീരും എന്ന് ഗുരു തെളിയിക്കുകയും ചെയ്തു. അവിടുന്ന് ശിവഗിരിയില്‍ കുറേ പുലയസമുദായമെന്ന് മുദ്രകുത്തപ്പെട്ടകുട്ടികളെ എടുത്തുവളര്‍ത്തി. ശിവഗിരിയുടെ പരിശുദ്ധിയില്‍ വളര്‍ന്ന അവരാകട്ടെ സംസ്‌കൃതം തുടങ്ങിയ ഭാഷകളും ഇംഗ്ലീഷ് പഠനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ ഈ കുട്ടിപ്പട്ടര്‍മാരായിരുന്നു ഗാന്ധിക്ക് ആഹാരം വിളമ്പിക്കൊടുത്തത്. ഗുരു ഗാന്ധിയോട് ചോദിച്ചു ഇവര്‍ ഏത് ജാതിയാണെന്ന് അറിയുമോ എന്ന്. ഗാന്ധിയുടെ മറുപടി സ്വാമിയുടെ കൂടെ ധാരാളം സവര്‍ണ്ണര്‍ വന്നിട്ടുണ്ട്. അവരില്‍ ആരെങ്കിലും ആയിരിക്കും എന്നാണ്. എന്നാല്‍ ഗുരു തിരുത്തി. അവരെ പുലയര്‍ എന്ന് സമൂഹം മുദ്രകുത്തിയവരാണ്. ഇന്ന് അവര്‍ പുലയരല്ല ശ്രേഷ്ഠപദവിയിലെത്തിയവരാണ്. ഗാന്ധി അത്ഭുതപ്പെട്ടു.
ഗീതപോലുള്ള മഹത്ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ജാതിയെ വേണ്ടവിധം അറിയാതെപോയവരാണ് പില്‍ക്കാലത്ത് ഇന്ന് നടപ്പിലിരിക്കുന്ന ജാതി സൃഷ്ടിച്ചത്. കര്‍മ്മം ചെയ്യാനുള്ള കഴിവിന്റെ ആന്തരിക അളവുകോലാണ് വര്‍ണം. സ്വപ്രയത്‌നത്തിലൂടെ ഒരുവന് അവന്റെ കഴിവുകള്‍ വികസിപ്പിക്കാന്‍ സാധിക്കും. ക്രൂരനായ അക്രമാസക്തിയുണ്ടായിരുന്ന രത്‌നാകരനായിരുന്നല്ലോ പിന്നീട് വാല്മീകിയായി മാറിയത്. മുക്കുവത്തി പ്രസവിച്ചിട്ടും വ്യാസന്‍ ചണ്ഡാലനായില്ല. കര്‍മ്മമാണ് ജാതി നിശ്ചയിക്കുന്നത്. ഇന്നും ക്രൂരകര്‍മ്മങ്ങള്‍ ചെയ്ത് ജയിലുകളില്‍ പോയി ശിക്ഷകഴിഞ്ഞ് വരുന്നവര്‍ മനസ്സിന്റെ പരിവര്‍ത്തനത്തിലൂടെ നല്ല മാര്‍ഗ്ഗങ്ങളിലേക്ക് പോകുന്ന സംഭവങ്ങള്‍ ഇല്ലേ..? അപ്പോള്‍ ജാതി പിറന്ന കുലമല്ല. കര്‍മ്മരംഗമാണ് ജാതി. കര്‍മ്മം മാറുമ്പോള്‍ ജാതിമാറും. ജാതിക്ക് സ്ഥായീഭാവമില്ല. അത് അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല.

 (ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
https://www.facebook.com/photo.php?fbid=827715943952996&set=gm.633342186788564&type=1&theater


ക്ഷേത്രം ഈശ്വരമാഹാത്മ്യത്തിന്റെ ഉറവിടമാകണം


<< ഈശ്വരമാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളേയും ശാസ്ത്രതത്ത്വങ്ങളേയും ജനങ്ങളെ ധരിപ്പിക്കുന്നതിന് കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാകണം >> 1908 ല്‍ ഗുരു എസ്.എന്‍.ഡി.പി.യോഗത്തിന് നല്‍കിയ നിര്‍ദ്ദേശം.....
മതസംബന്ധമായും ആചാരസംബന്ധമായുമുള്ള അറിവ് ജനങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ അവര്‍ക്ക് ജന്മലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം തെളിഞ്ഞുകിട്ടുകയുള്ളൂ. അല്ലെങ്കില്‍ അവര്‍ അന്ധകാരത്തിലേക്ക് വഴിപ്പെട്ടുപോകും.
മനസ്സ് ആകാശംപോലെയാണ്. ഏതൊരു വസ്തുവിനും നിലനില്‍ക്കാന്‍ ഇടം നല്‍കുന്നത് ആകാശമാണ്. അതുപോലെ ഏതൊരു വിഷയത്തിനും വ്യവഹരിക്കാനിടം നല്‍കുന്നത് മനസ്സാണ്. വിഷയങ്ങളുടെ ആധിക്യവും കയറ്റിറക്കവും മനസ്സിനെ ദുഷിപ്പിക്കുകയും വ്യാകുലപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. അപ്പോള്‍ മനസ്സില്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടുകയുമില്ല. പുതിയ ആശയങ്ങളില്‍നിന്നാണ് പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്. നവോത്ഥാനത്തിന് പാകപ്പെടുന്ന ഒരു രൂപപ്പെടലാണ് ജീവിതവിജയം നല്‍കുന്നത്. അതിന് സഹായകരമായ ഇടമാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തോട് ചേര്‍ന്ന് വിദ്യാലയങ്ങളും വായനശാലകളും പ്രസംഗമണ്ഡപങ്ങളും ഉണ്ടാവണം. ആത്മീയവും ഭൗതീകവുമായ വിഷയത്തെ അധികരിച്ചുള്ള നല്ല പ്രസംഗങ്ങളും ചര്‍ച്ചകളും അവിടെ നടക്കണം. അത് കാലഘട്ടത്തിനനുസരിച്ച് ജനങ്ങളുടെ മനസ്സിനെ പരിവര്‍ത്തനപ്പെടുത്താന്‍ ഉപകരിക്കും.


(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
https://www.facebook.com/groups/sreenarayananjanasameksha3/


അരുവിപ്പുറം പ്രതിഷ്ഠ


സവര്‍ണ-അവര്‍ണ വിവേചനം കൊടികുത്തി വാണകാലമായിരുന്നു അത്. അധഃസ്ഥിതരും അവര്‍ണരും ആക്കപ്പെട്ടിരുന്ന ഈഴവര്‍, പുലയര്‍ തുടങ്ങിയവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ ആരാധിക്കാനോ അന്ന് അവകാശം നല്കിയിരുന്നില്ല. സവര്‍ണരെ സ്പര്‍ശിക്കുകയോ സമീപിക്കുകയോ ചെയ്തുകൂടായിരുന്നു. സംസാരത്തിലും സാമീപ്യത്തിലും അടിയകലങ്ങള്‍ പാലിക്കണമായിരുന്നു. തീണ്ടല്‍, തൊടീല്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഇത്തരം അയിത്താചാരങ്ങള്‍ സമുദായശരീരത്തിനു പിടിപെട്ട മഹാരോഗമാണെന്ന് നാരായണഗുരു തിരിച്ചറിഞ്ഞു. ഇതിനുള്ള പ്രതിവിധി തേടുകയായിരുന്നു ഗുരു. കേരള ചരിത്രത്തെ അടിമുടി മാറ്റിമറിച്ച അരുവിപ്പുറം പ്രതിഷ്ഠ അതിന്റെ തുടക്കമായി.
മരുത്വാമലയിലെ ഏകാന്തധ്യാനം കഴിഞ്ഞാണ് നാരായണഗുരു അരുവിപ്പുറത്ത് എത്തിയത്. നെയ്യാറ്റിന്‍കരയ്ക്കു സമീപം നെയ്യാറിന്റെ കരയിലുള്ള ഈ പ്രദേശം കുന്നും മലകളും കാടും നിറഞ്ഞ ഇടമായിരുന്നു. ഇവിടെ നാരായണഗുരുവിന്റെ സാന്നിധ്യമറിഞ്ഞ് നിരവധി ഭക്തര്‍ എത്തിച്ചേര്‍ന്നിരുന്നു. രോഗശമനത്തിനുള്ള ഉപദേശങ്ങള്‍ നല്കുക, ശാസ്ത്രാര്‍ഥങ്ങള്‍ വ്യാഖ്യാനിച്ചു നല്കുക. പാവപ്പെട്ടവരെ ആശ്വസിപ്പിക്കുക തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരുന്ന ഗുരുവിനെ കാണാന്‍ ക്രമേണ തിരക്കേറിവന്നു. ബന്ധുക്കള്‍പോലും സ്പര്‍ശിക്കാന്‍ മടിച്ചിരുന്ന കുഷ്ഠരോഗികള്‍ ഉള്‍പ്പെടുന്നവരെ ചികിത്സിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത്, ഇദ്ദേഹം സമൂഹത്തെ അദ്ഭുതപ്പെടുത്തി. അക്കാലത്ത് 'സ്വാമി' എന്ന് ജനം ഇദ്ദേഹത്തെ അഭിസംബോധന ചെയ്യുവാന്‍ തുടങ്ങിയിരുന്നു.
അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന അക്കാലത്ത് ഏവര്‍ക്കും പ്രവേശനമുള്ള ഒരു ക്ഷേത്രം സ്ഥാപിക്കുക എന്നത് കീഴാളസമൂഹത്തിന്റെ വലിയൊരാഗ്രഹമായിരുന്നു. എന്നാല്‍, പ്രതിഷ്ഠ നടത്തുകയെന്നത് ബ്രാഹ്മണര്‍ക്കുമാത്രം നല്കപ്പെട്ടിരുന്ന അധികാരമായിരുന്നുവെന്നത് അതിന് തടസ്സങ്ങള്‍ തീര്‍ത്തു. എന്നാല്‍, 1888-ലെ ശിവരാത്രിയാഘോഷങ്ങളോടനുബന്ധിച്ച് ഗുരു ആ ലക്ഷ്യം സഫലമാക്കി. ജാതീയ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, നെയ്യാറിന്റെ കിഴക്കേതീരത്തുള്ള പാറയെ പീഠമായി സങ്കല്പിച്ച് നദിയില്‍നിന്ന് ശിവലിംഗാകൃതിയില്‍ഒരു കല്ല് മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഗുരു അത് നിര്‍വഹിച്ചത്. സ്വാമി വിചാരിച്ചതിലും ശക്തമായിരുന്നു ആ ശിവ പ്രതിഷ്ഠയുടെ പ്രത്യാഘാതം. സാമൂഹ്യജീവിതത്തില്‍ നൂറ്റാണ്ടുകളായി വിവേചനത്തിന്റെയും യാതനയുടെയും പ്രതീകമായി, ജീവിതത്തെ ശപിച്ചുകഴിയേണ്ടിവന്ന അവര്‍ണജനതയ്ക്ക്, അത് ആശ്വാസവും ആവേശവും പുതുപ്രത്യാശയും പകര്‍ന്നു. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉച്ചനീചത്വം കല്പിച്ച പഴയ വിശ്വാസസംഹിതകളുടെ സ്ഥാനത്ത് പുതുമാനവികതാബോധം തിരിച്ചറിയപ്പെട്ടു. 

Posted on Facebook Group by : Sree Hari Sreejesh

രക്ഷിതാക്കളേ.... ഭാരതത്തിന്റെ ഭാവി നിങ്ങളുടെ മടിയില്‍


'ഇന്ത്യയുടെ സാമ്പത്തികവും ധാര്‍മ്മികവുമായ മോചനം മുഖ്യമായും നിങ്ങളിലാണ് ആശ്രയിച്ചിരിക്കുന്നത്. ഭാരതത്തിന്റെ ഭാവി നിങ്ങളുടെ മടിയില്‍ കിടക്കുന്നു. കാരണം നിങ്ങളാണ് ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നത്. ഭാരതത്തിന്റെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് ധീരരും ഈശ്വരവിശ്വാസമുള്ളവരും ലളിതജീവിതം നയിക്കുന്നവരുമായ സ്ത്രീപുരുഷന്മാരാക്കി വളര്‍ത്തിയെടുക്കാം. അല്ലെങ്കില്‍ അവരെ ലാളിച്ച് വിദേശീയ ആഡംബരവസ്തുക്കളോടുള്ള ഭ്രമത്തില്‍ തളച്ചിട്ടുകൊണ്ട് ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്ത ദുര്‍ബലരാക്കിത്തീര്‍ക്കും'. (മഹാത്മാഗാന്ധി)
കുട്ടികളാണ് ഒരു രാഷ്ട്രത്തിന്റെ നട്ടെല്ല്. മാത്രമല്ല അവരാണ് ലോകത്തിന്റെ ഊടുംപാവും. കുട്ടികളെ ഇന്ന് മാതാപിതാക്കള്‍ വളര്‍ത്തുന്നത് ഈ കാഴ്ചപ്പാടിലല്ലല്ലോ. അവരെ സ്വന്തം സ്വാര്‍ത്ഥതാല്പര്യത്തിനായല്ലേ വളര്‍ത്തുന്നത്. ഡോക്ടര്‍ ആക്കിയാല്‍ പിന്നെ അന്തസ്സും പണവും ലഭിക്കും. കര്‍ഷകനാക്കാന്‍ ആരും തയ്യാറുമല്ല. അതിന് എന്ത് അന്തസ്സ്, അഭിമാനം. എന്റെ മകന്‍ ഒരു കര്‍ഷകനാണ് എന്ന് അഭിമാനിക്കുന്ന ആധുനിക മാതാപിതാക്കള്‍ ആരുമില്ല. എന്നാല്‍ കടയില്‍പോയി ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ അല്പം വിദ്യാഭ്യാസമുള്ളവര്‍ ഓര്‍ക്കും ഇത് ഒരു കര്‍ഷകന്റെ അധ്വാനഭലമാണ്. അയാളുടെ അധ്വാനമില്ലെങ്കില്‍ ഡോക്ടര്‍ക്ക് എന്ത് ചെയ്യാന്‍സാധിക്കും. കഴിക്കാന്‍ ആഹാരമില്ലെങ്കില്‍ മനുഷ്യനുണ്ടോ. 'ലോകത്തേരിന് അച്ചാണ് കൃഷിവലന്‍' എന്ന് തിരുക്കുറള്‍ പറയുന്നത് ആര് ഓര്‍ക്കാന്‍.
കുട്ടികളെ ധീരന്മാരും ആത്മവിശ്വാസമുള്ളവരും ഈശ്വരവിശ്വാസികളുമായി വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതല്ലേ. എന്നാല്‍ ലാളിച്ച് ആഡംബരവസ്തുക്കളില്‍ ഭ്രമമുള്ളവരാക്കി ലോകവ്യവസ്ഥയുടെ അടിത്തറ ഇളക്കുന്നവരാക്കിയതല്ലേ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
Posted by Facebook Group : by Suresh Babu Madhavan
Like · 

ജാതിയും മതവും: ശ്രീ നാരായണഗുരു.


ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് നാരായണഗുരുവിന്റെ കാലത്ത്, ഈഴവ നേതാക്കന്മാര്‍ക്ക്,ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച് ഒരു സംഭാഷണം നടന്നു.
ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ?
സഹോ: മനുഷ്യന്‍ നന്നാകുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്.
ഗുരു: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? ബുദ്ധന്റെ ഉപദേശം പോലെ ക്രിസ്തുവിന്റെ ഉപദേശവും നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ? ആ മറ്ജ്ഹങ്ങളില്‍ പെട്ട എല്ലാവരും നല്ലവരാണോ? അതുകൊണ്ട് മതം ഏതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം.അല്ലെങ്കില്‍ അധപ്പതിക്കും.മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ട്ടിക്കുന്ന എല്ലാവരുടെയും ആചാരവും നല്ലതായിരിക്കുമോ? അങ്ങനെയല്ലല്ലോ കാണുന്നത്? അതിനാല്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല! പ്രവര്‍ത്തി ശുദ്ധമായിരിക്കണം. അതാണ്‌ ആവശ്യം. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" അതാണ്‌ നമ്മുടെ അഭ്പ്രായം.
ഈ സംഭാഷണത്തിന്റെ അന്ത്യത്തില്‍ ഗുരു അങ്ങനെ അരുളിയ സൂക്തമാണ് "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നത്.
ഒരിക്കല്‍ നാരായണ ഗുരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, അതേയ് കമ്പാര്‍ട്ട്മെന്റില്‍ സഹയാത്രികരായി ഒരു രാജകുടുംബാങ്ങവും ഒരു നമ്പൂതിരിയും ഉണ്ടായിരുന്നു. ഗുരുവിന്റെ പെരുമാറ്റവും ഭാവവും സംഭാഷണവും അവരെ വളരെ ആകര്‍ഷിക്കുകയും, അവര്‍ക്ക് ഗുരുവില്‍ ബഹുമാനം തോന്നുകയും ചെയ്തു. ഒടുവില്‍ അവര്‍ ഗുരുവിനോട് ചോദിച്ചു:
രാജ: നിങ്ങളുടെ പേര്?
ഗുരു: നാരായണന്‍.
രാജ: ജാതിയില്‍ ആരാണ്?
ഗുരു: കണ്ടാല്‍ അറിഞ്ഞുകൂടേ?
രാജ: അറിഞ്ഞുകൂടാ.
ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടെങ്കില്‍ പിന്നേ കേട്ടാല്‍ അറിയുന്നതെങ്ങനെ?
ആ സംഭാഷണം അങ്ങനെ അവസാനിച്ചു. പിന്നീടൊരിക്കല്‍ ഗുരു പറഞ്ഞു, മനുഷ്യര്‍ക്ക്‌ ജാതി ഒന്നെന്നുല്ലതിനു തെളിവ് ഒന്നും വേണ്ട. ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. അവയെല്ലാം അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യന് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളെക്കാള്‍ മോശം, അതിനാല്‍ ജാതിലക്ഷണം എന്നാ കൃതിയില്‍ ഗുരു ഇങ്ങനെ എഴുതി:
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ
-യിനമേതൊന്നു ചൊല്കയാല്‍
ഇനമെതെന്നു കേള്‍ക്കില്ല
നിനവും കണ്ണുംഉള്ളവര്‍ (ജാതിലക്ഷണം - ൫)
(ഇനം-ജാതി- ഏതെന്നു ഓരോ ഇനത്തിന്റെയും ഉടല്‍ (ശരീരം) തന്നേയ് സ്പഷ്ടമായി തെളിയിക്കുന്നതിനാല്‍, ചിന്താശക്തിയും, കാഴ്ച ശക്തിയുമുള്ളവര്‍, ആരോടും, നിങ്ങള്‍ ജാതിയിലാരാനെന്നു ഒരിക്കലും ചോദിക്കയില്ല)
ഗുരു 'ജാതിനിര്‍ണയം' എന്നാ കൃതിയില്‍ ആദ്യ ശ്ലോകത്തില്‍ ജാതി എന്തെന്ന് താത്വികമായി പ്രതിപാദിചിരിക്കുന്നു .
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസൈവം
ഹാ! തത്വം വേത്തി കോ പിന.
(പശുക്കള്‍ക്ക് പശുത്വം അഥവാ പശുഭാവം അല്ലെങ്കില്‍ അവസ്ഥ എങ്ങനെയോ അപ്രകാരം തന്നെയാണ് മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത്. ഇക്കാര്യത്തി ബ്രാഹ്മണന്‍ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ മുതലായവ) ഇല്ലതന്നേ. ഈ തത്വം, ഈ സത്യം ആരും അറിയുന്നില്ല എന്നത് കഷ്ടം തന്നേയ്!)'

Posted on Facebook Group by : Sree Hari Sreejesh

Friday, 9 January 2015

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ"

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ"
എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് കേവലം അധരം കൊണ്ടല്ല മറിച്ച്‌ ഹൃദയം കൊണ്ടാണ്. ഗുരുദേവന്റെ പാവനമായ ജീവിതത്തിന്റെ അരുളും പൊരുളും ഹൃദയത്തില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ആശാന് ഇത്രയും ആഴമേറിയ വാക്കുകള്‍ കൊണ്ട് "ഗുരുപൂജ " നടത്താന്‍ കഴിഞ്ഞത്.
ഗുരുദേവന് മഹത്തായ ഗുരുപൂജ അര്‍പ്പിക്കാന്‍ അവസരമരുളുന്ന ആ മഹാസ്വരൂപത്തിന് മുന്നില്‍ 'തെരുതെരെ വീണു വണങ്ങു' വാനുള്ള അവസരമാണിത്. ആ വീണു വണങ്ങല്‍ കേവലം ശരീരം കൊണ്ടുമാത്രമുല്ലതാവര­ുത്. മനസും ബുദ്ധിയും ചിന്തയും ഹൃദയവും കര്‍മവും എല്ലാം ഒത്തുചേര്‍ന്നു കൊണ്ടുള്ള ഒരു വീണു വനങ്ങലായിരിക്കണം അത്. എന്തെന്നാല്‍ ആയുസ്സും വപുസ്സും ആത്മ തപസ്സും നമ്മളാകുന്ന മനുഷ്യ രാശിക്കുവേണ്ടി ബലിയര്‍പ്പിച്ച അവതാര പുരുഷനാണ് ഗുരുദേവന്‍.
മനുഷ്യനെ മനുഷ്യനായി കാണാനും അറിയാനും അനുഭവികാനും പഠിപ്പിച്ച ഗുരുദേവന്‍ മനുഷ്യരിലെ വൈരുധ്യങ്ങളെയും വൈക്രുതങ്ങളെയും സ്ഥിതി ഭേദങ്ങളെയും ഇല്ലാതാക്കാന്‍ ആണ് സാമൂഹ്യ വിപ്ലവത്തിന് വിത്തുകള്‍ വിതച്ചത്. അവ വിതച്ചതും മുളച്ചതും ചെമ്പഴന്തിയിലോ അരുവിപ്പുറ തോ ശിവഗിരിയിലോ ആലുവായിലോ മറ്റേതെങ്കിലും കേന്ദ്രങ്ങളിലോ ആണെന്ന് കരുതുന്നത് ഭൂമിശാസ്ത്ര പരമായ നോക്കികാനലിന്റെ ഫലമാണ്. എന്നാല്‍, സാമൂഹികവും ദാര്‍ശനികവുമായ നവോത്ഥാനത്തിനു വിത്തുകള്‍ ഗുരുദേവന്‍ വിതച്ചത് മനുഷ്യ മനസുകളിലാണ്. അതുകൊണ്ട് തന്നെ അവ മുളക്കേണ്ടതും വളരേണ്ടതും വിലയെണ്ടാതുമെല്ലാം മനുഷ്യന്റെ ആന്തരിക തലത്തിലാണ്. പക്ഷെ ഗുരുദേവന്‍ പാകിയ വിത്തുകളെല്ലാം മനുഷ്യ മനസുകളില്‍ യഥാകാലം വേണ്ടുംവണ്ണം മുളക്കാതെ പോയി. അതിനു കാരണക്കാര്‍ നമ്മള്‍ തന്നെ ആണ്. എന്തെന്നാല്‍ ഗുരുദേവന്‍ പറഞ്ഞതില്‍ വളരെ ചെറിയ ഒരംശമേ പലരും കേട്ടുള്ളൂ . കേട്ടതില്‍ തന്നെ ചെറിയൊരംശമേ മനസ്സില്‍ പതിഞ്ഞുള്ളൂ. അവയില്‍ നിന്നും അതിലും ചെരിയോരംശമാണ് പ്രയോഗത്തില്‍ എത്തപ്പെട്ടത്. ഈ കുറവ് കളാണ് ഗുരുസ്വരൂപം നമുക്ക് അകലെയാകാന്‍ കാരണം.
ഗുരുവിനെ ഭക്തിയോടെ ആരാധിക്കുന്നവര്‍ പോലും പലപ്പോഴും പ്രാര്‍ഥനയുടെ ലോകത്തേക്ക് മാത്രം ചുരുങ്ങിപ്പോവുകയാണ്.­ ഗുരുഭക്തി എന്നത് അധരങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടത് മാത്രമല്ല. ഗുരുദേവന്‍ പറഞ്ഞതിനെ സ്വാംശീകരിച്ചു പ്രവൃത്തിയില്‍ വരുത്തി അത് സ്വജീവിതത്തില്‍ അനുഭവമാക്കി അഭ്യുന്നതിക്ക് അടിസ്ഥാനമായി തീരുമ്പോഴാണ് ഗുരുഭക്തി നിരവാര്‍ണതാകുന്നതും ജീവിതം ധന്യമായി തീരുന്നതും. ഗുരുദേവന്‍ എന്തിനുവേണ്ടിയാണോ അവതരിച്ചത് അതിന്റെ പരിപൂര്‍ണതയാണ് ഗുരുദേവ ഭക്തന്മാരുടെ, ശ്രീനാരായനീയരുടെ ലക്ഷ്യമായി തീരേണ്ടതു.

Posted on Facebook Group by : Sree Hari Sreejesh

ശിവഗിരിയുടെ ചൈതന്യം മാർഗദർശനമേകും തുഷാർ വെള്ളാപ്പള്ളി (വൈസ് പ്രസിഡന്റ് എസ്.എൻ.ഡി.പി. യോഗം )

Posted on: Wednesday, 31 December 2014



തീർത്ഥാടനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. എന്നാൽ ശിവഗിരിയിലേക്കുള്ള തീർത്ഥാടനമാകട്ടെ മറ്റു തീർത്ഥാടനങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്. ഭക്തിയേക്കാളുപരി മനുഷ്യന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിയാനുള്ള ഒരു യാത്രയായാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകും. ആത്മീയമായ ഉന്നതിക്കൊപ്പം സമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിടുന്ന യാത്രയാണിത്. സംഘടനയും അറിവും കൊണ്ട് ശക്തമാകാനുള്ള ഗുരുദേവന്റെ സന്ദേശം പ്രായോഗിക പഥത്തിലെത്തിക്കാനുള്ള ഒരു മാർഗം.

ജീവിത ഉന്നതിക്കും  സമൂഹപുരോഗതിക്കും വേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടുന്നു ആ  മഹായോഗി. ശിവഗിരി യാത്രാ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുന്നതും അതുതന്നെ. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നീ എട്ടുകാര്യങ്ങളിലൂന്നിയതാണ് ശിവഗിരി തീർത്ഥാടനമെന്ന് ഗുരുദേവൻ നിർദേശിച്ചത് വെറുതെയല്ല. സ്വജനങ്ങളുടെയും നാടിന്റെയും പുരോഗതിയെക്കുറിച്ച് ഭാവനാസമ്പന്നനായ ഒരു ഭരണാധികാരിയുടെ മനസിൽ വിരിയുന്ന കാര്യങ്ങൾ തന്നെയാണ് ആത്മീയാചാര്യനായ ഗുരുദേവന് തോന്നിയത്.
പിന്നാക്ക ജനതയുടെ മോചനം ലക്ഷ്യം വെച്ച്  ഗുരുദേവൻ ആവിഷ്കരിച്ച  ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ കുറെയൊക്കെ കഴിഞ്ഞുവെന്നത് സത്യമാണ്. എങ്കിലും കൈയെത്തിപ്പിടിച്ച നേട്ടങ്ങൾ കൈവരിക്കപ്പെടേണ്ടതിന്റെ ചെറിയൊരു ഭാഗം മാത്രമാകുന്നു. വർണ-വർഗ വ്യത്യാസങ്ങളുടെ പേരിൽ അകറ്റി നിറുത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങൾ ഇന്ന് മറ്റൊരു രീതിയിൽ, സമ്പത്തിന്റെയും അധികാരത്തിന്റെയും ബലത്താൽ പാർശ്വവത്കരിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ സമകാലീന സാമൂഹ്യചുറ്റുപാടുകളിൽ ശിവഗിരി തീർത്ഥാടനലക്ഷ്യങ്ങൾക്ക് പുതിയ മാനം കൈവരുന്നുണ്ട്. സാമൂഹ്യമായ മോചനത്തിനൊപ്പം സാമ്പത്തികമായ സ്വാശ്രയത്വവും വിദ്യാഭ്യാസവും ആർജിക്കാനായെങ്കിൽ മാത്രമേ സമ്പൂർണമായ സ്വാതന്ത്ര്യവും സാമൂഹിക നീതിയും  ലഭിച്ചുവെന്ന് പറയാനാവൂ. ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളിൽ മുറുകെപ്പിടിക്കുക മാത്രമാണ് അതിന് പോംവഴി.

ജാതിയുടെ വേലിക്കെട്ടുകളെ ഒരുപരിധി വരെ തകർക്കാനായെങ്കിലും രാഷ്ട്രീയ-ഭരണ-സാമ്പത്തിക തറവാടുകളുടെയെല്ലാം പടിക്കുപുറത്ത് തന്നെയാണ് ഇന്നും പിന്നാക്കജനങ്ങളുടെ സ്ഥാനം. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനും ഉപദേശിച്ച ഗുരുവിന്റെ വാക്കുകളെ  അക്ഷരം പ്രതി അനുസരിച്ച് പുരോഗതിയിലേക്ക് നീങ്ങിയത് കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെന്നതാണ് യാഥാർത്ഥ്യം. പിന്നോക്കക്കാർ തമ്മിൽ തല്ലി തലകീറി നടക്കവേ ഇക്കൂട്ടർ ഗുരുവചനങ്ങൾ പൂർണമായും പ്രാവർത്തികമാക്കി അധികാരവും സമ്പത്തും കൈയടക്കി. ഈഴവരാദി പിന്നാക്കവിഭാഗക്കാർ ഗുണപാഠകഥയിലെ മുട്ടനാടുകളെപ്പോലെ കൂട്ടിയിടിച്ച് കളിക്കുന്നു. അവരുടെ രക്തം നക്കിക്കുടിച്ച് സംഘടിത സമൂഹങ്ങൾ ശക്തിയാർജിക്കുകയും ചെയ്യുന്നു.
അധികാരശ്രേണികളിലും രാഷ്ട്രീയ നേതൃത്വങ്ങളിലും സർക്കാരിന്റെ വിഭവങ്ങൾ പങ്കുവെയ്ക്കുമ്പോഴുമാണ് ഇപ്പോൾ  അയിത്തം കൽപ്പിക്കപ്പെടുന്നത്. പട്ടിക വിഭാഗങ്ങളിലും പിന്നോക്ക വിഭാഗങ്ങളിലും പെട്ടവർക്ക് ഇത്രയും കാലം നൽകിയ സംവരണം കൊണ്ട് എന്ത് നേട്ടമുണ്ടാക്കാനായി എന്നു വിലയിരുത്തേണ്ട സമയവും ഇതാണ്. ആദിവാസികളും പട്ടികജാതി-വർഗക്കാരും ലക്ഷംവീട് കോളനികളിൽ പിറന്ന് ആ കോളനികളിൽ മരിക്കുന്ന സ്ഥിതി തന്നെയാണ് പതിറ്റാണ്ടുകളായി തുടരുന്നത്.  മറ്റ് ഹൈന്ദവ പിന്നോക്കക്കാർക്ക് വേണ്ടിയും കോളനികൾ  സൃഷ്ടിക്കപ്പെടുന്ന കാലം വിദൂരമല്ല.

