Sunday 17 July 2016

നൂറ്റാണ്ടിന്റെ പ്രസംഗം - സ്വാമി ഗുരുപ്രസാദ്

ഇന്നേക്ക് നൂറ് സംവത്സരംമുമ്പുള്ള ഇതേദിവസം, അതായത് 1916 ജൂലൈ 16ന് പുറത്തിറങ്ങിയ സ്വദേശാഭിമാനി പത്രത്തില്‍ ശ്രീനാരായണഗുരുദേവന്റെ ഒരു പ്രസംഗം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അന്നും ഇന്നും എന്നും സമൂഹത്തില്‍ ഏറെ പ്രസക്തമായി നില്‍ക്കുന്ന ആ ചരിത്രപ്രസിദ്ധമായ പ്രസംഗഭാഗം ഇന്നത്തെ തലമുറയ്ക്കുവേണ്ടി ഒരിക്കല്‍ക്കൂടി ഉദ്ധരിക്കാം.
"മനുഷ്യരില്‍ ഗുണകര്‍മപാകം അനുസരിച്ച് ചാതുര്‍വര്‍ണ്യം കല്‍പ്പിക്കാം. എന്നാല്‍, ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മിതമായ ജാതിവിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരവുമാണ്. അതു നശിക്കതന്നെ വേണം. മേല്‍ജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരംതന്നെ ഇല്ലാതാക്കണം. ഈ വിചാരം നമ്മില്‍നിന്ന് പോയിട്ട് വളരെയേറെക്കാലമായി. സാമുദായിക സംഗതികള്‍ക്കും മതത്തിനും തമ്മില്‍ സംബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്യ്രത്തെ തടയരുത്. പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കുമനുസരിച്ചു ഭിന്നമതങ്ങള്‍ കൂടിയേ തീരൂ. എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒറ്റമതം ഉണ്ടാവാന്‍ പ്രയാസമാണ്''.
"എന്റെ മതം സത്യം, മറ്റുള്ളവരുടെ മതം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മതവുമായിട്ട് നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യുവാന്‍ നമുക്കെപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അര്‍ത്ഥമുള്ളൂ''.
അച്യുതന്‍ മേസ്തിരി എന്ന ഒരു ഗുരുദേവഭക്തന്‍ കൊല്ലം പട്ടത്താനത്ത് പണികഴിപ്പിച്ച ബംഗ്ളാവിന്റെ ഉദ്ഘാടനത്തിനെത്തിയ അവസരത്തില്‍ ഗുരു നടത്തിയ പ്രസംഗമാണിത്. മഹാകവി കുമാരനാശാന്‍, സി വി കുഞ്ഞുരാമന്‍, ടി കെ മാധവന്‍ തുടങ്ങി വലിയൊരു പുരുഷാരം അപ്പോഴവിടെ സന്നിഹിതരായിരുന്നു.
ജാതിവിവേചനത്തിന്റെയും മതവൈരത്തിന്റെയും ദുഷിച്ച വാദപ്രതിവാദങ്ങളും ആചാരാനുഷ്ഠാനപരമായ വൈവിധ്യങ്ങളും സമൂഹത്തില്‍ ഉറച്ചുപോയ ആ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത് ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മഹാസന്ദേശമായിരുന്നു. ഈ സന്ദേശത്തെ ജാതി–സമുദായ നേതാക്കളും പണ്ഡിതമാനികളും അവരവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കുംവിധം പലവിധത്തില്‍ വ്യാഖ്യാനിക്കുകകൂടി ചെയ്തപ്പോള്‍ അതെല്ലാം ഈ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ഗുരുദേവന്‍ കൊളുത്തിവച്ച പൊരുളിന്റെ പ്രകാശനത്തിനു മങ്ങലേല്‍പ്പിക്കുകവരെ ചെയ്തു. 1914ല്‍ പുറത്തുവന്ന 'ജാതിനിര്‍ണയം' എന്ന ഗുരുദേവകൃതിയില്‍നിന്നാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന അമരസന്ദേശം സമൂഹമധ്യത്തിലെത്തിയത്. പക്ഷേ, ഇതുകൊണ്ടൊന്നും ജാത്യാന്ധന്മാരുടെ കണ്ണുകള്‍ തുറക്കപ്പെട്ടില്ല, എന്നുമാത്രമല്ല
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം ഹാ!
