Sunday, 30 November 2014

ശബരിമലയിലില്ല, കീഴൂരിലുണ്ട് ജാതിയും അയിത്താചരണവും ശ്രീധരൻ പുതുക്കുന്ന്

Posted on: Monday, 24 November 2014

കാസർകോട് : ശബരിമലയിൽ ശ്രീധർമ്മശാസ്താവിന് ഭക്തരുടെ ജാതിയോ മതമോ ഒന്നും ബാധകമല്ല.എന്നാൽ,കാസർകോട് കീഴൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഇപ്പോഴുമുണ്ട് ജാതിയും അയിത്താചരണവും!
അടിയിലൂണ് എന്ന ആചാരവുമായി ബന്ധപ്പെട്ടാണ് അയിത്താചരണം. സവർണർക്ക് ചുറ്റമ്പലത്തിന് അകത്ത് പ്രത്യേക ഊട്ടുപുരയിലാണ് സദ്യ. അടിയാളർക്ക് ചുറ്റമ്പലത്തിന് പുറത്ത് ഊണ്. കഴിക്കുന്നതിലുമുണ്ട് ഉച്ചനീചത്വം. സവർണർ കഴിച്ചുതുടങ്ങിയ ശേഷമേ അടിയാളർക്ക് വിളമ്പൂ.
കീഴൂർ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായാണ് അടിയിലൂണ്. കഴിഞ്ഞ വെള്ളിയാഴ്ച, വലിയപാട്ട് ഉത്സവത്തിന്റെ അവസാന നാളിൽ നടന്ന അടിയിലൂണിലും നടന്നു, രാജ്യത്തെ നിയമസംഹിതയെയും കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തെയും കൊഞ്ഞനം കുത്തുംവിധം അയിത്താചരണം.
സവർണരുടെ സദ്യയ്ക്ക് പപ്പടം സ്പെഷ്യലാണ്. താണജാതിക്കാർക്ക് കൂടി പപ്പടം വിളമ്പാത്തത് ഭാരിച്ച ചെലവ് വരുമെന്നതിനാലല്ല, വിഭവങ്ങൾ തുല്യമായാൽ ജാതിയുടെ കൊമ്പും തുമ്പികൈയും നഷ്ടമാകുമെന്ന ആശങ്ക മൂലമാണ്. സവർണരെയും അവർണരെയും തുല്യരായി കാണാൻ കഴിയില്ലെന്ന പിടിവാശിയിലാണ് ഭരണസമിതി.
ആരുടെയും സ്വകാര്യ സ്വത്തല്ല കീഴൂർ ധർമ്മശാസ്താക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ്. അയിത്താചരണത്തെക്കുറിച്ച് ചോദിച്ചാൽ എക്സിക്യൂട്ടീവ് ഓഫീസർ വാസുദേവൻ പറയുക, പണ്ടുകാലം മുതലുള്ള ചടങ്ങുകൾ അതേപടി നടത്തുന്നുവെന്നേയുള്ളൂ എന്നാണ്.
പണ്ട് കാലത്തെ ചടങ്ങുകളെന്ന് പറയുന്നതിൽ കഴമ്പൊന്നുമില്ല. പണ്ട് അവർണ വിഭാഗക്കാർക്ക് ജാതിഭേദമനുസരിച്ച് വ്യത്യസ്ത ഇടങ്ങളിലായിരുന്നു അടിയിലൂണ്. മാത്രമല്ല, സവർണരുടെ സദ്യ കഴിഞ്ഞശേഷമേ അവർണർക്ക് വിളമ്പുമായിരുന്നുള്ളൂ. അതിനൊക്കെ മാറ്റംവന്നു. വിവേചനം പൂർണമായി അവസാനിപ്പിക്കാൻ തയ്യാറാവുന്നില്ലെന്നേയുള്ളൂ.
ഉയർന്ന ജാതിക്കാരായ പാരമ്പര്യ ട്രസ്റ്റിമാർക്കാണ് ക്ഷേത്രത്തിന്റെ ഭരണനിർവഹണ ചുമതല. ഭരണസമിതിയിൽ പാരമ്പര്യ ട്രസ്റ്റിമാർ മാത്രം പോരെന്ന് നാലുവർഷം മുമ്പ് കോടതി വിധിച്ചിരുന്നു. കോടതിവിധി വകവയ്ക്കാതെയാണ് മലബാർ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ അയിത്താചരണം തുടരുന്നത്.

1 comments:

ജനം കഴുതയായി തുടരും കാലം ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കും....!!

രാഷ്റ്റ്രീയത്തിൽ കൊല്ലിനും കൊലയ്ക്കും നടക്കുന്നവർ സാമൂഹ്യനീതി നിഷേധത്തെ ചെറുക്കാൻ ധൈര്യം കാണിക്കാത്തത് മനസ്സിലെ അടിമത്ത ലക്ഷണം മാത്രം...!
ആ അടിമകൾക്ക് നിലത്തിട്ട് കൊടുത്താലും അത് തിന്നിട്ട് ഏമ്പക്കം വിട്ട് , അന്നത്തെ അരി ലാഭിക്കും...!!

Post a Comment