ആളെണ്ണമോ ആർഭാടമോ കൂടിയതുകൊണ്ട് ശിവഗിരിയാത്ര മഹത്തരമാകുന്നില്ല. ഗുരുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രാവർത്തികമാകുമ്പോഴാണ് അത് സഫലമാവുക. ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാൻ  സാധിച്ചു എന്ന ആത്മപരിശോധനകൂടി ഓരോ തീർത്ഥാടകനും സംഘാടകരും നടത്തണം.  ഗുരുവാക്യങ്ങൾ ശിരസാവഹിച്ച് സ്വന്തം കാലിൽ നിൽക്കാനും സ്വാശ്രയത്വം കൈവരിക്കാനും ശ്രമിക്കുമ്പോഴേ സമ്പൂർണമായ മുന്നേറ്റം ഉണ്ടാകൂ.  അർഹമായ ആനുകൂല്യങ്ങൾക്ക് വേണ്ടി പടപൊരുതുമ്പോഴും ഇതു തന്നെയാകണം പ്രഥമ പരിഗണന.
വർഷങ്ങൾക്ക് മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങൾ എത്രത്തോളം സാർത്ഥകമായി എന്ന് പരിശോധിക്കപ്പെടാനുള്ള അവസരം കൂടിയാവുന്നു ഓരോ തീർത്ഥാടന കാലവും. ഗുരുധർമം അടിസ്ഥാനമാക്കിയ സംഘടനകളെല്ലാം ഒരു കുടക്കീഴിൽ ഒരേ മനസോടെ ലക്ഷ്യ പ്രാപ്തിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. അതിന്റെ പേരിലുള്ള കലഹങ്ങൾ സമുദായത്തിന്റെ പുരോഗതിയെ ഒരുവിധത്തിലും ബാധിച്ചുകൂടാ. ഗുരുദേവൻ തെളിച്ച പന്ഥാവിലൂടെ ഒരേ മനസുമായി മുന്നേറുകയാണ് ഓരോ ശ്രീനാരായണീയന്റെയും കടമ. ശിവഗിരിയുടെ ആത്മീയ തേജസ് അതിന് കരുത്തുപകരാൻ ശേഷിയുള്ളതാണ്. ആ ചൈതന്യത്തിന് മുന്നിൽ ശിരസാ നമിച്ച് നമുക്കൊന്നായി മുന്നേറാം. പുതിയ ലക്ഷ്യങ്ങളും മാർഗങ്ങളുമായി നമുക്ക് പുതിയ വർഷത്തിലേക്ക് കടക്കാം. എല്ലാവർക്കും പുതവത്സര ആശംസകൾ നേരുന്നു.

http://news.keralakaumudi.com/news.php?nid=8ecbba1a5c21cacfb0c0beee0d539b89

ഗുരുദർശനത്തിന്റെ തനിമ - സ്വാമി ഗുരുപ്രസാദ്

Posted on: Monday, 29 December 2014

82-ാമത് ശിവഗിരി തീർത്ഥാടനം നാളെ മുതൽ
ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് ,ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 82-ാമത് സംവത്സരത്തിൽ എത്തിനിൽക്കുന്നത്.

ഈ അവസരത്തിൽ ഗുരുദർശനചിന്തകൾക്ക് വളരെ പ്രാധാന്യമുണ്ട്. അതാകട്ടെ, ഓരോ തീർത്ഥാടകനും അനുഷ്ഠിക്കേണ്ടതുമാണ്. ഗുരുദേവൻ ഉപദേശിച്ച ധർമ്മസംഹിതയിൽ വിശ്വസിക്കുന്നവരെല്ലാം അലംഭാവം വെടിഞ്ഞ് കർമ്മനിരതരായേ പറ്റൂ. ആ ധർമ്മസംഹിതയുടെ കേന്ദ്ര സ്ഥാനം മനുഷ്യനാണ്. 'ഒരുജാതി ഒരുമതം" എന്ന് ഗുരുദേവൻ ഉപദേശിച്ചത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദ്യേശിച്ചല്ല. മനുഷ്യരെ ഉദ്ദ്യേശിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വം" മാത്രമാണെന്ന് ഉദ്ദേശിച്ചാണ്. ഇതിനെ പൂരിപ്പിക്കുന്നതിന് 'മനുഷ്യൻ നന്നായാൽ മതി" എന്നും കൂട്ടിച്ചേർത്തു.
പാവനമായ 73 വർഷത്തെ ജീവിതത്തിൽ വാക്ക് കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും സന്ദേശങ്ങൾക്ക് കരുത്ത് നൽകുന്നതിന് ഗുരുദേവൻ നിരന്തരം പരിശ്രമിച്ചിരുന്നു. മരുത്വാമലയിലെ കഠിന തപസിലൂടെ ആത്മസാക്ഷാത്കാരം നേടിയശേഷം കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചു. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു വിശ്രമമില്ലാത്ത നാല്പത് വർഷക്കാലം ലോകരക്ഷയ്ക്ക് വേണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. ആ യാത്രയിൽ പലരുടെയും രോഗങ്ങൾ മാറ്റിയും കഷ്ടതകൾക്ക് പരിഹാരം ഉപദേശിച്ചും പല അത്ഭുതസിദ്ധികളും കാണിച്ചും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പരിശ്രമിച്ചു. ഇത് തന്നെയാണ് ഗുരുദർശനത്തിന്റെ തെളിമയും. ഇന്ന് ഗുരുവിനെയും ഗുരുദർശനത്തെയും വികലമായി ചിത്രീകരിക്കാൻ പാട് പെടുന്നവർ മേൽവിവരിച്ച കാര്യങ്ങൾ കൂടി പഠിക്കണമെന്ന് സാരം. ചില ആളുകൾ അവരുടെ പുസ്തകങ്ങൾക്ക്  പ്രശസ്തി കിട്ടുന്നതിന് ചില കുതന്ത്രങ്ങൾ ചെയ്യുന്നത് മഹത്‌ജീവിതത്തെ പിടിച്ചുകൊണ്ടാണ്. ഇവർക്ക് കാലം മാപ്പ് കൊടുക്കട്ടെയെന്ന്  പ്രാർത്ഥിക്കാം.

മനഃസംസ്കരണമാകുന്ന പ്രക്രിയ നടപ്പാക്കി  പാഴ്‌വസ്തുക്കളെ നീക്കം ചെയ്ത് ജീവിതം പ്രകാശമാനമാക്കാൻ ഭാരതീയ ദർശനങ്ങളെ ആശ്രയിച്ചേ പറ്റൂ. ഇവിടെയാണ് കാലാതിവർത്തിയായ ഗുരുദർശനത്തിന്റെ പ്രസക്തി . ആത്മീയതയും ഭൗതികതയും  രണ്ടല്ല. ആത്മീയതയെ ഒഴിച്ചു നിറുത്തിയുള്ള ഭൗതിക ഉത്കർഷം ഗുരു ഒരിക്കലും ശോഭനമായി കരുതിയില്ല. വിവേകയുക്തമായി ശുചിത്വ പൂർണമായ ജീവിതം നിർദ്ദേശിച്ചു.  പ്രകൃതിക്കൊരു താളാത്മകതയുണ്ട്. അതിനെ അതിക്രമിക്കാൻ ശ്രമിക്കുന്നത് അപകടമാണ്.അത് ആദിയില്ലാതെ നടന്നു വരുന്ന നിയതിയുടെ നിയോഗമാണ്. ഒളിയമ്പെയ്ത് ആ മാതൃത്വത്തിന് മുറിവേല്പിച്ച് ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്നത് കനത്ത മൂഢതയാണ്. അവിടത്തെ നീണ്ട കരങ്ങൾ എവിടെ ഇരുന്നാലും എത്തിപ്പിടിക്കാൻ തക്ക വിസ്തൃതങ്ങളാണ്. ലോകത്തിലെ മുഴുവൻ ദുഷ്ടതകളെയും ഒരു വിരൽത്തുമ്പിലൊതുക്കി പൊടിച്ചു കളയാൻ ഒരു നിമിഷം അവിടത്തേക്ക് അധികമാണ്. പരമാർത്ഥങ്ങൾ നമ്മൾ കണ്ടറിയണം. അഥവാ കേട്ടറിയണം. മാതൃത്വത്തെ മാന്തി നോവിക്കുന്ന ജീവിതം ഇനി മതിയാക്കണം. പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ പഠിച്ചു തുടങ്ങണം. വിരുദ്ധങ്ങളായ മുഴുവൻ നടപടികളും ഇവിടെ കുഴിച്ചു മൂടണം. അന്യന്റെ വേദന തന്റെ വേദനയായിക്കണ്ട് ഉണർന്ന് നിസ്വാർത്ഥനായി ശബ്ദിക്കണം.
ഗുരു പറയുന്നു; നിസ്വാർത്ഥ സേവനത്തിന് എക്കാലവും ഈശ്വരാനുഗ്രഹം ലഭിക്കും. ആരിൽ നിന്നും  നന്ദി പ്രതീക്ഷിക്കാതെ കർത്തവ്യങ്ങൾ ചെയ്യണം. അതിര് കടന്ന സ്വാർത്ഥത ആത്മാവിനെ ഞെക്കിക്കൊല്ലുന്നു. അത് സർവനാശം വിതയ്ക്കുന്ന മഹാ പ്രവാഹമാണ്. പരഹൃദയങ്ങളെ ചുട്ടു പൊള്ളിക്കുന്ന തീക്കട്ടയാണ്. ദുഷ്ടത നിറഞ്ഞ സ്വാർത്ഥതയെ വിട്ടെറിഞ്ഞില്ലെങ്കിൽ അത് അതിന്റെ ഇരിപ്പിടത്തെ തന്നെ നാമാവശേഷമാക്കും. മതത്തിന്റെ, സമുദായത്തിന്റെ ,രാജ്യത്തിന്റെ പേരിലുള്ള കല്പിത വരമ്പുകളൊന്നും മനുഷ്യത്വത്തിനും സാഹോദര്യത്തിനും സ്നേഹത്തിനും വിലങ്ങുതടിയാകരുത്. ഗുരുദേവൻ ഓർമ്മിപ്പിക്കുന്നു. 'അയലുതഴപ്പതിനായതിപ്രയത്നം നയമറിയും നരനാവരിച്ചിടേണം."

ഗുരുദേവൻ സർവസംഗ പരിത്യാഗിയായി ഏകാന്തഗിരി ഗഹ്വരങ്ങൾ ആലയമാക്കി അന്തരംഗത്തെ ചുട്ടുപഴുപ്പിച്ച് സ്ഫുടം ചെയ്തെടുത്ത് പ്രപഞ്ച രഹസ്യത്തിന്റെ ചുരുൾ നിവർത്തി നമ്മെ പാടിക്കേൾപ്പിച്ചു. 'അനുഭവിയാതറിവീലഖണ്ഡമാം ചിദ്ഞ്ചനമിതു മൗനഘനാമൃതാബ്ധിയാകും'. ജനങ്ങളുടെ ക്ഷേമത്തിനായി ലോകത്തേക്ക് ഇറങ്ങി വന്ന ഗുരു ആദ്യം ചെയ്തത് ജാതിപ്പിശാചിന്റെ കറുത്ത കരങ്ങളിൽ ഞെരിഞ്ഞമർന്ന് വിങ്ങിപ്പൊട്ടിയിരുന്ന  ജനഹൃദയങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം നൽകി സാന്ത്വനപ്പെടുത്തുകയായിരുന്നു. കാലം പലതും പിന്നിട്ടു. എങ്കിലും മനുഷ്യൻ പഴയപടി തന്നെ. സാഹോദര്യം, ഐകമത്യം തുടങ്ങിയ മാനുഷിക ഗുണങ്ങൾ മനുഷ്യനിലേക്ക് മടങ്ങി വരുന്നില്ലെന്നത് കണ്ട് ഗുരു ചിന്തിച്ചു. മനുഷ്യൻ വിശ്വാസമാകുന്ന ചരടിൽ പിടിച്ചു കൊണ്ടുവേണം അമ്പലം ചുറ്റേണ്ടത്. വിശ്വാസ പ്രമാണങ്ങളിൽ ചുവടൂന്നി നിന്ന് ഉയരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗദർശികളാണ് ആരാധനാസമ്പ്രദായങ്ങൾ. അതിനാധാരമായ വിശ്വാസ സമ്പത്ത് കൈവശമില്ലെങ്കിൽ അത് വെറും യാന്ത്രിക പ്രവർത്തനമായിത്തീരും. ജനങ്ങൾക്ക് ആരാധനയുടെ അകപ്പൊരുൾ തിരിച്ചറിയാൻ  കഴിഞ്ഞിട്ടില്ലെന്ന് കണ്ട് 1917 ൽ ഗുരു രേഖപ്പെടുത്തി: ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു വരുകയാണ്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ.

82-ാമത് ശിവഗിരി തീർത്ഥാടനം സന്നിഹിതമായിരിക്കുന്ന ഈ അവസരത്തിൽ ഗുരു സന്ദേശങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിൽ പടവുകൾ വളരെയേറെ പിന്നിടേണ്ടതുണ്ടെന്ന് ആനുകാലിക സാമൂഹിക വൈകല്യങ്ങളുടെ ചുഴലിക്കാറ്റിൽ ചുഴറ്റി എറിയപ്പെടുന്ന പരമാർത്ഥങ്ങൾ നമുക്ക് വെളിവേകുന്നു.വിദ്യ കൊണ്ട് സ്വതന്ത്ര്യരാവാൻ ഗുരു ഉപദേശിക്കുന്നു.  ജീവിതം പ്രകാശമാനമാകുന്നത് വിദ്യാനാണയത്തിന്റെ ഇരുവശങ്ങളാകുന്ന ആത്മീയതയെയും ഭൗതികതയെയും തേച്ചുമിനുക്കി മിനുസപ്പെടുത്തുമ്പോഴാണ്. സനാതനമൂല്യങ്ങളുടെ ആചരണ പ്രചാരണ വിലോപങ്ങൾ ലോകത്തെ അധിബീഭത്സമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ തീർത്ഥാടനചിന്തകൾക്ക് വളരെ പ്രസക്തിയുണ്ട്. അഷ്ടലക്ഷ്യങ്ങളിലൂടെ തീർത്ഥാടനം നടത്തിയെങ്കിൽ മാത്രമേ തീർത്ഥാടന പുണ്യം പൂർണമായി നുകരാൻ സാധിക്കൂ.

1928 ജനുവരി 16 നു കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ പാഞ്ചജന്യം മുഴങ്ങിയപ്പോൾ തീർത്ഥാടനമൊരു നിഷ്പ്രവൃത്തിയാകരുതെന്ന് കണ്ട ഗുരു തീർത്ഥയാത്രയിലൂടെ മനുഷ്യന്റെ ഭാവി ജീവിതം  ശോഭനമാവാൻ വേണ്ടതെല്ലാം ഉപദേശിച്ചിരുന്നു. അതാണ് അഷ്ട ലക്ഷ്യങ്ങൾ. 82-ാമത് തീർത്ഥാടനത്തിന്റെ വിശുദ്ധിയും പേറി ,ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടി ശിവഗിരിയിലെത്തി അറിവിന്റെ ആത്മശാന്തിയും ഗുരുവിന്റെയും ശാരദാംബയുടെയും അനുഗ്രഹവും തേടി മടങ്ങുമ്പോൾ ഓർക്കാം ഗുരുചിന്തകളുടെ മധുരിമ.

http://news.keralakaumudi.com/news.php?nid=5144836584ae6e995be9b176ae4542b2

ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന വിപ്ളവകാരി രാധാകൃഷ്ണൻ ആലുംമൂട്ടിൽ

ശ്രീനാരായണ ഗുരുദേവൻ ജനിക്കുന്നതിന് മുപ്പതുവർഷം മുൻപ് 1825 ജനുവരി 11-ാം തീയതി ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ കടലോരപ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലിശ്ശേരി തറവാട്ടിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ജനിച്ചത്.

19-ാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥകൾക്കും അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ ഒറ്റയ്ക്കു പടപൊരുതി, തന്റെ ജീവിതം തന്നെ താൻ ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കുവേണ്ടി ബലിയർപ്പിച്ച ഒരു അതുല്യ  വിപ്ലവകാരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.
1851 ൽ അന്നത്തെ ജാതി വ്യവസ്ഥയിലെ തൊട്ടുകൂടാത്തവർക്കും തീണ്ടികൂടാത്തവർക്കും വേണ്ടി ഒരു ശിവക്ഷേത്രം തന്റെ ജന്മസ്ഥലമായ ആറാട്ടുപുഴ മംഗലത്ത് സ്ഥാപിച്ചു കൊണ്ടായിരുന്നു സാമൂഹ്യ അനാചാരങ്ങൾക്കും അനീതികൾക്കുമെതിരേയുള്ള വിപ്ലവത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.
1858ൽ കായംകുളത്ത് ഒരു ഈഴവയുവതി മാറുമറച്ചു കമ്പോളത്തിൽ പോയപ്പോൾ ജാതിക്കോമരങ്ങൾ അവരെ ആക്രമിച്ച്, മാറിൽ കിടന്ന തുണിവലിച്ചുകീറി ശാരീരികമായി ഉപദ്രവിച്ചതിനു പുറമേ അവരുടെ മാറിൽ വെള്ളയ്ക്കാമോട് പിടിപ്പിച്ച് അപമാനിച്ചു. ഈ അക്രമികളെ വേലായുധപ്പണിക്കരും അനുയായികളും യുദ്ധസന്നാഹങ്ങളോടെ കമ്പോളത്തിലെത്തി എതിർത്തുതോല്പിച്ചു. . ഇതിനുശേഷമാണ് തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ ലഹള ആരംഭിക്കുകയും സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം 1859 ലെ രാജകീയ വിളംബരത്തിലൂടെ നേടിയെടുക്കുകയും ചെയ്തത്.

