Sunday, 17 July 2016

“നമുക്ക് ജാതിയില്ല” – ഗുരുദേവ വിളംബരത്തിനു നൂറു വയസ്സ്.

ശ്രീനാരായണഗുരുവിന്‍റെ ഈ മഹനീയ വിളംബരത്തെ ഉള്‍ഘോഷിച്ചു കൊണ്ട് ഗുരുദേവവിശ്വാസികള്‍ ആഘോഷങ്ങള്‍ നടത്തുമ്പോഴും അതിനിടെ ചില ഭിന്നസ്വരങ്ങളും ഞാനീയിടെ കേള്‍ക്കുകയുണ്ടായി. അതില്‍ അധികാരമോഹങ്ങലോടെ ഗുരുദേവനെ കാവിയണിയിച്ചു ഒരുപകരണമായി കൂടെ നിറുത്താന്‍ ശ്രമിച്ചവരും ശ്വാസ-നിശ്വാസങ്ങളില്‍പ്പോലും ഗുരുദേവനെ സ്വന്തം ദൈവമായി കൊണ്ടുനടക്കുന്നതായി അവകാശപ്പെടുന്നവരും അടുത്തകാലത്തായി ജാതിസ്നേഹം മൂത്തുപോയി ഇവരുടെ താങ്ങുകാരായി മാറിയ ചിലരുമൊക്കെയുണ്ട്.അവരുടെയൊക്കെ വാദഗതിക്കുപോല്‍ബലമായി ജന്മഭൂമി ദിനപ്പത്രത്തില്‍ വന്ന ഒരു ലേഖനവും അതിനെക്കുറിച്ച് നമ്മുടെ ബിനു കേശവനും മറ്റുചിലരും വ്യത്യസ്തസ്വരങ്ങളിലൂടെ എഴുതിയ പോസ്റ്റുകളുമാണ് എന്‍റെ ഈ ലേഖനത്തിനാധാരം. ശ്രീമാന്മാര്‍ കോട്ടുകോയിക്കല്‍ വേലായുധന്‍റെയും മൂര്‍ക്കോത്ത് കുമാരന്‍റെയും ഗുരുദേവജീവിതചരിത്രങ്ങളാണ് ഇവരുടെ വാദഗതികള്‍ക്ക് കൂട്ടുപിടിച്ചിട്ടുള്ളത്.
ചെങ്ങന്നൂരിനടുത്ത് കണിക്കുറുപ്പന്മാരെന്നു (പിച്ചനാട്ടു കുറുപ്പെന്നും ഇവരെ വിളിച്ചിരുന്നതായി മൂര്‍ക്കോത്ത് കുമാരന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്) അറിയപ്പെട്ടിരുന്ന ഒരു സമുദായക്കാര്‍ അന്നുണ്ടായിരുന്നു. ചില കാര്യങ്ങളിളൊക്കെ ഈഴവര്‍ക്ക് ഉണ്ടായിരുന്നതിനെക്കാളും കൂടുതല്‍ സ്വീകാര്യത (അയിത്തമില്ലായ്മ) ഇക്കൂട്ടര്‍ക്ക് സവര്‍ണ്ണരില്‍ നിന്നും ഉണ്ടായിരുന്നെങ്കിലും ആ ദേശത്തിലെ ഭൂരിപക്ഷക്കാരായ ഈഴവസമുദായം ഇവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. ഗുരുദേവനിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളിലും ആകൃഷ്ടരായ കണിക്കുറുപ്പന്മാര്‍ ശ്രീ ജി കൃഷ്ണന്‍ വൈദ്യന്‍റെ നേതൃത്വത്തില്‍ ഗുരുദേവനെ ബന്ധപ്പെടുകയും അവര്‍ നേരിടുന്ന ഭ്രഷ്ടിനെക്കുറിച്ച് പരാതിപ്പെടുകയും അത് മാറ്റാന്‍വേണ്ടുന്നത് ചെയ്തു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്നു ഗുരുദേവന്‍ സരസകവി മൂലൂര്‍ പത്മനാഭപണിക്കരോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും മന്ത്ര-കർമ്മങ്ങൾ ഒന്നും തന്നെയില്ലാതെ ഈ കണികുറുപ്പന്മാരെ അവർ നേരിട്ടുകൊണ്ടിരുന്ന ഭ്രഷ്ടിനെതിരെ സംരക്ഷണവും അഗീകാരവും നല്‍കുവാന്‍ വേണ്ടി ഈഴവരായി പ്രഖ്യാപിക്കുകയുമായിരുന്നു. തുടര്‍ന്നു ആ സല്ക്കര്‍മ്മത്തിന്‍റെ സാക്ഷാത്ക്കാരചിഹ്നമായി ഒരു സമൂഹസദ്യ നടത്തുകയും അതൊരു മഹദ്ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു ശ്രീ മൂലൂരിനോട് “ഇന്നൊരു സുദിനം തന്നെ. സമുദായചരിത്രത്തില്‍ ഇതൊരു പ്രധാന ഘട്ടമത്രെ. ഇത് പദ്യമാക്കണം. ആ റെക്കോര്‍ഡ്‌ ആലുവാ അദ്വൈതാശ്രമത്തില്‍ സൂക്ഷിക്കണം” എന്നും ഗുരു പറയുകയുണ്ടായി. ഇതാണ് നടന്ന സംഭവം.
സമുദായത്തിലും സമൂഹത്തിലും നടന്നിരുന്ന അനീതികളെയും ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളും കുറച്ചുകൊണ്ടുവരാനും ക്രമേണ ഇല്ലാതാക്കാനും ശ്രമിക്കുകയായിരുന്നു ഗുരുദേവന്‍. അതിന്‍റെ ഭാഗമായി കടുത്ത ഭ്രഷ്ട്‌ നേരിട്ട് കൊണ്ടിരുന്ന ഒരു ചെറിയ സമൂഹത്തെ മന്ത്ര-തന്ത്രങ്ങളിലൂടെയല്ലാതെ വെറും ഒരു പ്രഖ്യാപനത്തിലൂടെയും സമൂഹസദ്യയിലൂടേയും മാത്രം അവരുടെ അംഗീകാരത്തിനും സംരക്ഷണത്തിനും വേണ്ടി ഒരു ഭൂരിപക്ഷസമുദായത്തിന്‍റെ ചിറകിൽ കൊണ്ടുവരുകയായിരുന്നു എന്നത് മനസ്സിലാക്കാൻ അല്പബുദ്ധികളായ ജന്മഭൂമി ലേഖകനും അതിന്‍റെ സവർണ്ണരായ മേധാവികൾക്കും മനസ്സിലാക്കാൻ പ്രയാസമുണ്ടാകും. കാരണം അവരുടെ കണ്ണുകളിൽ നിറയേ ഇന്നും അയിത്ത ചിന്തകളും അതിലൂന്നിയ അധികാരമോഹവും മാത്രമാണ്.
ഇന്നും എത്രയോ ജനവിഭാഗങ്ങൾ സമൂഹത്തിൽ ഭ്രഷ്ടനുഭവിക്കുന്നവരുണ്ട്, അവരിലേതെങ്കിലും വിഭാഗത്തെ, അതുമല്ലെങ്കിൽ ഇന്നും അവർണ്ണരായി കരുതപ്പെടുന്ന, എന്നാല്‍ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നോട്ടെത്തിയ സമുദായങ്ങളിൽപ്പെട്ടവരെയെങ്കിലും സവർണ്ണജാതിയുടെ മേലങ്കിയണിയിച്ച് ഉൾക്കൊള്ളാൻ ഈ സ്വയം മേലാളന്മാരായി കരുതുന്ന ഇവർ തയ്യാറാകുമോ? അതും ഗുരുദേവൻ നടത്തിയ പോലെ വെറുമൊരു പ്രഖ്യാപനവും ഒരു സമൂഹസദ്യയും മാത്രം നടത്തിക്കൊണ്ട്. (പൂജാവിധികള്‍ പഠിച്ചിട്ടും ശ്രീകോവിലില്‍ കയറാനാകാത്ത അബ്രാഹ്മണരുടെ എണ്ണം എത്രയാണെന്ന് ജന്മഭൂമി ഒന്നെണ്ണി നോക്കട്ടെ?) ഗുരുവിന്‍റെ മാനവീയ സങ്കല്‍പ്പത്തില്‍ ജാതിക്കും മതത്തിനും പ്രത്യേക പ്രാധാന്യമില്ലെന്നുള്ളതിനുള്ള തെളിവാണ് എസ്എന്‍ഡിപി യോഗവുമായി ബന്ധം വിടര്‍ത്തിക്കൊണ്ടുള്ള തന്‍റെ കുറിപ്പില്‍ യോഗത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ‘ജാത്യാഭിമാനം’ കൂടിയതാണ് കാരണമായി പറഞ്ഞിട്ടുള്ളത്. ഏകത്വചിന്തയിലധിഷ്ടിതമായ ഗുരുവിന്‍റെ വിശാലമനസ്സിനെ തമസ്കരിക്കാൻ നിത്യവും ശ്രമിക്കുകയും ഗുരുദേവനെ അധികാരസക്ഷാത്കാരത്തിനായി മാത്രം ഗുരുദര്‍ശനത്തെ വൈകല്യ്മാക്കി അവതരിപ്പിച്ചു അവരുടെ ഒരുപകരണമാക്കാന്‍ ശ്രമിക്കുന്ന ജന്മഭൂമി പ്രഭൃതികൾക്ക് ഇത് മനസ്സിലായാലും കണ്ണടച്ച്കാട്ടാനല്ലേ ആവൂ. കുരുട്ടുബുദ്ധിയും മനസ്സിൽ നിറയേ ഇരുട്ടുമായി നടക്കുന്ന അക്കൂട്ടർക്ക് അതിനേ കഴിയൂ.