തത്ത്വം വേത്തി കോƒപി ന–
എന്ന ഗുരുവിന്റെ ജാതിമീമാംസ, ഗുരുവിന്റെ അനുയായികളില്‍പ്പെട്ടവര്‍പോലും വേണ്ടത്ര ഉള്‍ക്കൊള്ളാതെയും പോയി.
പശുക്കളുടെ ജാതി ഗോത്വം എന്നായിരിക്കുന്നതുപോലെ മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നു ജീവശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും പൊതുസമ്മതമാകുംവിധം പഠിപ്പിച്ച ഗുരുദേവന്‍, തന്റെ ഈ തത്ത്വം വേണ്ടുംവിധം മനുഷ്യസമൂഹം ഉള്‍ക്കൊള്ളാത്തതില്‍ സ്വയം പരിതപിക്കുകകൂടി ചെയ്യുന്നതായി ഇവിടെ കാണാം. എന്നിട്ടും ജാതിവാദികള്‍ തങ്ങളുടെ ജാതിവരമ്പുകള്‍ക്കുള്ളില്‍പ്പെടുത്തി ഗുരുവിനുപോലും ജാതി കല്‍പ്പിക്കുകയും അതനുസരിച്ച് വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവന്നു. ഈ അവാസ്തവികതയും തത്സംബന്ധമായ പ്രചാരണവും ശ്രദ്ധയില്‍പ്പെട്ട ഗുരുദേവന്‍ ജാതിയുടെ നിരര്‍ഥകതയെ ജനങ്ങള്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നതിനും ജാതിസമൂഹത്തെ മനുഷ്യസമൂഹമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് 1091 ഇടവം 15ന് 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന മഹാവിളംബരം ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് പുറപ്പെടുവിച്ചത്. (ഇപ്പോള്‍ ഈ വിളംബരത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ ശിവഗിരിമഠത്തിന്റെയും ഗുരുധര്‍മപ്രചാരണസഭയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരികയാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ) ഈ വിളംബരത്തിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു.
"നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു''.
"നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.''
എന്ന്
നാരായണഗുരു (ഒപ്പ്)
(പ്രബുദ്ധകേരളം മാസിക, കൊല്ലവര്‍ഷം 1091 മിഥുനം ലക്കം)
ഈ വിളംബരം സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കുകയും ചരിത്രപരമായ മാറ്റങ്ങള്‍ക്ക് ഗതിവേഗമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ജാതിയും മതവും മനുഷ്യരിലും സമൂഹത്തിലും കയറി മൂത്തുനിന്ന പശ്ചാത്തലത്തില്‍ ഗുരുദേവന്‍ കൊല്ലത്ത് നടത്തിയ പ്രസംഗവും. 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന വിളംബരം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുരു ഈ പ്രസംഗവും നടത്തിയതെന്നത് ഏറെ ശ്രദ്ധേയം. ടി കെ മാധവനാണ് അതിന് നിമിത്തമായത്. സ്വാമിയുടെ 'മതദര്‍ശനം' എന്താണെന്ന് സ്വാമിയുടെ വാക്കുകളില്‍തന്നെ വ്യക്തമാക്കണമെന്ന് ടി കെ മാധവന്‍ അഭ്യര്‍ഥിച്ചപ്പോള്‍ ഗുരുദേവന്‍ തന്റെ ഗൃഹസ്ഥശിഷ്യന്റെ ആ അഭ്യര്‍ഥന സ്വീകരിച്ച് അതിന് മറുപടിയെന്നോണം നടത്തിയ ഹ്രസ്വമായ ഒരു പ്രസംഗമാണിത്.