1866ൽ കാർഷികത്തൊഴിലാളികളെ സംഘടിപ്പിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ പണിമുടക്കാണ് ലോകചരിത്രത്തിൽ തന്നെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം. മാന്യമായി മുട്ടിനു താഴെ കണങ്കാൽ വരെ നീട്ടി മുണ്ടുടുത്തു നടന്നതിന് ഒരു ധനിക കുടുംബത്തിലെ ഈഴവ സ്ത്രീയെ കുറേ സവർണ്ണ പ്രമാണിമാർ ചേർന്ന് അധിക്ഷേപിച്ചു. മുണ്ടിന്മേൽ മുറുക്കിത്തുപ്പി. കണങ്കാൽ വരെ നീട്ടിമുണ്ടുടുത്തതായിരുന്നു അവർ ചെയ്ത അപരാധം. മനുഷ്യത്വഹീനമായ ഈ സംഭവം ആ വിപ്ലവകാരിയെ ക്ഷുഭിതനാക്കി. ധാർമ്മികരോഷം അദ്ദേഹത്തിൽ ജ്വലിച്ചുയർന്നു. പണിയെടുത്തിരുന്ന കീഴാളരെ ഒരുമിച്ചു നിർത്തി കൃഷിപ്പണികൾ ബഹിഷ്ക്കരിക്കാൻ വേലായുധപ്പണിക്കർ ആഹ്വാനം ചെയ്തു. സമരം നീണ്ടുപോയപ്പോൾ പ്രമാണിമാർക്കു ചെയ്ത തെറ്റിനു പരസ്യമായി മാപ്പു പറയേണ്ടിവന്നു. അതിനുശേഷമാണ് ഈ നിസ്സഹകരണ സമരം അവസാനിപ്പിച്ചത്. അങ്ങനെ ചരിത്രത്തിലെ ആദ്യകർഷകത്തൊഴിലാളി സമരം പൂർണവിജയം നേടി.

പണിക്കരുടെ പ്രശസ്തി വർദ്ധിക്കുന്നതിനൊപ്പം തന്നെ അദ്ദേഹത്തിനോടുള്ള പ്രമാണിമാരുടെ എതിർപ്പും വർദ്ധിച്ചിരുന്നു. നേരിട്ട് എതിർക്കാൻ കഴിയാതിരുന്ന പ്രമാണികൾ, പണിക്കർ ഒരിക്കൽ ശിക്ഷിച്ചു പുറത്താക്കിയ തൊപ്പിയിട്ട കിട്ടൻ എന്ന മുൻകാര്യസ്ഥന്റെ നേതൃത്വത്തിൽ സംഘം ചേർന്നു. ഒരു കേസിന്റെ ആവശ്യത്തിന് രാവിലെ കൊല്ലത്ത് എത്തുന്നതിനായി തലേന്ന് രാത്രിയിൽ തണ്ടുവെച്ച ബോട്ടിൽ വീട്ടിൽ നിന്നും യാത്ര തിരിച്ച വേലായുധപ്പണിക്കരെ അദ്ദേഹം അറിയാതെ കേവു വള്ളത്തിൽ ഇവരിൽ ചിലർ പിൻതുടർന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു. ബോട്ട് കായംകുളം കായലിലെത്തി. പണിക്കർ നല്ല ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു. കേവുവള്ളത്തിൽ വന്നവർ പണിക്കരെ ചില അടിയന്തിര കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന്തണ്ടുവലിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ച് ബോട്ട് നിർത്തിച്ച് അതിൽ കയറി. അതിലൊരാൾ പണിക്കർ ഉറങ്ങിക്കിടന്ന അറയിൽക്കയറി ഒളിപ്പിച്ചുവെച്ചിരുന്ന കഠാരി ആ ഉറങ്ങുന്ന സിംഹത്തിന്റെ വിരിമാറിൽ നിഷ്ക്കരുണം കുത്തിയിറക്കി.  അങ്ങനെ 1049 ധനുമാസം 24 ന് (1874 ജനുവരി 8) അർദ്ധരാത്രി കഴിഞ്ഞ സമയത്ത് തന്റെ 49-ാം വയസിൽ ആ പുരുഷ കേസരി ആ കിടപ്പിൽതന്നെ അന്ത്യശ്വാസം വലിച്ചു.


(ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻചെയർമാനാണ് ലേഖകൻ)
http://news.keralakaumudi.com/news.php?nid=fcd8518f0e1c7f879467e7813af4fd5b#.VK_vefXB_nI.facebook


Wednesday, 7 January 2015

ശ്രീ നാരായണഗുരുവിന്റെ ജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു


ശുക്രമഹർഷി ഗുരുദേവന്റെ അവതാരജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു. അതിങ്ങനെയാണു്.

"ഏകജാതിമതസ്ഥാപകസന്ദേശവാഹകനായി 1031 (൧൦൩൧) ചിങ്ങമാസം പതിനാലാം തിയതി കുജവാരത്തില്‍ ചിങ്ങം ലഗ്നത്തിൽ ഒരു മഹാപുരുഷൻ അവതരിക്കും" എന്നു ജ്യോതിശ്ശാസ്ത്ര മഹാപണ്ഡിതനും ത്രികാലജ്ഞനുമായ ശുകൃമഹര്‍ഷി തന്റെ ശുക്രസംഹിതയിൽ അനേകശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു.

ഗുരുദേവന്റെ ജനനത്തേയും, ജീവിതത്തിലുള്ള മറ്റു പ്രധാന ഘട്ടങ്ങളേയും, മഹാസമാധികാലത്തേയും അടിസ്ഥാനമാക്കി ജ്യോതിശ്ശാസ്ത്രപണ്ഡിതരായ പല വിദ്വാന്മാരേയും കൊണ്ടു സൂക്ഷ്മപരിശോധന നടത്തിയതില്‍ ഗുരുദേവന്റെ ജനനം ശുക്രസംഹിതയിൽ കാണിച്ച അതേദിവസവും സമയവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ടു. ഗുരുദേവന്റെ ജീവിതാരംഭം മുതലുള്ള എല്ലാപ്രവര്‍ത്തനങ്ങളും ഏകജാതിമതാടിസ്ഥാനം ആക്കിയുള്ളതാകയാൽ ശുക്രമഹർഷിയുടെ പ്രവചനമനുസരിച്ചു ജനിച്ചിട്ടുള്ള മഹാപുരുഷന്‍ ഗുരുദേവനല്ലാതെ മറ്റാരുമല്ലെന്നു ന്യായമായും യുക്തിയുക്തമായും വിശ്വസിക്കാവുന്നതാണു്."

ഇതു തലശ്ശേരി, റിട്ടയാര്‍ഡ് ഡിസ്ട്രിക്ട് മുനിസിഫ് ശ്രീ ഡി പി ഗോപാലൻ ബിഎ; ബിഎൽ അവറുകൾ 1954 (൧൯൫൪) ഡിസംബർ ലക്കം ഗുരുകുലം മാസികയിൽ എഴുതിയിട്ടുള്ളതായി ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പിൽ എഴുതിയിട്ടുണ്ടു്. ഇതിന്റെ ഒന്നാം പതിപ്പു 1944 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ ഈ ഭാഗം ഇല്ല.

(© ഉദയഭാനു പണിക്കർ. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകൈച്ച സാഹിത്യകേസരി പണ്ഡിറ്റ് പി ഗോപാലൻ നായർ തർജ്ജിമ ചെയ്തു വ്യാഖ്യാനിച്ച ശ്രീമദ് ഭാഗവതം; ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പു്, ഇവ ആധാരം.)


Courtesy : http://shreenarayanaguru.blogspot.in/2014/07/blog-post_90.html

മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ് - Guru Muni Narayana Prasad


ഈയിടെ എന്നോട് വന്ദ്യ വയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണ ഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത'എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു. ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്.

'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന വാക്കല്ല. രാഷ്‌ട്രീയത്തിന്റെ രംഗത്തിലാണ് ആ വാക്കിന് പ്രസക്തി.

ആദ്ധ്യാത്മികമായതിനെയൊക്കെ നിരാകരിച്ചിട്ട് ലൗകികകാര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന സമ്പ്രദായം, മതസംബന്ധിയല്ലാത്തത് എന്നൊക്കെയാണ് "സെക്യുലർ' എന്ന വാക്കിന് അർത്ഥം. സദാചാരകാര്യങ്ങളിൽ മതത്തെ തീരെ അവഗണിക്കുന്ന സമ്പ്രദായം, രാജ്യഭരണകാര്യങ്ങളിൽ മതങ്ങൾക്ക് ഒരു തരത്തിലുള്ള സ്ഥാനവുമുണ്ടായിരിക്കരുത് എന്ന രാഷ്‌ട്രീയ നിലപാട് എന്നൊക്കെയാണ് "സെക്യുലറിസം' എന്ന വാക്കിന് അർത്ഥം. ഇപ്പറഞ്ഞ തരത്തിലുള്ള മതനിരപേക്ഷത തന്നെയാണോ "മതാതീത ആത്മീയത' എന്ന പ്രയോഗം നടത്തുന്നവർ "മതാതീതം' എന്ന വാക്കിന് നല്കുന്നതെന്ന് വ്യക്തമല്ല.

ഒരുപക്ഷേ, നിലവിലുള്ള വ്യവസ്ഥാപിത മതങ്ങളെ കണക്കിലെടുക്കാതെയുള്ള ആത്മീയത എന്നായിരിക്കാം അർത്ഥമാക്കുന്നത്.

നാരായണഗുരുവും മതങ്ങളും

നാരായണഗുരു മതങ്ങളെ തീരെ അവഗണിക്കുകയാണോ ചെയ്തത് എന്നതിൽ സംശയമുണ്ട്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന മഹദ്വചനത്തിൽ മതങ്ങളെ തള്ളിക്കളയുകയല്ല ഗുരു ചെയ്തതെന്ന് വ്യക്തം.

വിശ്വസിക്കുന്നത് ഏതു മതത്തിലായാലും മനുഷ്യൻ നന്നാവുക എന്നതാണ് മുഖ്യം എന്നായിരുന്നു ഗുരു വിവക്ഷിച്ചത് എന്നുവേണം കരുതാൻ. മതങ്ങളെ അവഗണിക്കുന്നതിനുപകരം എല്ലാ മതങ്ങളിലും ഉള്ള അന്തഃസാരം ഒന്നാണെന്ന് മനുഷ്യൻ മനസ്സിലാക്കണമെന്നും, മനുഷ്യൻ നന്നാകുന്നതാണ് അവയുടെയെല്ലാം ലക്ഷ്യം എന്നും ഗുരു കണ്ടിരുന്നു. അതു ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടിയാണല്ലോ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഒരു സർവമത സമ്മേളനം 1924ൽ ഗുരു സംഘട‌ിപ്പിച്ചത്. ഏഷ്യാചരിത്രത്തിൽ ആദ്യത്തെ സർവമതസമ്മേളനവും അതായിരുന്നു. മതവിശ്വാസികൾ തമ്മിൽ വേണ്ടത് വാദിക്കാനും ജയിക്കാനും ഉള്ള ശ്രമമല്ല, അറിയാനും അറിയിക്കാനും ഉള്ള തുറന്ന മനസ്സാണ് എന്നും കാണിക്കുന്ന വാക്യമാണല്ലോ സമ്മേളനകവാടത്തിൽ എഴുതിവച്ചിരുന്നതും. മാത്രമല്ല, സമ്മേളനാവസാനം ഗുരു ഒരു സന്ദേശം പൊതുജനങ്ങൾക്കായി നല്കി: "എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം.' മാത്രമല്ല, ശിവഗിരിമഠത്തിൽ ഒരു മതമഹാപാഠശാല ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതായും ഗുരു പ്രഖ്യാപിച്ചു. എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്നുണ്ടെങ്കിൽ, മതങ്ങളെ വിഗണിച്ചുകളയാൻ സാദ്ധ്യമല്ലല്ലോ. മതങ്ങളെ വിഗണിക്കുന്നതിന്റെ സ്ഥാനത്ത് എല്ലാ മതങ്ങളെയും അംഗീകരിക്കുകയാണ് ഗുരു ചെയ്തതെന്നു വേണം കരുതാൻ.

ഇതിനെല്ലാം ഉപരിയുള്ളതാണ് ആത്മോപദേശശതകത്തിൽ 43 മുതൽ 49 വരെയുള്ള പദ്യങ്ങൾ. മനുഷ്യജീവിതത്തിൽ മതബോധത്തെ അനിവാര്യമാക്കിത്തീർക്കുന്ന താത്വികമായ വശമാണ് 43-ാം പദ്യത്തിൽ എടുത്തുകാണിക്കുന്നത്. മതത്തെപ്പറ്റി നേരിട്ടുള്ള പരാമർശം ആ ശ്ളോകത്തിൽ ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള അതിന്റെ സാംഗത്യം പലരും കാണാറില്ല എന്നു മാത്രം. പദ്യം 44-ൽ ആണ് "പല മതസാരവും ഏകം' എന്ന സൂക്തം വരുന്നത്. ഏകമായ ഈ പലമതസാരം കണ്ടെത്താൻ മനുഷ്യനോട് ആഹ്വാനം ചെയ്യുകയാണ് ഗുരു ചെയ്യുന്നത്. മാത്രമല്ല, ആ പലമതസാരമായിരിക്കുന്ന "ഒരുമതം' ഏതെന്നു വ്യക്തമായി തന്നെ 49-ാം ശ്ളോകത്തിൽ പറയുന്നുമുണ്ട്. അതിങ്ങനെയാണ് :

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിരുന്നു;

ജഗതിയിലിമ്മതമേകമെന്നു ചിന്തി-

ച്ചഘമണയാതകതാരമർത്തിടേണം.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നു ഗുരു പറഞ്ഞപ്പോൾ അർത്ഥമാക്കിയ "ഒരു മതം' ഏത് എന്നതിൽ പലർക്കും അക്കാലത്തുതന്നെ സംശയമുണ്ടായിരുന്നു. ഏതു മതത്തിലും ഓരോരുത്തരും വിശ്വസിക്കുന്നത് ആത്മസുഖം കൈവരുത്താനുള്ള യത്നത്തിന്റെ ഭാഗമായിട്ടാണ്. ആത്മസുഖത്തിനു വേണ്ടിയുള്ള യത്നം എപ്പോഴും നടക്കുന്നു. അതിന്റെ ഭാഗമായാണ് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നത്. ഇതു തന്നെയാണ് ഗുരുവിന്റെ ഏക മതം.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഗുരു മതങ്ങളെ നിരാകരിക്കുകയല്ല ചെയ്തത്. അവയെ താൻ കാണുന്ന ഏക മതത്തിൽ സമന്വയിച്ചു ദർശിക്കുക മാത്രമാണ്. അതിനാൽ ആ നിലപാടിനെ മതാതീതമെന്നോ, മതനിരപേക്ഷമെന്നോ വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല.

ശിവഗിരിമഠത്തിൽ വിശ്രമിക്കുന്ന അവസരങ്ങളിൽ ഗുരുവിന്റെ ആവശ്യപ്രകാരം ക്രിസ്തുമതപണ്ഡിതന്മാരും ഇസ്ളാംമതസ്ഥരും അവിടെ വന്ന് ബൈബിളും ഖുർ-ആനും വായിച്ചു കേൾപ്പിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ചില ബൈബിൾ വാക്യങ്ങൾക്കും ഖുർ-ആൻ വാക്യങ്ങൾക്കും ഗുരു നല്കിയ അർത്ഥവിശകലനം ആ പണ്ഡിതന്മാരെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും കേട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഗുരുവിന്റെ ഏകമതം മതനിരപേക്ഷതയോ മതാതീതതയോ ആയിരുന്നില്ല; മറിച്ച് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു എന്നാണ്.

