Sunday 17 July 2016

''നമുക്ക് ജാതിയില്ല'' അറിയുവാനും അറിയിക്കുവാനും


പരബ്രഹ്മ സ്വരൂപനായ ശ്രീനാരായണ ഗുരുവിന്റെ ദർശനവും സന്ദേശങ്ങളുമൊക്കെ ഇന്ന് കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷകരമായ അനുഭവമാണ്. ഗുരുവിന്റെ ദാർശനിക ചിന്താധാരകളും തത്വദർശനവുമെല്ലാം തന്നെ വരികളിലൂടെയും വരികൾക്കിടയിലൂടെയും വ്യാഖ്യാനിച്ചും വിവർത്തനം ചെയ്തും മലയാളിയുടെ മനസ്സിലേയ്ക്ക് തിരമാലകൾ പോലെ സന്നിവേശിപ്പിക്കാനുള്ള ശ്രമത്തെ എസ്സ്.എൻ.ഡി.പി യോഗം ഉപാധിരഹിതമായി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യും.

കുടുംബയൂണിറ്റുകളിലൂടെയും, സ്വയംസഹായസംഘങ്ങളിലൂടെയും, വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും എല്ലാം തന്നെ കഴിഞ്ഞ രണ്ടു ദശകങ്ങളായി യോഗം ഇത് പ്രചരിപ്പിക്കുന്നതിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഗുരുദർശനം പ്രചരിപ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ യോഗം അതിന്റെ ചരിത്രപഥത്തിലൂടെ ശരിയായ ദിശയിലേയ്ക്ക് സഞ്ചരിക്കുന്നു എന്നർത്ഥം.

എന്നാൽ ചിലപ്പോഴെങ്കിലും ഗുരുസന്ദേശത്തിലെ ഒന്നോ, രണ്ടോ വരികൾ മാത്രം അടർത്തിയെടുത്ത് അത് പറഞ്ഞ സാഹചര്യത്തെയും കാലഘട്ടത്തെയും മന:പൂർവ്വം തമസ്‌ക്കരിച്ച് ഗുരുവിന്റെ ദർശനങ്ങളെ വളച്ചൊടിക്കുവാനുള്ള ശ്രമം നടന്നിട്ടുണ്ട്. അത്തരം ഏടുകൾ മാത്രമെടുത്ത് വലിയ കാമ്പയിൻ പ്രവർത്തനം നടത്തുമ്പോൾ അതിന്റെ അകം പൊരുൾ വിശകലനവും നാം നടത്തേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അത് ഗുരുദർശനങ്ങളെ അവഹേളിക്കുന്നതാകും. ഇപ്പോൾ ഈ കുറിപ്പ് ഇവിടെ എഴുതുവാനുള്ള സന്ദർഭം അത്തരമൊരു സാഹചര്യം ഉടലെടുക്കുന്നു എന്നുള്ളതു കൊണ്ടാണ്. '' നമുക്ക് ജാതിയില്ലാ'' എന്ന ഒരു വരിയെടുത്ത് അത് മഹാ വിളംബര സന്ദേശമായി വ്യാഖ്യാനിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുവാൻ ചിലർ ശ്രമിക്കുമ്പോൾ അതിന്റെ പ്രചാരകരായി ഗുരുധർമ്മം പ്രചരിപ്പിക്കുവാൻ ഗുരുകല്പിച്ച് ചുമതലപ്പെടുത്തിയിട്ടുള്ളവർ മാറുന്നത് ആശാസ്യമല്ല.

