Saturday 1 November 2014


ശ്രീനാരായണ ഗുരുദേവന്‍ പുതിയതായി ഒന്നും തന്നെ പറഞ്ഞിട്ടില്ല, പറഞ്ഞതെല്ലാം ഗീതയും മനുസ്മൃതിയും വേദങ്ങളും പുരാണങ്ങളും അദ്വൈതവും മാത്രമാണ് എന്നാണു ഗുരുസ്നേഹികള്‍ എന്ന് നടിക്കുന്ന ചില അഭിനവ പണ്ഡിതന്മാര്‍ ഈയിടെ ആയി പറഞ്ഞു പരത്തുന്ന സിദ്ധാന്തം. ചിന്താശക്തി ഒട്ടും തന്നെ ഇല്ലാത്ത ചിലര്‍ക്ക് ഒറ്റ വാക്കില്‍ ഇത് കേള്‍ക്കുമ്പോള്‍ ശരി എന്ന് തോന്നാം എങ്കിലും ഇങ്ങനെയുള്ള കഥകള്‍ ഗുരുവിനും ഒരു നൂറു വര്‍ഷത്തിനു ശേഷം സമൂഹത്തില്‍ പെട്ടെന്ന് പൊങ്ങി വരാന്‍ എന്താണ് കാരണം..? ഇതുവരെ ഗുരുവിനോട് സ്നേഹം ഇല്ലാതിരുന്ന ചിലര്‍ക്ക് പെട്ടെന്ന് ഗുരുസ്നേഹം ഉണ്ടാകാന്‍ ഉള്ള കാരണം എന്താണ്...? (ഇപ്പോഴും തൃപ്രയാര്‍ പോലെയുള്ള ക്ഷേത്രങ്ങളില്‍ ഗുരുവിനോട് അയിത്തം മുതലായ കാര്യങ്ങള്‍ വിട്ടു കളയുക.)

നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഗുരുദേവന്‍ പുതിയതായി ഒന്നും പറഞ്ഞില്ല എങ്കില്‍, എന്തുകൊണ്ട് ഗുരുവിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്നവര്‍ ഇന്ന് നാം മാഹാത്മ്യം കൊട്ടി ഘോഷിക്കുന്ന പൈതൃക ഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് സമൂഹത്തില്‍ ജാതി-വര്‍ണ്ണ വ്യവസ്ഥകള്‍ നടപ്പിലാക്കി..? മൃഗങ്ങളുടെ പരിഗണന പോലും കൊടുക്കാതെ ഒരു വലിയ ജനവിഭാഗത്തെ അടിച്ചമര്‍ത്തി അവരെ കൊള്ളയടിക്കുകയും കൊല്ലുകയും കൊല വിളിക്കുകയും ചെയ്തു...? ഗുരുവിനു മുമ്പും ഇവിടെ പേരെടുത്ത സന്യാസിമാരും ഗുരുക്കന്മാരും ഉണ്ടായിരുന്നു. എന്തുകൊണ്ട് അവര്‍ ആരും തന്നെ ഈ സംസ്കാര ശൂന്യതയെ എതിര്‍ത്തില്ല..? അവര്‍ ഈ പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍, അതെ അവര്‍ തന്നെ ശൂദ്രന്‍ വേദം പഠിക്കരുത് എന്നും കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നും പറയുന്ന സ്മൃതിവാക്യങ്ങളെ എന്തുകൊണ്ട് ന്യായീകരിച്ചു..? ബ്രാഹ്മണന്‍ മാത്രം പ്രതിഷ്ഠ നടത്തണം, പൂജ നടത്തണം എന്നുള്ള അന്ധവിശ്വാസങ്ങളെ എന്തുകൊണ്ട് ഗുരുവിനു മുന്‍പ് ഇവിടെ വന്ന മഹാഗുരുക്കന്മാര്‍ ന്യായീകരിച്ചു..? ഇന്നു ചാതുര്‍ വര്‍ണ്ണ്യത്തെ ന്യായീകരിക്കുന്ന അഭിനവ ശൂദ്രന്മാരുടെ രണ്ടു തലമുറ മുന്‍പ് ഉണ്ടായിരുന്നവരുടെ കുഴിമാടം തോണ്ടി പരിശോധിച്ചാല്‍, അവരുടെ ശരീരത്തില്‍ മനുസ്മൃതിയും വേദ വാക്യങ്ങളും മന:പാഠം ആക്കിയവര്‍ അത് നടപ്പിലാക്കാന്‍ കൊടുത്ത അടിയുടെ പാട് കാണാം. പഠിച്ചവര്‍ക്ക് ഇത്രമാത്രം മനോഹരമായ സംസ്കാരം നല്‍കിയ അതെ ഗ്രന്ഥങ്ങള്‍ ആണോ ഗുരുദേവന്‍ വ്യാഖ്യാനിച്ചത്..? അതാണോ നമ്മള്‍ പഠിക്കേണ്ടത്..? ആയിരക്കണക്കിന് മഹാഗുരുക്കന്മാര്‍ വന്നു പോയതിനു ശേഷവും എന്തുകൊണ്ട് കേരളത്തിന്‌ പുറത്ത് "ഹിന്ദുക്കളുടെ ഇടയില്‍ മാത്രം" തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ മുതലായ വൃത്തിഹീനമായ അനാചാരങ്ങള്‍ ഇന്നും നില നില്‍ക്കുന്നു..?