ആത്മീയതയും ആദ്ധ്യാത്മികതയും

"മെറ്റീരിയലിസം', "ഐഡിയലിസം' എന്നിങ്ങനെ രണ്ടു തത്വചിന്താപരമായ വാദഗതികൾ പാശ്ചാത്യലോകത്തുണ്ട്. അതിനു സമാനമായി ഭാരതത്തിലുള്ളതാണ് ഭൗതികവാദം, ആത്മീയവാദം എന്നിവ. അടിസ്ഥാനപരമായി നോക്കിയാൽ അദ്വൈതദർശനമോ നാരായണഗുരുദർശനമോ ഇങ്ങനെയൊരു ചിന്താപരമായ വിഭാഗീകരണത്തിനു അവസരം നല്കുന്നില്ല. ഗുരു തന്റെ അദ്വൈതദർശനം തന്റേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് "ആത്മോപദേശശതക'ത്തിലാണ്. ആ കൃതിയിൽ എന്താണ് പഠനവിധേയമാക്കാൻ പോകുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് ആ അദ്വൈതസത്യത്തെപ്പറ്റി ഗുരു ആദ്യശ്ളോകത്തിൽത്തന്നെ പറയുന്നത്,

"അറിവിലും ഏറി അറിഞ്ഞിടുന്നവൻ താ-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരു''

എന്നാണ്. അതായത്, സാധാരണമായ അറിവിന്റെ തലത്തിനപ്പുറത്തുള്ളതും, അറിയുന്നവന്റെ ആന്തരികസത്തയെന്ന നിലയിൽ ആത്മീയമായറിയേണ്ടതായും, ബാഹ്യസത്തയെന്ന നിലയിൽ ഭൗതികമായറിയേണ്ടതായും ഒരേസമയം ഉജ്ജ്വലിച്ചുനില്ക്കുന്നതുമായ ഏക സത്യമാണ് അതിൽ പഠനവിഷയമായിത്തീരുന്ന അദ്വയമായ ആത്മാവ്. താത്ത്വികമായി ഇത്തരത്തിൽ ആത്മീയമായതിനെയും ഭൗതികമായതിനെയും അദ്വയമായി കാണുന്നതോടൊപ്പം ഭൗതികമായ കാര്യങ്ങൾക്കും ആത്മീയമായ കാര്യങ്ങൾക്കും ഒരേസമയം സാധാരണമായ മനുഷ്യജീവിതത്തിൽ സ്ഥാനമുണ്ടായിരിക്കണം എന്നാണ് ഗുരു ഉദ്ദേശിച്ചിരുന്നത്.

അതിനാൽ, ഭൗതികവാദത്തിന്റെ പ്രതിയോഗിയെന്ന നിലയിലുള്ള ആത്മീയവാദത്തിന്റെ വക്താവായിരുന്നു ഗുരു എന്നു കരുതുക വയ്യ. ഭൗതികതയ്ക്കും ആത്മീയതയ്ക്കും അതീതവും രണ്ടിനെയും ഉൾക്കൊള്ളുന്നതുമായ അദ്വൈതദർശനമായിരുന്നു ഗുരുവിന്റേത്. അതിലേക്ക് നമ്മെ നയിക്കുന്ന പഠനങ്ങൾക്കും ശാസ്‌ത്രങ്ങൾക്കും ആദ്ധ്യാത്മികം എന്ന പേരാണ് ഭാരതത്തിൽ പണ്ടുമുതലേ പ്രചാരത്തിലുള്ളത്. ഉപനിഷത്തുകൾ, പുരാണങ്ങൾ മുതലായവയെ ആദ്ധ്യാത്മിക ശാസ്‌ത്രങ്ങൾ എന്നാണല്ലോ വിളിച്ചുപോരാറുള്ളത്. അവയെ ആത്മീയശാസ്‌ത്രം എന്ന് വിളിക്കാറേയില്ല.

"ആത്മീയം' എന്ന വാക്ക് "ആദ്ധ്യാത്മികം' എന്ന അർത്ഥത്തിൽ ചിലപ്പോഴൊക്കെ മലയാളത്തിൽ പ്രയോഗിച്ചുപോരാറുണ്ട്. "ആത്മീയം'എന്ന വാക്കിന് "സ്വന്തം', "തനിക്കുള്ളത്,' "തന്നെ സംബന്ധിച്ചത്' എന്നൊക്കെയാണ് ശബ്ദതാരാവലിയിൽ അർത്ഥം പറഞ്ഞുകാണുന്നത്. ഒരു വിശേഷണപദമായി "ആത്മീയ' ശബ്ദം പ്രയോഗിക്കുമ്പോൾ "തന്നെ സംബന്ധിച്ചത്' എന്ന അർത്ഥം കഴിഞ്ഞിട്ട് ആത്മാവിനെ സംബന്ധിച്ച, ആദ്ധ്യാത്മികമായ എന്ന അർത്ഥങ്ങളും രണ്ടാമതായി ശബ്ദതാരാവലിയിൽ കൊടുത്തിട്ടുണ്ട്. അപ്രധാനമായ അർത്ഥം മാത്രമാണത് എന്നത് അതിൽനിന്നു വ്യക്തമാണ്.

സംസ്കൃത സാഹിത്യത്തിൽ എവിടെയും കാണാം, "ആത്മീയം' എന്ന വിശേഷണം "തന്റേത്' എന്ന അർത്ഥത്തിൽ പ്രയോഗിച്ചുപോരുന്നത്. നാരായണഗുരുവിന്റെയും സംസ്കൃതത്തിലുള്ള സ്തോത്രകൃതികളിൽ "ആത്മീയദന്തം' എന്ന ഗണപതിയുടെ കൊമ്പിനെപ്പറ്റിയും, "ആത്മീയസ്തനം' എന്ന് ദേവിയുടെ സ്തനത്തെപ്പറ്റിയും പരാമർശിച്ചിരിക്കുന്നതുകാണാം. മേല്പറഞ്ഞ പ്രയോഗരീതി പരിചയമില്ലാത്തവർക്ക് ആദ്ധ്യാത്മികമായ ദന്തമോ ആദ്ധ്യാത്മികമായ സ്തനമോ ഉണ്ടോ എന്നു സംശയിച്ചേക്കാം. തന്റെ ദന്തം, തന്റെ സ്തനം എന്നൊക്കെയേ അവിടെ അർത്ഥമുള്ളൂ. അതിനാൽ ആദ്ധ്യാത്മികം എന്ന അർത്ഥത്തിൽ "ആത്മീയം' എന്ന വാക്കു പ്രയോഗിക്കാതെ "ആദ്ധ്യാത്മികം' എന്നുതന്നെ പ്രയോഗിക്കുന്നതായിരിക്കും ഉത്തമം.

പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ് എന്നും ഉള്ള രണ്ടു പദങ്ങൾ കൊണ്ടാണല്ലോ സൂചിപ്പിച്ചുപോരുന്നത്. അതിന്റെ സ്വരൂപം കണ്ടെത്തേണ്ടത്, തന്റെ തന്നെ സ്വരൂപം അവരവർ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അതു വച്ചുകൊണ്ടാണ് "ആദ്ധ്യാത്മികം' എന്നും "അദ്ധ്യാത്മം' എന്നുമുള്ള വാക്കുകൾ ഉണ്ടായത്. "ആത്മം' എന്ന പദത്തിനോട് "അധി' എന്ന ഉപസർഗ്ഗം ചേർന്നതാണ് "ആദ്ധ്യാത്മം'. "അധി' സൂചിപ്പിക്കുന്നത് "അധിഷ്ഠാനമാക്കുക' എന്നതിനെയാണ്. അതായത്, ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യം കണ്ടെത്തുന്നതിന് ഉപകരിക്കുന്ന വിദ്യയാണ് ആദ്ധ്യാത്മികവിദ്യ. അതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം. നാരായണഗുരുവിന്റെ എല്ലാ കൃതികളും ആ ഗണത്തിൽപ്പെടുന്നതാണ്. അദ്ധ്യാത്മം എന്ന പദത്തിലെ "ആത്മ' ശബ്ദത്തിന് "ഞാൻ' എന്നും അർത്ഥമുണ്ടല്ലോ. "ആത്മഹത്യ'എന്നാൽ, "ഞാൻ എന്നെത്തന്നെ കൊല്ലുക' എന്നാണല്ലോ. അപ്പോൾ ഞാൻ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ ആത്മസത്യത്തെ അറിയുന്നതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം.

വ്യക്തിസത്തയെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ "അദ്ധ്യാത്മം' എന്ന വാക്ക് ചില ഉപനിഷത്തുകളിൽ പ്രയോഗിച്ചുകാണാം. അതിന്റെ വിപരീതവശമായി എപ്പോഴും "അധിദൈവതം' എന്നതുകൂടി അവിടെത്തന്നെ ഉണ്ടാവുമെന്നുമാത്രം.


സമഷ്ടിസത്തയെ, അഥവാ ഏതൊന്നിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നോ അതിനെ സമസ്തവിശ്വത്തിന്റെ വശത്തുനിന്നുകൊണ്ട് നോക്കിയാലുള്ളതാണ് അധിദൈവതം. ഉദാഹരണത്തിന് ഭൂമി എന്നതിന്റെ ആദ്ധ്യാത്മവശമാണ് ശരീരം. അതിന്റെതന്നെ അധിദൈവത വശമാണ് ഭ‌ൗതികലോകം, അഥവാ ഭൂഗോളവും മറ്റു ഗോളങ്ങളും ചേർന്നത്. ഈ ദ്വൈതത്തിനുപോലും അവസരമില്ലാത്തതാണ് തികച്ചും തത്ത്വപരമായ ആദ്ധ്യാത്മിക ദർശനം.

ഇതൊക്കെ വച്ചുകൊണ്ട് നോക്കുമ്പോൾ നാരായണഗുരുവിന്റെ സത്യദർശനത്തിന്റെ സ്വഭാവത്തെ ആത്മീയത എന്നു വിളിക്കുന്നതിനേക്കാൾ കൂടുതൽ യുക്തം "ആദ്ധ്യാത്മികത' എന്നു വിളിക്കുന്നതായിരിക്കും എന്നു തോന്നുന്നു.

Courtesy ~ http://manojvakkeel.blogspot.in/2013/12/blog-post_2111.html

ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ - കെ.സദാനന്ദൻ വൈദ്യർ


ചരിത്രകാരൻ അനശ്വരനല്ല .... അയാൾ ചരിത്രത്തിന്റെ ദ്രിക്സാക്ഷിയുമല്ല . പല ചരിത്രകാരൻ മാരും പലരും ബൗധിക തീവ്രവാദം വഴി കേരളത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവ - സമുദായത്തെ പല ചരിത്രവും അടിച്ചേൽപ്പിച്ചു നിഷ് പ്രഭ മാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .

നഗമയ്യ - പദ്മനാഭ മേനോൻ - ഡോക്ടർ തഴ്സ്റ്റണ്‍ - ഇ
ളംകുളം കുഞ്ഞൻ പിള്ള - കെ സദാനന്ദൻ വൈദ്യർ - തുടങ്ങിയ ചരിത്രകാരൻ 'ചേകവ ചരിത്രത്തെ' കുറിച്ച് വിലപ്പെട്ട അറിവുകൾ പകർന്നു തന്നിട്ടുണ്ട് . ചേകവരുടെ സ്ഥിതി മുൻകാലങ്ങളിൽ തിളക്കമാർന്നതായിരുന്നു. തിരുവിതാംകൂറിന്റെ പിതാവായ മാർത്താണ്ഡവർമ്മ യാണ് തിരുവിതാംകൂറിൽ ബ്രഹ്മണാധിപധ്യം അരക്കിട്ടുറപ്പിച്ചത്. മതിലകം രേഖകളിൽ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആദരണീയ സ്ഥാനങ്ങൾ ചേകവന്മാർ വഹിച്ചിരുന്നതായി കാണാം. കേരളം - തമിഴ്നാട്‌ - കർണാടകം - ശ്രീലങ്ക - ആന്ധ്ര എന്നിവിടങ്ങളിലെ പ്രബല ജനതയാണീവർ
. ധനം കൊണ്ടും, വിദ്യ കൊണ്ടും, കായികബലം കൊണ്ടും, പ്രാബല്യം നേടിയ ധാരാളം ഈഴവ തറവാടുകൾ ഇന്നും പ്രൌഡിയോടെ നിലനിൽക്കുന്നത്‌ കാണാം. ഈ അവസരത്തിൽ കെ സദാനന്ദൻ വൈദ്യർ രചിച്ച 'ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ' - എന്ന ചരിത്ര പുസ്തകത്തിലേക്ക് ഒന്ന് നോക്കാം.

