Sunday, 17 July 2016

ഗുരുസ്വാമിയും കോമരവും...!


ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് അടുത്ത് ഒരിക്കല്‍ ശ്രീ നാരായണ ഗുരുദേവന്‍ വിശ്രമിയ്ക്കുന്നു... ഗുരുദേവന്‍ അവിടെ വന്നതറിഞ്ഞ് ഗുരുവിനെ കാണുവാനും സംസാരിക്കുവാനുമായി പലരും അടുത്ത് കൂടി.

അതേ സമയം പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ക്ഷേത്രത്തില്‍നിന്നും ഉറഞ്ഞ് തുള്ളി അവിടെയെത്തി. കോമരത്തെ കണ്ടപ്പോള്‍ പലരും ഗുരുവിന്റെ അടുത്ത് നിന്നും അങ്ങോട്ടുപോയി; ഗുരുദേവന്‍ അത് ശ്രദ്ധിക്കാതെ ആല്‍ത്തറയില്‍ തന്നെ വിശ്രമിക്കുകയും ചെയ്തു...!.

തന്നെ വകവയ്ക്കാതെ ഒരാള്‍ മാത്രം ആല്‍ത്തറയില്‍ ഇരിക്കുന്നത് കണ്ട്, കോമരം തുള്ളിക്കൊണ്ട്‌ ഗുരുവിന്റെ അരികിലെത്തി; അതുകണ്ട് അനേകം ആ‍ളുകള്‍ അവിടെ അടുത്തുകൂടി. കോമരം സ്വാമിയോട് ചോദിച്ചു...

“ഞാന്‍ ആരാണെന്ന് അറിയാമോ...?“

ഗുരു: "കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു“

കോമരം: “എന്ത്...? നമ്മെ പരിഹസിക്കുന്നോ...? പരീക്ഷ വല്ലതും കാണാണോ?“

ഗുരു: (ചിരിച്ച്കൊണ്ട് ) “പല്ലില്ലാത്ത ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം“

കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി...!

സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ പല അന്ധ:വിശാസങ്ങളെയും ഗുരുദേവന്‍ ഒരു നിമിഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത് ഇങ്ങനെ ചില ഫലിതങ്ങളിലൂടെയാണ്...! അങ്ങിനെ ഫലിതങ്ങളും യുക്തികളും അറിവും പകര്‍ന്നു തന്ന് ആ അവതാര യുഗപുരുഷന്‍ കടന്നുപോയി...!

പക്ഷെ ദേഹം മുഴുവന്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വച്ചുകെട്ടി മതങ്ങളും മനുഷ്യരും ഇന്നും ലോകം മുഴുവന്‍ ഉറഞ്ഞു തുള്ളുന്നു..!

അതിനൊപ്പം തുള്ളാന്‍ കുറെ അന്ധ:വിശ്വാസികളും...!

- ഗുരുദേവസ്മരണയില്‍


0 comments:

Post a Comment