ആസ്വാദനം: ഷൗക്കത്ത്
-----------------------------------------------
വേദം എന്നാല്‍ അറിവു് എന്നാണര്‍ത്ഥം. വേദാന്തം എന്നാല്‍ അറിവിന്റെ അവസാനം എന്നും. അറിഞ്ഞറിഞ്ഞുവരുംതോറും അറിവില്ലായ്മയുടെ ലോകം വെളിപ്പെട്ടുവരുന്ന ഒരു പ്രപഞ്ചമാണത് . അവിടെ അറിയാന്‍ ഇറങ്ങിത്തിരിച്ചവര്‍ എല്ലാ അടവും അടക്കി പ്രണമിച്ചു നില്ക്കും. സര്‍വ്വസമര്‍പ്പണത്തിന്റെ ആ വിശുദ്ധവഴിയാണ് വേദാന്തത്തിന്റെത് . വിചാരംചെയത് ശുദ്ധിവന്ന ബോധത്തില്‍ പ്രകാശിക്കുന്ന അറിവിന്റെ വെളിച്ചമാണത് . ചിന്തയും വിചാരവും ഒരു വഴിമാത്രമാണവിടെ. അതു ലക്ഷ്യമായതോടെയാണ് വേദാന്തം വരട്ടുവേദാന്തമായി അധഃപതിച്ചത് .
വാദത്തിന്റെയും തര്‍ക്കത്തിന്റെയും കുരുക്കില്‍ പെട്ടുപോയ വേദാന്തദര്‍ശനങ്ങളെ ഗുരുവിനെപ്പോലുള്ളവരാണ് കാലാകാലങ്ങളില്‍ തെളിച്ചെടുത്തിട്ടുള്ളത് . കരുണവറ്റി നിര്‍ജ്ജീവമായിപ്പോയ വേദാന്തികളുടെ അഹന്തയില്‍ നൊന്തിട്ടുതന്നെയാണത് .
'അരുളില്ലയതെങ്കിലസ്ഥിതോല്‍സിര നാറുന്നൊരുടമ്പുതാനവന്‍
മരുവില്‍പ്രവഹിക്കുമംബുവപ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം'' എന്നു ഗുരുവിനു പാടേണ്ടിവന്നത് . നിഷേധാത്മകതയുടെ പാരമ്യതയില്‍ കണ്‍മുമ്പിലുള്ളതിനെ അവഗണിക്കുന്ന ദര്‍ശനമായി അതു അധഃപതിച്ചപ്പോള്‍ 'സകലവുമുള്ളതുതന്നെ തത്വചിന്താഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും' എന്നു് അദ്ദേഹത്തിന് പറയേണ്ടി വന്നു. സേ്‌നഹവും മര്യാദയും അറിവിന്റെ ലോകങ്ങളില്‍ അവഗണിക്കപ്പെടുമ്പോള്‍ ഗുരുവിനെപ്പോലുള്ളവരാണു് അതു വീണ്ടെടുത്ത് മൂല്യനവീകരണംചെയ്തു് നമുക്കു് അനുഗ്രഹമായി നല്‍കിയത് .
വിരസവും നിര്‍ജ്ജീവവും മൂല്യരഹിതവുമായ ആത്മീയലോകത്തെ അതിന്റെ തനിമയിലേക്കു് ഉണര്‍ത്തിക്കൊണ്ടുവരുവാനായി ഗുരു രചിച്ചതാണ് ആത്മോപദേശശതകം. ഭാരതീയദര്‍ശനങ്ങളുടെ സാരസംഗ്രഹം എന്നു പറയാവുന്ന സൃഷ്ടിയാണത് . ഇതില്‍ അദ്വൈതവും വിശിഷ്ഠാദൈവതവും ദൈവതവും എല്ലാം ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. ഏതു പക്ഷത്തുനിന്നു വായിച്ചാലും അതാണു ശരിയെന്നുതോന്നുന്ന ഒരു സമഗ്രത ഈ ദര്‍ശനങ്ങള്‍ക്കുണ്ട് . അതുകൊണ്ടുതന്നെ വേദാന്തം എന്നു് പൊതുവെ പറയുന്ന അദ്വൈതദര്‍ശനമായി ഇവിടെ പറയുന്ന വേദാന്തത്തെ മനസ്സിലാക്കാതിരിക്കണം. അതുമല്ല, ഇതുമല്ല, സദര്‍ത്ഥവുമല്ല അഹം എന്നറിഞ്ഞ് ; അത് സച്ചിദാമൃതമാണെന്ന് തെളിഞ്ഞു് , സത്ത്, അസത്ത് എന്നൊക്കെയുള്ള പ്രതിപത്തികളില്‍നിന്നു മോചിതരായി ആ പരംപൊരുളില്‍ മൃദുവായ് മൃദുവായ് അലിഞ്ഞുചേരണം എന്നു പറയുന്ന ദര്‍ശനമാണു് ഗുരുവിന്റേത് . അതൊരു അനുഭവലോകമാണ് . ആനുഭൂതികപ്രപഞ്ചമാണ് . വേദങ്ങളുടെയെല്ലാം അന്തിമസ്ഥാനമാണ്. ആ ആനുഭൂതികപ്രപഞ്ചത്തിലേക്കുള്ള പ്രചോദനം മാത്രമാണ് ഈ കൃതി.
