Sunday, 30 November 2014

ശ്രീബുദ്ധനും ശ്രീനാരായണ ഗുരുവും-അറിയുവിന്‍ ഈ വിശ്വഗുരുക്കന്മാരെ..!


1) സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതുമൂലമുള്ള ദുരിതങ്ങളും കണ്ടു സ്വജീവിതം മുഴുവന്‍ ഇവയെ ഇല്ലാതെയാക്കുവാന്‍ വേണ്ടി നീക്കി വച്ചു.
2) മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ച് സമൂഹത്തെ പാടെ നശിപ്പിക്കുന്ന ചാതുര്‍വര്‍ണ്ണ്യ-ജാതി വ്യവസ്ഥകളെ അതി ശക്തമായി എതിര്‍ത്തു.
3) ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ആകാതെ മനുഷ്യന്‍ ആകുവാന്‍, മനുഷ്യത്വം ഉള്ളവന്‍ ആകുവാന്‍ ഉത്ബോധിപ്പിച്ചു.
4) അറിവും വിദ്യാഭ്യാസവും ഇല്ലാത്തവനെ ശൂദ്രന്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതിനും മാറ്റി നിര്‍ത്തുന്നതിനും പകരം അവര്‍ക്ക് അറിവും വിദ്യാഭ്യാസവും നല്‍കാന്‍ സ്വയം പ്രയത്നിച്ചു..
5) കാഷായവും രുദ്രാക്ഷവും ആണ് സന്യാസത്തിന്റെ അടയാളങ്ങള്‍ എന്നിങ്ങനെയുള്ള ധാരണകളോട് കൂടിയ പരമ്പരാഗത രീതികളെ പാടെ നിരാകരിച്ചു.
6) "അഹിംസാ പരമോ ധര്‍മ്മ:" അഹിംസയാണ് പരമമായ ധര്‍മ്മം എന്ന് അരുളി ചെയ്തു.
7) ശത്രു നിഗ്രഹത്തിനായി ആയുധം കയ്യില്‍ ഏന്തുന്ന പരമ്പരാഗത "അവതാര" ശൈലികളില്‍ നിന്നും വേറിട്ടു അഹിംസയിലൂടെ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചു.
8) യുക്തിക്ക് നിരക്കാത്ത ഒന്നിനെയും, ആരെയും അന്ധമായി അനുകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും. ആത്യന്തികമായ ലക്‌ഷ്യമായ നിര്‍വ്വാണം അല്ലെങ്കില്‍ മോക്ഷപദത്തിലേക്ക് സ്വപ്രയത്നത്താല്‍ സഞ്ചരിക്കണം എന്നും അരുളി ചെയ്തു
9) ജ്യോതിഷം മുതലായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പാടെ അവഗണിച്ചു, അറിവിന്‌ പ്രാധാന്യം കല്‍പ്പിച്ചു.
10) പരമാത്മ തത്വം സ്വയം അന്വേഷിച്ചറിഞ്ഞു, അതിലേക്കുള്ള മാര്‍ഗ്ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനും, അശരണരെ സേവിക്കുവാനും ജീവിതം കഴിച്ചു കൂട്ടി.
11) ആത്മസാക്ഷാത്കാരം നേടിയതിനു ശേഷവും ഏതെങ്കിലും ഗുഹയിലോ ആശ്രമത്തിലോ ജീവിതം കഴിച്ചു കൂട്ടാതെ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ദുഖങ്ങളെ ദൂരീകരിക്കാന്‍ സ്വയം പ്രയത്നിച്ചു.
12) ആയുധവും അഹംകാരവുമല്ല ; അഹിംസയും അറിവുമാണ് വിജയത്തിലേക്കും മോക്ഷത്തിലെക്കും ഉള്ള മാര്‍ഗ്ഗം എന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ചു.
13) പ്രാണിഹിംസയും മാംസഭക്ഷണവും ഉപേക്ഷിക്കുവാന്‍ അരുളി ചെയ്തു
14) മദ്യം വിഷമാണ് എന്നും അത് ഉപയോഗിക്കരുത് എന്നും ഉപദേശിച്ചു.
15) ജന്തുബലി മുതലായ ഹീനമായ ആരാധനാ സമ്പ്രദായങ്ങളെ അതി ശക്തമായി വിമര്‍ശിച്ചു.
16) വാക്ശുദ്ധി, മന:ശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നിങ്ങനെ പഞ്ചശുദ്ധി ആചരിക്കുവാന്‍ ഉപദേശിച്ചു.
17) അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം എന്നിങ്ങനെ പഞ്ചധര്‍മ്മം അനുഷ്ടിക്കുവാന്‍ ഉപദേശിച്ചു.
18) ധ്യാനവും മനനവും മോക്ഷത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗങ്ങള്‍ ആയി തിരഞ്ഞെടുക്കുകയും ഉപദേശിക്കുകയും ചെയ്തു.
<------------------------------------------------------------->
ഇവിടെ ഒരേ ഒരു വൈരുദ്ധ്യമായി തോന്നുക, ഗുരുദേവന്‍ പ്രതിഷ്ഠകള്‍ നടത്തി, ശ്രീബുദ്ധന്‍ വിഗ്രഹാരാധന വേണ്ടെന്നു പറഞ്ഞു എന്നതാണ്. പക്ഷെ...
"നാം പ്രതിഷ്ഠകള്‍ നടത്തിയത് കോഴിവെട്ട് മുതലായ ദുരാചാരങ്ങള്‍ പിന്തുടരുന്ന ജനങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ വേണ്ടിയാണ്" എന്ന് ഗുരുദേവന്‍ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, പാരമ്പര്യ ആചാരങ്ങള്‍ അനുസരിച്ച് ഗുരുദേവന്‍ പ്രതിഷ്ഠകള്‍ നടത്തുകയോ, പൂജാവിധികള്‍ നിര്‍ദേശിക്കുകയോ ചെയ്തില്ല എന്നതും ഓര്‍ക്കണം. വിളക്കും കണ്ണാടിയും പ്രതിഷ്ടിച്ചത് പാലും നെയ്യും തേനും വിഗ്രഹത്തില്‍ ഒഴിച്ച് കളയുന്ന രീതിയിലുള്ള പൂജാവിധികള്‍ പിന്തുടരാതെ ഇരിക്കുവാന്‍ വേണ്ടിയുമാണ്.
കാരമുക്ക് ചിദംബരനാഥ ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കാന്‍ കൊണ്ട് വന്ന വിഗ്രഹങ്ങളില്‍ കയറി നിന്ന് കൈകാലുകള്‍ കഴുകിയ ശേഷം ഗുരുദേവന്‍ പറഞ്ഞു; "കല്ലിന്റെ ആവശ്യം കഴിഞ്ഞു" എന്ന്. എന്നിട്ടാണ് അവിടെ ദീപം പ്രതിഷ്ടിച്ചത്. ഇതില്‍ നിന്നും മനസ്സിലാക്കാം ഗുരുദേവന്‍ വിഗ്രഹാരാധനയെ എങ്ങിനെ കണ്ടിരുന്നു എന്ന്.

Posted by : Sudheesh NamaShivaya on Facebook Group

0 comments:

Post a Comment