വർഷങ്ങൾക്കുമുന്പ് സിനിമാനടി ശ്രീലതയെ നടന്‍ കൂടിയായിരുന്ന ഡോ. നമ്പൂതിരിയെ വിവാഹം ചെയ്തതിനെ തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന മന്ത്ര-തന്ത്രാദികൾക്കു ശേഷം മാത്രമാണ് സവർണ്ണയായി തന്നെ കരുതപ്പെടുന്ന നായർ സ്ത്രീ ശ്രീലതയെ ശ്രീലതാ നമ്പൂതിരിയാക്കി മാറ്റിയതെന്ന ചരിത്രം കൂടി നമ്മൾ അറിഞ്ഞിരിക്കണം. ഡോ. നമ്പൂതിരി മരണമടഞ്ഞശേഷമാണ് പിന്നീട് അവരെ അഭിനയരംഗത്ത് കണാനായതും.
ജന്മഭൂമി വീണ്ടും തെളിവായി രേഖപ്പെടുത്തുന്നത്, പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് താമസവും വൈദ്യശാലയും മാറ്റിയ ശ്രീ ജി കൃഷ്ണൻ വൈദ്യന് ഗുരുദേവൻ പരിശുദ്ധ ഈഴവനാണെന്ന സർട്ടിഫിക്കറ്റു കൊടുത്തുവെന്നാണ്‌. [പരിശുദ്ധനെന്നു ഗുരു ഉദ്ദേശിച്ചത് കള്ള് ചെത്താത്ത, ഉപയോഗിക്കാത്ത, കച്ചവടം ചെയ്യാത്തവന്‍ എന്നാണു]. ഈഴവർക്കായി സംവരണ ചെയ്തിരുന്ന ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൌണ്‍സില്‍ അംഗത്വം ജന്മം കൊണ്ട് കണിക്കുറുപ്പ് എന്ന താഴ്ന്ന ജാതിക്കാരനും ഗുരുവിന്‍റെ വെറും ഒരു പ്രഖ്യാപനം കൊണ്ട് മാത്രം ഈഴവനായി "കയറ്റം" കിട്ടിയ വൈദ്യര്‍ക്ക് കിട്ടാനായി അത്തരം സര്‍ട്ടിഫിക്കറ്റ് കൊടുക്കുക വഴി തന്‍റെ പ്രവര്‍ത്തിക്കു അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരണം നൽകുകയായിരുന്നുവെന്ന് വേണം കരുതാന്‍. ഗുരുദേവനിൽ നിന്നും തന്നെ ഇത്തരം ഒരു സർട്ടിഫിക്കറ്റു ഹാജരാക്കാൻ ആവശ്യപ്പെട്ടത് ഗുരുദേവന്‍റെ സോഷ്യൽ എഞ്ചിനീയറിംഗ് കാഴ്ചപ്പാട് തീർത്തും അറിയുമായിരുന്ന,
“ഒരു മതം മതിയിനി പരസ്നേഹം
ഒരു വര്‍ഗ്ഗം മതി മനുഷ്യ സംജ്ഞകം
ഒരു രാഷ്ട്രം മതി ധരാതലം; നമു-
ക്കൊരു ദൈവം മതി ഹൃദിസ്ഥിതം”
എന്നീ വരികളിലൂടെ ഗുരുവിന്‍റെ എകലോകദര്‍ശനത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ ആവശ്യപ്രകാരമാണെന്നു കൂടിയറിയണം. വൈദ്യരുടെ നിയമനത്തിനെതിരെ ചന്ദ്രഹാസമിളക്കി നിന്ന ചങ്ങനാശ്ശേരിയിലെ ഈഴവപ്രമാണിമാരെ ജാതി ഇത്രയേയുള്ളൂവെന്ന് ഗുരുദേവനേക്കൊണ്ടുതന്നെ പറയിപ്പിക്കുകയായിരുന്നില്ലേ മഹാകവി ഗുരുദേവ ചരിതത്തിലെ ഈ ചെറിയോരേടിലൂടെ?

By: മോഹനകുമാര്‍ പത്മനാഭന്‍

0 comments:

Post a Comment