ഗുരുദേവന്‍ പ്രസംഗിക്കുകയെന്നത് അപൂര്‍വത്തില്‍ അപൂര്‍വമായ കാര്യമാണ്. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷികയോഗങ്ങളില്‍ അധ്യക്ഷപദം അലങ്കരിക്കുമ്പോള്‍പ്പോലും തന്റെ ശിഷ്യന്മാരെക്കൊണ്ട് പ്രസംഗിപ്പിക്കുകയായിരുന്നു പതിവ്. സമൂഹത്തിന്റെ മേല്‍ഗതിക്കും അധഃസ്ഥിതരുടെ സദ്ഗതിക്കും വേണ്ട ഉപദേശങ്ങളും സന്ദേശങ്ങളും കാലാകാലങ്ങളില്‍ നല്‍കിയ ഗുരുദേവന്‍ പലപ്പോഴും നര്‍മഭാഷണങ്ങളിലൂടെയാണ് സമൂഹത്തെ ചികിത്സിച്ചിരുന്നത്.
മഹാത്മാഗാന്ധി, സ്വാമി ശ്രദ്ധാനന്ദജി, സഹോദരന്‍ അയ്യപ്പന്‍, സി വി കുഞ്ഞുരാമന്‍ തുടങ്ങിയവര്‍ ഗുരുദേവനുമായി നടത്തിയ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ ഗുരുവിന്റെ ജാതിമതദൈവസങ്കല്‍പ്പങ്ങളിലേക്ക് പ്രവേശിക്കാനുള്ള വഴി തെളിഞ്ഞുകിട്ടും. പക്ഷേ, ഇതെല്ലാംതന്നെ ഉണ്ടായിട്ടും ഗുരുവിനെയും ഗുരുവചനങ്ങളെയും ഇന്നും ജാതിമയമായി കണ്ട് വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചുറ്റിലുമുണ്ടെന്നതാണ് നമ്മെ ഏറെ വിഷാദിപ്പിക്കുന്നത്. അത്തരക്കാര്‍ ഗുരുവിന്റെ ജാതിയില്ലാവിളംബരത്തെ കേട്ടതായിപ്പോലും നടിക്കാറില്ല. ജീവന്റെ മഹത്വമറിയാതെ മാംസത്തിന് വിലയിടുന്ന കശാപ്പുകാരനെപ്പോലെ ഗുരുവചനങ്ങളെ കാണുന്നവര്‍ക്ക് ഒരിക്കലും അതിന്റെ അരുളും പൊരുളും വിവേചിച്ചറിയാനാകില്ല.
ഗുരുദേവന്‍ ജീവിതകാലം മുഴുവന്‍ ചിന്തിച്ചതും പറഞ്ഞതും പ്രവര്‍ത്തിച്ചതും മനുഷ്യരാശിയുടെയാകെ ഭൌതികവും ആത്മീയവുമായ അഭ്യുന്നതിക്കും നിഃശ്രേയസ്സിനുമാണ്. "മനുഷ്യന് ജാതിയില്ല എന്നു നാം പറഞ്ഞതായി എഴുതിവയ്ക്കണം. ജാതി ഉണ്ടെന്ന വിചാരം പോകണം. അതാണു വേണ്ടത്'' എന്നുപദേശിച്ച ഗുരുവിന്റെ ഈ ജാതിരഹിതവിളംബരവും പ്രസംഗവും ഈ നൂറ്റാണ്ടിന്റെ വിജ്ഞാപനമായി കാണുവാന്‍ ചരിത്രകാരന്മാര്‍ക്കും സാമൂഹ്യോദ്ധാരണപ്രവര്‍ത്തകര്‍ക്കും കഴിയണം. ഈ ഗുരുവാണികളെ അതിന്റെ ശതാബ്ദിവര്‍ഷത്തില്‍ എല്ലാ മനുഷ്യഹൃദയങ്ങളിലേക്കും എത്തിക്കാനുള്ള പ്രയത്നത്തിലും പ്രചാരണത്തിലുമാണ് ശിവഗിരിമഠം *
(ശിവഗിരിമഠം ഗുരുധര്‍മപ്രചാരണസഭ സെക്രട്ടറിയാണ് ലേഖകന്‍)



0 comments:

Post a Comment