ശ്ലോകം : ഒന്ന്
അറിവിലുമേറി, യറിഞ്ഞിടുന്നവന്‍ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
അറിഞ്ഞിടുന്നവന്‍തന്നുരുവിലും - അറിയുന്നവനായും
ഒത്തു പുറത്തും - അറിയപ്പെടുന്നതായും
ഉജ്ജ്വലിക്കും- പ്രകാശിക്കുന്ന
കരുവിന് - പൊരുളിന്
കണ്ണുകളഞ്ചുമുള്ളടക്കി- അഞ്ചിന്ദ്രിയങ്ങളും സൂക്ഷ്മമാക്കി
തെരുതെരെവീണുവണങ്ങി- ധാരമുറിയാതെ വീണു വണങ്ങി
ഓതിടേണം- ധ്യാനിക്കണം.
യാതൊരു പൊരുളാണോ അറിവായും അറിയുന്നവനായും അറിയപ്പെടുന്നതായും വിളങ്ങുന്നത് അതിനെ സമര്‍പ്പിതഹൃദയത്തോടെ ധാരമുറിയാതെ ധ്യാനിച്ചുകൊണ്ടേയിരിക്കണം.
ഓര്‍മ്മവെച്ചനാള്‍മുതല്‍ ലോകത്തെ ബഹിര്‍മുഖമായി അനുഭവിച്ചു ശീലിച്ചവരാണു നാം. കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തുമാണ്. നാം അനുഭവങ്ങളെ സ്വാംശീകരിച്ചത് . അകമേ ചിന്തയായും പുറമേ വിഷയപ്രപഞ്ചമായും ജീവിതത്തെ പരിചയിച്ചുപോന്ന നമുക്കു് ഇതെല്ലാം ഒരേ ഉണ്മയുടെ ആവിഷ്ക്കാരങ്ങളാണെന്ന് പറഞ്ഞാല്‍ ആശയപരമായി സ്വീകാര്യമാകുമെങ്കിലും അനുഭവമായിത്തീരുക പ്രയാസംതന്നെയാണ് . എന്നാല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എപ്പോഴെങ്കിലും ഉണ്മയുടെ ഏകാത്മകത നാം അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ് എല്ലാ വിഭാഗീയതകളില്‍നിന്നും ബോധത്തെ നിവര്‍ത്തിച്ച് സ്വതന്ത്രരാകാനുള്ള വെമ്പല്‍ നമ്മില്‍ ഉണര്‍ന്നിരിക്കുന്നത് .