ഗുരു ആജീവനാന്ത പ്രസിഡന്റായി രൂപീകരിച്ച എസ്. എൻ ഡി. പി. യോഗത്തിന്റെ നിയമാവലിയിൽ ഈഴവസമുദായത്തിൽ വൈദീകവും ലൗകീകവുമായ വിദ്യാഭ്യാസത്തേയും വ്യവസായ ശീലത്തേയും അഭിവൃദ്ധിപ്പെടുത്തുന്നതിനും അവയുടെ പ്രചാരണത്തിനായി ....... എന്നിങ്ങനെ രേഖപ്പെടുത്തിയതും സമൂഹത്തിലെ ഉച്ച നീചത്വങ്ങളെ ഇല്ലാതാക്കി സമഭാവനയുടെ നാളുകൾക്ക് വേണ്ടിയായിരുന്നു. അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചത് ഗുരു തന്നെയായിരുന്നു. ശിവഗിരി തിർത്ഥാടനത്തിന് അനുവാദം ചോദിച്ചതും ഗുരു അതിന് അനുമതി നൽകിയതും ഈഴവർക്കായിരുന്നു. 1916 ൽ ''നമുക്ക് ജാതിയില്ല ''എന്ന് ഗുരു വിളംബരം ചെയ്യുന്നതിനു മുമ്പ് സമുദായത്തിലെ ആചാരാനുഷ്ഠാനങ്ങൾ പരിഷ്‌ക്കരിക്കുന്നതിനുള്ള സംഗതികൾ എസ്. എൻ. ഡി. പി. യോഗത്തിന്റെ പൊതുയോഗത്തിൽ കൊണ്ടുവരണമെന്ന് യോഗം ജനറൽ സെക്രട്ടറിക്ക് കത്ത് എഴുതിയതും ചെറായി , വിജ്ഞാനവർദ്ധിനി സഭയിൽ ഗുരു നടത്തിയ പ്രസംഗത്തിൽ നമ്മുടെ സമുദായത്തിലെ ഉയർന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചതും ചരിത്രമാണ്.

ജാതി വിവേചനം ഇല്ലാതാക്കുവാൻ ജാതിസംവരണം ഭരണഘടനയിൽ ചേർത്തതിന്റെ ഫലമായി കേന്ദ്ര-സംസ്ഥാന നിയമനിർമ്മാണ സഭകളിൽ പട്ടിക ജാതി -വർഗ്ഗ സംവരണം ഇന്നും നിലനിൽക്കുന്നു. സിവിൽ സർവ്വീസ് പരീക്ഷമുതൽ ശിപായി വരെയുള്ള ഉദ്യോഗത്തിനും ഈ പരിരക്ഷ ലഭിക്കുന്നു. എന്തിനേറെ എൽ. പി. സ്‌ക്കൂളിലുള്ള ഉച്ചക്കഞ്ഞി വിതരണത്തിൽ വരെ ജാതി നിലനിൽക്കുന്നു.
നമ്മുടെ രാജ്യത്ത് സർക്കാർ ആനുകൂല്യങ്ങൾ ജാതി മതാടിസ്ഥാനത്തിൽ വീതം വയ്ക്കുമ്പോൾ ജനസംഖ്യാനുപാതികമായി സമുദായത്തിനു ലഭിക്കേണ്ടത് വേണമെന്ന് പറയുന്നത് ജാതിയമല്ല. ഗുരുദർശനത്തിന് വിരുദ്ധവുമല്ല. സാമൂഹ്യനീതിയുടെ നീതി ശാസ്ത്രമാണ്. സാമൂഹ്യപരമായ ഉച്ചനീചത്വം ഒരു പരിധി വരെ അവസാനിപ്പിക്കുവാൻ കഴിഞ്ഞെങ്കിലും പൊതുഖജനാവിലെ സമ്പത്ത് വിതരണം ചെയ്യുമ്പോഴും അധികാരസ്ഥാനങ്ങൾ പങ്കുവെയ്ക്കുമ്പോഴും ഈഴവ സമുദായത്തെ ഗുരുദർശനത്തിന്റെ അടർത്തിയെടുത്ത ഏടു പഠിപ്പിച്ച് കാതങ്ങൾ മാറ്റി നിർത്തുമ്പോൾ എസ്സ് .എൻ.ഡി.പി യോഗത്തിന് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. കാരണം ഇതൊരു സമര സംഘടനകൂടിയാണ്.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ കാര്യങ്ങൾ സാമൂഹ്യ നീതിയിലൂടെ രാഷ്ട്രീയപാർട്ടികൾ നടപ്പാക്കുമെന്നുള്ള പ്രതീക്ഷയോടെ യോഗം രാഷ്ട്രീയകാര്യങ്ങളിൽ നിന്നും പിൻമാറി സമുദായകാര്യങ്ങളിൽ നിലയുറപ്പിച്ചു. എന്നാൽ നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസ്ളിം, കൃസ്ത്യൻ വിഭാഗങ്ങൾ രാഷ്ട്രീയത്തിൽ തുടർന്ന് അധികാരവും സമ്പത്തും ഏറെ നേടിക്കൊണ്ടിരുന്നു. സ്ഥിതി വിവരകണക്കുകൾ പരിശോധിച്ചാൽ ആർക്കും മനസ്സിലാവുന്ന സംഗതിയാണിത്. സമുദാത്തിന്റെ പേരിൽ തന്നെ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി പ്രവർത്തിക്കുകയും മത്സരിക്കുകയും ഭരിക്കുകയും അഴിമതി വ്യവസായമാക്കി നടത്തുന്ന വരെയും കാണുവാൻ മതേതര ചിന്തകന്മാർക്ക് കഴിയുന്നില്ല.