ഇതൊന്നും കൂടാതെ ഭഗവദ്ഗീതയില്‍ ഗുരുവിനെ ബന്ധിക്കാന്‍ വേറൊരു കൂട്ടം ശൂദ്രന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നു. അധ:കൃതരെ മുഴുവന്‍ ഒരുമിച്ച് വിളിച്ച് നിര്‍ത്തി ഗുരു പറഞ്ഞോ; കൊന്നു കളയൂ ഈ വരേണ്യ വര്‍ഗ്ഗ വിഭാഗത്തെ, ഒരെണ്ണത്തെ വിടരുത്...! മരിച്ചാല്‍ സ്വര്‍ഗ്ഗം, ജയിച്ചാല്‍ ഭൂമി...! ഇനി അഥവാ നിങ്ങള്‍ കൊന്നില്ലെങ്കില്‍ ഞാന്‍ കൊല്ലും. പക്ഷെ ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നാല്‍ നിങ്ങള്‍ നശിക്കും എന്ന്...? ഗീതാ തത്വം അനുസരിച്ച് ഇങ്ങനെയല്ലേ പറയേണ്ടത്..? ഗുരു പിന്തുടര്‍ന്നത് ഭഗവദ് ഗീതയല്ല, അഹിംസയാണ് സാക്ഷാല്‍ ശ്രീബുദ്ധന്റെ ആഹിംസ. സമൂഹത്തില്‍ അന്ന് വരെ നില നിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ എല്ലാം കടപുഴക്കി എറിഞ്ഞ ഗുരുദേവന്‍ പറഞ്ഞത് അന്ന് വരെ ആരും പറയാത്ത ആശയങ്ങള്‍ ആണ് എന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുദേവന്‍ കോടാനുകോടി ഗുരുഭക്ത ഹൃദയങ്ങളില്‍ ഇന്നും വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഭാരതത്തില്‍ മറ്റു എവിടെയും ഇല്ലാത്ത രീതിയില്‍ അനാചാരങ്ങളില്‍ നിന്നും കേരളം മാത്രം കുറച്ചെങ്കിലും മുക്തി നേടിയത്. ഗുരുദേവന് മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്ന അതേ ചാതുര്‍ വര്‍ണ്ണ്യ സംസ്കാരം വളരെ ഭംഗിയായി തന്നെ കേരളത്തിന് പുറത്ത് മിക്കവാറും ഭാരതം മുഴുവന്‍ ഇന്നും തുടരുന്നു എന്നത് എല്ലാവരും മനസ്സിലാക്കണം. അവിടെയുള്ള ഗുരുക്കന്മാര്‍ എല്ലാം ജനിച്ചപ്പോള്‍ തന്നെ സമാധിയായോ..?