അറിവ് , അറിയുന്നവന്‍, അറിയുന്ന ലോകം എന്നിങ്ങനെ മൂന്നായി പിരിഞ്ഞാണ് അറിവിനെ, ഈ പ്രപഞ്ചത്തെ നാമനുഭവിക്കുന്നത് . അറിവിന്റെ ഈ മുറിവുകളെ അടുത്തുചെന്നു പരിശോധിക്കുകയാണെങ്കില്‍ എല്ലാം ഒരേ ഉണ്മയില്‍നിന്നും വിടര്‍ന്നു വരുന്നതാണെന്ന് അനുഭവിക്കാനാകും. മുറിവുകളെല്ലാം നിനവുകളായിരുന്നെന്നു അറിയും.വൈവിധ്യവും വൈചിത്ര്യവുമാര്‍ന്നു പരിലസിക്കുന്ന വിഷയപ്രപഞ്ചത്തില്‍ ഇന്ദ്രിയങ്ങള്‍ അഭിരമിക്കുമ്പോള്‍ ഉണ്മ മറഞ്ഞുപോകുന്നു. ഓര്‍മ്മവെച്ച നാള്‍മുതല്‍ ശീലിച്ചുപോന്ന ജീവിതം ഇന്ദ്രിയാരാമത്വമായതിനാല്‍ ഇന്ദ്രിയങ്ങളെ പ്രത്യക്ഷാനുഭവങ്ങളുടെ ഉപരിതലത്തില്‍നിന്നും സൂക്ഷ്മതലത്തിലേക്ക് കൊണ്ടുപോകുകയെന്നത് പ്രയാസമാണ്. അനുഭവങ്ങളുടെ മധ്യബിന്ദുവായിരിക്കുന്ന മൗനത്തില്‍ നിമീലിതമാകുമ്പോഴാണ് ജീവിതത്തിന്റെ തനിമ അതിന്റെ എല്ലാ സൗന്ദര്യത്തോടും ആനന്ദത്തോടുംകൂടി അനുഭവിക്കാനാകുക. അതിന് നാമാദ്യം അനുനയപൂര്‍വ്വം ഇന്ദ്രിയങ്ങളെ അതിന്റെ ഭ്രമരങ്ങളില്‍നിന്നും ശമിപ്പിച്ചു് സൂക്ഷ്മതയുള്ളതാക്കണം. സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്കു ഒഴുകവേ ഇന്ദ്രിയങ്ങളെല്ലാം ശാന്തമാകും.
നാം ഒരു പൂവു കാണുമ്പോള്‍ പൂ മാത്രമല്ല കാണുന്നത് . പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമാണത് . കുറച്ചുസമയം പൂവിനടുത്തു ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ പൂവിന്റെ ആത്മാവിലേക്കു പ്രവേശിക്കാനുള്ള വഴി അതു തുറന്നതരും. ഇതളുകളുടെ മാര്‍ദ്ദവവും വര്‍ണ്ണവൈവിധ്യവും കേസരങ്ങളും അതീവലോലമായ നാഡികളുമെല്ലാം ഒരു മഹാപ്രപഞ്ചംപോലെ വിരിഞ്ഞുവരും. പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമായിരുന്നു അതുവരെ പൂവെങ്കില്‍ ഇപ്പോള്‍ നാം പൂവിന്റെ സവിശേഷതകളെ അനുഭവിക്കുകയാണ് . കണ്ണുകൊണ്ടാണു് നാം നോക്കുന്നതെങ്കിലും എല്ലാ ഇന്ദ്രിയങ്ങളും ആ പൂവിലേക്ക് സ്വാഭാവികമായി ഏകമുഖമായിത്തീരും. ഒരിന്ദ്രിയം സജീവമാകുമ്പോള്‍ മറ്റിന്ദ്രിയങ്ങളെല്ലാം അതിനോടൊപ്പം സജീവമാകുകയെന്നതു ഇന്ദ്രിയങ്ങളുടെ സ്വാഭാവികസ്ഥിതിയാണ് . നാം നിശ്ചലരാവും. ഏകാഗ്രമായ ശ്രദ്ധ ഇന്ദ്രിയങ്ങളില്‍ നിറയും. പൂനമ്മിലും നാം പൂവിലും അമര്‍ന്നുപോകും. ഏതോ മൗനത്താല്‍ എല്ലാം വലയം ചെയ്യപ്പെട്ടിരിക്കുന്നെന്ന ആനുഭൂതികമായ ഒരുണര്‍വ്വിലേക്കാവും ആ അനുഭവം നമ്മെ കൊണ്ടുപോകുക. ഇന്ദ്രിയങ്ങളെല്ലാം ഏതോ ഉണ്മയില്‍ വിലയം പ്രാപിക്കും.