ജാതി ചിന്ത വളർത്തി മനുഷ്യരെ ഭിന്നിപ്പിച്ചു നിർത്തി അധികാരത്തിൽ കടിച്ചു തൂങ്ങുവാൻ വേണ്ടി അടവു നയവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമൊക്കെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് യഥാർത്ഥ വർക്ഷീയത സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കുവാൻ ഒരു ബുദ്ധിമുട്ടുമില്ല. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മാൻഹോളിൽ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് കൊടുത്തതു പോലെ സമാനസംഭവങ്ങളിലും നിലപാട് സ്വീകരിക്കണമെന്ന് പറഞ്ഞപ്പോൾ മറ്റു സമുദായത്തിലെ വോട്ടുകൾ ലക്ഷ്യം വച്ച് യോഗം ജനറൽ സെക്രട്ടറിയ്‌ക്കെതെിരെ കേസ്സു കൊടുത്തത്. അതേ പോലെ തന്നെ ബിസി.ഡി.സി വായ്പ എടുത്ത മറ്റു സമുദായനേതാക്കളുടെ പേരിൽ പരാതി നൽകാതെ യോഗം ജനറൽ സെക്രട്ടറിയുടെ പേരിൽ മാത്രം കള്ള പരാതി കൊടുത്തതും മറ്റു സമുദായത്തിന്റെ കൈയ്യടി നേടി ജയിക്കുവാനായിരുന്നു. യഥാർത്ഥത്തിൽ ജാതി ചിന്ത ഇല്ലാതാവണമെങ്കിൽ ജാതി വിവേചനം ഇല്ലാതാവണം. അതിന് തുല്യ നീതിയും വിഭവവിതരണത്തിൽ സാമൂഹ്യ നീതിയും ഉണ്ടാവണം.

പരബ്രഹ്മസ്വരൂപനായി മാറിയ ഗുരുദേവൻ,
വിശ്വമാകെ ഒന്നായി കണ്ട ഗുരുദേവൻ, പ്രഥമ ശിഷ്യനായ ശിവലിംഗദാസ സ്വാമികൾ ശിവസ്വരൂപത്തിൽ കണ്ട ഗുരുദേവൻ, എല്ലാ സീമകൾക്കും മുകളിലാണ്. അവിടെ ജാതിയില്ല, മതമില്ല, വർണ്ണമില്ല, വർഗ്ഗമില്ല. ഉള്ളത് വിശ്വമാനവികത മാത്രമാണ്. ചക്രവാളം മുതൽ ചക്രവാളം വരെ ഒന്നാണെന്ന സത്യത്തിൽ നിന്നു കൊണ്ട് പരമ ഗുരു ചെയ്ത 'നമുക്ക് ജാതിയില്ല' എന്ന വിളംബരം അതിന്റെ അന്ത:സത്ത മനസ്സിലാക്കാതെ എടുത്ത് പ്രയോഗിച്ചാൽ അതിൽപരം വല്ല ഗുരുനിന്ദയുമുണ്ടോ. അന്ധൻ ആനയെ കണ്ടതു പോലെ ഗുരുദർശനങ്ങളെ കാണുന്നവർക്ക് മാത്രമേ ഇത്തരത്തിൽ ചിന്തിക്കുവാൻ ആകൂ

മാനവിക നന്മയാണ് ലക്ഷ്യമെങ്കിൽ, അരുവിപ്പുറത്തു കുറിച്ച ജാതിഭേദം മതദേഷ്വം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് ലക്ഷ്യമെങ്കിൽ കേരളത്തിലെ 75000 സ്വയം സഹായസംഘങ്ങളിലൂടെയും 30000 കുടുംബയോഗങ്ങളിലൂടെയും 6857 ശാഖകളിലൂടെയും എല്ലാ യൂണിയനുകളിലൂടെയും ഗുരുവരുൾ പ്രചരിപ്പിക്കുവാൻ യോഗം എന്നും കൈ മെയ്യ് മറന്ന് കൂടെ ഉണ്ടാകും. അതല്ലാതെ സങ്കുചിത രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ അത് ഗുരുവിന്റെ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനവും ഗുരുനിന്ദയും ആയിരിക്കും.

1 comments:

Post a Comment