ഗുരുദേവന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല എങ്കില്‍ പിന്നെ എന്തിനു ഗുരുദേവ കൃതികള്‍ പഠിക്കണം..? ഗുരുവിനെ ആരാധിക്കണം..? അതിനു മുന്‍പ് ഉണ്ടായിരുന്നവര്‍ പറഞ്ഞത് ആണല്ലോ ഗുരുവും പറഞ്ഞത്...? അതുകൊണ്ട് മുന്‍പ് ഉണ്ടായിരുന്നവര്‍ പറഞ്ഞത് സ്വീകരിക്കുക, അവരെ ആരാധിക്കുക, അവര്‍ പറയുന്നത് അനുസരിക്കുക...! ഗുരുവിനു മുകളില്‍ അവരെ പ്രതിഷ്ഠിക്കുക. ഇതാണ് അവരുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. പിടിച്ച് നില്‍ക്കാന്‍ ആയി അവര്‍ അവസാനത്തെ അടവ് പ്രയോഗിക്കും. ഹിന്ദു മതം ദുഷിച്ചപ്പോള്‍ ആ ദൂഷ്യം നീക്കി ഹിന്ദു മതത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ വന്ന മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍...! അത് വരെ പിടിച്ച് നിന്നവര്‍ അതില്‍ വീഴും...! പക്ഷെ എത്ര ഹിന്ദു ക്ഷേത്രങ്ങളില്‍ നിങ്ങള്‍ മറ്റു ഗുരുക്കന്മാരെ കാണുന്നത് പോലെ ഗുരുവിന്റെ ചിത്രമോ വിഗ്രഹമോ മറ്റോ വച്ച് ആരാധിക്കുന്നത് കണ്ടിട്ടുണ്ട്..? ഹൈന്ദവ ധര്‍മ്മത്തെ തന്നെ നവീകരിച്ച ഗുരുവിനെ ആരാധിക്കുന്നവര്‍ ആണോ ഈ വ്യാഖ്യാന ഫാക്ടറികള്‍ നടത്തുന്നവര്‍..? ഈ പറയുന്ന എത്ര പേര്‍ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട്‌..? ഗുരുവിനെ പൂജിക്കാറുണ്ട്..? എത്ര ഹിന്ദു ക്ഷേത്രങ്ങളില്‍ ഗുരുദേവ കൃതികള്‍ പാരായണം ചെയ്യുന്നതും പഠിപ്പിക്കുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ട്..? ഇതിനൊക്കെ മറുപടി പറയാന്‍ നില്‍ക്കുന്നവര്‍ക്ക് മൂക്ക് കൊണ്ട് ക്ഷ ഞ്ഞ വരക്കേണ്ടി വരും...!