മാർത്താണ്ഡവർമ്മ 1729 - നും, 1758 - നും മദ്ധ്യേയുള്ള കാലയളവിലാണല്ലോ തിരുവിതാംകൂർ സ്ഥാപിക്കുന്നത്. തിരുവിതാംകൂർ സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. തിരുവിതാംകൂർ കായംകുളം അക്രമിക്കുംപോൾ ഡിലനോയിക്ക് ഒപ്പം പട നയിച്ചത് 'രണകീർത്തി ചേകവരായിരുന്നു'. കായംകുളം രാജാവിന്റെ പട തലവൻ ചേകവരായ' പത്തീനാഥപണിക്കർ' ആയിരുന്നു. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ഇവർ രണ്ടുപേരും അടുത്ത ബന്ധുക്കൾ ആണെന്നുള്ളതാണ്. 'രണകീർത്തി' യുടെ നേതൃത്വത്തിൽ കായംകുളം കീഴ്പ്പെടുത്തിയപ്പോൾ കായംകുളം രാജാവിന്റെ പട തലവൻ സ്വന്തം രാജ്യം രക്ഷിക്കാനാവാതെ 'പത്തീനാഥപണിക്കർ' സ്വന്തം വാൾ ശരീരത്തിൽ കുത്തിഇറക്കി ആത്മാഹൂതി ചെയ്തു. ഇദ്ദേഹത്തെ 'വാറണപള്ളി തറവാട്ടിൽ' യോഗീശ്വരനായി കുടിഇരുത്തി ആരാധിക്കുന്നു. 1758 - ൽ തന്റെ 52 - ആം വയസിൽ മാർത്താണ്ഡവർമ്മ നാടുനീങ്ങി. മാർത്താണ്ഡവർമ്മക്ക് ശേഷം 1758 -ൽ ഭരണമേറ്റ കാർത്തിക തിരുന്നാൾ രാമവർമയുടെയും സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. മരണ ഭയം ഇല്ലാത്തവരും സത്യത്തെ മുറുകെ പിടിക്കുന്നവരുംമായിരുന്നു ചേകവന്മാർ. 1798 -ൽ കാർത്തിക തിരുന്നാൾ രാമവർമ നാടുനീങ്ങി. തുടർന്ന് 16 വയസിൽ അധികാരത്തിൽ വരുകയും 29 വയസിൽ നാട് നീങ്ങുകയും ചെയ്ത ബാലരാമവർമ്മ ദുർബലനും അപ്രാപ്ത്തനും ആയിരുന്നു. അദ്ദേഹം ഉപദേശകൻ ഉതിയേരി ജയന്തൻ നമ്പൂതിരിയുടെ ഏഷണിയിൽ പെട്ട് രാജാ കേശവദാസനെ ദളവ സ്ഥാനത്തുനിന്നും മാറ്റി. പകരം ജയന്തൻ നമ്പൂതിരി ദളവ സ്ഥാനത്തു വന്നു. രണ്ടു മാസം മാത്രമേ ഇദ്ദേഹം ദളവ സ്ഥാനത്തു ഇരുന്നൊള്ളൂ. പ്രത്യേക നികുതിക്കുവേണ്ടി ജയന്തൻ നമ്പൂതിരി കൈകൊണ്ട ക്രൂ രതകൾ കാരണം വേലുത്തമ്പി വൻ പ്രക്ഷോപം തുടങ്ങി. അതിന്റെ ഫലമായി ജയന്തൻ നമ്പൂതിരിയെ ദളവ സ്ഥാനത്ത്‌ നിന്ന് മാറ്റി നാടുകടത്തി. അങ്ങനെ 1801 - ൽ വേലുത്തമ്പി തന്റെ 36 വയസിൽ ദളവയായി. ഉണ്ണിആർച്ചയുടെ സഹായത്തോടെ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ടിപ്പു സുൽത്താനെ വധിച്ചതോടെ തിരുവിതാംകൂറിന്റെ ശത്രു ഭയം നീങ്ങി. വേലുത്തമ്പി ദിവാനായി എത്തിയതോടെ തിരുവിതാംകൂറിന്റെ സൈന്യത്തിൽ നിന്നും ചേകവന്മാരെ മുഴുവൻ പിരിച്ചുവിട്ടു. പകരം നായന്മാരെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. അങ്ങനെ വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ സൈന്യത്തെ നായർ സൈന്യമാക്കി മാറ്റി. പിന്നെ സർക്കാർ ചിലവുകൾ വെട്ടി കുറയ്ക്കാനായി ഒരു പദ്ധതി വേലുത്തമ്പി നടപ്പാക്കി. ഇതിന്റെ ഭാഗമായി നായർ സൈന്യത്തിന്റെ ശമ്പളം വെട്ടി കുറച്ചു. അതിൽ നായർ പടയാളികൾ തമ്പിക്ക് നേരെ തിരിഞ്ഞു. അവർ വേലുതമ്പിക്കെതിരെ ലഹള തുടങ്ങി. അവർ രാജ കൊട്ടാരം ആക്രമിച്ചു. അങ്ങനെ ഗതി മുട്ടിയ അവസ്ഥയിൽ വേലുത്തമ്പി ലഹളക്കാർക്കെതിരെ കഠിന ശിക്ഷ നൽകണ മെന്നാവശ്യവുമായി 'റസിഡന്റ് മെക്കാളെ പ്രഭുവിനെ' ശരണം പ്രാപിച്ചു. മെക്കാളെയാകട്ടെ ആ സമയം നന്നായി ഉപയോഗിച്ച് - കമ്പനി സൈന്യത്തെ അയച്ചു ലഹള അടിച്ചമർത്തി. ഇതോടെ മെക്കാളെ വേലുത്തമ്പിക്ക് മേലുള്ള പിടി മുറുക്കി. തിരുവിതാംകൂറിനെ കമ്പനിക്കു അടിമയക്കുംവിധം റസിഡന്റ് മെക്കാളെ മോന്നോട്ടുവെച്ച ഉടമ്പടി ബാലരാമവർമ്മ മഹാരാജാവിനെ കൊണ്ട് വേലുത്തമ്പി നിർബന്ധ പൂർവ്വം ഒപ്പ് വപ്പിച്ചു. ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം തിരുവിതാംകൂറിൽ ഏതു നിയമം കൊണ്ടുവരാനും-തിരുവിതാംകൂറിനെ കമ്പനിക്കു എപ്പോൾ വേണ മെങ്കിലും ഏറ്റെടുക്കാ വുന്നതുമായ അവസ്ഥ കൈവന്നു. കൂടാതെ തിരുവിതാംകൂറിന്റെ രക്ഷക്കായുള്ള കമ്പനി പട്ടാളത്തിന് ചിലവിനായി പ്രതി വർഷം 4 ലക്ഷം ഏന്നുള്ളത് 8 ലക്ഷമായി കൂട്ടി. കൂടാതെ വേലുത്തമ്പി യുടെഏല്ലാ തീരുമാനങ്ങളും റസിഡന്റ് മെക്കാളെ റദ്ദു ചെയ്യാൻ തുടങ്ങി. ഒടുവിൽ സിഡന്റ് മെക്കാളയെ ചതിവിൽ വധിക്കാൻ വേലുത്തമ്പി പദ്ധതി തയാറാക്കി. അതിനായി മെക്കാളയോട് പകയുളള പാലിയത്തഛനെ കൂട്ട് പിടിച്ചു. രണ്ടു പേരും സൈന്യവുമായി റസിഡന്റ് മെക്കാളെ താമസിക്കുന്ന ബോൾഗാട്ടി പാലസിൽ രാത്രി കടന്നു കയറി. എന്നാൽ അവർക്ക് റസിഡന്റ് മെക്കാളെയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവർ കമ്പനിക്കു നേരെ തിരുവിതാംകൂറിന്റെ അറിവോ സമ്മതമോ കൂടാതെ യുദ്ധം തുടങ്ങി. തുടർന്ന് വേലുതമ്പിയെ ദിവാൻ സ്ഥാനത്തുനിന്ന് മഹാരാജാവ് പുറത്താക്കി പുതിയ ദിവാനെ നിയമിച്ചു. വേലുത്തമ്പിയെ പിടിച്ചു കൊടുക്കുന്നവർക്ക്‌ അൻപതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. യുദ്ധത്തിൽ വേലു തമ്പിയുടെ ആൾകാർ പരാജയ പെട്ടു. തമ്പിയും അനുജനും രക്ഷാസ്ഥാനം തേടി ഓടി.

തിരുവിതാംകൂർ സൈന്യത്തിൽനിന്നും വേലുത്തമ്പി പിരിച്ചു വിട്ടിരുന്ന 'ചേകവപടയെ' ബ്രിറ്റീഷ് ഈസ്റ്റിന്ത്യ കമ്പനി അപ്പാടെ അവരുടെ സൈന്യ ത്തിലേക്ക് ചേർത്തിരുന്നു. ഈ ചേകവ പടയെയാണ് കമ്പനി വേലുത്തമ്പിയെ പിടിക്കാൻ നിയോഗിച്ചത്. അവർ തമ്പിയെ പിൻതുടർന്ന് 'മണ്ണടി ക്ഷേ ത്രത്തിൽ' എത്തി. ക്ഷേത്ര പൂജാരിയുടെ വീട്ടിൽ അനുജൻ പദ്മനാഭൻ തമ്പിയോടൊപ്പം ഒളിച്ചിരുന്ന വേലുത്തമ്പി 'ചേകവ പട' വീട് വളഞ്ഞതറിഞ്ഞു ആത്മഹത്യ ചെയ്തു. അത് 1809 - മാർച്ച്‌ - 29 - നായിരുന്നു . തമ്പിയുടെ അനുജൻ പദ്മനാഭൻ തമ്പി 'ചേകവ പടക്ക്' കീഴടങ്ങി. 1809 ഏപ്രിൽ 9 - നു കൊല്ലം ഹസൂർ കച്ചേരി വളപ്പിലെ മരത്തിൽ പദ്മനാഭൻ തമ്പിയെ പരസ്യമായി തൂക്കി കൊന്നു. ഇതിൽ നിന്നും ഈഴവന്മർ തിരുവിതാംകൂർ ഭരണത്തിൽ നിന്നും എന്ന് മുതൽക്കാണ്‌ - ഏങ്ങിനെയാണ്‌ പുറത്തായതെന്നും - ആരാണ് പുറത്താക്കിയതെന്നും മനസിലാക്കാം.

എന്നാൽ 1888 - മുതൽ ഈഴവരുടെ ഉയർത്തെഴുനേൽപ്പിന്റെ കാലമാണ്. ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്തു നടത്തിയ ശിവ പ്രതിഷ്ട മഹാ ദീപസ്തംഭമായി. സംഘടിത ബലം കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് അയിത്തം. അത് സംഘടിത ബലം കൊണ്ട്തന്നെ മാറും എന്ന ഗുരു വചനം ഉൾക്കൊണ്ട്‌ 1903 - ൽ സ്ഥാപിതമായ എസ് എൻ ഡി പി യോഗത്തിൽ അണിനിരന്ന ഈഴവർ അവർക്ക് കൈവിട്ടുപോയതെല്ലാം ഒന്നൊന്നായി പിടിച്ചു വാങ്ങാൻ തുടങ്ങി.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ജന സമൂഹം ഇവരാണ്. " സംഘടിച്ചു ശക്തരകുക - വിദ്യ കൊണ്ട് പ്രബുദ്ധരാകുക " - എന്ന ഗുരുദേവ വചനം സിരസ്സാ വഹിച്ച് നമുക്ക് ഒറ്റകെട്ടായി മുന്നോട്ടു നീങ്ങാം. "ഗുരു ചരണം ശരണം".

[" ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ " - വർക്കല നളന്ദ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. വില - 70 രൂപ. തിരുവനന്തപുരം ഗുരു ബുക്സിൽ പുസ്തകം ലഭിക്കും. ഗുരു ബുക്സ് ശിവബാബുവിന്റെ ഫോണ്‍ - 9633438005.]

http://shreenarayanaguru.blogspot.in/2014/10/blog-post_29.html


Tuesday, 6 January 2015

നിത്യചൈതന്യയതി എന്ന സൗരഭ്യം

ആദ്ധ്യാത്മികതയുടെ നിത്യചൈതന്യമായിരുന്നു നിത്യ. പാശ്ചാത്യ പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരുനിത്യ ചൈതന്യയതി.കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് ആത്മീയതയുടെ ഉന്നത ശൃംഗങ്ങളില്‍ എത്തി ലോക ആചാര്യനായി മാറിയ അദ്ദേഹത്തിന്റെ ജീവിതം വിശുദ്ധിയുടേയും സ്‌നേഹത്തിന്റെയും സാക്!ഷിപത്രമാണ്. നവംബര്‍ രണ്ട് അദ്ദേഹത്തിന്റെ ജയന്തി ദിനമാണ്.
 
ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍ 2, 1923-മേയ് 14 1999). ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമനാമം. ശ്രീനാരായണഗുരുവിന്റെ രണ്ടാം പിന്‍ ഗാമിയായി കണക്കാക്കപ്പെടുന്നു(ശ്രീനാരായണഗുരുവിന്റെ പിന്‍ ഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
 
പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.രമണ മഹര്‍ഷിയില്‍ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
 
സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.
കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യൂ സീ കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു.
 
1951ല്‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിന്‍ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗ്ഗം (സ്വധര്‍മ്മം) തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.
 
അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ആംഗലേയത്തില്‍ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും 'ലോക പൗരന്മാ!രുടെ ലോക ഗവര്‍ണ്‍മെന്റ്' എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു.അദ്ദേഹം 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ സമാധി പ്രാപിച്ചു.
 
വ്യത്യസ്ത ആശയങ്ങളിലൂടെ നടക്കുന്നവരുടെ ഒത്തുചേരലായിരുന്നു നിത്യ ചൈതന്യ യതിയുടെ സൗഹൃദങ്ങള്‍. മതങ്ങള്‍ വരച്ചിടാത്ത ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതിക്ക് ലോകത്തിന്റെ നാനാഭാഗത്തും ശിക്ഷ്യന്മാരുടെ നീണ്ട നിരയുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റ് പണ്ഡിതന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. 
 
വിദ്യാര്‍ഥിയായിരുന്ന കാലത്ത് ക്ലാസില്‍വെച്ചുണ്ടായിരുന്ന അനുഭവം വായിച്ചാല്‍ മാത്രം മതി യതിയുടെ ദര്‍ശനം ലളിതമായി മനസിലാക്കാന്‍. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലും സന്യാസം സ്വീകരിച്ചതോടെ യതിയായി മാറുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രചാരകനും പ്രയോക്താവുമായിരുന്ന നടരാജഗുരുവിനു ശേഷം ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു യതി. സന്ന്യാസിയായിരുന്നെങ്കിലും വിവിധ മതപണ്ഡിതന്മാരുടെ ഇടയില്‍ യതിയുടെ പഠനങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. 'ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പാണ്ഡിത്യം നേടുകയും പഠിപ്പിക്കുകയും ചെയ്തു. പ്രാചീന കാലഘട്ടം, മദ്ധ്യകാലഘട്ടം, ആധുനിക കാലഘട്ടം തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലെ ദര്‍ശനങ്ങളെക്കുറിച്ച് യതി പഠനം നടത്തിയിട്ടുണ്ട്.  ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം വീടുവിട്ട് സാധുവിനെപ്പോലെ 'ഭാരതത്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. ഈ യാത്രക്കിടെ ഗാന്ധിജിയുമായും പ്രശസ്തരായ നിരവധി വ്യക്തികളുമായും അടുത്ത് ഇടപഴകാനും അവരില്‍നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്നാണ് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചത്.
സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.പലസ്ഥലങ്ങളിലും സഞ്ചരിച്ചശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യു സി കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു. 
 
അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠിച്ചു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ സമയത്ത് വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു. നടരാജ ഗുരുവിന്റെ മരണത്തിനു ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗം തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.അദൈ്വത വേദാന്തത്തിന്റെയും 'ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. 
ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന 'ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 80 പുസ്തകങ്ങളും രചിച്ചു. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും ലോക പൗരന്മാരുടെ ലോക ഗവണ്‍മെന്റ്' എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും പ്രവര്‍ത്തിച്ചു. 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് യതി വിടപറഞ്ഞത്.
 
ഭഗവദ്ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന,  ബൃഹദാരണ്യകോപനിഷദ്,  ഏകലോകാനുഭവം, പ്രേമവും അര്‍പ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍, ദര്‍ശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം, ആത്മകഥ, സ്‌നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുര്‍ആന് ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ്  അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍. 
 
അറിവിന്റെ മഹാസാഗരങ്ങളിലൂടെയാണ് ഗുരു തന്റെ ജീവിതയാനം തുഴഞ്ഞത്. ജപമാലകള്‍ ഉരുക്കുഴിഞ്ഞ് ഏതെങ്കിലും ഒരു ആശ്രമ സങ്കേതത്തില്‍ സ്തുതിപാഠകളായ അനുയായികളുമായി ഒത്തു ചേര്‍ന്നു കപട അധ്യാത്മീകതയുടെ ചെപ്പടിവിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഗീതയും ഖുറാനും ബൈബിളും വേദങ്ങളുമൊക്കെ തന്റെ ആത്മീയ മണ്ഡലത്തില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. അവയുടെ അന്തഃസത്തയറിഞ്ഞു ജീവിച്ചു. ചരാചരങ്ങളെ സംബന്ധിക്കുന്നതെല്ലാം പഠനവിഷയമാക്കി. കലയും ശാസ്ത്രവും മതബോധനങ്ങളും വേദങ്ങളുമെല്ലാം അറിവിന്റെ അന്വേഷണ ത്വരയില്‍ നിറഞ്ഞു. അതുകൊണ്ടുതന്നെ പരിമിതികളില്ലാത്ത ജ്ഞാനത്തിന്റെ മഹാവനങ്ങളില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ രചനകള്‍ സൂര്യതേജസേറ്റു തിളങ്ങി നിന്നു.



ജാതിയും മതവും: ശ്രീ നാരായണഗുരു.


ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് നാരായണഗുരുവിന്റെ കാലത്ത്, ഈഴവ നേതാക്കന്മാര്‍ക്ക്,ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച്  ഒരു സംഭാഷണം നടന്നു.

ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ?

സഹോ: മനുഷ്യന്‍ നന്നാകുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്.

ഗുരു: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? ബുദ്ധന്റെ ഉപദേശം പോലെ ക്രിസ്തുവിന്റെ ഉപദേശവും നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ? ആ മറ്ജ്ഹങ്ങളില്‍ പെട്ട എല്ലാവരും നല്ലവരാണോ? അതുകൊണ്ട് മതം ഏതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം.അല്ലെങ്കില്‍ അധപ്പതിക്കും.മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ട്ടിക്കുന്ന എല്ലാവരുടെയും ആചാരവും നല്ലതായിരിക്കുമോ? അങ്ങനെയല്ലല്ലോ കാണുന്നത്? അതിനാല്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല! പ്രവര്‍ത്തി ശുദ്ധമായിരിക്കണം. അതാണ്‌ ആവശ്യം. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" അതാണ്‌ നമ്മുടെ അഭ്പ്രായം.

ഈ സംഭാഷണത്തിന്റെ അന്ത്യത്തില്‍ ഗുരു അങ്ങനെ അരുളിയ സൂക്തമാണ് "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നത്.

