Saturday, 1 November 2014

ഡോക്ടർ പല്പുവെന്ന കർമ്മയോഗി


അവകാശങ്ങൾ നിഷേധിക്കപ്പെട്ട, അജ്ഞത  തിരിച്ചറിഞ്ഞ് പ്രതിഷേധിക്കുന്ന യുവത്വത്തിന്റെ  ആദ്യശബ്ദം ഡോക്ടർ പി.പല്പുവിന്റേതായിരിക്കും. ഏറെ ത്യാഗങ്ങൾ സഹിച്ച് മദ്രാസിൽ  നിന്ന് വൈദ്യ പഠനം പൂർത്തിയാക്കി തിരുവിതാംകൂറിലെ തന്നെ ആദ്യത്തെ എൽ.എം.എസ് കാരനെന്ന  അഭിമാനത്തോടെ നാട്ടിൽ മടങ്ങിയെത്തിയിട്ടും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ചതുപോലെ വൈദ്യവൃത്തിയും ആ ചെറുപ്പക്കാരന് നിഷേധിക്കപ്പെട്ടു. തന്റെ നാടിന്റെ  ദുരവസ്ഥ ബ്രഹ്മ സമാജത്തിന്റെയും ആര്യ സമാജത്തിന്റെയും ശ്രദ്ധയിൽ എത്തിച്ചത് ഡോക്ടർ പല്പുവായിരുന്നു.

മൈസൂർ പ്രദേശത്ത് പേശു ബാധിച്ചവരെ  ചികിത്സിക്കുകയും മഹാമാരിയിൽ മരണമടഞ്ഞവരുടെ  ചിതകൾ എരിയുന്നത് കണ്ടിരുന്നപ്പോഴും തന്റെ നാട്ടിൽ നടമാടിയ  അനാചാരങ്ങളുടെ വിഷവിത്തുകളെ ഉന്മൂലനം ചെയ്യാനുള്ള  ശ്രമങ്ങളിൽ  ഡോക്ടർ മുഴുകിയിരുന്നു. രോഗിയിലൂടെ രോഗത്തെ കണ്ടറിഞ്ഞ് ചികിത്സ നിശ്ചയിച്ച അതേ പാടവം സാമൂഹ്യ അനീതികളോടും അദ്ദേഹം കാട്ടി.
മൈസൂറിലെ ജോലിയിൽ നിന്ന് ലഭിച്ച ഏറിയ പങ്കും  സമൂഹത്തിന്റെ  നന്മയ്ക്ക്  വേണ്ടിയാണ് ഡോക്ടർ  ചെലവഴിച്ചത്. തിരുവിതാംകൂറിന്റെ  ഭരണസാരഥികൾക്ക് ഭീമഹർജികൾ നൽകുകയും മലയാളി മെമ്മോറിയലിൽ തുടർച്ചയായി അവകാശങ്ങളെക്കുറിച്ച്  എഴുതി ജനങ്ങളെ ഉത്ബോധിപ്പിക്കുകയും ചെയ്തു. അനാചാരങ്ങൾ  കൊടികുത്തി വാണിരുന്ന ജന്മഭൂമി ഒരു കർമ്മ ഭൂമിയാക്കി  മാറ്റാനുളള ഡോക്ടർ പല്പുവിന്റെ  പരിശ്രമം ഒരു നാഴികക്കല്ലായി  തീർന്നു.
അരുവിപ്പുറം ക്ഷേത്രയോഗം സ്ഥാപിതമായതിന് ശേഷം ശ്രീനാരായണ ഗുരുവിനെ  മുൻനിറുത്തി രൂപാന്തരപ്പെടുത്തിയ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യസാരഥിയും പല്പു തന്നെയായിരുന്നു.