നാം ഒരു കസേര കാണുന്നു. അത് പ്രത്യക്ഷാനുഭവം. ഇനി നാം അകമേക്കു തിരിയണം. ഇതെന്തു് എന്നു നാം വീണ്ടു ചോദിച്ചാല്‍ അതു മരം എന്നുത്തരം. വീണ്ടും ആ ചോദ്യം തുടര്‍ന്നുകൊണ്ടിരുന്നാല്‍ അണുവിലേക്കും പരമാണുവിലേക്കും നാം ചെന്നെത്തും. അവസാനം ഞാനും കസേരയും മേശയും പേനയും വീടും ആകാശവും ഭൂമിയും എല്ലാം പരമാണുക്കളുടെ സംഘാതം മാത്രമാണെന്നറിയും. മഹാശൂന്യതയുടെ പ്രഭാവംമാത്രമാകും പിന്നീടവശേഷിക്കുക. അതെന്നും ഇതെന്നും പറയാന്‍ ഒന്നുമില്ലാതെ നമ്മുടെ വിചാരം നിശ്ചലമാകും. ചിന്തകളെല്ലാമടക്കും . ഇന്ദ്രിയരാഗങ്ങളെല്ലാം ശമിക്കും.
കണ്ണുകളഞ്ചുമുള്ളടക്കുകയെന്നു പറഞ്ഞാല്‍ ശരീരത്തിനുള്ളിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കു് തിരിക്കുകയെന്നല്ല മനസ്സിലാക്കേണ്ടത് . ഇന്ദ്രിയാനുഭവങ്ങളുടെ അകമേക്ക് കടന്നുചെല്ലുകയെന്നാണു് അറിയേണ്ടത് . പ്രത്യക്ഷാനുഭവങ്ങളുടെ അകമേക്കു തിരിയുമ്പോള്‍ നാം നമ്മുടെ അകമേക്കുതന്നെയാണ് തിരിയുന്നത് . നാമെന്നു പറയുന്നതും പ്രത്യക്ഷാനുഭവമെന്നു പറയുന്നതും ഒന്നുതന്നെയാണെന്നാണു ഗുരു പറയാന്‍ ശ്രമിക്കുന്നത് . നാമും ഈ ലോകവും എന്തിന്റെയെങ്കിലും അകത്തോ പുറത്തോ അല്ല. നമ്മുടെ അകമെന്നും ലോകത്തിന്റെ അകമെന്നും പറയാനൊരിടവുമില്ല. ആകെയുള്ളത് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഉണ്മയാണ് . ആ ഉണ്മയുടെ രശ്മികളാണ് ഇക്കാണായതെല്ലാമായി വിരിഞ്ഞു നില്ക്കുന്നത് .
സൂക്ഷ്മത്തിലായിരിക്കുകയെന്നാല്‍ നിശ്ചലമായിരിക്കുകയെന്നാണര്‍ത്ഥം. എല്ലാ ചാഞ്ചല്യങ്ങളില്‍നിന്നും മുക്തമായ ആ മൗനത്തില്‍ നിശ്ചലരായിരിക്കണം. സര്‍വ്വപ്രപഞ്ചങ്ങളിലും പ്രസരിച്ചിരിക്കുന്ന ചൈതന്യം മൗനാത്മകമായ ആ ഉണ്മതന്നെയാണെന്നു് അറിയാനാകും. സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്കു് തിരിച്ചൊഴുകാനുള്ള വെമ്പല്‍ ഇന്ദ്രിയങ്ങളുടെ ശീലവിധേയമായ സ്വാഭാവികാവസ്ഥയാണ് . പുറമേക്കു തിരിയുമ്പോള്‍ അകം മറയുകയും അകമേക്കു തിരിയുമ്പോള്‍ പുറം മറയുകയും ചെയ്യുന്ന അനുഭവമാണു നമ്മുടേത് . അകവും പുറവും എന്ന ദൈവതത്തെ പൂര്‍ണ്ണമായും അലിയിപ്പിക്കുന്ന കരുവിലേക്കാണു നാം ഉണരേണ്ടത് . അതിന് ഇന്ദ്രിയങ്ങളിലൂടെ പ്രസരിക്കുന്ന വാസനകള്‍ ക്ഷയിച്ചുവരണം. ബോധപൂര്‍വ്വമുള്ള പരിശ്രമംകൂടി ഉണ്ടായാലേ അതു സംഭവിക്കുകയുള്ളൂ.