ഒരിക്കല്‍ നാരായണ ഗുരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, അതേയ് കമ്പാര്‍ട്ട്മെന്റില്‍  സഹയാത്രികരായി ഒരു രാജകുടുംബാങ്ങവും ഒരു നമ്പൂതിരിയും ഉണ്ടായിരുന്നു. ഗുരുവിന്റെ പെരുമാറ്റവും ഭാവവും സംഭാഷണവും അവരെ വളരെ ആകര്‍ഷിക്കുകയും, അവര്‍ക്ക് ഗുരുവില്‍ ബഹുമാനം തോന്നുകയും ചെയ്തു. ഒടുവില്‍ അവര്‍ ഗുരുവിനോട് ചോദിച്ചു:

രാജ: നിങ്ങളുടെ പേര്?

ഗുരു: നാരായണന്‍.

രാജ: ജാതിയില്‍ ആരാണ്?

ഗുരു: കണ്ടാല്‍ അറിഞ്ഞുകൂടേ?

രാജ: അറിഞ്ഞുകൂടാ.

ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടെങ്കില്‍ പിന്നേ കേട്ടാല്‍ അറിയുന്നതെങ്ങനെ?

ആ സംഭാഷണം അങ്ങനെ അവസാനിച്ചു. പിന്നീടൊരിക്കല്‍ ഗുരു പറഞ്ഞു, മനുഷ്യര്‍ക്ക്‌ ജാതി ഒന്നെന്നുല്ലതിനു തെളിവ് ഒന്നും വേണ്ട. ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. അവയെല്ലാം അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യന് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളെക്കാള്‍ മോശം, അതിനാല്‍ ജാതിലക്ഷണം എന്നാ കൃതിയില്‍ ഗുരു ഇങ്ങനെ എഴുതി:

ഇനമാര്‍ന്നുടല്‍ താന്‍ തന്റെ 

-യിനമേതൊന്നു ചൊല്കയാല്‍ 

ഇനമെതെന്നു കേള്‍ക്കില്ല 

നിനവും കണ്ണുംഉള്ളവര്‍  (ജാതിലക്ഷണം - ൫)

(ഇനം-ജാതി- ഏതെന്നു ഓരോ ഇനത്തിന്റെയും ഉടല്‍ (ശരീരം) തന്നേയ് സ്പഷ്ടമായി തെളിയിക്കുന്നതിനാല്‍, ചിന്താശക്തിയും, കാഴ്ച ശക്തിയുമുള്ളവര്‍, ആരോടും, നിങ്ങള്‍ ജാതിയിലാരാനെന്നു ഒരിക്കലും ചോദിക്കയില്ല)

ഗുരു 'ജാതിനിര്‍ണയം' എന്നാ കൃതിയില്‍ ആദ്യ ശ്ലോകത്തില്‍ ജാതി എന്തെന്ന് താത്വികമായി പ്രതിപാദിചിരിക്കുന്നു .

മനുഷ്യാണാം മനുഷ്യത്വം

ജാതിര്‍ ഗോത്വം ഗവാം യഥാ

ന ബ്രാഹ്മനാദിരസൈവം

ഹാ! തത്വം വേത്തി കോ പിന.

(പശുക്കള്‍ക്ക് പശുത്വം അഥവാ പശുഭാവം അല്ലെങ്കില്‍ അവസ്ഥ എങ്ങനെയോ അപ്രകാരം തന്നെയാണ് മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത്. ഇക്കാര്യത്തി ബ്രാഹ്മണന്‍ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ മുതലായവ) ഇല്ലതന്നേ. ഈ തത്വം, ഈ സത്യം ആരും അറിയുന്നില്ല എന്നത് കഷ്ടം തന്നേയ്!)


പാപനാശത്തിന്റെ പുണ്യ തീരത്ത്


പാപനാശിനി ഗംഗയാണെന്ന് ഭാരത സംസ്കാ രത്തില്‍ ഒരു വിശ്വാസം നില നില്‍ക്കുന്നുണ്ട്. കേരളത്തില്‍ പമ്പ, ഭാരതപ്പുഴ തുടങ്ങിയ നദിക ളെയും നമ്മള്‍ അങ്ങനെ വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ വര്‍ക്കല പാപ നാശം കടല്തീരത്തിനും ഇത്തരത്തില്‍ ഒരു പ്രത്യേകതയുണ്ട്. 













കര്‍ക്കിടക വാവ് ബലി ദിവസം വര്‍ക്കല പാപ നാശം തീരത്ത്‌ ആയിരക്കണക്കിന് ഭക്തര്‍ തങ്ങളുടെ ഉറ്റവര്‍ക്ക് ‌വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യാനും അവരുടെ ശേഷിപ്പുകളും ചിതാ ഭസ്മ വുമെല്ലാം നിമഞ്ജനം ചെയ്യുവാനു മൊക്കെയായി കാശിയിലെന്ന പോലെ ഇവിടെയും എത്തുന്നു. പാപനാശം എന്നും വര്‍ക്കല എന്നും ഈ കടല്‍ത്തീരത്തിന് പേര് വീണതിനു പിന്നില്‍ പല പല ഐതിഹ്യങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നുണ്ട് ; ഒരിക്കല്‍ നാരദ മുനിയുടെ സമീപം ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ പാപ പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയെത്തി. അപ്പോള്‍ നാരദമഹര്‍ഷി ഒരു വല്ക്കലം ( മരത്തിന്റെ തോല് കൊണ്ടുണ്ടാക്കിയ വസ്ത്രം) കടലിലേക്ക്‌ വലിച്ചെറിയുകയും അത് പിന്നീട് ഒരു കരയായി രൂപം ചെയ്തു എന്നും വല്ക്കലം പിന്നീട് വര്‍ക്കല യായെന്നും വിശ്വാസം. ഇവിടുത്തെ സ്നാനം ഒരു മനുഷ്യ ജന്മത്തിന്റെ പാപങ്ങള്‍ ഒഴുക്കി കളയുമെന്ന് വിശ്വാസങ്ങള്‍ പറയുന്നു. പാപ നാശത്തിലൊന്നു കുളിച്ചാല്‍ പാപങ്ങള്‍ തീരുമെന്ന് വിശ്വസിച്ച് ഇവിടെയെത്തുന്നത് നിരവധിപേര്‍. 

ഈ സമുദ്രതീരത്തിന് കേരളത്തിന്റെ ടൂറിസം മാപ്പില്‍ സുപ്രധാന സ്ഥാനമാണുള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 50 കി.മി വടക്ക് പടിഞ്ഞാറും കൊല്ലം ജില്ലയില്‍ നിന്ന് 37 കി.മി തെക്ക് പടിഞ്ഞാറുമാണ് വര്‍ക്കല സ്ഥിതി ചെയ്യുന്നത്. കോവളം പോലെ തന്നെ ഈ കടല്ത്തീരം വേനല്‍ക്കാലങ്ങളില്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണ്. കടല്ത്തീരത്തോട് ചേര്‍ന്നുള്ള കുന്നുകളാണ് വര്‍ക്കല തീരത്തിന് വശ്യമായ സൌന്ദര്യം നല്കുതന്നത്. എണ്‍പതുകളിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി വര്‍ക്കല കുന്നുകളുടെ മുകളില്‍ ഹെലിപ്പാഡ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നു നോക്കിയാല്‍ വര്‍ക്കല തീരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. സുപ്രസിദ്ധമായ ജനാര്‍ദ്ദന സ്വാമി ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.  2000 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ത്യയിലെ പ്രധാന വൈഷ്ണവ പ്രതിഷ്ഠകളില്‍ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഇത്. 'ദക്ഷിണ കാശി' എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. വളരെ മനോഹരമായ വാസ്തു ശില്പ്പങ്ങള്‍ കൊണ്ട് തന്നെ ചുറ്റമ്പലം വളരെ ആകര്‍ഷണീയമാണ്. രൂപകല്‍പ്പന കൊണ്ട് ഈ അമ്പലം വളരെ പ്രത്യേകതകളുള്ളതാണ് എങ്കിലും വളരെ പൌരാണികമായ ഒരു ഭാരത സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം. പടവുകള്‍ കയറി കല്ലുപാകിയ അമ്പലമുറ്റത്തേക്ക് കയറുമ്പോള്‍ ഇടതു ഭാഗത്ത് ഒരു കല്ലുകെട്ടിയ കിണര്‍ കാണാം. ഇത് വര്‍ഷങ്ങളായി ശുദ്ധജലം വറ്റാതെ ഒഴുകുന്ന ഒരു അരുവിയാണ്. ഇതുപോലെ നിരവധി ചെറു അരുവികള്‍ വര്‍ക്കല കുന്നുകളിലുണ്ട്.  'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന് കേരള ജനതയ്ക്ക് സന്ദേശമേകിയ നവോഥാന നായകന്‍ ശ്രീ നാരായണഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി മഠം സ്ഥിതി ചെയ്യുന്നതും മനോഹരമായ വര്‍ക്കലയില്‍ തന്നെയാണ്. ശ്രീ നാരായണഗുരുവിന്റെ ആശ്രമമായിരുന്ന വര്‍ക്കലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ചരിത്ര പുരുഷന്‍ താമസിച്ചിരുന്ന വീടും അദ്ദേഹം ഉപയോഗിച്ചിരുന്ന ഊന്നു വടികളും ചാരു കസേരയുമെല്ലാം തന്നെ ഇന്നുംപവിത്രമായി അവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ വിളംബരവും ചെമ്പഴന്തി ആശ്രമത്തിന്റെ ചുവരുകളില്‍ കാണാം. ശ്രീ നാരായണധര്‍മ്മ പരിപാലന യോഗം (SNDP) തുടങ്ങിയ കാലത്തെ രേഖകളും പ്രവര്‍ത്തനത്തിന്റെ പ്രധാന നാഴികക്കല്ലുകളുടെ രേഖകളുമെല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗുരുദേവന്‍ സഞ്ചരിച്ച വാഹനവും പ്രത്യേക മണ്ഡപത്തില്‍ വെച്ചിട്ടുണ്ട്. അവിടെ എത്തുന്ന ഓരോ യാത്രികര്‍ക്കും ജാതി മത ഭേദമന്യേ വര്‍ക്കല മുഴുവന്‍ ചുറ്റിക്കാണാം. ശിവഗിരിക്കുന്നില്‍ ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശാരദാമഠവും കാണാം. 1912 ലാണ് ശാരദാ ദേവിയുടെ (the goddess of knowledge) പ്രതിഷ്ഠ ഗുരു തന്നെ ഇവിടെ സ്ഥാപിച്ചത്. അധ:കൃതരുടെ കുട്ടികളെ വിദ്യ അഭ്യസിക്കുവാന്‍ ഈ ശാരദാ മഠത്തില്‍ ഗുരുവും അനുയായികളും സമയം കണ്ടെത്തിയിരുന്നു. വര്‍ഷാ വര്‍ഷം ശിവഗിരിയില്‍ പ്രത്യേക പൂജകളും ലക്ഷാര്‍ച്ചനയും അന്നദാനവുമെല്ലാം നടത്താറുണ്ട്‌. ശിവഗിരിക്കുന്ന് സമുദ്രത്തിന് സമീപമായത് കൊണ്ട് തന്നെ സദാ ഒരിളം കാറ്റ് കൊണ്ട് അവിടം കുളിര്‍മയുള്ളതാകുന്നു. നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് ഗുരുവിന്റെ സമാധി മണ്ഡപത്തിന്റെ അപൂര്‍വ്വമായ ആര്‍ക്കി ട്ടെക്ചറല്‍ സിംഫണി. അതിന്റെ രൂപ കല്‍പ്പനയും അവിടുത്തെ അന്തരീക്ഷവും നമ്മെ അവിടെ കുറച്ചു സമയം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ആശ്രമത്തിലെ ഭക്ഷ്യലതാദികളുപയോഗിച്ചാണ് അവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് സദ്യ ഒരുക്കുന്നത്. ഏതു കാലാവസ്ഥയിലും ഇവിടുത്തെ പച്ചക്കറിത്തോട്ടം ആയിരക്കണക്കിന് ആളുകള്‍ക്ക് ആഹാരം നല്‍കുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്നതാണ്. ജനുവരി മാസമാണ് ശിവഗിരി തീര്‍ഥാടന കാലഘട്ടം. എങ്കിലും എല്ലാ മാസങ്ങളിലും ഇവിടെ സന്ദര്‍ശകരെത്താറുണ്ട്. ദിവാന്‍ ശേശായ 1880ല്‍ പണിത വര്‍ക്കല തുരംഗവും ചരിത്ര പരമായി വര്‍ക്കലയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. ശിവഗിരിക്കുന്നില്‍ നാം നില്ക്കു മ്പോള്‍ കാഴ്ചയുടെയും ഭക്തിയുടെയും ഒരു പ്രത്യേക അനുഭൂതി അനുഭവപ്പെടുമെങ്കിലും അവിടെ എത്തുന്ന ഓരോ സന്ദര്‍ശകനും വൈകാരികമായി ലഭിക്കുന്ന ശാന്തതയ്ക്കും സമാധാനത്തിനും വ്യക്തിപരമായി നാം നിര്‍വ്വചനങ്ങള്‍ നല്‍കേണ്ടിയിരിക്കുന്നു. 