അജ്ഞതയിലും  അടിമത്വത്തിലും ഉറങ്ങിക്കിടന്നിരുന്ന സമൂഹം  അതോടെ ഉണരുകയായിരുന്നു. വ്യക്തികളിൽ നിന്ന് സംഘടനയും സംഘടനയിൽ നിന്ന് സമൂഹവും നവോത്ഥാനത്തിന്റെ  പാതയിലേക്ക് നീങ്ങാൻ തുടങ്ങി. ചരിത്രത്തിന്റെ  താളുകളെ പിന്നോട്ട് മറിച്ചാൽ  ഡോക്ടർ പല്പു  ഒരു കർമ്മയോഗിയായി   ആദരിക്കപ്പെടും. ഒരു നാടിന്റെ  ഉയർച്ചയ്ക്കും നേട്ടത്തിനും അരികത്തും, അകലെയും  ഇരുന്ന് വഴികാട്ടിയ ദിവ്യജ്യോതിസ്.
ഇന്ന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന എസ്.എൻ.ഡി.പി യെന്ന മഹാപ്രസ്ഥാനത്തിന്റെ  ആദ്യത്തെ 25ശാഖാ യോഗങ്ങൾ മദ്ധ്യ തിരുവിതാംകൂറിലെ കുട്ടനാട്ടിലെ പുളിംകുന്ന്, കാവാലം, കുന്നുമ്മേൽ,  രാമങ്കരി, മാമ്പഴക്കേരി, നെടുമുടി, മങ്കൊമ്പ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു എന്നത് ചരിത്രത്തെ വിസ്മയിപ്പിച്ചേക്കും. എസ്.എൻ.ഡി.പി സ്ഥാപിതമായത് 1903ലായിരുന്നല്ലോ. 1905ൽ തിരുവിതാംകൂറിൽ  ആദ്യമായി നടന്ന മഹായോഗങ്ങളിൽ ഒന്ന് ചേർത്തല ചീരപ്പൻ ചിറയിലും രണ്ടാമത്തേത് കുട്ടനാട്ടിലെ പുളിംകുന്നിലെ കുമ്പളംചിറയെന്ന ഈയുള്ളവളുടെ  മാതൃഗൃഹത്തിലുമാണ് നടന്നത്.  ഞങ്ങളുടെ മുതുമുത്തച്ഛനായിരുന്ന  ഇട്ട്യാതി ചേകവന്റെ സാരഥ്യത്തിലായിരുന്നു യോഗം.  എന്റെ മുത്തച്ഛൻ മാധവപ്പണിക്കർ ഉൾപ്പെടെയുള്ളവർ ആദ്യകാല ശാഖാ യോഗങ്ങൾ സ്ഥാപിച്ചു.  യോഗത്തിന്റെ  കുട്ടനാട്,  തിരുവല്ല ഭാഗങ്ങളിലെ  നേതൃത്വം പ്രതിഫലേച്ഛ ഇല്ലാതെ നടത്തിയിരുന്നു (കടപ്പാട് സരസകവി മൂലൂരിന്റെ  ജീവചരിത്രം കുമ്പളംചിറ വാസവപ്പണിക്കർ, 1944ൽ പ്രസിദ്ധീകരിച്ചത്)

ശ്രീനാരായണ ഗുരുവിന്റെ  ജന്മദിനാഘോഷം ഈ വർഷം അടുത്തിടെ അറിവിന്റെ ഹിമാലയെന്ന് വിശേഷിക്കപ്പെടുന്ന  ഓക്സ്ഫോർഡിൽ  നടത്തിയപ്പോൾ അതിഥിയായി  എത്തിയ ഈയുള്ളവളോട് എസ്.എൻ.ഡി.പി കേംബ്രിഡ്ജ് ശാഖയുടെ  ലോഗോ പ്രകാശിപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ എന്റെ മനസിലേക്ക് ഡോക്ടർ പല്പുവെന്ന ജ്ഞാനയോഗി കടന്നുവന്നു. വേദം വൃക്ഷമാണെന്ന് അറിവുള്ളവർ പറയുന്നു. ഗായത്രി മന്ത്ര സാധന വൃക്ഷ രൂപത്തിലാണ്  മന്ത്രാക്ഷരങ്ങൾ  രൂപിക്കാൻ തിട്ടപ്പെടുത്തി വച്ചിരിക്കുന്നത്. ഡോക്ടർ പല്പു ഉപരിപഠനം  നടത്തിയ നാട്ടിൽ  ഇരുന്ന് ഞാനും  ഒരു വൃക്ഷ സങ്കല്പം  മനസിൽ ഉറപ്പിച്ചു.  ഡോക്ടറുടെ ജന്മദിന സമ്മാനമായി  ഒരു വൃക്ഷത്തെ ഒന്നാം നമ്പർ എസ്.എൻ.ഡി.പി യോഗത്തിന്റെ തിരുമുറ്റത്തു നിന്നും ഡോക്ടർ അന്ത്യവിശ്രമത്തിനായി സ്വയം നീക്കിവച്ച മണ്ണിലേക്ക്  കൊണ്ടുപോകണമെന്ന് മനസ് പ്രാർത്ഥിച്ചു.
തന്റെ തൊഴിലിലെ നൈപുണ്യം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, അർപ്പണ മനോഭാവം,  മഹാപ്രസ്ഥാനത്തിന്റെ  നേതൃത്വത്തിന്  നൽകിയ ശക്തി ഇവയൊക്കെ ചേർത്തുവച്ചാൽ  ഡോക്ടർ  പല്പുവിന്  പകരം ഡോക്ടർ പല്പുമാത്രം. അദ്ദേഹത്തിന്റെ  ജീവിതം യൂണിവേഴ്സിറ്റി തലത്തിൽ പഠന വിഷയമാക്കേണ്ടതാണ്. അതിലേക്ക് റിസർച്ച് നടത്താൻ ഭാവിയിലെ വിദ്യാർത്ഥികൾ തയ്യാറാവുകയും വേണം.


By : ഡോ. ഓമന ഗംഗാധരൻ - ലണ്ടൻ
http://news.keralakaumudi.com/news.php?nid=8f1df29a1fc5b6ef124da52aef184639#.VFTmRVj9lNo.facebook

0 comments:

Post a Comment