ജാതിയും വര്‍ണ്ണവും നോക്കാതെ മനുഷ്യ കുലത്തിനു മുഴുവന്‍ വേണ്ടി സ്വന്തം കൊട്ടാരവും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് അലഞ്ഞു തിരിഞ്ഞു സത്യം കണ്ടെത്തി അത് ഉപദേശിക്കാന്‍ ജീവിതം നീക്കി വച്ച ശ്രീബുദ്ധനു ഭാരതത്തില്‍ സംഭവിച്ചത് എന്താണോ അതെ അവസ്ഥയിലേക്ക് ആണ് ഗുരുഭക്തര്‍ എന്ന് നടിക്കുന്ന ചാതുര്‍വര്‍ണ്ണ്യ തീവ്രവാദികളും അവരുടെ അടിമകളായ വ്യാഖ്യാന ശൂദ്രന്മാരും ശ്രീനാരായണ ഗുരുവിനെ ഇന്ന് കൊണ്ട് പോകുന്നത്. യഥാര്‍ത്ഥ ഗുരുഭക്തര്‍ അത് മനസ്സിലാക്കിയില്ല എങ്കില്‍ അടുത്ത തലമുറയ്ക്ക് ഗുരുദേവന്‍ അന്യനായിരിക്കും. പകരം ജാതിയും വര്‍ണ്ണവും സ്ഥാപിക്കാന്‍ ഓടി നടന്നവര്‍ ഗുരുവിന്റെ സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടും. അതിനായി ആസൂത്രിതമായ നീക്കങ്ങള്‍ വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട് എന്നത് എല്ലാ ഗുരുഭക്തരും മനസ്സിലാക്കണം. നഷ്ടപ്പെട്ടുപോയ സംസ്കാരശൂന്യതയുടെ ചാതുര്‍വര്‍ണ്ണ്യ സംസ്കാരം പൊടി തട്ടി എടുക്കുക എന്ന ലക്ഷ്യത്തോടെ വെള്ള പൂശുന്ന ന്യായീകരണങ്ങളുമായി സമൂഹത്തെ എന്നെന്നും നശിപ്പിച്ച പുരോഹിതവര്‍ഗ്ഗവും അവരുടെ അടിമകളായ വ്യാഖ്യാന ജീവികളും അതിനായി സമൂഹത്തില്‍ ഇറങ്ങിക്കഴിഞ്ഞു.

അതിനായി അവര്‍ പുതിയ വാക്കുകളും ഗുരുവിന്റെ പേരില്‍ തന്നെ ഇറക്കിത്തുടങ്ങി...

ഗുരു ശൂദ്രനെ ബ്രാഹ്മണന്‍ ആകാന്‍ ആണ് പഠിപ്പിച്ചത്
ഗുരു അവര്‍ണ്ണനെ സവര്‍ണ്ണന്‍ ആകാന്‍ ആണ് പഠിപ്പിച്ചത്
ഗുരു ഹിന്ദു അല്ലാത്തവരെ ഹിന്ദു ആകുവാന്‍ ആണ് പഠിപ്പിച്ചത്
ഗുരു ഹിന്ദു സന്യാസി ആയിരുന്നു
മനുഷ്യന്‍ ഏതായാലും മതം ഹിന്ദുവായാല്‍ മതി
ഗുരു പഠിപ്പിച്ചത് ഗീതയും മനുസ്മൃതിയും വേദങ്ങളും ആണ്. അതുകൊണ്ട് വെറും ഭാഷ്യങ്ങള്‍ ആയ ഗുരുദേവ കൃതികള്‍ മാറ്റി വച്ച് മൂല ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ തുടങ്ങുക.

അങ്ങിനെ നമുക്ക് ഗുരു ഇവിടെ അവതരിച്ചത് മൂലം നഷ്ടപ്പെട്ടുപോയ സംസ്കാരശൂന്യതയുടെ ചാതുര്‍വര്‍ണ്ണ്യ സംസ്കാരം വീണ്ടെടുക്കാം...! നമ്മെ നാമാക്കിയ, "നമുക്കിതില്‍ പരം ദൈവം നിനയ്ക്കിലുണ്ടോ" എന്ന് കുമാരനാശാന്‍ സ്തുതിച്ച പരം ദൈവമായ ഗുരുവിനെ മറക്കാം...! പകരം നമ്മുടെ പൂര്‍വ്വികര്‍ക്ക് അന്യമായിരുന്ന, കുറച്ച് കൂടി ഗ്ലാമര്‍ ഉള്ള, 24ct സ്വര്‍ണ്ണാഭരണങ്ങളും കാഞ്ചീപുരം പട്ടും ഉടുത്ത് ജ്വല്ലറികളുടെ പരസ്യമോഡലുകളായി നില്‍ക്കുന്ന സങ്കല്പ ദേവീ ദേവന്മാരെ ആരാധിക്കാം...!


=======================================================
JOIN ►►► www.facebook.com/groups/Guru.Buddhism ►►►
=======================================================

0 comments:

Post a Comment