രാഖി രമേഷ്

Sunday, 4 January 2015

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും

ചരിത്രത്തെക്കുറിച്ചു പറയാന്‍ ചരിത്ര പഠനത്തില്‍ ബിരുദവും ഡോക്ടറേറ്റും നേടിയവര്‍ക്കു മാത്രമേ പാടുള്ളൂവെന്നാണ് പൊതുവെയുള്ള ധാരണ. ആദ്യത്തെ എം.ബി.ബി.എസുകാരനെ പഠിപ്പിച്ചത് ഒരു എം.ബി.ബി.എസ്.ബിരുദധാരിയല്ല എന്നതുപോലെത്തന്നെ ആദ്യത്തെ ബി.എ.ഹിസ്ററിക്കാരനെ പഠിപ്പിച്ചതും ബി.എ.ഹിസ്ററിക്കാരനല്ല. ചരിത്രത്തെക്കുറിച്ച് പറയാന്‍ ചരിത്രം അറിയുന്ന ആര്‍ക്കും അവകാശമുണ്ട്. ചരിത്രം എഴുതുന്നതില്‍ ഏറിയപങ്കും ചരിത്രത്തില്‍ വിജയം നേടിയവരാണ്. നമ്മുടെ ചരിത്രമെഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും ചരിത്രത്തില്‍ വിജയം വരിച്ചവരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണ്. ഇതുകൊണ്ടുതന്നെ ചരിത്രത്തില്‍ തോല്‍പ്പിക്കപ്പെട്ടവര്‍ക്ക് ചരിത്രത്തില്‍ സ്ഥാനം കൊടുക്കാറില്ല. സ്ഥാനം കൊടുക്കാറില്ലെന്നു മാത്രമല്ല, തോല്‍പ്പിക്കട്ടെവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. മാനവികത എന്ന വിശാല വീക്ഷണം വച്ചു പുലര്‍ത്തിയിരുന്ന, ഇളംകുളം കുഞ്ഞന്‍ പിള്ളയെപ്പോലെയുള്ള അപൂര്‍വ്വം ചിലരൊഴിച്ച് മറ്റുള്ളവരെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. കോഴിക്കോട് സര്‍വകലാശാലയുടെ ചരിത്ര വിഭാഗവും സംസ്ഥാന പുരാവസ്തു വകുപ്പും പെരിന്തല്‍മണ്ണ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പ്രാദേശിക ചരിത്ര പഠന ക്യാമ്പിന്റെ ഭാഗമായി കുറച്ച് മുമ്പ് നടന്ന ‘പൈതൃക സര്‍വെ’യ്ക്ക് തെരഞ്ഞെടുത്ത ബിംബങ്ങളെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ വക ചരിത്രകാരന്മാരും ചരിത്രത്തില്‍ വിജയിച്ച ന്യൂനപക്ഷത്തിന്റെ വക്താക്കളാണെന്ന് മനസ്സിലാക്കാവുന്നതാണ്. എന്താണാവേ ഈ ‘പൈതൃകം’? അഞ്ചു ഗ്രൂപ്പുകളായി കേന്ദ്രീകരിച്ചു നടത്തിയ ഈ സര്‍വെയില്‍ അങ്ങാടിപ്പുറം തരകന്‍ ഹൈസ്കൂള്‍, പുഴക്കാട്ടിരിയിലെ എം.പി.നാരായണ മേനോന്റെ വീട്, പെരിന്തല്‍മണ്ണ ഹൈസ്കൂള്‍, പാതായ്ക്കര മന, പുലാമന്തോള്‍ മൂസ്സതിന്റെ വീട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഈ അഞ്ചും ചേര്‍ന്നതായിരിക്കും ‘പൈതൃകം’?! നമ്പൂതിരിക്കും മൂസ്സതിനും മേനോനും തരകനും മാത്രമേ പെരിന്തല്‍മണ്ണ താലൂക്കില്‍ ചരിത്രമുള്ളൂ? ഒരു പക്ഷേ ‘പൈതൃക’ത്തിന് കാലഗണന നിശ്ചയിച്ചു കാണും. ജന്മിത്ത കാലഘട്ടത്തില്‍ സമ്പത്തും അധികാരവും ഉണ്ടായിരുന്ന സവര്‍ണരെ അടിസ്ഥാനമാക്കിയായിരിക്കണം ‘പൈതൃകം’നിശ്ചയിച്ചിട്ടുണ്ടാവുക? കട്ടിലശ്ശേരി മുഹമ്മദ് മുസ്ള്യാരെ പഠനത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ളീങ്ങളെ പരിഗണിച്ചു എന്നു പറയാവുന്നതാണ്. കേരളത്തിലെ കമ്മ്യൂണിസ്റുകാരടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിശ്ചയിച്ച ‘പൈതൃക മാനദണ്ഡം’ ഇത്തരത്തിലുള്ളതായതുകൊണ്ടാണ് ഒറിജിനല്‍ ‘പൈതൃകവാദി’കള്‍ക്ക് കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കാതിരിക്കുന്നത്. ജന്മിത്ത കാലഘട്ടത്തിലെ നാട്ടുപ്രമാണിമാരില്‍ ഒതുക്കി നിര്‍ത്താമോ ഈ നാടിന്റെ പൈതൃകം? നമ്പൂതിരിയും മൂസ്സതും മേനോനും തരകനും അല്ലാത്തവര്‍ക്കൊന്നും ചരിത്രമില്ലേ? സവര്‍ണരുടെ ചരിത്രത്തെയാണ് കോഴിക്കോട് സര്‍വ്വകലാശാല ‘പൈതൃത ചരിത്രം’ അഥവാ പൊതു ചരിത്രമാക്കിയിരിക്കുന്നത്. പാതായ്ക്കര മനയെപ്പോലെയോ പുലാമന്തോള്‍ മൂസ്സിനെപ്പോലെയോ നാലുകെട്ടും നടുമുറ്റവും ആമ്പല്‍ക്കുളവുമൊക്കെയുള്ള അവര്‍ണരില്ലെങ്കില്‍, എന്തുകൊണ്ട് ഇത്തരമൊരു പ്രതിഭാസം നാട്ടിലുണ്ടായി എന്നതിന്റെ ചരിത്രം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയേണ്ടതല്ലേ? ഈ മണ്ണില്‍ അദ്ധ്വാനിച്ച, ഉരുട്ടി വിഴുങ്ങാനുള്ള ധാന്യങ്ങളും പച്ചക്കറികുളുമൊക്കെ ഉണ്ടാക്കിയ, ഈ നാട്ടിലെ പച്ചപ്പ് മുഴുവനും ഉണ്ടാക്കിയ, ജീവിത സൌകര്യങ്ങള്‍ക്കുള്ള എല്ലാ സാധന-സാമഗ്രികളും ഉണ്ടാക്കിയ ചെറുമക്കള്‍ക്കും കണക്കന്മാര്‍ക്കും പാണര്‍ക്കും ആശാരിക്കും മൂശാരിക്കും തട്ടാനും തിയ്യനുമൊന്നും പെരിന്തല്‍മണ്ണയില്‍ ചരിത്രമില്ലേ? നാട്ടിലെ വലിയൊരു ജനവിഭാഗത്തിന്റെ സ്ഥാനം എങ്ങനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി? ഇതു മനസ്സിലാക്കാനുള്ള ചരിത്ര ബോധവും മാനവികതയും ഇല്ലാത്തവരാണോ സവര്‍വ്വകലാശാലയിരിക്കുന്നത്? ഇക്കൊല്ലത്തെ പത്താം തരം ചരിത്ര പുസ്തകത്തിലുമുണ്ട് സര്‍ക്കാര്‍ വക സവര്‍ണ പാഠങ്ങള്‍. കഴിഞ്ഞ കൊല്ലത്തെ പുസ്തകത്തില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരെ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ സന്ദേശം നല്‍കിയെന്നു പറയുന്നു. ചട്ടമ്പി സ്വാമികളുമായി ശ്രീനാരായണ ഗുരുവിനെ കൂട്ടിക്കെട്ടിയിട്ടിയിരുന്നില്ല. എന്നാല്‍ ഇക്കൊല്ലത്തെ പുസ്തകത്തില്‍ അത്തരമൊരു പണി പാഠപുസ്തകക്കാര്‍ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അവര്‍ണരായ വിപ്ളവകാരികളുടെ കഴിവുകളെ താഴ്ത്തിക്കെട്ടുന്ന പരിപാടി പണ്ടേയുള്ളതാണ്. സവര്‍ണന്റെ സ്വാധീനമുണ്ടായിരുന്നു അല്ലെങ്കില്‍ അച്ഛന്‍ ബ്രാഹ്മണനായിരുന്നു എന്നു തുടങ്ങിയ കള്ളക്കഥകളുണ്ടാക്കും. ഒന്നിനും പറ്റിയില്ലെങ്കില്‍ തൂറിത്തോല്‍പ്പിക്കുക എന്ന നിലപാടാണിത്. ശ്രീനാരായണ ഗുരുവിനോടും ഇതേ നിലപാടുതന്നെയാണ് സവര്‍ണ മൂരാച്ചികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനെയൊന്നും ചോദ്യം ചെയ്യാതിരുന്നാല്‍, കുറച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ മഹാത്മാ അയ്യങ്കാളി നടപ്പിലാക്കിയത് ഏതോ അയ്യരുടെ കര്‍മ്മ പരിപാടികളാണെന്ന് സവര്‍ണ മൂരാച്ചികളായ ചരിത്രകാരന്മാര്‍ തട്ടിവിടും. ഇക്കൊല്ലത്തെ പുസ്തകത്തില്‍ പറയുന്നത് (പേജ് 125)നോക്കുക: “അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കുന്നതിനു ശ്രമിച്ചവരില്‍ പ്രമുഖനാണ് ചട്ടമ്പി സ്വാമികള്‍. വേദ പഠനത്തിനും ഈശ്വരാരാധനയ്ക്കും അബ്രാഹ്മണ വിഭാഗങ്ങള്‍ക്കൊക്കെയും അവകാശമുണ്ടെന്ന തന്റെ കൃതിയിലൂടെ അദ്ദേഹം പ്രചരിപ്പിച്ചു. ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കിയത് ശ്രീനാരായണ ഗുരുവാണ്” ഈ പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പില്‍ ‘ടൃലല ചമൃമ്യമി ഏൌൃൌ ഴമ്ല ുൃമരശേരമഹ ലുൃഃലശീിൈ ീ വേല ശറലമ മിറ ുീശെശീിേ ീള ഇവമമാുേേശ ടംമാശ’ എന്നാണ് എഴുതിയിരിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ശ്രീനാരായണ ഗുരു പ്രായോഗിക രൂപം നല്‍കിയെന്ന്. ഇംഗ്ളീഷിലായപ്പോള്‍ കുറച്ചുകൂടി സവര്‍ണത കൂടി. ചട്ടമ്പി സ്വാമികള്‍ ഇല്ലായിരുന്നെങ്കില്‍ ശ്രീനാരായണ ഗുരുവും ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം! സുന്ദരമായ സവര്‍ണ നുണയാണിത്. അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കിയിട്ടില്ല ചട്ടമ്പി സ്വാമികള്‍. നായന്മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കി എന്നു പറയാവുന്നതാണ്. ഇങ്ങനെ പറയുമ്പോള്‍ ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ എന്തായിരുന്നുവെന്നു പരിശോധിക്കേണ്ടതുണ്ട്. അച്ഛന്റെ സ്നേഹം കിട്ടാതെ വളര്‍ന്ന കുട്ടിയാണ് ചട്ടമ്പി സ്വാമികള്‍. താമരശ്ശേരി ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയായിരുന്നു അച്ഛന്‍. അമ്മ ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്ങേമ്മപ്പിള്ള. നമ്പൂതിരിക്ക് നായര്‍ സ്ത്രീകളിലുണ്ടാകുന്ന കുട്ടികള്‍ക്ക് യാതൊരു മാനുഷിക പരിഗണനകളും അച്ഛന്‍ നമ്പൂതിരിമാര്‍ നല്‍കിയിരുന്നില്ല. അച്ഛന്‍ ആഢ്യ നമ്പൂതിരിയായിട്ടും ചട്ടമ്പി സ്വാമികള്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പണി നടക്കുമ്പോള്‍ മണ്ണു ചുമക്കാന്‍ പോയിട്ടുണ്ടത്രെ ചട്ടമ്പി സ്വാമികള്‍. ഇതുകൊണ്ടു തന്നെ ബ്രാഹ്മണരോട് ചട്ടമ്പി സ്വാമികള്‍ക്ക് വെറുപ്പായിരുന്നു. ബ്രാഹ്മണര്‍ പടച്ചുണ്ടാക്കിയ നുണകളെ സ്വാമികള്‍ അതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണെന്നും കേരളം ബ്രാഹ്മണരുടെ സ്വന്തമാണെന്നുമുള്ള ബ്രാഹ്മണ നുണകളെ സ്വാമികള്‍ ചോദ്യം ചെയ്തു. പക്ഷേ, കേരളം കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പി സ്വാമികള്‍ പറഞ്ഞില്ല. മറിച്ച് പറഞ്ഞത്, കേരളം നായന്മാരുടെ സ്വന്തമാണെന്നാണ് (പ്രാചീന മലയാളം, അദ്ധ്യായം 6, പേജ് 75). പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനും മറ്റും ക്രിസ്ത്യാനികളെ എതിര്‍ത്തു എന്നത് ശരി തന്നെ. അവരുടെ സവര്‍ണ നിലപാടിനെയാണ് എതിര്‍ത്തത്. എന്നാല്‍ ചട്ടമ്പി സ്വാമികള്‍ തന്റെ കൃതിയായ ‘ക്രിസ്തുമതച്ഛേദന’ത്തില്‍ ക്രസ്ത്യാനികളെക്കറിച്ച് വളരെ മോശമായ പരാമര്‍ശങ്ങളാണുള്ളത്. വളരെ നിന്ദ്യമായാണ് യേശുക്രിസ്തുവിനെ ഈ പുസ്തകം വിശേഷിപ്പിച്ചിരിക്കുന്നത്. “ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്നും, ‘ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്’എന്നും, ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’എന്നും, ശിവനെയും ശ്രീബുദ്ധനെയും യേശുക്രിസ്തുവിനെയും മുഹമ്മദ് നബിയെയുമൊക്കെ പരാമര്‍ശിച്ച് “പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ? പരമേശ പവിത്ര പുത്രനോ? കരുണാവാന്‍ നബി മുത്തുരത്നമോ?”എന്നൊക്കെ അനുകമ്പയോടെ പറയുകയും പാടുകയും ചെയ്ത ശ്രീനാരായണ ഗുരു ‘ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കി’എന്നു പറയുന്നത് ഒരിക്കലും മാപ്പു നല്‍കാന്‍ പാടില്ലാത്ത കുറ്റമാണ്. ചട്ടമ്പി സ്വാമികള്‍ ശ്രീനാരായണ ഗുരുവിന്റെ ഗുരുവാണെന്നും ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ കാല്‍ക്കല്‍ വീണിട്ടുണ്ടെന്നുമുള്ള സവര്‍ണ ഗീര്‍വാണങ്ങള്‍ പണ്ടുമുതലേയുണ്ട്.                 ഇതിന്റെ പൊള്ളത്തരം തിരു-കൊച്ചി മുഖ്യമന്ത്രിയുംഎസ്.എന്‍.ഡി.പി.നേതാവും മുസ്ളീങ്ങളും അവര്‍ണ ക്രിസ്ത്യാനികളുമടക്കമുള്ള പിന്നാക്കക്കാര്‍ക്ക് ഉദ്യോഗ സംവരണം ലഭിക്കാനായി ‘നിവര്‍ത്തന പ്രക്ഷോഭം’സംഘടിപ്പിച്ച വ്യക്തിയുമായ സി.കേശവന്‍ തുറന്നുകാണിക്കുന്നത് നോക്കുക(ജീവിത സമരം, സി.കേശവന്‍, പേജ് 258): “ഒരു സ്കൂളിന്റെ ഉദ്ഘാടനത്തിനു ചട്ടമ്പി സ്വാമികളും സന്നിഹിതനായിരുന്നു. അദ്ദേഹം വരുമ്പോള്‍, വളരെക്കാലം സ്കൂളിന്റെ മാനേജരായിക്കഴിഞ്ഞ മാന്യന്റെ വീട്ടില്‍ നാരായണ ഗുരു വിശ്രമിക്കുകയാണ്. ചട്ടമ്പി സ്വാമികള്‍ വരുന്നതുകണ്ട് നാരായണ ഗുരു പറയുകയാണ്:”ചട്ടമ്പി വരുന്നു. ഒരു കസേര നീക്കിയിടൂ”. നാരായണ ഗുരു എണീറ്റില്ല. സാഷ്ടാംഗ നമസ്കാരം ചെയ്തില്ല. വലുതായ സൌഹൃദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നത വ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത്. പക്ഷേ, ഇയ്യിടെ ചട്ടമ്പി സ്വാമി ശതാബ്ദി സ്മാരക ഗ്രന്ഥത്തില്‍ ഒരു വിദ്വാന്‍കുട്ടി കാച്ചിവിട്ടിരിക്കുന്നതു കണ്ടു. തയ്ക്കാട്ടെവിടെയൊ വച്ച് ചട്ടമ്പി സ്വാമി തിരുവടികളെ കണ്ടമാത്രയില്‍ ശ്രീനാരായണ ഗുരു സ്വാമികള്‍ സാഷ്ടാംഗം നിലംപതിച്ച് ചട്ടമ്പി സ്വാമിപാദങ്ങളില്‍ തലമുട്ടിച്ചു കഴിഞ്ഞുവെന്നും, ചട്ടമ്പി സ്വാമികള്‍ “ഛീ ഛീ”എന്ന് അപ്പോള്‍ നാരായണ ഗുരുവിനെ ശാസിച്ചു എന്നും, പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചെന്നും, നാരായണ ഗുരു കണ്ണീര്‍ വാര്‍ത്തെന്നും മറ്റും മറ്റും. ഞാന്‍ മേല്പറഞ്ഞ സംഭവം നടക്കുന്നതിനടുത്താണ് ഈ സംഭവം നടന്നത്. അതാണ് വിശേഷം! ഇത്തരം ‘നിപുണമായ’പച്ചപ്പൊളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യന്മാരെന്നല്ലാതെ എന്തു പറയാനാണ്!” അതെ, സി.കേശവന്‍ ഏഭ്യത്തരമെന്നു വിശേഷിപ്പിച്ച ആ പരിപാടി ഇന്നും തുടരുകയാണ്. ഈ ഏഭ്യത്തരത്തിന് ‘വിപ്ളവ കേരള’ത്തില്‍ മാര്‍ക്കറ്റ് കൂടിവരികയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് എല്ലാവിധ മാനുഷിക അവകാശങ്ങളും നിഷേധിച്ച് അവരെ നിന്ദ്യവും നീചവും നികൃഷ്ടവുമായി ചൂഷണം ചെയ്തിരുന്ന രാജഭരണത്തെ സ്തുതിക്കാന്‍ കുറച്ചുപേരല്ല കൂടുതല്‍പേര്‍ ഉണ്ടായിരിക്കുന്നു! 
________________________
ശങ്കരനാരായണന്‍ മലപ്പുറം 
……………………. - See more at: http://utharakalam.com/?p=201#sthash.zTY9wAxR.dpuf