പലതായിരിക്കുന്ന ലോകത്തിലേക്ക് അന്ധമായൊഴുകുന്ന ബോധവൃത്തിയെ അതിന്റെ എല്ലാ അവിദ്യാജന്യമായ ചലനങ്ങളില്‍നിന്നും നിവര്‍ത്തിപ്പിക്കണം. നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്ന സാധനയാണതു്. കൃതജ്ഞതാനിര്‍ഭരവും സമര്‍പ്പിതവുമായ ഹൃദയമുണ്ടെങ്കിലേ ധ്യാനാത്മകമായ ശ്രദ്ധ നമ്മില്‍ അന്തര്‍ധാരയായി പ്രവഹിക്കുകയുള്ളൂ. അകവും പുറവും വിളകൂന്ന ഉണ്മയെ, കരുവിനെ വീണുവണങ്ങി പ്രാര്‍ത്ഥിക്കണം.
'ദൈവമേ, ഇതെല്ലാം നീ തന്നെ. ഈ കാണപ്പെടുന്ന പ്രപഞ്ചമെല്ലാമായി പ്രകാശിക്കുന്നതു നീ മാത്രമാണ് . നിന്നെത്തന്നെ ഞങ്ങള്‍ കുഞ്ഞുങ്ങളായി കാണുന്നു. ഭാര്യഭര്‍ത്താക്കന്മാരായി കാണുന്നു. അന്യരായി കാണുന്നു. ഈ അവസരത്തില്‍ നീ തന്നെയാണു് ഇതെല്ലാമെന്നു് ഞങ്ങള്‍ മറന്നുപോകുന്നു. അതുകൊണ്ടു് ഞങ്ങളുടെ പെരുമാറ്റത്തില്‍ ഭവ്യത ഇല്ലാതായിത്തീരുന്നു. ഞങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കുറഞ്ഞു പോകുന്നു. അറിയാതെ ഞങ്ങള്‍ അനാദരവു കാണിച്ചു പോകുന്നു.
കാരുണ്യത്തിന്റെ നിറകുടമായ സര്‍വ്വേശ്വരാ, ഞങ്ങളെ അനുഗ്രഹിച്ചു് ഉള്‍ക്കണ്ണു തുറന്നു തരുമാറാകണേ. കുഞ്ഞുങ്ങളെ കാണുമ്പോള്‍ നീ തന്നെ ബാലരൂപം പൂണ്ടു വിളയാടുകയാണെന്നു മനസ്സിലാക്കി ഞങ്ങള്‍ ആഹ്ലാദിക്കട്ടെ. ഏവരുടെയും കണ്ണില്‍ നിന്റെ ചൈതന്യം പ്രകാശിക്കുന്നതു വ്യക്തമായി കാണുവാന്‍ വരം തരേണമേ. എല്ലാ ശബ്ദങ്ങളിലും നിന്റെ വൈഖരീവിലാസം കേള്‍ക്കുമാറാകണേ. ഞാനൊരു വ്യക്തി എന്ന അറിവിനു പകരം ഞാന്‍ ഈ സമഷ്ടിയുടെ ദിവ്യമായ ഒരംശം എന്ന അറിവു തന്നു അനുഗ്രഹിക്കുമാറാകണേ!'
ഗുരു നിത്യ എഴുതിയ പ്രാര്‍ത്ഥനയാണു് മുകളില്‍ ഉദ്ധരിച്ചതു്. കേവലം അധരവ്യായാമം എന്നതിലുപരി സ്വജീവിതത്തെത്തന്നെ ധ്യാനാത്മകമാക്കലാണു് പ്രാര്‍ത്ഥന. ഹൃദയം നനവുള്ളതാകണം. വാക്കുകള്‍ സൗമ്യവും ശാന്തവുമാകട്ടെ. പ്രവൃത്തികള്‍ മൗനാത്മകമാകട്ടെ. ചിന്തയും വാക്കും പ്രവര്‍ത്തിയുമെല്ലാം വിഷയോന്മുഖതയില്‍നിന്നും ആത്മോന്മുഖതയിലേക്കു തിരിച്ചൊഴുകുമ്പോഴാണു ഇതെല്ലാം സംഭവിക്കുക. അങ്ങനെയൊരുണര്‍വ്വിലേക്ക് നമ്മെ നയിക്കാന്‍ സഹായിക്കുന്ന അറിവുകളാണ് ഇനി പറയാന്‍ പോകുന്നതു്.
0 comments:
Post a Comment